നവോത്ഥാന നായകര്‍

ശൈഖ് ഖ്വാജാ നിസാമുദ്ദീന്‍ (1238-1325)

1238 ബദായൂനിലാണ് ശൈഖ് ഖ്വാജാ സയ്യിദ് മുഹമ്മദ് ബിന്‍ അബ്ദുല്ലാ അല്‍ഹുസൈനി നിസാമുദ്ദീന്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ പിതാവ് ഈ ലോകത്തോട് യാത്രയായതോടെ ജീവിതം കൂടുതല്‍ ദുരിതമയമായി. അതെത്തുടര്‍ന്ന് പതിനാറാംവയസ്സില്‍ മാതാവും സഹോദരിമാരുമൊന്നിച്ച് ദല്‍ഹിയിലേക്ക് താമസം മാറി. ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചിശകര്‍, ശൈഖ് ബഹാഉദ്ദീന്‍ സകരിച്ച തുടങ്ങി സ്വൂഫീ പണ്ഡിതരുമായി അടുത്തബന്ധം പുലര്‍ത്തി. ചിശ്ത്തീ വിഭാഗത്തിന്റെ പണ്ഡിനായ ശൈഖ് ഫരീദുദ്ദീന്റെ പ്രതിനിധിയായി ദല്‍ഹിയില്‍ ഖാന്‍ഖാഹ് സ്ഥാപിച്ചു.

അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് തുഗ്ലക്ക് നിര്‍ദ്ദേശിച്ച ചില സ്ഥലങ്ങളില്‍ ഖാന്‍ഖാഹ് സ്ഥാപിക്കണമെന്ന് പറഞ്ഞപ്പോള്‍ സുല്‍ത്താന് അത് നിര്‍ദ്ദേശിക്കാനുള്ള അധികാരമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിത്വങ്ങളെ പാട്ടിലാക്കാന്‍ സമ്മാനങ്ങള്‍ നല്‍കുന്ന പതിവുള്ള ധൂര്‍ത്തനായ സുല്‍ത്താന്‍ ഖുസ്രുഖാന്‍ ഒരിക്കല്‍ നല്‍കിയ പണക്കിഴി ‘ബൈതുല്‍മാലിലുള്ളത് ദരിദ്രരുടെ അവകാശമാണ് ‘ എന്ന് പറഞ്ഞുകൊണ്ട് സാധുക്കള്‍ക്കിടയില്‍ വിതരണംചെയ്തു.
കര്‍ക്കശമായ ആത്മസംയമനം, ലൗകികാസക്തി ലവലേശം തീണ്ടാത്ത ആത്മീയപ്രഭാവം, ആദര്‍ശശുദ്ധി, നിഷ്‌കളങ്കഭക്തി എന്നിവ അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. സംഭാവനകളും സഹായങ്ങളും തന്റെ ഖാന്‍ഖാഹില്‍ അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്നപ്പോഴും അവയെല്ലാം പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്തു അദ്ദേഹം.

സര്‍ക്കാര്‍ സേവനം(കൊട്ടാരസേവ) മനുഷ്യന്റെ വ്യക്തിപരവും ആത്മീയവുമായ അടിമത്തമാണെന്നും അധ്വാനിച്ചുജീവിക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. പഠനം പൂര്‍ത്തിയാക്കി തന്നെ സന്ദര്‍ശിക്കാന്‍ വന്ന ചെറുപ്പക്കാരന് നല്‍കിയ ഉപദേശം ‘ജ്ഞാനം സ്വയം വിശിഷ്ടമാണ്. അതിനെ ജീവിതമാര്‍ഗമാക്കി ആ വൈശിഷ്ട്യത്തെ നഷ്ടപ്പെടുത്തരുത് ‘ എന്നായിരുന്നു.

ആത്മീയോല്‍ക്കര്‍ഷ നിറഞ്ഞതും ആത്മസംയമനവും അച്ചടക്കവും പുലര്‍ത്തുന്നതുമായ ജീവിതം കാഴ്ചവെച്ചുകൊണ്ടാണ് ആളുകളില്‍ മനഃപരിവര്‍ത്തനം ഉണ്ടാക്കേണ്ടതെന്ന് അദ്ദേഹം ഉപദേശിച്ചു. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്ത ഒരു യുവാവ് തന്റെ ജേഷ്ഠസഹോദരനെ പരിവര്‍ത്തനംചെയ്യിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ മൗനമായിരുന്നു പ്രത്യുത്തരം.

മുസ്‌ലിംസമൂഹത്തിന്റെ വളര്‍ച്ചയും ദീനീസ്വത്വവും സുല്‍ത്താന്‍മാര്‍ക്ക് ഒരു പ്രശ്‌നമല്ലാതിരിക്കുകയും പണ്ഡിതന്‍മാര്‍ രാജഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥന്‍മാരുടെയും വക്താക്കളും മൂടുതാങ്ങികളുമായി അധഃപതിക്കുകയുംചെയ്ത ഘട്ടത്തില്‍ അധ്യാത്മികപരിശുദ്ധിയിലൂന്നി ജനങ്ങള്‍ക്ക് മതബോധവും ആത്മീയാവേശവും നല്‍കാന്‍ അദ്ദേഹത്തെപ്പോലെയുള്ള സൂഫികള്‍ ചെയ്ത സേവനങ്ങള്‍ വിലപ്പെട്ടവയാണ്.
ശരീഅത്തില്‍ നിന്നും വ്യതിചലിച്ചുപോയ ഒട്ടേറെ സൂഫികളുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായി ശരീഅത്തില്‍നിന്ന് അണുപോലും ധര്‍മഭ്രംശം വരാതെ സ്വയം നിഷ്‌കൃഷ്ടനായി സമൂഹത്തിന് സേവനം ചെയ്ത, മതത്തിന്റെ സത്തകളെ ജീവിതത്തില്‍നിന്ന് ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിച്ച മഹാനായിരുന്നു ശൈഖ് നിസാമുദ്ദീന്‍. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ പെട്ടവരാണ് ശൈഖ് നാസിറുദ്ദീന്‍ ചിരാഗ് ദഹ്‌ലവി, ദല്‍ഹി സുല്‍ത്താനേറ്റ് കവിയായ അമീര്‍ ഖുസ്‌റു തുടങ്ങിയവര്‍.

കടപ്പാട്: ഇസ്‌ലാമിക ദര്‍ശനം – കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂ ട്ട്

Topics