പ്രസിദ്ധരായ കര്‍മ്മശാസ്ത്ര ഇമാമുമാരില്‍ നാലാമന്‍. ഇമാം അഹ്മദുബ്നു ഹമ്പലിന്റെ കര്‍മ്മശാസ്ത്രവീക്ഷണങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട മദ്ഹബാണ് ഹമ്പലീ മദ്ഹബ്. ഇതര കര്‍മ്മശാസ്ത്ര മദ്ഹബുകളെപ്പോലെ സാമൂഹിക സ്വാധീനമാര്‍ജ്ജിക്കാന്‍ ഈ മദ്ബഹിനായില്ല. ഇമാം ഗസ്സാലി തന്റെ ഇഹ്യാ ഉലൂമിദ്ദീനില്‍ ഈ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. ശാം, ഇറാഖ് മേഖലകള്‍ ഹനഫീ മദ്ഹബിന്റെ സ്വാധീന കേന്ദ്രങ്ങളായിയിരുന്നു. ഇമാം അഹ്മദ്ബുനു ഹമ്പലിന് അനുയായികള്‍ കുറവായിരുന്നെന്നും ഉള്ളവരിലധികവും ശാമിലും ഇറാഖിലും ഇവയുടെ പരിസര പ്രദേശങ്ങളിലുമായിരുന്നെന്നും ഇബ്നു ഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ഞങ്ങളുടെ നാട്ടില്‍ ഹമ്പലീ മദ്ഹബ് നാമാവശേഷമായിരുന്നതിനാല്‍ ഈ മദ്ഹബിലെ കര്‍മ്മശാസ്ത്ര വീക്ഷണങ്ങളെക്കുറിച്ച് സംശയം ചോദിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ലെന്ന്’ ഹിജ്റ ആയിരത്തി മുന്നൂറുകളുടെ ആദ്യ ദശകങ്ങളില്‍ ഡമസ്കസില്‍ ജീവിച്ചിരുന്ന പ്രഗത്ഭ പണ്ഡിതന്‍ ഇബ്നുബദ്റാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (അല്‍ മദ്ഖല്‍ ഇലാ മദ്ഹബി അഹ്മദ്).
ഇറാഖിലെ അതിര്‍ത്തിക്കു പുറത്തേക്ക് ഈ മദ്ഹബ് പ്രചരിക്കുന്നത് ഹിജ്റഃ 4-ാം നൂറ്റാണ്ടിനുശേഷമാണ്. ഇമാം അഹ്മദിന്റെ ശിഷ്യന്മാരില്‍ പ്രമുഖരായ സ്വാലിഹ്, അബ്ദുല്ല (ഇമാം അഹ്മദിന്റെ മക്കള്‍), അബൂബക്കര്‍ അല്‍ അഥ്റമി, അബ്ദുല്‍ മലിക്ക്ബ്നു അബ്ദില്‍ ഹമീദ് ബ്നു മഹ്റാനില്‍ മൈമൂനി, അഹ്മദ്ബ്നു മുഹമ്മദ് അബൂബക്കര്‍ അല്‍ മര്‍വസി, ഇബ്റാഹീമുബ്നു ഇസ്ഹാഖ് അല്‍ ഹര്‍ബി എന്നിവരാണ് ഹമ്പലീ മദ്ഹബിന്റെ പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത്.
