മൂല്യങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ മുഴുവന്‍ നിയമവ്യവസ്ഥകളും അല്ലാഹു ഇസ് ലാമില്‍ നിര്‍ണയിച്ചുതന്നിട്ടുണ്ട്. നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ മാത്രം പറഞ്ഞ് വിശദാംശങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് അല്ലാഹു. ഓരോരോ കാലഘട്ടത്തിനും അനുയോജ്യമായ രീതിയില്‍ ഈ നിയമങ്ങളെ വ്യാഖ്യാനിക്കാന്‍ ഇസ് ലാം പണ്ഡിതന്‍മാര്‍ക്കു മുമ്പില്‍ ഇജ്തിഹാദിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ ദീനിന്റെ തത്വങ്ങളോടും മൂല്യങ്ങളോടും വിരുദ്ധമാകാത്ത വിധം നിയമങ്ങളെ കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ വിശദീകരിക്കാനാണത്.
എന്നാല്‍, ഇജ്തിഹാദിന്റെ സാധ്യതകള്‍ വളരെ കുറച്ച് മാത്രം പ്രയോഗിക്കപ്പെടേണ്ട മേഖലകളുമുണ്ട് – കുടുംബവുമായി ബന്ധപ്പെട്ട മേഖല. ഇസ് ലാമിക നിയമസംഹിതയില്‍ സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബത്തെ കുറിച്ച് അല്ലാഹു മതിയായ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മുലയൂട്ടല്‍ തുടങ്ങി മുലയൂട്ടല്‍ കാലഘട്ടം വരെ അല്ലാഹു കൃത്യമായി നിര്‍ണ്ണയിച്ചിരിക്കുന്നു.
ഉന്നതമൂല്യങ്ങളും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സാമൂഹിക ക്രമത്തിന് മൂല്യാധിഷ്ഠിതമായി പടുത്തുയര്‍ത്തിയ കുടുംബ വ്യവസ്ഥ അനിവാര്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതോടൊപ്പം കുടുംബബന്ധങ്ങളുടെ പവിത്രതയും ശ്രേഷ്ഠതയും ഇസ് ലാം ഊന്നിപ്പറയുന്നു. മനുഷ്യരുടെ വംശ തലമുറകള്‍ രൂപം കൊള്ളുന്ന വൈവാഹിക ബന്ധത്തെയും ഇസ് ലാം വളരെ ശ്രേഷ്ഠകരമായ കാര്യമായിട്ടാണ് ഗണിക്കുന്നത.് വ്യഭിചാരത്തില്‍ പിറന്ന കുട്ടിക്ക്, നിമയപരമായി പിതാവുണ്ടായിരിക്കുകയില്ല, നിയമപരമായി മാതാവ് ഉണ്ടാവുമെങ്കിലും. ജൈവ പരമായി അവന്‍/ അവള്‍ ഒരു പിതാവിന്റെ സന്താനമാണെങ്കിലും നൈതിക തലത്തില്‍ അദ്ദേഹം പിതാവായി പരിഗണിക്കപ്പെടുന്നില്ല. ഇസ് ലാമിക നിയമപ്രകാരം നിയമാനുസൃതമായ വിവാഹത്തിലൂടെ ജനിക്കുന്ന സന്താനങ്ങളെ മാത്രമേ സ്വന്തം മക്കളായി പരിഗണിക്കൂ.
തൗഹീദിന്റെ അടിത്തറയിലാണ് ഇസ് ലാം കുടുംബബന്ധത്തെ തുലനം ചെയ്തിരിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍ (അല്ലാഹു). ഏതൊരുവനെ സാക്ഷിയാക്കിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ തകരുന്നതു സൂക്ഷിക്കുവിന്‍. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക.’ (നിസാഅ് 1).
റഷ്യയിലും യൂറോപ്പിലും കുടുംബ സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് നോക്കാം.
