ഇന്ത്യയില്‍ സൂഫിസം പ്രവേശിച്ചത് എപ്പോഴായിരുന്നു? ഈയവസരത്തില്‍ ഇസ്‌ലാമിന്റെ സ്ഥിതി എന്തായിരുന്നു? ചരിത്രാന്വേഷകന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ഏറ്റവും പ്രധാനമായൊരു വിഷയമാണിത്.
ഡോ. സി.കെ. കരീം എഴുതുന്നു:
13-ാം നൂറ്റാണ്ടില്‍ ബഗ്ദാദും സമര്‍ഖന്ദും ബുഖാരയുമെല്ലാം മംഗോള്‍ ആക്രമണത്തിനിരയായി. ഇസ്‌ലാമിക സംസ്‌കാര കേന്ദ്രങ്ങള്‍ നാശോന്‍മുഖമായപ്പോള്‍ അവിടെ നിന്ന് പണ്ഡിതന്‍മാരും സൂഫീവര്യന്‍മാരുമെല്ലാം പ്രാണരക്ഷാര്‍ഥം അഭയസ്ഥാനം കണ്ടെത്തിയത് ഇന്ത്യയിലായിരുന്നു. അങ്ങനെ അജ്മീറും മുള്‍ട്ടാനും ഡല്‍ഹിയും മുസ് ലിം പണ്ഡിതന്‍മാരുടെ ആവാസകേന്ദ്രമായിമാറി. ലൗകികാര്‍ഭാടങ്ങള്‍ക്കതീതരായി പരിശുദ്ധജീവിതം നയിച്ചിരുന്ന ഈ സൂഫികളും പണ്ഡിതന്‍മാരുമാണ് ഇസ്‌ലാമിന്റെ ജീവവായു ഇന്ത്യക്ക് നല്‍കിയത്. ജീവരക്ഷാര്‍ഥം ഓടിപ്പോന്ന ഈ സൂഫികളും പണ്ഡിതന്‍മാരുമാണ് ഇന്ത്യയില്‍ ഇസ്‌ലാമിക പ്രചാരണവും സാസ്‌കാരിക നിവേശവും നടത്തിയത്.
ബഗ്ദാദിലെയും മറ്റും അബ്ബാസീ ഭരണത്തിനു തിരശ്ശീല വീഴ്ത്തിക്കൊണ്ടായിരുന്നുവല്ലോ മംഗോളിയരുടെ രംഗപ്രവേശം. അതിനാല്‍തന്നെ, ആക്രമണത്തിന് മുമ്പ് അബ്ബാസീ ഭരണത്തിന്‍കീഴില്‍ ഇസ്‌ലാമിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് പരിശോധിക്കുകയാണ് നമ്മുടെ സംശയത്തിനുള്ള ഏക നിവാരണം. ഉമവികാലഘട്ടത്തിലെ പേര്‍ഷ്യന്‍ സാന്നിധ്യമാണ് ഉമവി ഭരണത്തെ തൂത്തുമാറ്റാന്‍ അബ്ബാസികള്‍ക്ക് ശക്തിയേകിയ പ്രധാനഹേതുവെന്ന് ചരിത്രവിദ്യാര്‍ഥികള്‍ക്കറിയാം. അറബി പക്ഷപാതിത്വം വെച്ചുപുലര്‍ത്തിയിരുന്ന ഉമവികളോടു സ്വാഭാവികമായും കടുത്ത വെറുപ്പുള്ളവരായിരുന്നു പേര്‍ഷ്യന്‍ വംശജര്‍. ഖിലാഫത് നബികുടുംബത്തില്‍ പരിമിതപ്പെട്ടതാണെന്ന ചിന്താഗതിക്ക് അവര്‍ അനുകൂലമാകുന്നതിന് മറ്റൊരു കാരണവും കൂടിയുണ്ട്. പരമ്പരാഗത രാജപദവി ദൈവദത്താവകാശമാണെന്ന് വിശ്വസിച്ച പേര്‍ഷ്യക്കാര്‍ക്ക് ഖിലാഫത്ത് , നബികുടുംബത്തിന് അവകാശപ്പെട്ടതാണെന്ന ആശയം ഉള്‍ക്കൊള്ളാന്‍ പ്രയാസമില്ല. പേര്‍ഷ്യന്‍ മുസ്‌ലിംകള്‍ക്കാകട്ടെ, ഉമവികളോട് വിദ്വേഷവുമുണ്ടായിരുന്നു. നേരത്തെ ഉന്നതപദവികളിലിരുന്ന അവര്‍ക്ക് -ചുരുക്കം ചിലര്‍ക്കൊഴികെ- ആ പദവികള്‍ വകവെച്ചു കൊടുക്കാന്‍ ഉമവികള്‍ തയ്യാറായില്ല. അറബികള്‍ക്ക് മേല്‍ പേര്‍ഷ്യക്കാര്‍ നേടിയ വിജയമായിരുന്നു അബ്ബാസി വിജയമെന്ന് യഥാര്‍ഥത്തില്‍ പറയാം. പേര്‍ഷ്യന്‍ മതവും ആശയങ്ങളും മുസ്‌ലിം വിശ്വാസത്തില്‍ സാവധാനം പ്രവര്‍ത്തനനിരതമാകുകയായിരുന്നു. ഉമവികളുടെ അറബിവംശ മേല്‍ക്കോയ്മക്കെതിരെ പേര്‍ഷ്യയിലെ ആര്യന്‍മാര്‍ നേടിയ വിജയമായാണ് 19-ാം നൂറ്റാണ്ടിലെ ചില ഓറിയന്റലിസ്റ്റുകള്‍ ഈ വിപ്ലവത്തെ കാണുന്നത് പേര്‍ഷ്യന്‍ വത്കൃത ഇസ്‌ലാമിന്റെ സാമ്രാജ്യം ഉദയം ചെയ്യുകയും ഉമവികളുടെ അറബി ആധിപത്യം അസ്തമിക്കുകയും ചെയ്തുവെന്ന് വെല്‍ഹോസന്‍(welhausen) അഭിപ്രായപ്പെടുന്നു.
