നിയമനിര്‍മാണസഭ, നിര്‍വഹണവിഭാഗം, നീതിന്യായവിഭാഗം എന്നിങ്ങനെ മൂന്ന് പ്രധാനഘടകങ്ങളായാണ് പാര്‍ലമെന്ററിസംവിധാനത്തെ തരംതിരിച്ചിരിക്കുന്നത്. ഇസ്‌ലാമികരാഷ്ട്രത്തില്‍ ഇവയുടെ സ്ഥാനവും പ്രവര്‍ത്തനവും എങ്ങനെയെന്നതാണ് നാം പരിശോധിക്കുന്നത്.
പ്രാചീന മുസ്‌ലിം രാഷ്ട്രമീമാംസയിലെ ‘അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ്’ (നിര്‍ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അധികാരമുള്ള ബോഡി) എന്നറിയപ്പെടുന്ന വിഭാഗവും ഇന്നത്തെ ലെജിസ്ലേച്ചറും ധര്‍മത്തിലും സത്തയിലും പല നിലയ്ക്കും സാധര്‍മ്യം പുലര്‍ത്തുന്നുണ്ട്. രാഷ്ട്രത്തലവന്‍ സ്റ്റേറ്റിന്റെ അടിസ്ഥാനനയങ്ങള്‍ ആവിഷ്‌കരിക്കുകയും ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കുകയും ചെയ്തിരുന്നത് ആ ബോഡിയുടെ അംഗീകാരത്തോടെയായിരുന്നു.
സൈദ്ധാന്തികമായി പറഞ്ഞാല്‍, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ ഇസ്‌ലാമികരാഷ്ട്രത്തില്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും നിയമങ്ങള്‍ക്ക് വിരുദ്ധമായതോ അതില്‍ നിന്ന് മുക്തമായതോ ആയ നിയമനിര്‍മാണത്തിന് പഴുതില്ല. അപ്പോള്‍ രാഷ്ട്രത്തില്‍ ലെജിസ്ലേച്ചറിന്റെ പങ്കെന്തെന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകാം. എന്നാല്‍ ഒരു ഇസ്‌ലാമികരാഷ്ട്രത്തില്‍ നിയമനിര്‍മാണവിഭാഗത്തിന് പ്രവര്‍ത്തിക്കാന്‍ പല രംഗങ്ങളുമുണ്ടെന്നതാണ് വസ്തുത.
1. ദൈവത്തിന്റെയും പ്രവാചകന്റെയും വ്യക്തമായ നിയമനിര്‍ദ്ദേശങ്ങളുള്ളിടത്ത് അവ മറികടക്കുകയോ ഭേദഗതിവരുത്തുകയോ ചെയ്യില്ലെങ്കിലും അവ ഓരോ ഇനംതിരിച്ച് നടപ്പാക്കാനും അവയ്ക്കുള്ള കൃത്യമായ നിര്‍വചനങ്ങളും വിശദീകരണം നല്‍കുകവഴി ചട്ടങ്ങളും ക്രമീകരണങ്ങളും ആവിഷ്‌കരിക്കുന്നതിനുള്ള അധികാരം അതിനുണ്ട്.
2. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ ഒരു നിര്‍ദ്ദേശത്തിന് ഒന്നിലധികം വ്യാഖ്യാനത്തിനുള്ള പഴുതുണ്ടെങ്കില്‍ ഏത് വ്യാഖ്യാനമാണ് നിയമസംഹിതയില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം ലെജിസ്ലേറ്റീവിനാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഖുര്‍ആനിലും ഹദീസിലും അഗാധപാണ്ഡിത്യമുള്ളവരുടെ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടികള്‍ കൈക്കൊള്ളുക.
3. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ വകുപ്പുകളില്ലാത്ത വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ ആത്മാവിനോടിണങ്ങുന്ന നിയമനിര്‍മാണം നടത്തുകയെന്നത് ലെജിസ്ലേറ്റീവിന്റെ മറ്റൊരു ഉത്തരവാദിത്വമാണ്. തല്‍വിഷയകമായി നിലവിലുള്ള ഫിഖ്ഹ്ഗ്രന്ഥങ്ങളില്‍ നിയമങ്ങളെന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുന്നതും അവയില്‍നിന്ന് ഏത് സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് ലെജിസ്ലേറ്റീവ് ആയിരിക്കും.
4. ഖുര്‍ആനില്‍നിന്നോ സുന്നത്തില്‍നിന്നോ അടിസ്ഥാനപരമായ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നുംതന്നെ ലഭ്യമല്ലാത്ത വിഷയങ്ങളില്‍ ലെജിസ്ലേറ്റീവിന് സ്വതന്ത്രനിയമനിര്‍മാണം നടത്തേണ്ടിവരും. എന്നാല്‍ അത്തരം നിയമനിര്‍മാണങ്ങള്‍ ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവരുതെന്ന് മാത്രം. ആരാധനാപരമായ അനുഷ്ഠാനങ്ങളില്‍ ദൈവം കല്‍പിച്ചിട്ടില്ലാത്തതെല്ലാം നിഷിദ്ധവും ജീവിതവ്യവഹാരങ്ങളില്‍ ദൈവം നിരോധിച്ചിട്ടില്ലാത്തതെല്ലാം അനുവദനീയവുമാണെന്ന പൊതുതത്ത്വത്തെ ആസ്പദമാക്കിയാണ് അത്. ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഭാഷയില്‍ ഇതിന് ‘അല്‍ ബറാഅതുല്‍ അസ്വ്‌ലിയ്യ’എന്നുപറയാം. അത്യാവശ്യഘട്ടങ്ങളില്‍ പൊതുതാല്‍പര്യംമുന്‍നിര്‍ത്തി നിയമനിര്‍മാണം നടത്താന്‍ പ്രതിനിധിസഭയ്ക്ക് അതുവഴി അനുവാദം ലഭിക്കുന്നു. ദൈവത്തിന്റെയോ പ്രവാചകന്‍ മുഹമ്മദ് നബിയുടെയോ വ്യക്തമായ നിര്‍ദ്ദേശങ്ങളില്ലെങ്കില്‍തന്നെയും എവിടെ നന്‍മയുണ്ടോ അവിടെ ദൈവികനിയമവുമുണ്ട് എന്ന ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു അഖീന്‍ തുടങ്ങി പ്രാചീന മുസ്‌ലിംനിയമശാസ്ത്രജ്ഞന്‍മാരുടെ പ്രസ്താവന ശ്രദ്ധേയമാണ്.
Add Comment