ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ആളുകള്‍ തങ്ങളുടെ വിശ്വാസക്രമം വിട്ട് പുതിയ മതങ്ങളില്‍ ചേക്കേറുക സ്വാഭാവികമാണ്. ഇത്തരം ഘട്ടത്തില്‍ മുസ് ലിം പ്രബോധകര്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കാറുണ്ട്. അനന്തരാവകാശവുമായി ബന്ധപ്പെട്ട വിഷയം അതിലൊന്നാണ്. ധനികമുസ്‌ലിംകുടുംബത്തില്‍ ജനിച്ച മകന്‍ ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പിതാവ് മരണപ്പെട്ടുകഴിഞ്ഞാല്‍ ആ അനന്തരസ്വത്തില്‍ മകന് അവകാശമുണ്ടാകുമോ ? ഓരോ രാജ്യത്തിന്റെയും പേഴ്‌സണല്‍ ലോ അനുവദിച്ചാല്‍ തന്നെയും ഇസ്‌ലാമിക ശരീഅത്ത് അത് അനുവദിക്കുന്നുണ്ടോ? പുതുതായി ഇസ്‌ലാമില്‍ കടന്നുവന്നവര്‍ക്ക് ഒരു വേള നിഷേധാത്മകസമീപനമാണ് ഈ വിഷയത്തിലുള്ളത്. അതുകൊണ്ടുതന്നെ സമ്പന്നകുടുംബത്തിലെ സന്താനങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ മടികാട്ടുന്ന അവസ്ഥയുണ്ടായേക്കാം. എന്നാല്‍ പ്രബോധനമേഖലയില്‍ അതിന്റെ അനന്തരഫലങ്ങളെന്തെന്ന് നോക്കാതെയാണ് പലരും പ്രതികരിക്കുന്നത്. ചില ഹദീസുകളെ പത്യക്ഷവായന നടത്തി പുതുമുസ്‌ലിംകള്‍ക്ക് അമുസ്‌ലിമായ മാതാപിതാക്കളുടെ സ്വത്തില്‍ നിന്ന് അനന്തരാവകാശമില്ലെന്ന് അവര്‍ ഫത്‌വ നല്‍കുന്നു. ഇപ്പറഞ്ഞത്, ദുര്‍ബലമായ പണ്ഡിതാഭിപ്രായമല്ല. നബി(സ) പറയുന്നു: ‘മുസ്‌ലിം നിഷേധിയെ അനന്തരമെടുക്കുകയില്ല. നിഷേധി മുസ്‌ലിമിനെയും’. പ്രബലമായ ഈ ഹദീസിനെ പ്രകടഭാവത്തില്‍ മാത്രമാണ് പലരും വായിക്കുന്നത്. സച്ചരിതരായ നാലു ഖലീഫമാരും പ്രശസ്തരായ നാലു ഇമാമുമാരും ഈ അഭിപ്രായക്കാരാണെന്ന് പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ ഉമര്‍, മുആദ് ബ്‌നു ജബല്‍, മുആവിയഃ എന്നിവര്‍ അമുസ്‌ലിമായ പിതാവിന്റെ സ്വത്തില്‍ മുസ്‌ലിമായ മക്കള്‍ക്ക് അനന്തരം നല്‍കിയിട്ടുള്ള റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുഹമ്മദുല്‍ ഹനഫിയ്യഃ, അലിയ്യുബ്‌നു ഹുസൈന്‍, സഅ്ദ് ബ്‌നുല്‍ മുസയ്യബ്, മസ്‌റൂഖ്, അബ്ദുല്ലാഹിബ്‌നു മഅ്ഖല്‍, ശഅബി, ഇസ്ഹാഖ് എന്നിവരും ഈ അഭിപ്രായക്കാരാണ്. ഇവരുടെ തെളിവുകള്‍:
1. നബി(സ) തിരുമേനി പറഞ്ഞതായി മുആദ്ബനുല്‍ ജബല്‍ പറഞ്ഞു: ‘ഇസ്‌ലാം വര്‍ധിപ്പിക്കുകയല്ലാതെ കുറവുണ്ടാക്കുകയില്ല’ . ഒരാള്‍ മുസ്‌ലിമായി എന്നത് അയാളുടെ നീതിപൂര്‍വകമായ അവകാശനിഷേധത്തിന് കാരണമായിക്കൂടെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അതിനാല്‍ മുസ്‌ലിമായി എന്നതുകൊണ്ട് അനന്തരസ്വത്ത് വിലക്കാനാവില്ല.
