ഇസ് ലാമിക ഇന്‍ഷുറന്‍സ്‌

തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്)

മനുഷ്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളുംതന്നെ അനിശ്ചിതത്ത്വങ്ങളും ദുരന്തഭീഷണികളും അഭിമുഖീകരിക്കുന്നവയാണ്. അതിനാല്‍ അത്തരം പ്രവൃത്തികളിലും ഇടപാടുകളിലും ഏര്‍പ്പെടുന്നതിന്റെ അപകടകരമായ പരിണതി ഒറ്റയ്ക്ക് വഹിക്കുന്നതിനുപകരം ഒരു കൂട്ടായ്മ അതേറ്റെടുക്കുന്ന ഇന്നത്തെ ഇന്‍ഷുറന്‍സിന്റെ പ്രാക്തനരൂപം ബി.സി. 215 കള്‍ക്ക് മുമ്പുണ്ടായിരുന്നു. പരസ്പരം ഉറപ്പുകൊടുക്കുക’, ‘സംയുക്ത ഉറപ്പ്’ എന്നീ അര്‍ഥങ്ങളില്‍ അറിയപ്പെടുന്ന തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്) യഥാര്‍ഥത്തില്‍ ഒരു സമൂഹം അന്യോന്യം ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കുന്ന നഷ്ടപരിഹാരതത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

അറബ് ഗോത്രങ്ങളിലെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഇരയാക്കപ്പെടുന്ന അന്യഗോത്രക്കാരന്റെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സമാഹരിക്കപ്പെടുന്ന ഫണ്ടിന്റെ മാതൃകയെ അനുകരിച്ചാണ് തകാഫുല്‍ വളര്‍ന്നുവന്നിട്ടുള്ളത്. അത് പിന്നീട് തികഞ്ഞ അനിശ്ചിതത്വം അഭിമുഖീകരിക്കുന്ന സമുദ്രമാര്‍ഗ വ്യാപാരം പോലുള്ള നിരവധി മേഖലകളിലേക്കും കടന്നുചെന്നു.
ആധുനിക സാമ്പ്രദായികഇന്‍ഷുറന്‍സില്‍ ഇന്‍ഷുറന്‍സ് കമ്പനി പോളിസികള്‍ വില്‍ക്കുന്നു. അതില്‍നിന്നുള്ള ലാഭവിഹിതം പോളിസിയെടുക്കുകപോലുംചെയ്യാത്ത ഓഹരിയുടമകള്‍ക്ക് നല്‍കുകയുംചെയ്യുന്നു. അതിനാല്‍ പോളിസി ഉടമകളും ഓഹരിയുടമകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. പോളിസി ഉടമകള്‍ക്ക് തിരികെലഭിക്കുന്ന തുക അവരുടെ നഷ്ടങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുമ്പോള്‍ ഓഹരിയുടമകള്‍ക്ക് തങ്ങളുടെ ലാഭവിഹിതം മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കും.
നഷ്ടത്തില്‍നിന്നുള്ള പരിരക്ഷ ഉറപ്പുനല്‍കുന്ന തകാഫുല്‍ ആണ് ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്. ഇതില്‍ ഇന്‍ഷുറന്‍സ് ഫണ്ടിന്റെയും അതിന്റെ വിനിമയപ്രക്രിയകളുടെയും ഉടമസ്ഥത പോളിസി എടുത്തവര്‍ക്കായിരിക്കും. പരസ്പരസഹകരണം, സഹായം, ഉത്തരവാദിത്വത്തിലുള്ള പങ്കാളിത്തം, സഹകരണസ്വഭാവത്തിലുള്ള നഷ്ടപരിഹാരം, പൊതുതാല്‍പര്യം, ഐക്യദാര്‍ഢ്യം എന്നിവയേ ഇസ്‌ലാമികഇന്‍ഷുറന്‍സിന്റെ അടിസ്ഥാനമാകാന്‍ പാടുള്ളൂ എന്ന് കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തകാഫുലില്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാരെപ്പോലെ തന്നെ പോളിസിയുടമകളും ഒരേ പോലെ നിക്ഷേപകരാണ്. ഇന്‍ഷുറന്‍സ് നിക്ഷേപഫണ്ടിലെ ലാഭനഷ്ടങ്ങള്‍ പോളിസിയുടമകള്‍ കമ്പനിയുമായി പങ്കുവെക്കുന്നു. ലാഭം കമ്പനി ഒരിക്കലും ഉറപ്പുനല്‍കുകയില്ല. ഉറപ്പായ ലാഭവാഗ്ദാനം എന്നത് പലിശയുടെ വകഭേദമാണ് എന്നതാണതിന് കാരണം.
ശരീഅത്തിന്റെ നിയമചട്ടക്കൂടില്‍ നിന്നുകൊണ്ടുള്ള തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്) ഒരു സമൂഹത്തില്‍ നഷ്ടപരിഹാരവും ഉത്തരവാദിത്വവും പങ്കുവെക്കുന്നതിനാല്‍ മുസ്‌ലിംപണ്ഡിതന്‍മാര്‍ അതിനെ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമികരാഷ്ട്രങ്ങളില്‍ തകാഫുല്‍ ഇപ്പോള്‍ വ്യാപകമാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured