തോട്ടം, ആരാമം, ഉദ്യാനം, സ്വര്‍ഗം എന്നൊക്കെ അര്‍ഥമുള്ള ഈ അറബിപദം കൊണ്ട് വിവക്ഷിക്കുന്നത് പരലോകത്ത് സജ്ജനങ്ങളുടെ ശാശ്വതജീവിതത്തിനായി ദൈവം സ്വീകരിച്ച സ്വര്‍ഗത്തെയാണ്.
സ്വര്‍ഗത്തിന്റെ വിസ്ത്യതിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു.
‘ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്ക്'(അല്‍ഹദീദ് 21,ആലുഇംറാന് 133) . ഈ പദത്തിന്റെ വഹുവചനരൂപവും ഖുര്‍ആനില്‍ വന്നിട്ടുണ്ട്(ജന്നാത്ത്). ബദ്ര് യുദ്ധത്തില്‍ രക്തസാക്ഷിയായ ഹാരിസയെപ്പറ്റി മാതാവ് നബിയോട് ചോദിച്ചപ്പോള്‍ നബി പറഞ്ഞു:’ഹാരിസയുടെ മാതാവേ, സ്വര്‍ഗത്തില്‍ ധാരാളം തോട്ടങ്ങളുണ്ട്. നിങ്ങളുടെ പുത്രന് അത്യുന്നതമായ ഫിര്‍ദൗസ് പ്രാപിച്ചിരിക്കുന്നു’.
‘തന്റെ നാഥന്റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്'(അര്റഹ്മാന് 46) ‘അവ കൂടാതെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്'(അര്റഹ്മാന് 62). ഈതോട്ടങ്ങള് സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും നിര്‍മിക്കപ്പെട്ടവയാണെന്ന് പ്രവാചകന് സൂക്തങ്ങളുടെ വിശദീകരണമെന്നോണം പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തില്‍ സജ്ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലങ്ങളും പദവിയും വ്യത്യസ്തങ്ങളായിരിക്കും. ഇതിനനുസരിച്ചാണ് സ്വര്‍ഗത്തിന്റെ സംവിധാനം എന്ന് നബി പറഞ്ഞു.
‘സ്വര്‍ഗത്തില്‍ നൂറുപടികളുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരംചെയ്യുന്നവര്ക്കായി തയ്യാറാക്കി വെച്ചതാണത്. ആകാശഭൂമികള്‍ക്കിടയിലുള്ള ദൂരമാണ് ഓരോ ഈ രണ്ടു പടികള്ക്കിടയിലുള്ളത്. അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുന്നുവെങ്കില്‍ ഫിര്‍ദൗസ് ചോദിക്കുക. സ്വര്‍ഗത്തിന്റെ മധ്യത്തിലാണത്. ഏറ്റവും ഉന്നതമായ പടിയുമാണത്. അതിന്മേല് കാരുണ്യവാന്റെ സിംഹാസനം നിലകൊള്ളുന്നു.’