2. ‘മുസ്‌ലിം നിഷേധിയെ അനന്തരമെടുക്കുകയില്ല ‘ എന്ന് തുടങ്ങുന്ന ഹദീസ് മേല്‍പറഞ്ഞതിനെതിരല്ല. യുദ്ധാവസ്ഥയില്‍ എതിരാളികളുടെ പക്ഷംചേര്‍ന്ന നിഷേധിയെയാണ് ഇവിടെ ഉദ്ദേശ്യം. ശത്രുപക്ഷത്തുള്ള നിഷേധിയുടെ സമ്പത്ത് മുസ്‌ലിം അനന്തരമെടുക്കുകയോ മുസ്‌ലിമിന്റെ സമ്പത്ത്, ശത്രുപക്ഷത്തേക്ക് നല്‍കുകയോ ചെയ്യില്ലെന്ന സാധാരണസമ്പ്രദായത്തെ തിരുമേനി പ്രസ്താവിക്കുക മാത്രമാണ് ഹദീസിലൂടെ ചെയ്തിട്ടുള്ളത്. ‘നിഷേധിക്ക് പകരമായി മുസ്‌ലിം കൊല്ലപ്പെടുകയില്ലെന്ന’ തിരുവചനത്തെ ഹനഫികള്‍ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്. അതിനാല്‍ മുസ്‌ലിംരാഷ്ട്രത്തിലെ സംരക്ഷിതപ്രജകളില്‍പെട്ട ഒരമുസ്‌ലിമിനെ വധിച്ചത് മുസ്‌ലിമാണെങ്കിലും പകരം അയാള്‍ കൊല്ലപ്പെടണമെന്നാണ് അവരുടെ വീക്ഷണം. എന്നാല്‍ ശത്രുപക്ഷത്തുള്ള മുസ്‌ലിമിനെ വധിച്ചാല്‍ പകരം വധിച്ച മുസ്‌ലിമിനെ വധിക്കില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതുപോലെ ശത്രുപക്ഷത്തുള്ള അമുസ്‌ലിമിനെ മുസ്‌ലിം അനന്തരമെടുക്കുകയില്ലെന്ന് മാത്രമേ പ്രസ്തുത ഹദീസുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നുള്ളൂ.
3. ഒരു മുസ്‌ലിമിന്റെ സാന്‍മാര്‍ഗിക ജീവിതമാര്‍ഗത്തില്‍ ഗുണകരമായേ ഇസ്‌ലാം വന്നുഭവിക്കുകയുള്ളൂ. അത് അവന്റെ ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും എന്നത് അചിന്തനീയമാണ്. പണം അല്ലാഹുവോടുള്ള അനുസരണത്തിനാണ് വഴിയൊരുക്കേണ്ടത്. ആ സമ്പത്ത് അതുകൊണ്ടുതന്നെ ദൈവദാസനാണ് ലഭിക്കേണ്ടത്. ഏതെങ്കിലും അനിസ്ലാമികവ്യവസ്ഥ വല്ല സമ്പത്തോ അനന്തരസ്വത്തോ വിശ്വാസിക്ക് അനുവദിച്ച് കൊടുത്താല്‍ അത് നന്‍മയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അവനാണ് ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ നിഷേധിക്ക് അത് അനുവദിക്കുന്നപക്ഷം തിന്‍മയുടെ വളര്‍ച്ചയ്ക്കാണ് അവനതുപയോഗിക്കുക. ഇസ്‌ലാം നന്‍മയ്ക്കുപകരം തിന്‍മയ്ക്ക് പ്രോത്സാഹനംനല്‍കുന്നുവെന്ന വിമര്‍ശത്തിന് യാതൊരുകാരണവശാലും ഇടയുണ്ടാക്കരുത്.
