മദ്യം, ലഹരി പദാര്‍ഥം തുടങ്ങിയ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അറബിപദമാണ് ‘ഖംറ്’. പൊതുവെ എല്ലാ തരം ലഹരികളെയും ഈ സംജ്ഞയാല്‍ വ്യവഹരിക്കാറുണ്ട്. മുന്തിരി പിഴിഞ്ഞുണ്ടാക്കുന്ന കള്ളിനാണ് അറബിയില്‍ ‘ഖംറ് ‘ എന്ന് പറഞ്ഞിരുന്നത്. ഗോതമ്പ്, യവം, കിസ്മിസ് , കാരക്ക, തേന്‍ മുതലായവയുടെ കള്ളിനും ‘ഖംറ’് എന്ന് പറഞ്ഞിരുന്നു. സാങ്കേതികഭാഷയില്‍ മത്തുണ്ടാക്കുന്ന എല്ലാ വസ്തുവും ഖംറാണ്. ‘ബുദ്ധിയെ മറച്ചുവെക്കുന്നതേതോ അതാണ് ഖംറ് ‘(അല്‍ഖംറു മാ ഖാമല്‍ അഖ് ല്‍) എന്ന് ഖലീഫാ ഉമര്‍(റ) പറഞ്ഞിട്ടുണ്ട്.
‘എല്ലാ ലഹരിയും ഖംറാണ്, എല്ലാ ഖംറും നിഷിദ്ധമാണ് ‘എന്ന് നബി(സ) ഖംറിന് നല്‍കിയ നിര്‍വചനം പ്രസിദ്ധമാണ്. നബി(സ) പറഞ്ഞു: ‘ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയവും നിഷിദ്ധമാണ്. മത്തുപിടിപ്പിക്കുന്ന എല്ലാ വസ്തുവിനെയും ഞാന്‍ നിരോധിക്കുന്നു. ഏതൊന്നിന്റെ കൂടുതല്‍ അളവ് ലഹരി പിടിപ്പിക്കുന്നതാണോ അതിന്റെ കുറഞ്ഞ തോതും നിഷിദ്ധമാണ്. ഒരു തോല്‍പാത്രം നിറയെ കുടിച്ചാല്‍ മത്താകുന്ന വസ്തുവില്‍നിന്ന് ഒരു കൈക്കുമ്പില്‍ കുടിക്കുന്നതും നിഷിദ്ധമാണ്.’
മദ്യത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു:
- ‘മദ്യം, ചൂതാട്ടം എന്നിവയെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അവ രണ്ടിലും മനുഷ്യന് ഏറെ ദോഷങ്ങളും കുറച്ചു ഗുണങ്ങളുമുണ്ട്. ദോഷത്തിന്റെ വശമാണ് നന്‍മയെക്കാള്‍ അധികമുള്ളത് ‘(അല്‍ബഖറ 219).
- ‘സത്യവിശ്വാസികളേ, , മത്തുപിടിച്ചവരായി നിങ്ങള്‍ നമസ്‌കാരത്തോടടുക്കരുത്. പറയുന്നതെന്താണെന്ന് നിങ്ങള്‍ക്കുതന്നെ മനസ്സിലാകുന്നതുവരെ’ (അന്നിസാഅ് 43).
- ‘വിശ്വാസികളേ, കള്ളും ചൂതും പ്രതിഷ്ഠകളും (ദിവ്യത്വമാരോപിക്കുന്ന) അമ്പുകളുമെല്ലാം മ്ലേഛ കൃത്യങ്ങളാകുന്നു. അവ സാത്താന്റെ പ്രവര്‍ത്തനങ്ങളാണ്. അതിനാല്‍ അവ വര്‍ജിക്കുക.’ നാലു സുന്നി മദ് ഹബുകളും ശീഈ മദ് ഹബുകളും മദ്യം നിരോധിതമാണെന്ന് കരുതുന്നു. മദ്യപാനം പോലെത്തന്നെ മദ്യ വ്യാപാരവും നിഷിദ്ധമാണ്.