പില്‍ക്കാലത്ത് ഇബ്നുതൈമിയ്യഃ, ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിം, മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് എന്നീ പരിഷ്കര്‍ത്താക്കളും ഈ മദ്ഹബിന്റെ പ്രചരണത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ഇവരെല്ലാം ഹമ്പലീ മദ്ഹബിന്റെ വക്താക്കളായിരുന്നതിനാല്‍ ഇവര്‍ നേതൃത്വം നല്‍കിയ സലഫിയ്യഃ, വഹാബിയ്യഃ തുടങ്ങിയ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കു വഴി തെളിയിച്ചത് ഇമാം അഹ്മദ് ബ്നു ഹമ്പലിന്റെ ആശയങ്ങളായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
നാല് കര്‍മ്മശാസ്ത്ര മദ്ഹബുകളില്‍ നാലാമതായി എന്നത് ഈ മദ്ഹബിന്റെ പ്രചാരത്തെ സാരമായി ബാധിച്ചു. ഹമ്പലീ മദ്ഹബിന്റെ അനുയായികളില്‍പ്പെട്ട പണ്ഡിത•ാരധികവും ഭൌതിക വിരക്തിയാല്‍ ഭരണമേഖലകളില്‍ നിന്നകന്ന് ജീവിച്ചു. അധ്യാപന മേഖലകളില്‍ നിന്നകന്ന് ആരാധനാ മേഖലകളില്‍ തങ്ങളെ ബന്ധിക്കുകയും ചെയ്തു. ഇതും ഈ മദ്ഹബിന്റെ അനുയായിവൃന്ദം പരിമിതമായിത്തീരാന്‍ കാരണമായതായി സൂചിപ്പിക്കപ്പെടുന്നു. ഹമ്പലീ മദ്ഹബിലെ ത്തന്നെ കര്‍മ്മശാസ്ത്ര പണ്ഡിതനായിരുന്ന അബുല്‍ വഫാഅ് അലിയ്യുബ്നു അഖീല്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നുണ്ട്: ‘ഹമ്പലീ മദ്ഹബിന്റെ അനുയായികള്‍ തന്നെയാണ് അതിനോട് അനീതികാണിച്ചത്. എന്തെന്നാല്‍ അബൂഹനീഫയുടെയും ശാഫിയുടെയും അനുയായികള്‍ വൈജ്ഞാനികമായി പ്രാവീണ്യം നേടി ഖാദിസ്ഥാനമേല്‍ക്കുകയും ഭരണസാരഥ്യം വഹിക്കുകയും ചെയ്തിരുന്നു. ഇത് ഈ മദ്ഹബുകളുടെ പ്രചരണത്തിന് നിമിത്തമായി. എന്നാല്‍ ഇമാം അഹ്മദിന്റെ അനുയായികളില്‍ വൈജ്ഞാനിക പ്രാവീണ്യമാര്‍ജ്ജിച്ചവര്‍ തങ്ങളുടെ ഭൌതികവിരക്തിയാല്‍ അധ്യാപന മേഖലകളില്‍നിന്നകന്ന് ആരാധനാമേഖലയില്‍ മുഴുകി ജീവിക്കുകയാണുണ്ടായത്. (അല്‍ മദ്ഖല്‍ – ഇബ്നു ബദ്റാന്‍).
ഹമ്പലീ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍
അഞ്ച് അടിസ്ഥാനങ്ങളിലാണ് ഇമാം അഹ്മദ് തന്റെ കര്‍മ്മവീക്ഷണങ്ങള്‍ ക്രമപ്പെടുത്തിയിട്ടുള്ളത്.
ഒന്ന്: പൂര്‍ണ്ണമായും നസ്സ്വിനെ (ഖുര്‍ആന്‍, സുന്നത്ത്) അവലംബിക്കുക.
ഒരു വിഷയത്തില്‍ വ്യക്തമായ നസ്സ്വുണ്ടായിരിക്കെ അതിന്നെതിരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്വഹാബിമാരുടെ അഭിപ്രായങ്ങളെപ്പോലും അദ്ദേഹം പരിഗണിച്ചിരുന്നില്ല. ഈ അടിസ്ഥാനത്തില്‍ (ഇദ്ദയുടെ വിഷയത്തില്‍) ഫാത്വിമഃബിന്‍ത് ഖൈസ് റിപ്പോര്‍ട്ട് ചെയ്ത ഹദീസിന്റെ അടിസ്ഥാനത്തില്‍ ഉമര്‍(റ)വിന്റെ അഭിപ്രായത്തെയും തയമ്മുമിന്റെ വിഷയത്തില്‍ അമ്മാറുബ്നു യാസിറിന്റെ ഹദീസിന്നെതിരില്‍ വന്ന ഉമര്‍(റ)വിന്റെ അഭിപ്രായത്തെയും മുസ്ലിം കാഫിറില്‍ നിന്നും കാഫിര്‍ മുസ്ലിമില്‍ നിന്നും അനന്തരാവകാശം സ്വീകരിക്കുകയില്ലെന്ന സ്വഹീഹായ ഹദീസിന്നെതിരില്‍ കാഫിറില്‍ നിന്ന് മുസ്ലിം അനന്തരാവകാശം സ്വീകരിക്കുമെന്ന മുആദ്ബ്നു ജബലിന്റെ അഭിപ്രായത്തെയും അദ്ദേഹം അവഗണിച്ചു.
