അഭിപ്രായം, മാര്‍ഗ്ഗം എന്നീ അര്‍ത്ഥങ്ങളുള്ള പദമാണ് മദ്ഹബ്. ഒരാള്‍ പിന്തുടരുന്ന പ്രത്യേകമായ കര്‍മ്മമാര്‍ഗ്ഗം, ചിന്താസരണി എന്നെല്ലാമാണ് സാങ്കേതികമായി പ്രസ്തുത പദം കൊണ്ടുള്ള വിവക്ഷ ‘ദഹബ ഫില്‍ മസ്അലതി ഹാകദാ ‘ (ഈ പ്രശ്‌നത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു) എന്ന ഭാഷ പ്രയോഗത്തില്‍ നിന്നാണ് മദ്ഹബിന് ഈ അര്‍ത്ഥം കൈവന്നത്. ഫിഖ്ഹു (കര്‍മ്മശാസ്ത്രം) മായി ബന്ധപ്പെട്ടു ‘മദ്ഹബ് ‘ എന്ന പദം കൂടുതലായ ഉപയോഗിക്കപ്പെടുന്നത്. വിവിധ കര്‍മ്മശാസ്ത്രധാരകള്‍ വിവിധ മദ്ഹബുകളായി.
ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായ നിയമ നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്ത വിഷയങ്ങളില്‍ നിയമ നിര്‍ധാരണത്തിനു ശരീഅത്ത് നിര്‍ദ്ദേശിച്ചിട്ടുള്ള അടിസ്ഥാനങ്ങള്‍ അവലംബമാക്കി നടത്തുന്ന ഇജ്തിഹാദിന്റെ വെളിച്ചത്തില്‍ എത്തിച്ചേരുന്ന നിഗമനങ്ങളാണ് മദ്ഹബുകള്‍ക്കാധാരം. വിവിധ പണ്ഡിതന്‍മാര്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അവരവര്‍ കണ്ടെത്തിയ വ്യത്യസ്ത നിഗമനങ്ങള്‍ വിവിധ മദ്ഹബുകളായി രൂപപ്പെട്ടത് സ്വാഭവികമാണ്. ഇങ്ങനെ രൂപപ്പെട്ട വിവിധ അഭിപ്രയങ്ങള്‍ അതതിന്റെ ഉപജ്ഞാതാവിനോട് ചേര്‍ത്ത് അറിയപ്പെട്ടു. അവരാണ് മദ്ഹബിന്റെ ഇമാമുകള്‍. എന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിലോ കര്‍മ്മാനിഷ്ഠാന മാതൃകയിലോ ഇത്തരം അഭിപ്രായ ഭിന്നതകളില്ല. അനുഷ്ഠാനമാതൃകയുടെ വിശദാംശങ്ങളിലാണ് ഇത്തരം ഭിന്ന രീതികള്‍ ഉടലെടുക്കുന്നത്.
മാലികി, ഹനഫീ, ഹമ്പലി, ശാഫിഇ എന്നിവയാണ് ഇന്നു പ്രചാരത്തുലുള്ള നാലു പ്രധാന മദ്ഹബുകള്‍. ഔസാഇ, സൗരി, കൈസി, ളാഹിരി, തബരി എന്നിങ്ങനെ അഞ്ചു മദ്ഹബുകള്‍ കൂടി സുന്നികള്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അവ അപ്രത്യക്ഷമാവുകയാണുണ്ടായത്. സഅദിയ്യ, ജഅഫരിയ്യ എന്നീ മദ്ഹബുകളാണ് ശീഇകള്‍ക്കിടയില്‍ പ്രചാരത്തിലുള്ളത്. സുന്നീ, ശീഈ മദ്ഹബുകള്‍ക്കു പുറമെ ഖാരിജുകളുടെ മദ്ഹബായ ഇബാബിയ്യയും ചില ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
മാലിക് ഇബനി അനസ് (മരണം 179/795), അബുഹനീഫ (മരണം 150/ 767), മുഹമ്മദിബ്‌നു ഇദ്‌രീസ് അശ്ശാഫി (മരണം 205/820), അഹ്മദ് ഇബ്‌നു ഹമ്പല്‍ (മരണം 205/820) അഹ്മദ് ഇബ്‌നു ഹമ്പല്‍ (മരണം 241/855) എന്നിവരാണ് നാല് പ്രമുഖ മദ്ഹബുകളുടെ ഉപജ്ഞാതാക്കള്‍
Add Comment