പ്രധാന ഘടകങ്ങള്‍

ഇസ്‌ലാമിക നിയമശാസ്ത്രത്തിലെ ജുഡീഷ്യറി

‘ഖദാഅ്’ എന്ന സാങ്കേതികപദത്താല്‍ വിവക്ഷിക്കപ്പെടുന്നതാണ് ഇസ്‌ലാമികനിയമശാസ്ത്രത്തിലെ ജുഡീഷ്യറി. ഇസ്‌ലാമികസ്റ്റേറ്റിലെ കോടതി ദൈവികനിയമവ്യവസ്ഥ നടപ്പിലാക്കുകയും തര്‍ക്കപ്രശ്‌നങ്ങളില്‍ തദനുസാരം വിധി നല്‍കുകയും ചെയ്യുന്നു.’അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത് ‘(അല്‍മാഇദ 48).

ഇസ്‌ലാമികരാഷ്ട്രത്തില്‍ ജുഡീഷ്യറി നിയമനിര്‍വഹണവകുപ്പില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമായിരിക്കും. പ്രവാചകന്റെ കാലത്ത് ഇത് രണ്ടും അദ്ദേഹത്തില്‍തന്നെ നിക്ഷിപ്തമായിരുന്നുവെന്നത് ശരിയാണ്. പക്ഷേ, അന്നത് അനിവാര്യമായിരുന്നു. മുസ്‌ലിംസമൂഹത്തിന്റെ ശില്‍പിയും ശിക്ഷകനും ഇസ്‌ലാമികരാഷ്ട്രത്തിന്റെ സംസ്ഥാപകനുമെന്ന നിലയ്ക്ക് പ്രവാചകന്റെ നടപടികള്‍തന്നെ രാഷ്ട്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളാവേണ്ടതുണ്ടായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ പ്രവാചകനെ ചോദ്യംകൂടാതെ അനുസരിക്കണമെന്ന് ദൈവം ശാസിച്ചിട്ടുള്ളതും. പ്രവാചകന്നുശേഷം ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ജഡ്ജിമാരെ ഖലീഫ(രാഷ്ട്രത്തലവന്‍)നേരിട്ടാണ് നിയമിച്ചിരുന്നതെങ്കിലും അവരെ ഉദ്യോഗത്തില്‍നിന്ന് പിരിച്ചുവിടാനോ അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാനോ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. രാഷ്ട്രത്തലവനെതിരെ കേസുകൊടുത്താല്‍ രാജ്യത്തെ മറ്റേതൊരു പൗരന്‍മാരെയും പോലെ അദ്ദേഹവും ഹാജരാകണം. ഖലീഫ ഉമറിന്റെ കാലത്ത് അദ്ദേഹവും ഉബയ്യുബ്‌നുകഅ്ബും തമ്മിലുണ്ടായകേസ് സൈദുബ്‌നുസാബിതിന്റെ കോടതിയിലെത്തിയ ചരിത്രം പ്രസിദ്ധമാണ്. ന്യായാധിപന്‍ ഖലീഫക്ക് പ്രത്യേകഇരിപ്പിടം നല്‍കാന്‍ ശ്രമിച്ചതിനെ നിരസിച്ചതും സത്യവാങ്മൂലം നടത്തുന്നതില്‍നിന്ന് ഖലീഫക്ക് ഇളവുകൊടുത്തത് തള്ളിപ്പറഞ്ഞതും അവസാനം ന്യായാധിപസ്ഥാനത്തിന് സൈദ് അര്‍ഹനല്ലെന്ന് ഖലീഫ അഭിപ്രായപ്പെട്ടതും നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കുന്നു. കിങ് ഫൈസലിന്റെ കാലത്ത് (ഇസ്‌ലാമില്‍ രാജഭരണമില്ലെന്നത് പ്രത്യേകം സ്മരണീയമാണ്) സൗദിഅറേബ്യയിലെ ഒരു പൗരന്‍ രാജാവിനെതിരെ കോടതില്‍ കേസ് ഫയല്‍ചെയ്തതും സ്ഥലത്തിന്റെ അതിര് സംബന്ധിച്ച പ്രസ്തുതവിഷയത്തില്‍ രാജാവിനെതിരെ വിധി വന്നതും ആധുനികകാലത്തെ ഉദാഹരണം മാത്രം.

About the author

padasalaadmin

Add Comment

Click here to post a comment

Topics