അവിടത്തെ മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിലനിന്ന കുടുംബ വ്യവസ്ഥയെ തകിടം മറിക്കാന്‍ ആ രാജ്യങ്ങള്‍ ശ്രമിച്ചു. കെട്ടുറപ്പുള്ള കുടുംബ സംവിധാനമില്ലാത്ത ഈ രാജ്യങ്ങളില്‍ ജനസംഖ്യ കുറയുകയും താറുമാറാകുകയും ചെയ്തപ്പോള്‍ മുസ ലിം പ്രദേശങ്ങള്‍ വളരെ ശക്തിയുള്ള ജന സമൂഹമായി തന്നെ നിലനിന്നു എന്നതാണ് വസ്തുത.
കുടുംബത്തിന്റെ സ്ഥാനം വിലകുറച്ചു കാണാനും സമൂഹത്തില്‍ കുടുംബത്തിന് വളരെ ചെറിയ പങ്കി മാത്രമാണുള്ളത് എന്ന് വരുത്തിതീര്‍ക്കാനും വളരെ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ സ്ത്രീകളെയും അവരുടെ ഉത്തരവാദിത്വങ്ങളെയും നികൃഷ്ടമാക്കി കാണാനുമുള്ള ശ്രമങ്ങളെയും നാം തിരിച്ചറിയണം.
ആധുനിക സമൂഹങ്ങളില്‍ പുരുഷന് ഏത് സ്ത്രീയുമായും അവനിഷ്ടമുള്ളത് പ്രവര്‍ത്തിക്കാനും ചെയ്യാനും അനുവാദമുണ്ട്. അനുരാഗത്തിന്റെയും പ്രേമത്തിന്റെയും പേരിലാണ് അവന് അവന്റെ ഇംഗിതം അവളില്‍ പൂര്‍ത്തീകരിക്കാനാവുന്നത്. അങ്ങനെ ചെയ്യുന്നത് ആധുനിക സംസ്‌കാരത്തിന്റെ കണ്ണില്‍ തെറ്റോ കുറ്റമോ അല്ല. എന്നാല്‍ ഇസ് ലാമിക ദൃഷ്ട്യാ അത് വ്യഭിചാരമല്ലാതെ മറ്റൊന്നുമല്ല. മേഛമായ അത്തരം സംസ്‌കാരം നമ്മുടെ കുട്ടികളുടെയും ഭാവിയെ അവതാളത്തിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആധുനിക സമൂഹത്തില്‍ ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താക്കന്മാരും ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരും എത്രയാണുള്ളത്. അവരതിനെ ഒരു കുറ്റമായി കാണുന്നില്ല. സര്‍വ്വസാധാരണമായ ഒരു കാര്യമെന്ന മട്ടില്‍ അവരതിനെ നിസ്സാരമായി പരിഗണിക്കുന്നു. ഭാര്യമാരോട് മാന്യതയില്ലാതെ ഇടപെടുന്ന എത്രയെത്ര ഭര്‍ത്താക്കന്മാര്‍. ഭര്‍ത്താക്കന്‍മാരോട് മാന്യതയില്ലാതെ പെരുമാറുന്ന സ്ത്രീകളും ധാരാളം. അവരെ ചീത്തപറയാനും ആക്ഷേപിക്കാനും പരിഹസിക്കാനും അത്തരം സ്ത്രീകളില്‍ പലര്‍ക്കും മടിയില്ല. പുറത്ത് ജോലിയെടുക്കുന്ന സ്ത്രീകളാണ് സമൂഹത്തിലെ ഏറ്റവും ഉന്നതരും മാതൃകാ വനിതകളെന്നുമാണ് ഇന്ന് പ്രചരിപ്പിക്കുന്നത്. മാതൃത്വം എന്ന ഉന്നതമായ പദവിയിലുള്ള സ്ത്രീയാണ് അല്ലെങ്കില്‍ ഒരു നല്ല മാതാവാണ് സമൂഹത്തില്‍ ഏറ്റവും മികച്ച സ്ത്രീ എന്ന് പറയാന്‍ പലരും മടിക്കുന്നു. എന്നല്ല, അത്തരം സ്ത്രീകളെ ഏറ്റവും തരംതാഴ്ന്ന വിഭാഗമായി പരിഗണിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
Add Comment