മദ്ഹബുകള്‍

ഹനഫീ മദ്ഹബ്

ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഒന്നാണ് ഹനഫീ മദ്ഹബ്. ഹി. 80-ാം വര്‍ഷം കൂഫയില്‍ ഭൂജാതനായ നുഅ്മാനുബ്നു സാബിത് എന്ന  ഇമാം അബൂഹനീഫയിലേക്കാണ് ഈ മദ്ഹബ് ചേരുന്നത്. അമവീ ഭരണാധികാരി അബ്ദുല്‍ മലിക്ബ്നു മര്‍വാന്റെ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഇമാം അബൂഹനീഫയുടെ കാലഘട്ടം ചില പ്രത്യേകതകള്‍കൊണ്ട് വ്യതിരിക്തമായിരുന്നു:

* അമവികള്‍ മഹത്തായ ഇസ്ലാമിക ഖിലാഫത്തിനെ രാജവാഴ്ചയിലേക്ക് മാറ്റിപ്പണിതു.

* ചിന്താപ്രസ്ഥാനങ്ങളിലും സംഘടനകളിലും ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ സ്വാധീനം വര്‍ധിച്ചു.

* വൈജ്ഞാനിക-മത ജീവിത മേഖലകളില്‍ രണ്ട് രീതികള്‍ പ്രകടമായി: 1) പ്രമാണത്തിന് മുന്‍ഗണന നല്‍കുന്ന ‘അഹ്ലുല്‍ ഹദീസ്’, 2) ബുദ്ധി/യുക്തിക്ക് പ്രാമുഖ്യം നല്‍കുന്ന ‘അഹ്ലുറഅ്യ്’.

ഹനഫീ ഫിഖ്ഹിനെ രൂപപ്പെടുത്തിയതിലും അതിന്റെ പ്രമാണങ്ങളെയും അടിസ്ഥാനങ്ങളെയും നിര്‍ണ്ണയിച്ചതിലും ഈ ഘടകങ്ങള്‍ക്ക് വളരെ ശക്തമായ പങ്കാണ് ഉള്ളത്.

പ്രശസ്തരായ മറ്റു മൂന്ന് ഇമാമുകളില്‍ നിന്ന് വ്യതിരിക്തമായി ഇമാം അബൂഹനീഫ തന്റെ യുവത്വഘട്ടത്തിലാണ് വൈജ്ഞാനിക മേഖലകളിലേക്ക് കാലെടുത്തുവെക്കുന്നത്. അദ്ദേഹത്തിന്റെ ബാല്യകാലം കച്ചവടത്തില്‍ വ്യാപൃതമായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മതയും ഗ്രാഹ്യശേഷിയും മനസ്സിലാക്കിയ ഇമാം ശഅബിയാണ് ഈയൊരു മാറ്റത്തിന് അദ്ദേഹത്തിന് പ്രേരകമായി വര്‍ത്തിച്ചത്.

‘ജനങ്ങള്‍ ഫിഖ്ഹില്‍ അബൂഹനീഫയോട് കടപ്പെട്ടിരിക്കുന്നു’ എന്ന് ഇമാം ശാഫി(റ) അഭിപ്രായപ്പെട്ടതുപോലെ ഫിഖ്ഹിനെ ഒരു ശാസ്ത്രമായി ആദ്യം ക്രോഡീകരിച്ചത് ഇമാം അബൂഹനീഫയായിരുന്നു. വൈജ്ഞാനിക മണ്ഡലത്തില്‍ തന്റെ എതിര്‍പക്ഷത്തുള്ള അദ്ദേഹത്തിന്റെ സമശീര്‍ഷകരും സമകാലികരുമായ പണ്ഡിതന്മാര്‍പ്പോലും അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ വൈജ്ഞാനിക അവഗാഹത്തിനുള്ള യഥാര്‍ത്ഥ സാക്ഷ്യപത്രമാണ്.

ഹനഫീ ഫീഖ്ഹ് വളര്‍ച്ചയുടെ ഘട്ടങ്ങള്‍

അബൂതൂഫൈല്‍, അബ്ദുല്ലാഹിബ്നു അബൂദാവൂദ്, സഹലുബ്നു സഅ്ദ്, അനസ്ബ്നു മാലിക് എന്നീ സഹാബിമാര്‍ അബൂഹനീഫയുടെ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്നെങ്കിലും അവരില്‍ നിന്ന് ഇമാം വിജ്ഞാനം നേടിയതായി തെളിവൊന്നുമില്ല. ഇവരൊക്കെ മരണമടയുമ്പോള്‍ അദ്ദേഹത്തിന്റെ ബാല്യകാലത്തിലായിരുന്നു എന്നത് ഇതിന്റെ മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇമാം തന്റെ ആദ്യഗുരുവായി സ്വീകരിച്ചത് പണ്ഡിത ശ്രേഷ്ഠനായ ഹമ്മാദ്ബ്നു അബൂസുലൈമാന്‍ അശ്അരിയെ ആയിരുന്നു. ഈ ഗുരുമുഖത്ത് നിന്നും അറിവ് കരസ്ഥമാക്കുന്നതിനായി അദ്ദേഹം തന്റെ വിലപ്പെട്ട 8 വര്‍ഷങ്ങള്‍ നീക്കിവെച്ചു. ഗുരു-ശിഷ്യബന്ധത്തിന്റെ ഒരു ഉയര്‍ന്ന ഭാവം ഈ കാലയളവിലൂടെ അവര്‍ ലോകത്തിന് സമ്മാനിച്ചു. ഗുരു ഹമ്മാദിന്റെ മരണശേഷം അദ്ദേഹം ജഅ്ഫര്‍ സ്വാദിഖ്, സൈദുബ്നു സൈനുല്‍ ആബിദീന്‍, മുഹമ്മദുല്‍ ബാകിര്‍ സൈനുല്‍ ആബിദീന്‍ എന്നിവരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. ഇമാം ഇബ്റാഹീം നഖ്ഇയുടെ ചിന്തകളില്‍ അദ്ദേഹം കൂടുതലായി സ്വാധീനിക്കപ്പെട്ടിരുന്നു.

ഗുരുവായ ഹമ്മാദിന്റെ മരണശേഷം ഇമാം തുടങ്ങിവെച്ച വിജ്ഞാനസദസ്സുകള്‍ അതിലെ ആളുകളുടെ സാന്നിധ്യം കൊണ്ടും ഗാംഭീര്യംകൊണ്ടും വളരെ സമ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരെ രണ്ട് ഗണങ്ങളായി നമുക്ക് തിരിക്കാന്‍ സാധിക്കും.

1) ദീര്‍ഘകാലം അദ്ദേഹത്തിന്റെ കൂടെ കഴിയുകയും വിജ്ഞാനം കരസ്ഥമാക്കുകയും ചെയ്തവര്‍.

2) ആവശ്യസമയങ്ങളില്‍ ഇമാമിനെ സമീപിക്കുകയും അറിവു തേടി തിരിച്ചു പോവുകയും ചെയ്തവര്‍.

ആദ്യവിഭാഗത്തില്‍ അദ്ദേഹത്തിന് മുപ്പത്തിയാറോളം ശിഷ്യന്മാരുണ്ടായിരുന്നു. ഇവരില്‍ എട്ടോളം പേര്‍ വ്യത്യസ്ത ദേശങ്ങളില്‍ മുഫ്തിമാരും മറ്റു 28 പേര്‍ ഖാദിമാരായും നിയമിക്കപ്പെട്ടു.

ഓരോ മദ്ഹബിന്റെയും പ്രചാരത്തിലും സ്വാധീനത്തിലും അതിന്റെ വിദ്യാര്‍ഥികള്‍ക്ക് സുപ്രധാനമായ പങ്കാണുള്ളത്. ഹനഫീ മദ്ഹബുമായി ബന്ധപ്പെട്ട് ഇതേറെ ശരിയുമാണ്. ഇത്തരത്തില്‍ പ്രസിദ്ധരായ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഇമാം അബൂയൂസുഫ്, മുഹമ്മദ്ബ്നുല്‍ ഹസന്‍ സഫര്‍ എന്നിവര്‍.

ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരുടെ സ്വാധീനം ആ മദ്ഹബിന്റെ കേവല പ്രചരണത്തില്‍ പരിമിതമായിരുന്നില്ല. ഹനഫീ ഫിഖ്ഹിന്റെ അടിസ്ഥാനങ്ങളായി അറിയപ്പെടുന്ന പല ഗ്രന്ഥങ്ങളും ഈ ശിഷ്യന്മാരിലൂടെ ക്രോഡീകരിക്കപ്പെട്ടതായിരുന്നു. ഇമാം അബൂഹനീഫ ഒറ്റ ഗ്രന്ഥരചനയും നടത്തിയിട്ടില്ല എന്ന ഒരു വിശ്വാസം പ്രചരിക്കുവോളം അവരുടെ കീര്‍ത്തി വര്‍ധിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇതൊരു തെറ്റായ ധാരണയായിരുന്നു. കാരണം ഇമാം അബൂഹനീഫയാണ് ഫിഖ്ഹിനെ ആദ്യമായി പ്രത്യേക ‘ബാബു’കളാക്കിത്തിരിച്ച് ക്രോഡീകരിച്ചത് എന്നത് സര്‍വ്വാംഗീകൃതമാണ്. അദ്ദേഹത്തിന്റെ ‘കിതാബുറഹ്ന്‍’ വളരെ സുപ്രസിദ്ധമാണ്. ഇമാമിന് ഹദീസില്‍ പ്രത്യേകമായൊരു മുസ്നദ് തന്നെയുണ്ട്. എന്നല്ല, ഇമാമിന്റെ പല പുസ്തകങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അബൂയൂസുഫിലേക്കും മുഹമ്മദ്ബ്നു ഹസനിലേക്കും ചേര്‍ക്കപ്പെടുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ അവര്‍ ഇമാമില്‍ നിന്നും കേട്ടെഴുതുകയാണ് ചെയ്തത്. കിതാബുല്‍ മസാഇല്‍, കിതാബുല്‍ ആസാര്‍ എന്നീ ഗ്രന്ഥങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്.

ഹനഫി മദ്ഹബ്: അടിസ്ഥാന പ്രമാണങ്ങള്‍

ഖുര്‍ആന്‍സുന്നത്ത്ഇജ്മാഅ്, ഖിയാസ്, ഇസ്തിഹ്സാന്‍ എന്നീ അടിസ്ഥാനങ്ങളെയാണ് ഇമാം തന്റെ മദ്ഹബിന്റെ നിദാനങ്ങളായി സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഒരടിസ്ഥാനമായി ഇജ്തിഹാദിനെയും അതിലൂടെ രൂപപ്പെടുന്ന അഭിപ്രായത്തെയും അദ്ദേഹം എണ്ണി. മസ്ലഹമുര്‍സലഃ ഇമാം ഒരടിസ്ഥാനമായി എണ്ണിപ്പറഞ്ഞിട്ടില്ലെങ്കിലും ഹനഫീ ഫിഖ്ഹ് അതിന്റെ കൂടി സ്വാധീനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇമാം അബൂ ഹനീഫ തന്റെ ഫിഖ്ഹിന്റെ ക്രോഡീകരണത്തിനായി ചില പ്രത്യേക അടിസ്ഥാന തത്വങ്ങള്‍ മുന്നോട്ടുവെച്ചു.

1. ആരാധനാകര്‍മങ്ങളിലും ഇടപാടുകളിലും ആളുകള്‍ക്ക് എളുപ്പമുണ്ടാക്കിക്കൊടുക്കുക. ഉദാ: ‘ഒരു ഭൂമിക്ക് നികുതി കൊടുത്താല്‍പ്പിന്നെ അതിന് സകാത്ത് നല്‍കേണ്ടതില്ല’ എന്ന ഇമാമിന്റെ അഭിപ്രായം ശ്രദ്ധേയമാണ്.

2. ദുര്‍ബലരുടെയും ദരിദ്രരുടെയും ഭാഗങ്ങളെ പരിഗണിക്കുക. തന്റെ കൈവശമുള്ള പണത്തേക്കാള്‍ കൂടുതല്‍ പണം കടപ്പെട്ട ഒരു അധമര്‍ണ്ണന്‍ സകാത്ത് നല്‍കേണ്ടതില്ല എന്നും വെള്ളിയും സ്വര്‍ണവുമായ എല്ലാ ആഭരണങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്നുമുള്ള ഇമാമിന്റെ വീക്ഷണം ഈ പരിഗണനയുടെ ഭാഗമായി നമുക്ക് കാണാന്‍ സാധിക്കും.

3. മനുഷ്യന്റെ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുക. ഇരുട്ടുള്ള രാത്രിയില്‍ ഖിബ്ല തെറ്റി നമസ്കരിക്കുകയും പിന്നീട് ആ തെറ്റ് മനസ്സിലാവുകയും ചെയ്തു. എങ്കിലും നമസ്കാരം ശരിയാകുമെന്നും മടക്കേണ്ടതില്ല എന്നുമുള്ള ഇമാമിന്റെ അഭിപ്രായം ഈ തത്വത്തിന്റെ പ്രേരകമനുസരിച്ചാണ് രൂപപ്പെടുന്നത്.