4. ഇമാം ഇബ്‌നു ഖയ്യിം പറയുന്നു: മുസ്‌ലിം അമുസ്‌ലിമിനെ അനന്തരമെടുക്കുന്ന കാര്യത്തില്‍ പൂര്‍വസൂരികളായ പണ്ഡിതന്‍മാര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. നിഷേധി മുസ്‌ലിമിനെ അനന്തരമെടുക്കാത്തതുപോലെ മുസ്‌ലിം നിഷേധിയെ അനന്തരമെടുക്കുകയില്ലെന്ന് അവരില്‍ ഏറെപേരും കരുതുന്നു. നാല് ഇമാമുമാരുടെയും അവരുടെ അനുയായികളുടെയും വീക്ഷണമതാണ്. എന്നാല്‍ അമുസ്‌ലിം മുസ്‌ലിമിനെ അനന്തരമെടുക്കുകയില്ലെന്ന് പറയുമ്പോഴും മുസ്‌ലിം അമുസ്‌ലിമിന്റെ അനന്തരമെടുക്കുമെന്ന് പറയുന്നവരുണ്ട്. അതായിരുന്നു മുആവിയഃയുടെയും മുഹമ്മദ് ബ്‌നുല്‍ ഹനഫിയ്യ, ജഅ്ഫരില്‍ ബാഖിര്‍, യഹ്‌യബ്‌നു യഅ്മര്‍ തുടങ്ങിയവരുടെ അഭിപ്രായം. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃയുടെയും വീക്ഷണം അതുതന്നെ. അവര്‍ പറഞ്ഞു: ക്രിസ്ത്യാനികളുടെ കാര്യത്തില്‍ നാം അവരുടെ സ്ത്രീകളെ വിവാഹം കഴിക്കുന്നു. അവര്‍ നമ്മുടെ സ്ത്രീകളെ വിവാഹം കഴിക്കുന്നില്ല എന്നതുപോലെ. നാമവരെ അനന്തരമെടുക്കും. എന്നാല്‍ നമ്മെ അവര്‍ അനന്തരമെടുക്കുകയില്ല.
അമുസ്‌ലിമില്‍നിന്ന് മുസ്‌ലിം അനന്തരമെടുക്കാന്‍ പറ്റുകയില്ലെന്ന് പറയുന്നവര്‍ അടിസ്ഥാനമായി അംഗീകരിക്കുന്നത് മുകളില്‍ ഉദ്ധരിച്ച ഹദീസ് തന്നെയാണ്. ഇതുപോലെ തന്നെ, കപടവിശ്വാസികളും നിരീശ്വരവാദികളും മതഭ്രഷ്ടരും മുസ്‌ലിമിനെ അനന്തരമെടുക്കുകയില്ലെന്ന് പറയുന്നവര്‍ക്കും ഈ ഹദീസ് തന്നെയാണ് തെളിവ്. അതെപ്പറ്റി ശൈഖ് ഇബ്‌നുതൈമിയ്യഃ പറയുന്നു: ‘ നബി(സ) തിരുമേനി ഇസ്‌ലാമില്‍നിന്ന് പുറത്തുപോയ കപടവിശ്വാസികളുടെ കാര്യത്തില്‍ പ്രത്യക്ഷമായ വിധികളൊക്കെ മുസ്‌ലിങ്ങളെപ്പോലെത്തന്നെയാണ് അനുവര്‍ത്തിച്ചിരുന്നതെന്നത് സംശയാതീതമായി(മുതവാതിര്‍) തെളിയിക്കപ്പെട്ട കാര്യമാണ്. അതിനാല്‍ പരസ്പരം അവര്‍ അനന്തരമെടുത്തിരുന്നു’. വിശുദ്ധഖുര്‍ആന്‍ , കപടവിശ്വാസിയാണെന്ന് സാക്ഷ്യം വഹിക്കുകയും മയ്യിത്ത് നമസ്‌കരിക്കരുതെന്നും പാപമോചനത്തിനായി അര്‍ഥിക്കരുതെന്നും തിരുമേനിയെ വിലക്കുകയുംചെയ്ത അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിശ്വാസികളായ അനന്തരാവകാശികള്‍ക്ക് നബിതിരുമേനി സ്വത്ത് വിഭജിച്ച് നല്‍കി. മകന്‍ അബ്ദുല്ല അക്കൂട്ടത്തില്‍പെടുന്നു. അതുപോലെ കപടവിശ്വാസികളില്‍ ആരുടെയും അനന്തരസ്വത്തില്‍ നിന്നും തിരുമേനി ഒന്നും എടുത്തിട്ടില്ല. അതില്‍നിന്ന് ഒരുഭാഗവും യുദ്ധമുതലായി ഗണിച്ചിട്ടുമില്ല. മറിച്ച്, പൂര്‍ണമായും അവരുടെ അനന്തരാവകാശികള്‍ക്ക് കൊടുക്കുക മാത്രമാണ് ചെയ്തത്. കപടവിശ്വാസികള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകളെ സഹായിക്കുന്നവരാണ്; ഗുപ്തമായി സത്യനിഷേധികളെ സഹായിക്കുന്നുണ്ടെങ്കിലും. പ്രത്യക്ഷത്തിലുള്ള സംഗതി മുന്‍നിര്‍ത്തിയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്. അതുകൊണ്ടാണ് അനന്തരസ്വത്തിന്റെ കാര്യത്തില്‍ നബിതിരുമേനി അപ്രകാരം ചെയ്തത്.