ഏതായാലും അബ്ബാസി യുഗത്തില്‍ സകല മേഖലകളെയും പേര്‍ഷ്യന്‍ സ്വാധീനം ബാധിച്ചിരുന്നു. ഹാറൂന്‍ റശീദിന്റെ കാലത്ത് ഈ സ്വാധീനം ഉത്തുംഗതയിലെത്തിക്കഴിഞ്ഞിരുന്നു. എന്തിനധികം, ഇസ്‌ലാം ആട്ടിയോടിച്ച ജോത്സ്യന്‍മാരും പ്രശ്‌നനോട്ടക്കാരുമെല്ലാം ഇവരുടെ ഭരണസ്വാധീനം വഴി തിരിച്ചുവരാന്‍ തുടങ്ങിയെന്നുമാത്രമല്ല, ആ വ്യാധി ഇസ് ലാമികലോകത്താകെ പടരുകയും ചെയ്തു.
ചുരുക്കത്തില്‍, ഇസ്‌ലാമികാവസ്ഥകളില്‍ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടാക്കിയ ഒന്നായിരുന്നു. അബ്ബാസി ഭരണ സംസ്ഥാപനം ഇതില്‍, അറബികള്‍ രണ്ടാം തരക്കാരാകുകയും പേര്‍ഷ്യക്കാര്‍ ഏറ്റവും വലിയ സ്വാധീനശക്തിയാവുകയും ചെയ്തു. ഹി: 135 -ല്‍, കുലീന പേര്‍ഷ്യന്‍ കുടുംബമായ ബര്‍മകികള്‍ ഖലീഫമാര്‍ക്ക് വസീറുകളെ തയ്യാറാക്കാന്‍ തുടങ്ങി. അങ്ങനെ , 24 വര്‍ഷത്തോളം അതിന്റെ നയം അവര്‍ കൈയടക്കി. മിക്കവാറും സുപ്രധാനമായ എല്ലാ ഉദ്യോഗങ്ങളും പേര്‍ഷ്യക്കാര്‍ക്ക് ലഭിച്ചു. ‘ശുഊബിയ്യ’ എന്ന ഒരു പ്രത്യേക അറബ് വിരുദ്ധ വിഭാഗം രൂപം കൊണ്ടു. ഉമയ്യാദുര്‍ഭരണത്തിന്‍ കീഴില്‍ അടക്കിവക്കപ്പെട്ടിരുന്ന വിദ്വേഷം പ്രകടിപ്പിക്കുന്ന ‘ശുഊബിയ്യ’ എന്ന സമൃദ്ധമായ വിവാദ സാഹിത്യം ഇതുല്‍പാദിപ്പിക്കുകയും ചെയ്തു. സാഹിത്യം, ശാസ്ത്രം, ഇസ്‌ലാമിക കര്‍മശാസ്ത്രം, ദൈവശാസ്ത്രം എന്ന് വേണ്ട, അറബി വ്യാകരണത്തിന്റെ ശാസ്ത്രീയ പ്രതിപാദനത്തില്‍ വരെ, പേര്‍ഷ്യക്കാര്‍ അറബികളെ തികച്ചും അതിശയിപ്പിക്കുകയായിരുന്നു.
