Dr. Alwaye Column

പ്രബോധകന്‍ ദൗത്യം വിസ്മരിക്കാത്ത വിശ്വാസി

(പ്രബോധകന്റെ തിരിച്ചറിവ് ഭാഗം തുടര്‍ച്ച)

നാല്: ഏത് പ്രതിസന്ധി ഘട്ടത്തിലും ദുര്‍ബലസാഹചര്യത്തിലും വിഭവദാരിദ്ര്യത്തിന്റെ സന്ദര്‍ഭത്തിലും പതറിപ്പോകാത്ത സ്ഥൈര്യവും ഉറച്ച വിശ്വാസവും സത്യപ്രബോധകര്‍ക്കുണ്ടായിരിക്കണം. നിഷേധികളും പ്രതിയോഗികളും എത്രമാത്രം ശക്തരാണെങ്കിലും പ്രബോധകരുടെ വിശ്വാസം ഒരിക്കലും ക്ഷയിച്ചുപോകരുത്. ജനങ്ങള്‍ പിന്തിരിഞ്ഞുപോവുന്നതും പ്രതികരിക്കാതിരിക്കുന്നതും പ്രശ്‌നമാക്കരുത്. സാധ്യമായ ത്യാഗ പരിശ്രമങ്ങള്‍ പ്രബോധനമാര്‍ഗത്തില്‍ നടത്തുകയും കൃത്യമായ രീതിശാസ്ത്രം പിന്തുടരുകയും ചെയ്യുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പക്ഷത്ത് നിന്നുണ്ടാവുന്ന വിമുഖതയും നിസ്സഹകരണവും ഒരു തരത്തിലുള്ള വീഴ്ചയോ പരിമിതിയോ ആയി കാണേണ്ടതില്ല. വിശ്വാസികളുടെ നേര്‍ക്കുള്ള പരീക്ഷണങ്ങള്‍ ശക്തിപ്പെടുകയും ശത്രുവിന്റെ വിഭവശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സംശയങ്ങളും ആശങ്കകളും ഉയര്‍ന്നുവരാനിടയുണ്ട്. വിശ്വാസം ദുര്‍ബലപ്പെടാനുമിടയുണ്ട്. അപ്പോഴാണ് ആത്മവിശ്വാസത്തിന്റെയും ഇഛാശക്തിയുടെയും പ്രാധാന്യം പ്രസക്തമാവുന്നത്. പരീക്ഷണങ്ങളും പ്രതികൂലാവസ്ഥകളും കാണുമ്പോള്‍ പരിഭ്രമിച്ചുപോവുകയല്ല അവയെ നേരിടാനാവശ്യമായ പ്രവര്‍ത്തനങ്ങളും പ്രതിവിധികളും പ്രതിരോധമാര്‍ഗങ്ങളും കണ്ടെത്തി പ്രയോഗിക്കുകയാണ് വേണ്ടത്. ഗതകാല പ്രബോധകര്‍ക്കനുഭവിക്കേണ്ട വന്ന പ്രയാസങ്ങളും ദുരിതങ്ങളും ഇന്നത്തേതിനെക്കാള്‍ ഭീകരവും ദുസ്സഹവുമായിരുന്നു എന്ന കാര്യം ഇക്കാലഘട്ടത്തിലെ വിശ്വാസികള്‍ ഓര്‍ക്കാതെ പോകരുത്. അന്തിമവിജയം വന്നെത്തുന്നതുവരെ അവരെങ്ങനെയാണ് അവയെയെല്ലാം വിശ്വാസസ്ഥിരതയോടെ നേരിട്ടതെന്ന് പഠിക്കേണ്ടതുണ്ട്.