4. മനുഷ്യന്റെ അന്തസ്സിനെയും മാന്യതയെയും ഉയര്‍ത്തിപ്പിടിക്കുക. പ്രായപൂര്‍ത്തിയെത്തിയവളും പക്വമതിയുമായ ഒരു യുവതിക്ക് തന്റെ തുണയെ തെരഞ്ഞെടുക്കാമെന്നുള്ള ഇമാമിന്റെ അഭിപ്രായം ഈ ആശയമാണ് ഉള്‍ക്കൊള്ളുന്നത്.

ഹനഫീ ഫിഖ്ഹിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട് ഉയരാറുള്ള ഒരു ആരോപണമാണ് ഇമാം 7 ഹദീസുകളെയല്ലാതെ സ്വീകരിച്ചിട്ടില്ല എന്നത്. എന്നാല്‍ ഇമാമിന് സ്വന്തമായി ഒരു മുസ്നദ് ഉണ്ടായിരുന്നതായും അദ്ദേഹം 2000 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അംഗീകരിക്കപ്പെട്ട കാര്യമാണ്. അക്കാലത്ത് ഹദീസിന്റെ കാര്യത്തില്‍ രൂപപ്പെട്ട ഉദാസീന സമീപനം കാരണം ഇമാം ഹദീസ് സ്വീകരിക്കുന്നതിന് മുന്നോട്ടു വെച്ച ചില നിബന്ധനകളെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു ആരോപണം വ്യാപിച്ചത്.

മദ്ഹബ് പ്രചരിച്ച നാടുകള്‍

ഇമാമിന്റെ ജന്മദേശമായ ഇറാഖ് ഈ മദ്ഹബിനെ ആവേശപൂര്‍വം സ്വീകരിക്കുകയുണ്ടായി. ഇമാമിന്റെ ശിഷ്യനായ അബൂയൂസുഫിനെ ജഡ്ജ്സ്ഥാനം ഏല്‍പിച്ചതും ‘ഹനഫീ’ എന്നത് ഈ സ്ഥാനത്തിന്റെ അടിസ്ഥാന യോഗ്യതയായി നിര്‍ണയിച്ചതും ഇറാഖില്‍ ഈ മദ്ഹബ് പ്രചരിക്കുന്നതിന് മുഖ്യകാരണമായി. പേര്‍ഷ്യ, ഈജിപ്ത്, ശാം എന്നീ പ്രദേശങ്ങളില്‍ ഈ മദ്ഹബിന്റെ പ്രചാരണത്തില്‍ അബ്ബാസിയാ ഖിലാഫത്തിന് അനിഷേധ്യമായ പങ്കാണുള്ളത്. ഉസ്മാനിയാ ഭരണകാലത്ത് ഈ മദ്ഹബ് രാഷ്ട്രത്തിന്റെ ഔദ്യോഗിക മദ്ഹബായി അംഗീകരിക്കപ്പെട്ടു. ഇന്ത്യയില്‍ കേരളത്തിലൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ മദ്ഹബിന്റെ അനുകര്‍ത്താക്കളാണ്.

അടിസ്ഥാന ഗ്രന്ഥങ്ങള്‍

ഹനഫീ മദ്ഹബിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ മിക്കതും മേല്‍സൂചിപ്പിച്ചപോലെ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെ ക്രോഡീകരിക്കപ്പെട്ടതാണ്. അതില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നതാണ്:

അല്‍ മബ്സൂത്വ്, അല്‍ ജാമിഉല്‍ കബീര്‍ വല്‍ ജാമിഉസ്വഗീര്‍, അസ്സിയാദാത്, അസ്സിയറുസ്സ്വഗീര്‍ വസ്സിയറുല്‍ കബീര്‍.

മദ്ഹബിന്റെ പ്രത്യേകമായ സാങ്കേതിക പദങ്ങള്‍

ഇമാം – അബൂഹനീഫ

അശൈഖാനി – അബൂഹനീഫ, അബൂയൂസുഫ്

അത്ത്വറഫാനി – അബൂഹനീഫ, മുഹമ്മദ് ബനു ഹസന്‍

അസ്സാനി – അബൂയൂസുഫ്

അസ്സാലിസ് – മുഹമ്മദ്ബ്നു ഹസന്‍

ലഫ്ള് (ലഹു) – ഇമാമിന്റെ വര്‍ത്തമാനം

ഹനഫീ ഫിഖ്ഹ് അതിന്റെ മാനുഷികമായ പരിഗണനകള്‍ കൊണ്ടും യുക്തി ദീക്ഷകൊണ്ടും ഇന്നും ഏറെ ശ്രദ്ധേയമായിത്തന്നെ നിലനില്‍ക്കുന്നു.Share

Topics