എന്നാല്‍ മതത്തില്‍നിന്ന് പുറത്തുപോയവരുടെ അനന്തരസ്വത്ത് മുസ്‌ലിംഅവകാശികള്‍ക്ക് നല്‍കുകയാണുണ്ടായത് എന്ന് അലി(റ), ഇബ്‌നു മസ്ഊദ്(റ) എന്നിവര്‍ അഭിപ്രായപ്പെടുന്നു. മുസ്‌ലിം നിഷേധിയെ അനന്തരമെടുക്കുകയില്ല എന്ന ഹദീസിന്റെ പരിധിയില്‍ ഇത് വരുന്നില്ല.
സംരക്ഷിത പ്രജ(ദിമ്മി)കളാണെങ്കില്‍ അവരുടെ അനന്തരാവകാശത്തെക്കുറിച്ച് മുആദ് (റ), മുആവിയ(റ) തുടങ്ങിയ സ്വഹാബികളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നവരും അല്ലാത്തവരുമുണ്ട്. മുസ്‌ലിം നിഷേധിയെ അനന്തരമെടുക്കുകയില്ലെന്ന ഹദീസ് യുദ്ധകാലത്തുള്ള ശത്രുക്കളെ മാത്രമുദ്ദേശിച്ചാണെന്ന് അവര്‍ പറയുന്നു. ഹദീസില്‍ പറഞ്ഞ കാഫിര്‍ എന്ന സംജ്ഞയില്‍ എല്ലാ ഇനം കാഫിറും പെടുമെങ്കിലും ചിലപ്പോള്‍ ചിലയിനം കാഫിറുകളെ മാത്രമുദ്ദേശിച്ചും അത് ഉപയോഗിക്കാറുണ്ട്. ഖുര്‍ആന്‍നിലെ അന്നിസാഅ് അധ്യായത്തിലെ 140 -ാം സൂക്തം അതിന് തെളിവാണ്. ‘തീര്‍ച്ചയായും അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും ഒന്നാകെ നരകത്തില്‍ ഒരുമിച്ചുകൂട്ടുന്നവനാണ്.’ ഇവിടെ കപടവിശ്വാസികള്‍ കാഫിറില്‍ പെട്ടിട്ടില്ല. മതഭ്രഷ്ടരും അങ്ങനെതന്നെ. കാഫിറുകള്‍ എന്ന് പറയുമ്പോള്‍ പണ്ഡിതന്‍മാര്‍ അതില്‍ മതഭ്രഷ്ടരെ പെടുത്താറില്ല. അതിനാല്‍ കാഫിര്‍ മുസ്‌ലിമായാല്‍ കഴിഞ്ഞകാലത്തെ നമസ്‌കാരം അനുഷ്ഠിച്ചുവീട്ടേണ്ടതില്ല. എന്നാല്‍ മതഭ്രഷ്ടന്‍ തിരികെ ദീനില്‍ പ്രവേശിച്ചാല്‍ അത്രയും കാലത്തെ നമസ്‌കാരം അനുഷ്ഠിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
‘നിഷേധിക്ക് പകരമായി മുസ്‌ലിംകൊല്ലപ്പെടുകയില്ല’ എന്ന ഹദീസിന്റെ പരിധിയില്‍ സംരക്ഷിതപ്രജകളെ പണ്ഡിതരില്‍ ഒരു വിഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതേപോലെ നിഷേധിയെ മുസ്‌ലിം അനന്തരമെടുക്കുകയില്ല എന്ന് ഹദീസ് ശത്രുപക്ഷത്തുള്ള നിഷേധിക്ക് മാത്രം ബാധകമാണെന്ന് പറയുന്നതാണ് അതിന്റെ ഏറ്റവും നല്ല വ്യാഖ്യാനം.
Add Comment