അഞ്ച് : ഈ ലോകത്ത് മനുഷ്യന്റെ ജീവിതലക്ഷ്യം എന്താണെന്നും പ്രപഞ്ചത്തില്‍ അവന്റെ സ്ഥാനമെന്തെന്നും സത്യപ്രബോധകന്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഭൗതികാസക്തിയും സുഖഭോഗതൃഷ്ണയും പാരത്രിക ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍നിന്നും അതിനുവേണ്ടി പണിയെടുക്കുന്നതില്‍നിന്നും പ്രയാസങ്ങള്‍ സഹിക്കുന്നതില്‍നിന്നും വിശ്വാസികളെ പിന്തിരിപ്പിക്കാനിടയുണ്ട്. രണ്ടുതരം മനുഷ്യരുണ്ടെന്ന് വിശുദ്ധഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജീവിതമെന്നാല്‍ തിന്നുകയും കുടിക്കുകയും സുഖിക്കുകയുമാണെന്നും അതിനപ്പുറത്തേക്ക് യാതൊന്നുമില്ലെന്ന് മനസ്സിലാക്കിയവരാണ് ഒരു കൂട്ടര്‍. രൂപഭാവങ്ങളില്‍ വ്യത്യാസമുണ്ടാവും എന്നതൊഴിച്ചുനിര്‍ത്തിയാല്‍ അവര്‍ വെറും മൃഗങ്ങളെപ്പോലെയാണ് . അരാജകത്വത്തിന്റെയും മാര്‍ഗഭ്രംശത്തിന്റെയും അവസ്ഥ സൃഷ്ടിക്കുകയാവും അവരുടെ പ്രധാനലക്ഷ്യം. ഐഹികജീവിതത്തില്‍ ദൗര്‍ഭാഗ്യവാന്‍മാരായ അവര്‍ പരലോകത്ത് അങ്ങേയറ്റത്തെ നഷ്ടം പിണഞ്ഞവരായിരിക്കും.’നിഷേധികള്‍ കാലികളെപ്പോലെ തിന്നുകയും രമിക്കുകയും ചെയ്യുന്നു. നരകമാണ് അവരുടെ വാസസ്ഥലം.’
ദുനിയാവിന്റെ നിജസ്ഥിതി തിരിച്ചറിയുകയും ഐഹികജീവിതത്തിന്റെ പ്രഖ്യാപിതലക്ഷ്യം മനസ്സിലാക്കുകയും വെറുതെയല്ല തങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും സ്രഷ്ടാവായ പ്രപഞ്ചനാഥന്ന് വിധേയപ്പെട്ട് ജീവിക്കേണ്ടവരാണ് തങ്ങളെന്നും അവന്റെയടുത്തേക്ക് ഒരുനാള്‍ മടങ്ങേണ്ടിവരുമെന്നും ഉറച്ച ബോധ്യമുള്ളവരാണ് രണ്ടാമത്തെ കൂട്ടര്‍.

‘നിങ്ങളെ വെറുതെ സൃഷ്ടിച്ചതാണെന്ന വിചാരമാണോ നിങ്ങള്‍ക്കുള്ളത്? നമ്മുടെയടുത്തേക്ക് നിങ്ങള്‍ മടങ്ങിവരില്ല എന്ന ധാരണയും നിങ്ങള്‍ക്കുണ്ടോ?’.
‘എനിക്ക് വിധേയപ്പെട്ട് ജീവിക്കാന്‍ വേണ്ടിയാണ് ജിന്നുകളെയും മനുഷ്യരെയും നാം സൃഷ്ടിച്ചിരിക്കുന്നത്.’
ദുനിയാവിന്റെ നാശവും ജീവിതത്തില്‍നിന്നുള്ള വേര്‍പാടും പാരത്രികജീവിതവും അതിന്റെ ശാശ്വതികത്വവും തീര്‍ച്ചപ്പെട്ടുകഴിഞ്ഞ കാര്യമാണ്. ബുദ്ധിമാനായ മനുഷ്യന്‍ ഐഹികജീവിതത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ട് വഞ്ചിതനാകില്ല. പകരം അനശ്വരമായ പാരത്രികജീവിതത്തെക്കുറിച്ചോര്‍ത്ത് ജാഗരൂകനാവുകയേ ഉള്ളൂ. ‘നീ പറയുക, ഐഹികസുഖവിഭവങ്ങള്‍ കുറച്ചേ ഉള്ളൂ. സൂക്ഷ്മതയുള്ളവരെ സംബന്ധിച്ചിടത്തോളം പാരത്രികജീവിതമാണ് ഏറെ ഉത്തമം.’
അനുസരണത്തിന്റെ മാര്‍ഗത്തില്‍ സ്വന്തത്തെ പാകപ്പെടുത്തിയെടുക്കാനും ധിക്കാരത്തിന്റെ മാര്‍ഗത്തില്‍ നിന്ന് സ്വന്തത്തെ അകറ്റി നിര്‍ത്താനും ഇത്തരം തിരിച്ചറിവ് വിശ്വാസിയെ കൂടുതല്‍ സഹായിക്കും. അതുപോലെ തന്നെ നാവുകൊണ്ടും ധനം കൊണ്ടും തൂലികകൊണ്ടും സാധ്യമായ സമസ്ത ശക്തിയുപയോഗിച്ചും സത്യപ്രചാരണത്തിനായി ജിഹാദ് ചെയ്യുന്നതിനെ അവന്‍ വിലമതിക്കും. പൊതുജനത്തിന് മുന്നില്‍ സത്യസരണിയെ പ്രശോഭിതമാക്കി പ്രബോധനം നിര്‍വഹിക്കും. ഐഹികജീവിതത്തിന്റെ ലക്ഷ്യമെന്താണോ ആ ഉദാത്ത ലക്ഷ്യത്തിലേക്ക് സമൂഹത്തെ അവന്‍ നയിക്കും. അനശ്വരമായ വിജയവും ദൈവപ്രീതിയും കാംക്ഷിച്ചുകൊണ്ടുള്ള ആരാധനയായിരിക്കും വിശ്വാസിക്ക് ഇപ്പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങളും.

സത്യവിശ്വാസത്തിന്റെയും തിരിച്ചറിവിന്റെയും പ്രധാനതേട്ടങ്ങളില്‍ പെട്ടതാണ് സല്‍കര്‍മങ്ങളില്‍ നിരതമാവുക എന്തും. ദൈവികമതത്തെ സേവിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതും. ഇസ്‌ലാമിന്റെ ശോഭകൊണ്ട് മാനവതയെ ദീപ്തമാക്കാന്‍ വിശ്വാസികള്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. ദുന്‍യാവിന്റെ നിജസ്ഥിതി തിരിച്ചറിഞ്ഞ ഒരു വിശ്വാസി ഐഹികലോകത്തെ പ്രവാസിയുടെ ഒരു ഇടത്താവളമായി മാത്രമേ കാണുകയുള്ളൂ. ഏത് നിമിഷവും ഇവിടം വിട്ട് പോകേണ്ടിവരും. പ്രവാചകന്‍ തിരുമേനി(സ) പറഞ്ഞിട്ടുണ്ടല്ലോ. ‘ഞാനും ഈ ദുന്‍യാവും തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയുമോ? ഈ ദുന്‍യാവില്‍ ഞാന്‍ വെറുമൊരു യാത്രക്കാരന്‍. ഒരു മരത്തിന് താഴെ അല്‍പനേരെ വിശ്രമിക്കുകയും അതുകഴിഞ്ഞ് മരമുപേക്ഷിച്ച് യാത്ര തുടരുകയും ചെയ്യുന്ന സഞ്ചാരി.’
മറ്റൊരിക്കല്‍ ദൈവദൂതന്‍ അരുളി:’നേരം പുലര്‍ന്നാല്‍ നീ പ്രദോഷത്തെക്കുറിച്ച് നിന്നോട് പറയരുത്. വൈകുന്നേരമായാല്‍ പ്രഭാതത്തെക്കുറിച്ചും നീ നിന്നോട് മിണ്ടിയേക്കരുത്’.

എപ്പോഴാണ് ദുന്‍യാവില്‍നിന്ന് മടങ്ങേണ്ടിവരിക എന്ന അദൃശ്യസത്യത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ മനുഷ്യന്‍ പിശാചിന്റെ പ്രലോഭനങ്ങളില്‍ പെട്ട് വഞ്ചിതരാകുമായിരുന്നില്ല. താന്‍ എന്നെന്നും യുവകോമളനും അരോഗദൃഢഗാത്രനും സ്വയംപര്യാപ്തനുമായിരിക്കും എന്ന മിഥ്യാബോധത്തില്‍നിന്ന് അവന്‍ മുക്തനാവുമായിരുന്നു. എത്രയോ ചെറുപ്പക്കാരും ശക്തന്‍മാരും അകാലമൃത്യു വരിച്ച് മണ്ണിനടിയില്‍ മറഞ്ഞുപോയിട്ടുണ്ടെന്ന യാഥാര്‍ഥ്യം അനുസ്മരിച്ച് അവന്‍ നന്നാവാന്‍ ശ്രമിക്കുമായിരുന്നു. തുടര്‍ന്ന് പരലോകവിജയത്തിനുവേണ്ടി കര്‍മനിരതമാവാനും ദൈവികസംതൃപ്തി കരഗതമാക്കാനും അവന്‍ പരിശ്രമിക്കുമായിരുന്നു. ഉത്സാഹത്തോടും ഉന്‍മേഷത്തോടും കൂടി സത്യപ്രബോധനവും ജിഹാദും അവര്‍ മുന്നോട്ടുവരുമായിരുന്നു. ക്ഷീണവും യാത്രയും ഉറക്കമിളക്കലും ത്യാഗവും ബലിയുമൊന്നും കര്‍മനിരതമാകുന്നതില്‍നിന്ന് അവനെ തടയുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ നിത്യഭവനത്തിലേക്കുള്ള തന്റെ ദീര്‍ഘയാത്രയില്‍ ഇപ്പറഞ്ഞതൊന്നും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ധന്യമായൊരു പാഥേയമാണ്.
‘നിങ്ങള്‍ പാഥേയം സജ്ജമാക്കിക്കൊള്ളുക. ഏറ്റവും നല്ല പാഥേയം സൂക്ഷ്മതയും ഭക്തിയുമാണ്.’

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

Topics