ഇജ്മാഇനെക്കാളും ഖിയാസിനെക്കാളും സ്വഹീഹായ ഹദീസിന് ഇമാം അഹ്മദ് പ്രാമുഖ്യം നല്‍കി. ഇജ്മാഇന്റെ പ്രാമാണികത അംഗീകരിച്ചുകൊണ്ടു തന്നെ പ്രയോഗികമായി അസംഭവ്യമാണെന്നതിനാല്‍ ഇജ്മാഇനെ അദ്ദേഹം പരിഗണിച്ചില്ല. ഇതര ഇമാമുകള്‍ ദുര്‍ബല ഹദീസുകളേക്കാള്‍ ഇജ്മാഇന്ന് പ്രാധാന്യം നല്‍കിയപ്പോള്‍ ഇമാം അഹ്മദ് ഇജ്മാഇനെ അവഗണിച്ച് ദുര്‍ബല ഹദീസുകള്‍ പരിഗണിക്കുകയാണുണ്ടായത്.
രണ്ട്: സ്വഹാബിമാരുടെ ഫത്വകള്‍
ഖുര്‍ആനിനും സുന്നത്തിനും ശേഷം സ്വഹാബിമാരുടെ ഭിന്നാഭിപ്രായമില്ലാത്ത ഫത്വകളായിരുന്നു നിയമനിര്‍ദ്ധാരണത്തില്‍ ഇമാം അഹ്മദിന്റെ അവലംബം. സൂക്ഷ്മതയാല്‍ ഇതിനെ അദ്ദേഹം ഇജ്മാഅ് ആയി പരിഗണിച്ചിരുന്നില്ല. മറിച്ച്, ‘ഇതില്‍ എതിരഭിപ്രായമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’ എന്നു മാത്രമാണദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞിരുന്നത്.
മൂന്ന്: സ്വഹാബിമാര്‍ക്ക് എതിരഭിപ്രായമുള്ള വിഷയങ്ങള്‍.
അവയില്‍ നസ്സ്വുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്ന അഭിപ്രായം.
നാല്: മേല്‍പറഞ്ഞ അടിസ്ഥാനങ്ങളുടെ അഭാവത്തില്‍ ദുര്‍ബലമായ ഹദീസുകളെയാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. എന്നാല്‍ ദുര്‍ബലഹദീസുകളില്‍ അടിസ്ഥാനരഹിതമായത് അദ്ദേഹം ഒഴിവാക്കിയിട്ടുമുണ്ട്.
അഞ്ച്: ഖിയാസ്
അതായത് ഒരു പ്രശ്നത്തില്‍ ഖുര്‍ആനോ ഹദീസോ നല്‍കിയ വിധിയുടെ നിദാനം കണ്ടെത്തി ആ നിദാനം അടങ്ങിയ മറ്റു പ്രശ്നങ്ങള്‍ക്കും അതേവിധി ബാധകമാക്കുന്ന രീതി.
ഇബ്നുല്‍ ഖയ്യിം തന്റെ ‘ഇഅ്ലാമുല്‍ മുവഖിഈനി’ല്‍ ഈ അഞ്ചടിസ്ഥാനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്.
ഈ അഞ്ചടിസ്ഥാനങ്ങള്‍ക്കു പുറമേ ഇസ്തിസ്വ്ഹാബ് (പണ്ട് നടപ്പുണ്ടായിരുന്നതും ഖുര്‍ആനും സുന്നത്തും ദുര്‍ബലമാക്കിയിട്ടില്ലാത്തതുമായ നിയമം തുടര്‍ന്നും അംഗീകരിക്കുന്ന രീതി), അല്‍ മസ്വാലിഹുല്‍ മുര്‍സലഃ (ഖുര്‍ആനും സുന്നത്തും അവഗണിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത പൊതു താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മാണം), സദ്ദുദ്ദറാഇഅ് (തിന്മക്ക് പ്രേരകമായേക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ തടയുക) എന്നിവയും ഹമ്പലീ മദ്ഹബിന്റെ കാഴ്ചപ്പാടില്‍ നിയമനിര്‍മ്മാണത്തിനുള്ള അംഗീകൃത ഉറവിടങ്ങളാണ്.
ഹമ്പലീമദ്ഹബിന്റെ ക്രോഡീകരണം
ഇമാം അഹ്മദുബ്നു ഹമ്പല്‍ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടില്ലെന്നാണ് പ്രബലമായ അഭിപ്രായം. തന്റെ കര്‍മ്മശാസ്ത്ര വീക്ഷണങ്ങള്‍ രേഖപ്പെടുത്തുവാനോ ക്രോഡീകരിക്കുവാനോ അദ്ദേഹം ആരെയും അനുവദിച്ചിരുന്നില്ല. എന്നല്ല ഇതദ്ദേഹത്തിന് അങ്ങേയറ്റത്തെ ദേഷ്യമുള്ള കാര്യമായിരുന്നു. ശിഷ്യന്മാരിലൊരാള്‍ തന്റെ കര്‍മ്മ ശാസ്ത്ര വീക്ഷണങ്ങള്‍ ക്രോഡീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം അതെടുത്തെറിഞ്ഞു കളയുകയാണുണ്ടായത്. ഇസ്ലാമിക വിജ്ഞാനം ഖുര്‍ആനും സുന്നത്തും മാത്രമാണെന്നും വ്യക്തികളുടെ അഭിപ്രായം, അതാരുടേതായാലും രേഖപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജനങ്ങള്‍ അടിസ്ഥാനങ്ങള്‍ വിട്ട് ഇവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന ഭയമായിരുന്നു ഈ നിലപാടിന്നാധാരം.