മറ്റൊരു നബിവചനം. നബി(സ) പറഞ്ഞു: ‘മൂസാ (അ) ചോദിച്ചു. നാഥാ, സ്വര്ഗനിവാസികളില് ഏറ്റവും താണപടിയിലുള്ള ആളെ സംബന്ധിച്ചു പറഞ്ഞുതരാമോ? അല്ലാഹു പറഞ്ഞു: ‘പറയാം, ജനങ്ങള്‍ സ്വര്‍ഗത്തില്‍ അവരുടെ സ്ഥാനങ്ങളിലെത്തുകയും അവര്‍ക്കുള്ളതെല്ലാം വശമാക്കുകയും ചെയ്തശേഷം ഒരാള്‍ വന്നു. അപ്പോള്‍ അവനോട് പറയപ്പെടും. സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ എന്ന്. അയാള്‍ ചോദിക്കുന്നു: ‘നാഥാ , ഞാനെങ്ങനെ അതില്‍ പ്രവേശിക്കും? ജനങ്ങളെല്ലാം അവരുടെ സ്ഥാനങ്ങള്‍ പിടിക്കുകയും അവര്‍ക്കുള്ളതെല്ലാം എടുക്കകയും ചെയ്തുകഴിഞ്ഞില്ലേ?’ അപ്പോള്‍ അല്ലാഹു ചോദിച്ചു:’ദുനിയാവിലുള്ള ഒരു രാജാവിനുണ്ടാകാറുള്ള അത്ര നിനക്കവിടെ കിട്ടിയാല്‍ നീ തൃപ്തിപ്പെടുകയില്ലേ ‘അയാള്‍ പറയുന്നു: നാഥാ, ഞാന്‍ തൃപ്തിപ്പെട്ടുകൊള്ളാം. അപ്പോള്‍ അല്ലാഹു പറയുന്നു: ‘നിനക്കത്രയും പിന്നത്രയും പിന്നത്രയും പിന്നത്രയും ഉണ്ട്’ . അവന് പറയുന്നു: നാഥാ ഞാന്‍ തൃപ്തിപ്പെട്ടു’. അല്ലാഹു പറയുന്നു:’നിശ്ചയമായും ഇതെല്ലാം നിനക്കുള്ളതുതന്നെ. പുറമെ നിന്റെ ഹൃദയം ആഗ്രഹിക്കുന്നതും കണ്ണുകുളിര്ക്കുന്നതുമായി വേറെയും ധാരാളമുണ്ട്.’അവന് പറയുന്നു:’ഞാന്‍ തികച്ചും തൃപ്തനായി.’മൂസാ(അ)ചോദിച്ചു:’നാഥാ , ഇനി സ്വര്‍ഗത്തിലെ ഏറ്റവും ഉന്നതസ്ഥാനിയെപ്പറ്റി പറയാമോ? അല്ലാഹു പറഞ്ഞു:’നിന്നെ അറിയിക്കാന്‍ ഞാനുദ്ദേശിച്ചതാണ്. അവരെ ആദരിക്കാനുള്ള വിഭവങ്ങള്‍ ഞാനെന്റെ സ്വന്തംകൈകളാല് നട്ടുണ്ടാക്കിയിരിക്കുന്നു. ഞാന്‍ തന്നെ അതിന്മേല് മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. ഒരു കണ്ണുംകാണാത്ത, ഒരു ചെവിയുംകേള്ക്കാത്ത, ഒരു മനുഷ്യഹൃദയത്തിലും ഉദിക്കാത്ത (അത്രക്കും മഹത്തരമാണത്)’. തിരുമേനി പറഞ്ഞു:’അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവര്‍ക്കുവേണ്ടി ഗോപ്യമാക്കി വെക്കപ്പെട്ട കണ്കുളിര്ക്കുന്ന വിഭവങ്ങള്‍ ഒരു മനുഷ്യനും അറിയുകയില്ല’എന്ന ഖുര്‍ആന്‍ വാക്യം ഇതിനുപോത്ബലകമാകുന്നു.’
ഈന്തപ്പന, ഉറുമാന്‍, ഇലന്ത, വാഴ തുടങ്ങി വൃക്ഷലതാദികള്‍ സ്വര്ഗത്തിലുണ്ടിരിക്കുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. നബി തിരുമേനി(സ) പറഞ്ഞു:’സ്വര്‍ഗത്തില്‍ ഒരു തരം വൃക്ഷമുണ്ട്. അതിവേഗതയുള്ള ഒരു കുതിരസവാരിക്കാരന്‍ നൂറുവര്‍ഷം നിരന്തരം ഓടിയാലും അതിന്റെ നിഴല്‍ പിന്നിട്ട് കഴിഞ്ഞിരിക്കില്ല’. ഇതില്‍ നിന്ന് സ്വര്‍ഗത്തിലെ വൃക്ഷങ്ങളുടെ വലിപ്പവും വ്യാപ്തിയും മനസ്സിലാക്കാം.’