മദ്യം നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതും നിഷിദ്ധമാണ് എന്ന് ഹദീഥുകളിലുണ്ട്. അതിനാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ മദ്യവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിഷിദ്ധമാണെന്ന് ഗണിക്കണം.
മദ്യപാനം വന്‍പാപമാണ്(കബാഇര്‍). താഴെപ്പറയുന്നവ മദ്യത്തെക്കുറിച്ചുള്ള നബിവചനങ്ങളാണ്.
‘മദ്യം തിന്‍മകളുടെ മാതാവാണ്.’
‘ഇവിടെ മദ്യം സേവിച്ചവന്‍, പശ്ചാത്തപിച്ചില്ലെങ്കില്‍ പരലോകത്ത് അത് സേവിക്കുകയില്ല'(ബുഖാരി).
‘മദ്യപാനം ചെയ്യുന്നവരും വാങ്ങുന്നവനും മറ്റുള്ളവര്‍ക്ക് കുടിക്കാനായി വില്‍ക്കുന്നവനും അഭിശപ്തനാണ്’ (അബൂദാവൂദ്).
‘ഉദ്ദേശ്യപൂര്‍വം ഒരു തുള്ളി മദ്യം സേവിക്കുന്നവന്‍ അന്ത്യദിനത്തില്‍ ചലം കുടിക്കേണ്ടിവരും’ (ത്വയാലിസി).
‘മദ്യപാനിയുടെ നമസ്‌കാരം സ്വീകരിക്കുകയില്ല’ (നസാഈ).
‘വിശ്വാസവും മദ്യപാനവും ഒരുമിച്ചുപോകുകയില്ല'( ബുഖാരി).
‘മദ്യം മരുന്നായി പോലും ഉപയോഗിച്ചുകൂടാ'(അഹ്മദ് , മുസ്‌ലിം).
‘അത് വിനാഗിരിയാക്കി ഉപയോഗിക്കുന്നത് നിരോധിതമാണ്'(തിര്‍മിദി).
‘മദ്യം അനുവദനീയമാണെന്ന് പറയുന്ന (ഹലാല്‍) ഒരു ദുഷിച്ച കാലം വരും'(ബുഖാരി). ഇസ്‌ലാമിന്റെ അന്ത്യത്തിലുള്ളവര്‍ അത് കുടിക്കും(ബുഖാരി).
വളരെ ശാസ്ത്രീയമായാണ് ഇസ് ലാം മദ്യ നിരോധനമേര്‍പ്പെടുത്തിയത്. ആദ്യം അത് ചീത്ത വസ്തുവാണെന്ന് പറഞ്ഞു(അല്‍ബഖറ 219). മുസ് ലിംകളില്‍ ഒരു വിഭാഗം ഇതുകൊണ്ടുതന്നെ കള്ളുകുടി ഉപേക്ഷിച്ചു. വലിയൊരു വിഭാഗം കള്ളുകുടി തുടര്‍ന്നു. അര്‍ കള്ളു കുടിച്ചു നമസ്‌കാരത്തിന് പോലും വരികയും അവരുടെ നമസ്‌കാരത്തില്‍ അബദ്ധങ്ങള്‍ പിണയുകയും പതിവായിരുന്നു. ഇതേ തുടര്‍ന്ന് ഹി. 4ല്‍ ലഹരി ബാധിച്ച സമയത്ത് നമസ്‌കരിക്കരുതെന്ന് ഖുര്‍ആന്‍ കല്‍പിച്ചു. (അന്നിസാഅ്: 43). ഇത് ജനങ്ങള്‍ അനുസരിക്കുകയും നമസ്‌കാരത്തിന് വിഘ്‌നം സംഭവിക്കാത്ത രീതിയില്‍ മദ്യസേവ തുടരുകയും ചെയ്തു. അധികം താമസിയാതെ മദ്യം പൂര്‍ണമായി നിരോധിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു(അല്‍മാഇദ 91).
Add Comment