എന്നാല്‍ ഹമ്പലീ കര്‍മ്മശാസ്ത്രം ആദ്യമായി ക്രോഡീകരിച്ചത് ഇമാം അഹ്മദിന്റെ തന്നെ മക്കളായിരുന്ന സ്വാലിഹും അബ്ദുല്ലയുമായിരുന്നു. പിന്നീട് അഹ്മദ്ബ്നു മുഹമ്മദുബ്നു ഹാറൂന്‍ അല്‍ ഖല്ലാല്‍ നാട്ടിലുടനീളം സഞ്ചരിച്ച് ഇമാം അഹ്മദുമായി ബന്ധപ്പെട്ട ആളുകളെ നേരില്‍ കണ്ട് ഇമാം അഹ്മദിന്റെ വിജ്ഞാനീയങ്ങള്‍ ക്രോഡീകരിക്കുകയും ഇരുപതിലധികം വാള്യങ്ങളുള്ള ‘അല്‍ ജാമിഅ്’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ഇതാണ് ഹമ്പലീ മദ്ഹബിലെ അടിസ്ഥാന ഗ്രന്ഥം. അല്‍ ജാമിഇനു പുറമേ കിതാബുല്‍ ഇലല്‍, കിതാബുസ്സുന്നഃ എന്നിവയും ഇദ്ദേഹത്തിന്റെ കൃതികളാണ്. പിന്നീട് അബുല്‍ഖാസിം ഉമര്‍ബ്നു അബീയഅ്ലയും തന്റെ ‘മുഖ്തസ്വര്‍ അല്‍ ഖിറഖി’ എന്ന കൃതിയില്‍ ഹമ്പലീ കര്‍മ്മശാസ്ത്രം സമാഹരിച്ചിട്ടുണ്ട്. ഇതിനെ അധികരിച്ച് മുന്നൂറിലധികം വിശദീകരണ ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ശൈഖ് മുവഫിഖുദ്ധീന്‍ ഇബ്നുഖുദാമയുടെ ‘അല്‍ മുഗ്നി’ എന്ന കൃതി ഇതില്‍ പ്രസിദ്ധമാണ്. ഇവയ്ക്കു പുറമേ ഇദ്ദേഹത്തിന്റെ തന്നെ കൃതികളായ അല്‍ ഉംദഃ, അല്‍ മുഖ്നിഅ്, അല്‍ കാഫീ എന്നിവയും ഹമ്പലീ മദ്ഹബിലെ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്.
സാങ്കേതിക പദങ്ങള്‍
‘അല്‍ ഖാദീ’ : അബൂയഅ്ല എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ബ്നു ഹുസൈനുബ്നു ഖലഫിനെയാണ് ഹമ്പലികള്‍ ഈ നാമംകൊണ്ടുദ്ദേശിക്കുന്നത്. അലാഉദ്ദീന്‍ അലിയ്യുബ്നു സുലൈമാനുല്‍ മര്‍ദാവിയും പിന്‍ഗാമികളുടെ അടുക്കല്‍ ഇതേ പേരിലാണറിയപ്പെടുന്നത്.
‘അശ്ശൈഖ്’ : മുവഫിഖുദ്ദീന്‍ ഇബ്നു ഖുദാമയെയാണ് ഈ നാമം കൊണ്ടര്‍ത്ഥമാക്കുന്നത്.
‘അല്‍ ഇമാം’ : ഇബ്നു തൈമിയ്യയാണ് ഇതുകൊണ്ടുദ്ദേശ്യം. മുവഫിഖുദ്ദീന്‍, ഇബ്നുതൈമിയ്യ എന്നിവരെ ചേര്‍ത്തുകൊണ്ട് ‘ശൈഖാന്‍’ എന്നും വിശേഷിപ്പിക്കപ്പെടുന്നു.
‘അശ്ശാരിഅ്’ : ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് അബ്ദുര്‍റഹ്മാന്‍ ഇബ്നു അബീ ഉമറാണ്.
Add Comment