പച്ചപ്പുനിറഞ്ഞ സ്വര്‍ഗീയാരാമങ്ങള്‍'(അര്റഹ്മാന് 64).’സ്വര്‍ഗവാസികളുടെ മേല്‍ അവയുടെ നിഴല്‍ ചാഞ്ഞുനില്ക്കുന്നുണ്ടായിരിക്കും.’ ‘അവര്‍ ഭാര്യമാരോടൊപ്പം തണലുകളില്‍ ചാരുകസേരയില്‍ ഇരുന്ന് സുഖിക്കും'(യാസീന്‍ 56). ‘സ്വര്‍ഗത്തിലെ ഫലങ്ങള്‍ എന്നുമുണ്ടായിരിക്കും(അര്‍റഅ്ദ് 35).’ ‘അവര്‍ക്കതില്‍ സകലയിനം ഫലങ്ങളുമുണ്ട്'(മുഹമ്മദ് 15). സ്വര്‍ഗത്തിന്റെ സവിശേഷതയായി ഖുര്‍ആന്‍ എടുത്തുപറഞ്ഞ കാര്യം ‘താഴ്ഭാഗത്ത് കൂടെ നദികളൊഴുകുന്ന ഉദ്യാനങ്ങള്‍'(അല്‍ബഖറ 25) എന്നതാണ്. നാലുതരം നദികള്‍ സ്വര്‍ഗത്തിലുണ്ടാവുമെന്ന് ഖുര്‍ആന്‍ പറയുന്നു. യാതൊരു കലര്‍പ്പുമില്ലാത്ത തെളിനീരരുവികള്‍, പാല്‍പ്പുഴകള്‍, ഈ പാല് അകിടുകളില്‍നിന്ന് കറന്നെടുത്തതായിരിക്കില്ല എന്ന് നബി (സ) പറഞ്ഞു. കുടിക്കുന്നവര്‍ക്ക് ആനന്ദം നല്കുന്ന വീഞ്ഞുകള്‍. എന്നാല്‍ അവ ചവിട്ടിപ്പിഴിഞ്ഞെടുക്കുന്നതായിരിക്കില്ല(മുഹമ്മദ് 15). അവര്‍ കര്‍പ്പൂരം ചേര്‍ത്ത പാനീയം നിറച്ച ചഷകത്തില്‍നിന്ന് പാനം ചെയ്യുന്നതാണ് (അദ്ദഹ്ര് 5). അവിടെ ചുക്കുചേര്‍ത്ത പാനപാത്രവും കുടിക്കാന്‍ കൊടുക്കും. അത് സല്സബീല് എന്ന ഉറവയില്നിന്നെടുത്തതായിരിക്കും'(അദ്ദഹ്ര് 17,18).
കസ്തൂരികൊണ്ട് അടച്ച് മുദ്രവെച്ച പാത്രങ്ങളിലെ പവിത്രമദ്യം അവര്‍ കുടിപ്പിക്കപ്പെടും(അല്‍ മുത്വഫ്ഫിഫീന്‍ 25,26).ഹൗദുല്‍ കൗസര്‍ സ്വര്‍ഗത്തിലെ തടാകമാണ്. മുഹമ്മദ് നബിയുടെ സമുദായത്തിന് പ്രത്യേകമായാണ് അത് നല്കപ്പെടുക. ഹൗദുല്‍ കൗസറിനെക്കുറിച്ച് നബിതിരുമേനി (സ) പറഞ്ഞു: ‘സ്വര്‍ഗത്തില്‍ എനിക്ക് നല്‍കുമെന്ന അല്ലാഹു വാഗ്ദത്തം ചെയ്ത നദിയാണത്. ഉള്ളുതുരന്നെടുത്ത മുത്ത് നിറക്കപ്പെട്ട ഖുബ്ബകളാണ് അതിന്റെ രണ്ടുകരകളും. അടിഭാഗം കലര്‍പ്പില്ലാത്ത കസ്തൂരി. അതിലെ ചരല്‍ക്കല്ലുകള്‍ പവിഴവും മാണിക്യവും . അതിലെ മണ്ണ് കസ്തൂരിയെക്കാള്‍ പരിമളം കൂടിയതും വെള്ളം തേനിനേക്കാള് മധുരമുള്ളതും മഞ്ഞിനേക്കാള് വെളുത്തതുമായിരിക്കും.’
ജലധാരപോലുള്ള നദികളും സ്വര്ഗത്തിലുണ്ടായിരിക്കും. സ്വര്‍ഗത്തിലെ ഉന്നതതലമായ ഫിര്ദൗസില്നിന്നാണ് ഈ നദികള്‍ ഉത്ഭവിക്കുക.
‘ഈ സ്വര്‍ഗീയാരാമങ്ങളില്‍ അത്യുന്നതങ്ങളായ മണിസൗധങ്ങള്‍ ഒരുക്കിയിട്ടുണ്ടാകും. സ്വര്‍ഗവാസികള്‍ക്ക് താമസിക്കാന്‍'(സബഅ് 37). നബി തിരുമേനി(സ) പറഞ്ഞു:’ചക്രവാളത്തില്‍ നക്ഷത്രങ്ങളെ കാണുന്നത് പോലെയാണ് സ്വര്‍ഗവാസികള്‍ അവിടെ മാളികകള്‍ കാണുക. ഇവയുടെ ഇഷ്ടിക സ്വര്‍ണവും വെള്ളിയും കുമ്മായം ശുദ്ധകസ്തൂരിയും കല്‍പ്പൊടി മുത്തും മാണിക്യവും മണ്ണ് കുങ്കുമവുമായിരിക്കും. മണിമാളികകള്‍ക്ക് പുറമെ ചെറിയ കൂടാരങ്ങളും അവിടെയുണ്ടായിരിക്കും. ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഓരോ തോപ്പിലും ഓരോ കൂടാരം വീതമാണ് ഉണ്ടായിരിക്കുക. ഉള്‍ഭാഗം തുരന്നെടുത്ത ഒരു മുത്തുകൊണ്ടായിരിക്കും അത് നിര്മിക്കപ്പെട്ടിട്ടുണ്ടായിരിക്കുക. അറുപത് മൈലാണ് അതിന്റെ വിസ്തൃതി. വിശ്വാസിയുടെ ഒന്നിലധികം വരുന്ന ഭാര്യമാര്‍ (ഹൂര്‍) അതിലുണ്ടായിരിക്കും. അവരെയെല്ലാം അവനതില്വെച്ച് സമീപിക്കുകയുംചെയ്യും. എന്നാല്‍ അവര്‍ പരസ്പരം കാണുകയില്ല.’
സ്വര്‍ണം, വെള്ളി, സ്ഫടികം മുതലായവ കൊണ്ടുള്ള പാത്രങ്ങളും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചീര്‍പ്പുകളും അവിടെയുണ്ടാകുമെന്ന് (അദ്ദഹ്ര് 15,16) ഖുര്‍ആന്‍ പറയുന്നു. മാളികകളിലും കൂടാരങ്ങളിലും മുറ്റങ്ങളിലും തോപ്പുകളിലുമെല്ലാം ചാരാനും ചെരിയാനും തിരിയാനുമെല്ലാം പാകത്തിലുള്ള കട്ടിലുകള്‍ സ്വര്‍ഗവാസികള്‍ക്കായി അവിടെ സജ്ജീകരിച്ചിട്ടുണ്ടാകും. അണിനിരത്തിവെച്ച തലയണകളും ഉള്‍ഭാഗം കട്ടിപ്പട്ട് കൊണ്ട് നിറച്ച പരവതാനികളും അവിടെ ഉണ്ടാകുമെന്നും ഖുര്‍ആന്‍ പറയുന്നു.(അല്‍ വാഖിഅഃ 15,16), (യാസീന്‍ -55,56),(അല്‍ഗാശിയ 15,16),(അര്റഹ്മാന് 76).
സ്വര്‍ഗവാസികള്‍ക്ക് പലതരം പലഹാരങ്ങളും പാനീയങ്ങളും എത്തിച്ച് കൊടുക്കാനും അവരെ സേവിക്കാനുമായി ചിപ്പികളില്ഒളിപ്പിച്ച് വെച്ച മുത്തുകള്‍പോലെയുള്ള ബാലന്മാര് സ്വര്‍ഗ പൂന്തോപ്പിലെങ്ങും ചുറ്റിനടക്കുന്നതായി ഖുര്‍ആന്‍ പറയുന്നു(അദ്ദഹ്ര് 19) (അത്ത്വൂര്‍ 24)
പട്ടായിരിക്കും സ്വര്‍ഗവാസികളുടെ വസ്ത്രങ്ങള്‍ (ഫാത്വിര് 33). സ്വര്‍ണവളകളും മുത്തും വെള്ളിക്കടകങ്ങളും അവരെ ധരിപ്പിക്കും എന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു(അല്‍ കഹ്ഫ് 31)(അദ്ദഹ്ര് 21)(അല്‍കഹ്ഫ് 31)
