Global

ഖുദ്‌സിലെ മുസ്‌ലിം-ക്രൈസ്തവ ചരിത്ര സ്മാരകങ്ങള്‍ ഒഴിവാക്കി പുതിയ മാപ്

ജറൂസലം: മസ്ജിദുല്‍ അഖ്‌സ്വാ അടക്കമുള്ള മുസ്‌ലിം-ക്രൈസ്ത പുണ്യകേന്ദ്രങ്ങള്‍ ഒഴിവാക്കി ഇസ്രയേല്‍ ടൂറിസം മന്ത്രാലയം പുതിയ മാപ് സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നു. ജറൂസലം ഓള്‍ഡ് സിറ്റിയുടെ മാപാണ് മുസ് ലിംകളുടെ മൂന്നാമത്തെ തീര്‍ഥാടനകേന്ദ്രമായ 14 ഹെക്ടറിലെ മസ്ജിദുല്‍ അഖ്‌സ്വാ പള്ളിയങ്കണം ഒഴിവാക്കി തയ്യാറാക്കിയത്. പള്ളിയുടെ ‘ലയണ്‍സ് ഗേറ്റ’ിലുള്ള സെന്റ് ആന്‍ റോമന്‍കത്തോലിക്കാ ചര്‍ച്ചിനും പുതിയ മാപിലിടമില്ല.

നിലവില്‍ 57 ചരിത്രസ്മാരകങ്ങളുള്ളതില്‍ പകുതിയിലധികവും അനധികൃതകുടിയേറ്റക്കാര്‍ കയ്യേറിയത് ലൈസന്‍സുള്ള ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് അജ്ഞാതമായിക്കഴിഞ്ഞു.
‘ചരിത്രപരമായി യാതൊരു പ്രാധാന്യവുമില്ലാത്ത കുടിയേറ്റക്കാര്‍ നടത്തിക്കാണ്ടുപോകുന്ന ചില സ്ഥലങ്ങളാണ് പുതിയ മാപിലുള്ളത്. അതേസമയം കാലങ്ങളായി മുസ്‌ലിം-ക്രൈസ്തവസമൂഹത്തിന്റേതെന്ന് ലോകം മനസ്സിലാക്കിയിട്ടുള്ള, മൂന്നുമതങ്ങളുടെ സംഗമകേന്ദ്രത്തെ ഒഴിവാക്കിയെന്നത് നാശത്തെയാണ് കുറിക്കുന്നത്. ആ സ്ഥലങ്ങള്‍ പുതിയ ജൂതപാര്‍പ്പിടകേന്ദ്രങ്ങളായാണ് മാപില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ചരിത്രസ്മാരകയിടങ്ങളില്‍ സ്വകാര്യകൈയ്യേറ്റത്തിന് നിയമസാധുത നല്‍കുകയാണ് ചെയ്തിട്ടുള്ളത് ‘ നയതന്ത്രപ്രതിനിധികള്‍ക്ക് ടൂര്‍ പ്രോഗ്രാം തയ്യാറാക്കുന്ന ഇസ്രയേലിമനുഷ്യാവകാശസംഘടനയായ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ഡയറക്ടര്‍ ബെറ്റി ഹെര്‍ഷ്മാന്‍ പറയുന്നു.

Topics