കൂടാതെ പരിശുദ്ധകളായ ഭാര്യമാരും സ്വര്ഗനിവാസികള്ക്കവിടെ ഉണ്ടായിരിക്കും.’ഭൂമിയിലെ സ്ത്രീകളില്‍ കാണപ്പെടുന്ന ശാരീരികമോ സ്വഭാവപരമോ മറ്റുതരത്തിലോ ഉള്ളതായ യാതൊരു വൃത്തികേടും അവരിലുണ്ടായിരിക്കില്ല.’ ഭാര്യമാര്‍ക്ക് പുറമെ ഹൂറുകളുണ്ടവിടെ. കണ്ണിന്റെ കൃഷ്ണമണി കറുപ്പും ബാക്കി ഭാഗങ്ങളെല്ലാം തൂവെള്ളയുമുള്ള അവരുടെ കണ്ണുകള്‍ മുത്തുകള്‍ പോലെയിരിക്കും. അതീവ സുന്ദരികളും കോമളകളുമായ ഹൂറികളെ മറ്റാരും സ്പര്ശിച്ചിട്ടുപോലുമുണ്ടാവില്ല. സ്വര്‍ഗത്തിലെ ബാലന്മാര്, സ്വര്‍ഗം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മാതാപിതാക്കളുടെ ബാല്യത്തില്‍ മരിച്ചുപോയ കുട്ടികളും ഹൂറിമാര് അങ്ങനെ അകാലമൃത്യുവരിച്ച പെണ്‍കുട്ടികളുമാണെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
എന്നാല്‍ സ്വര്‍ഗവാസികളുടെ സാക്ഷാല്‍ ഭാര്യമാര്‍ ദുനിയാവിലെ സദ്വൃത്തകളായ സ്ത്രീകളായിരിക്കും. ഇവരുടെ മുന്ഭര്ത്താക്കന്മാര് സ്വര്ഗാവകാശികളാണെങ്കില് അവരെ തന്നെ ഭര്‍ത്താവായി സ്വീകരിക്കും. അല്ലെങ്കില്‍ അവരിഷ്ടപ്പെടുന്ന മറ്റു ഭര്ത്താക്കന്മാരെ ലഭിക്കും. നബി പറഞ്ഞു:’സ്വര്‍ഗത്തിലെ ഒരൊറ്റ സ്ത്രീയെങ്ങാനും ഭൂമിയിലേക്കെത്തി നോക്കുകയാണെങ്കില്‍ അത് സ്വര്‍ഗത്തിനും ഭൂമിക്കുമിടയിലുള്ള എല്ലായിടവും പരിമളനിര്ഭരവും പ്രകാശപൂരിതവുമാക്കിത്തീര്ക്കുന്നതാണ്'(ബുഖാരി)
ശീതോഷ്ണാവസ്ഥ ഏത് സമയവും മിതമായിരിക്കത്തക്കവിധമാണ് സ്വര്‍ഗത്തിലെ തട്ടുകളും മാളികകളും നദികളും വൃക്ഷങ്ങളും നിഴലുകളുമെല്ലാം സംവിധാനിക്കപ്പെട്ടിട്ടുള്ളത്. എട്ടുവാതിലുകളാണ് സ്വര്‍ഗത്തിനുള്ളത്. മക്കക്കും ബസ്വറക്കുമിടക്കുള്ള അഥവാ മക്കക്കും ഹജ്റിന്നുമിടക്കുള്ള ദൂരമുണ്ടായിരിക്കും അവയ്ക്കിടയില്‍. നിന്റെ ഉമ്മത്തില്‍ വിചാരണ ചെയ്യേണ്ടതില്ലാത്ത വിഭാഗത്തെ ബാബു അയ്മനിലൂടെ പ്രവേശിപ്പിക്കൂ എന്ന് നബിയോട് പറയുമെന്ന് ഹദീസില്‍ കാണാം നോമ്പുകാര്‍ക്ക് വേണ്ടി ‘റയ്യാന്‍’ എന്ന പേരിലുള്ള വാതിലും നമസ്കാരത്തില്‍ പ്രത്യേകതയുള്ളവര്‍ക്ക് ‘ബാബുസ്സ്വലാത്ത് ‘ ജിഹാദില്‍ പ്രത്യേകതയുള്ളവര്‍ക്ക് ‘ബാബുജിഹാദ്’ ദാനധര്‍മത്തില്‍ പ്രത്യേകതയുള്ളവര്‍ക്ക് ‘ബാബുസ്വദഖ’ എന്നിവയും പ്രത്യേകമായി സജ്ജീകരിക്കപ്പെട്ട വാതിലുകളാണ്.
സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നതോടെ അണിയണിയായി സത്യവിശ്വാസികള്‍ സ്വര്ഗത്തിലേക്കാനയിക്കപ്പെടുന്നു.
സ്വര്‍ഗത്തിന്റെ സൂക്ഷിപ്പുകാരായ മലക്കുകള്‍ അവര്ക്കഭിവാദ്യങ്ങളര്പ്പിച്ചുകൊണ്ടിരിക്കും. ശാശ്വതമായ രക്ഷ, സലാം എന്നിങ്ങനെയായിരയുള്ളതായിരിക്കും അഭിവാദനങ്ങള്‍. ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് മുഹമ്മദ് നബിയുടെ സമുദായമായിരിക്കും. സ്വര്‍ഗത്തില്‍വെച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണാനാകും. തിരുമേനി ഒരിക്കല്‍ പറഞ്ഞു:’മുന്‍ സമുദായങ്ങള്‍ എനിക്ക് കാണപ്പെട്ടു. ഒരു നബിയോടൊപ്പം ഒരു കൂട്ടം ആളുകള്‍ പോകുന്നു. മറ്റൊരു നബിയോടൊപ്പം ഒരു ചെറിയ സംഘം. വേറെ ഒരു നബിയോടൊപ്പം പത്തുപേര്‍.മറ്റൊരാളുടെ കൂടെ അഞ്ചുപേര്‍. ഒരു നബി ആരുമില്ലാതെ ഒറ്റയ്ക്ക് പോകുന്നു. പിന്നെ നോക്കിയപ്പോള്‍ വലിയ ജനക്കൂട്ടത്തെ കണ്ടു. ജിബ്രീലിനോട് ഞാന്‍ ചോദിച്ചു:’അതെന്റെ ഉമ്മത്തല്ലേ’ . ജിബ്രീല്‍ പറഞ്ഞു. ‘അല്ല മേല്പോട്ട് നോക്കൂ.’ അപ്പോഴതാ വമ്പിച്ച ജനക്കൂട്ടം അവിടെ. ജിബ്രീല്‍ പറഞ്ഞു:’അതാണ് നിന്റെ ഉമ്മത്ത്. അവരുടെ മുന്നണിയിലതാ എഴുപതിനായിരം പേര്.. അവര്‍ക്ക് വിചാരണയുമില്ല. ശിക്ഷയുമില്ല.’ ഞാന്‍ ചോദിച്ചു:’എന്തുകൊണ്ട്? ‘ . ജിബ്രീല്‍ പറഞ്ഞു:’അവര്‍ ചൂടുവെപ്പിക്കുകയോ മന്ത്രിപ്പിക്കുകയോ ലക്ഷണം നോക്കുകയോ ഒന്നും ചെയ്യാതെ എല്ലാ കാര്യങ്ങളും തങ്ങളുടെ റബ്ബിന്റെ മുമ്പില്‍ പൂര്ണമായവതരിപ്പിച്ചവരാണ്.’ ഇതുകേട്ട ഉക്കാശ സദസ്സില്‍ നിന്നെഴുന്നേറ്റ് പറഞ്ഞു:’പ്രവാചകരേ, എന്നെ ആ വിഭാഗത്തിലുള്‍പ്പെടുത്താന്‍ പ്രാര്‍ഥിച്ചാലും. ‘ തിരുമേനി പ്രാര്‍ഥിച്ചു. അത് കണ്ട് മറ്റൊരാള്‍ പറഞ്ഞു. ‘എന്നെയും’ . തിരുമേനി പറഞ്ഞു: ‘ഇനി നടപ്പില്ല . ആ അവസരം ഉക്കാശ നേടിപ്പോയി.”
സ്വര്ഗനരക പ്രവേശനങ്ങളില്‍ കഴിഞ്ഞ ശേഷം തങ്ങളുടെ പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ശുപാര്‍ശകള്‍ ചെയ്യാന്‍ സ്വര്‍ഗവാസികളെ അനുവദിക്കുന്നു. അങ്ങനെ നരകത്തില്‍ വീണുപോയ അല്പമെങ്കിലും നന്മ ഹൃദയത്തില്‍ അവശേഷിപ്പുള്ളവരെ നരകത്തില്‍നിന്ന് പുറത്താക്കി സ്വര്‍ഗത്തിലേക്ക് കൊണ്ടുവരുന്നു. നബി(സ) പറയുന്നു. ‘അപ്പോള്‍ നിങ്ങള്‍ക്ക് പരിചയമുള്ളവരെ നരകത്തില്‍നിന്ന് പുറത്താക്കിക്കൊള്ളൂ എന്ന് അല്ലാഹുവിങ്കല്‍നിന്ന് ഉത്തരവ് ലഭിക്കുന്നു. അതോടെ ആ നരകത്തില്‍ വീണവരുടെ രൂപങ്ങള്‍ തീയില്‍നിന്ന് തടയപ്പെട്ടിരിക്കും. അങ്ങനെ ധാരാളം പേരെ അവര്‍ പുറത്താക്കുന്നു. അവരുടെ തണ്ടംകാലിന്റെ പാതിവരെയും മുട്ടുകള്‍ വരെയും തീപിടിച്ചുകഴിഞ്ഞിരിക്കും. പിന്നീടവര്‍ നാഥനെ സമീപിച്ച് പറയുന്നു:’നീ അനുവാദം നല്കിയവരില് ആരും അവിടെ അവശേഷിച്ചിട്ടില്ല.’ അപ്പോള്‍ അല്ലാഹു പറയുകയാണ്:’നിങ്ങള്‍ അങ്ങോട്ടുതന്നെ തിരിച്ചുചെന്ന് ഹൃദയത്തില്‍ ഒരു ദീനാറോളം നന്‍മയുള്ളവരെയെല്ലാം പുറത്താക്കിക്കൊള്ളൂ’ . അവര്‍ചെന്ന് ധാരാളം പേരെ രക്ഷപ്പെടുത്തിയിട്ട് നാഥനെ സമീപിച്ച് പറയുന്നു:’നാഥാ , നീ ഉദ്ദേശിച്ചവരില്പെട്ട ആരും ഇനി അതിലില്ല.’ പിന്നെയും റബ്ബ് പറയുകയാണ്:’നിങ്ങള്‍ അങ്ങോട്ടുതന്നെ തിരിച്ചുപോകൂ. എന്നിട്ട് ഹൃദയത്തില്‍ പകുതിദീനാറെങ്കിലും നന്‍മയുള്ളവരെയെല്ലാം പുറത്തേക്കെടുക്കൂ.’ അവര്‍ ചെന്ന് പിന്നെയും ധാരാളം പേരെ പുറത്താക്കി റബ്ബിനെ സമീപിച്ച് പറുന്നു:’നീ നിര്ദ്ദേശിച്ചവരില്പെട്ട ആരെയും ഞങ്ങളവിടെ ബാക്കിവെച്ചിട്ടില്ല.’ റബ്ബ് പറയുകയാണ്’നിങ്ങള്‍ തിരിച്ചുചെന്ന് ഹൃദയത്തില്‍ ഒരണുവോളം നന്‍മയുള്ളവരെയെല്ലാം പുറത്താക്കൂ.’ അങ്ങനെ പിന്നെയും ധാരാളം പേരെ പുറത്താക്കി. അവര്‍ പറയുന്നു:’ നാഥാ, ഇനി ഒരു നന്മയും ഞങ്ങളവിടെ ബാക്കിവെച്ചിട്ടില്ല.'(ഞാനീ പറയുന്ന വാര്‍ത്തയില്‍ നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ നിശ്ചയമായും അല്ലാഹു ഒരണളവും അക്രമം പ്രവര്‍ത്തിക്കയില്ല. അണുഅളവോളമെങ്കിലും നന്മയുണ്ടെങ്കില് അവനതിനെ ഇരട്ടിയാക്കും. അവങ്കല്‍ നിന്നും മഹത്തായ പ്രതിഫലം അവന് നല്‍കുകയും ചെയ്യും’ എന്ന ഖുര്‍ആന്‍ വാക്യം വായിച്ചോളൂ എന്ന് അബൂസഈദ് പറയാറുണ്ടായിരുന്നു.) ശേഷം മുഹമ്മദ് നബി അല്ലാഹു നിര്‍ണയിച്ച പരിധിയില്പ്പെട്ടവരെയെല്ലാം തന്റെ ശിപാര്ശഫലമായി നരകത്തില്‍നിന്ന് രക്ഷപ്പെടുത്തി സ്വര്‍ഗത്തിലേക്ക് കൊണ്ടുവരുന്നു.
Add Comment