എന്നാല്‍ പേര്‍ഷ്യന്‍ സ്വാധീനം മാത്രമായിരുന്നില്ല. അബ്ബാസി കാലഘട്ടത്തിലെ ഇസ്‌ലാമില്‍ സ്വാധീനംചെലുത്തിയിരുന്നത്. അസ്ഗറലി എഞ്ചിനീയര്‍ എഴുതുന്നു:
അബ്ബാസി ഭരണത്തിന്റെ നല്ല കാലത്ത് ഗ്രീക്ക്, സിറിയക്, പേര്‍ഷ്യന്‍, ഹൈന്ദവ ചിന്ത സ്രോതസ്സുകളെ മുസ്‌ലിംകള്‍ ഹാര്‍ദ്ദമായി സ്വാഗതം യെ്തു. വിവിധസ്രോതസ്സുകളില്‍നിന്ന് ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും അവ അറബിയില്‍ വിവര്‍ത്തനംചെയ്യാനും ബൈതുല്‍ ഹിക്മ സ്ഥാപിതമായി. ഇസ് മാഈലികള്‍, മുഅ്തസിലികള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവര്‍ ഇസ്‌ലാമിക സിദ്ധാന്തങ്ങളെ ഗ്രീക്ക് യുക്തിയോടും തത്ത്വജ്ഞാനത്തോടും കൂട്ടിക്കലര്‍ത്തുകയുംചെയ്തു.
യവന തത്ത്വചിന്തകരായ പ്ലേറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും മുഴുവന്‍ ദാര്‍ശനിക കൃതികളും അബ്ബാസിഖലീഫമാരുടെ മേല്‍നോട്ടത്തില്‍ അറബിയിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടു. കിന്ദി, ഫാറാബി, ഇബ്‌നു സീനാ എന്നിവരാണ് അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ അറബിതത്ത്വചിന്തകന്‍മാര്‍ ഹി. നാലാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ബസ്വറയില്‍ രംഗപ്രവേശംചെയ്ത ‘ഇഖ് വാനുസ്സ്വഫാ’ എന്ന സംഘം തത്ത്വചിന്താരംഗത്ത് വമ്പിച്ച സംഭാവനകളര്‍പ്പിച്ചു. ഇവരുടെ രിസാലഃകള്‍ പ്രസിദ്ധമാണ്. തത്ത്വചിന്തകന്‍മാരുടെ ചില നിലപാടുകളോടു മതപണ്ഡിതന്‍മാര്‍ യോജിച്ചിരുന്നില്ല. ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ക്ക് നിരക്കാത്ത പല ആശയങ്ങളും അവര്‍ മുന്നോട്ടുവെച്ചതാണ് കാരണം.
ഇങ്ങനെ , ഗ്രീക്ക് -പേര്‍ഷ്യന്‍- ഇന്ത്യന്‍ ചിന്തകളുടെ സ്വാധീനതകളാല്‍ പ്രത്യക്ഷമായ ധാരാളം മതവിരുദ്ധ വിഭാഗങ്ങളാല്‍ കവിഞ്ഞൊഴുകുകയായിരുന്നു അബ്ബാസി ഭരണം. ഈ കാലത്ത് , എന്തിനധികം, ഖലീഫമാര്‍ തന്നെ ജന്‍മനാ അറബികളാണെങ്കിലും പേര്‍ഷ്യന്‍ ആശയങ്ങള്‍ക്കായി ഏറ്റവും സമര്‍പിതരായിരുന്നു ഈ കാലഘട്ടത്തിലെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അറബി നാഗരികതയുടെ ശോഭനകാലമായാണ് ചരിത്രകാരന്‍മാര്‍ ഈ യുഗത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മുസ് ലിം നാഗരിക ചരിത്രത്തില്‍ അറബി തത്ത്വശാസ്ത്രം, അറബി ശാസ്ത്രം എന്നൊക്കെ പറയുന്നത് ശ്രദ്ധിച്ചുവേണമെന്നും അറബി സംസാരിച്ചിരുന്ന ആളുകളുടേത് മാത്രമായിരുന്നു അതെന്നും അവരില്‍ അറബികള്‍ കേവലം ന്യൂനപക്ഷം മാത്രമായിരുന്നുവെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ചുരുക്കത്തില്‍ , ഇസ് ലാമിക സംസ്‌കാരവും ഇതരസംസ്‌കാരങ്ങളും തമ്മില്‍ പരസ്പരം ഇഴുകി ചേര്‍ന്നുകഴിഞ്ഞ, പരസ്പരം വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധം സങ്കലിതമായിക്കഴിഞ്ഞ വേളയിലാണ്. എ.ഡി. 1258-ല്‍ താര്‍ത്താരികള്‍ ബഗ്ദാദ് ആക്രമിക്കുന്നതും ഇസ് ലാമിക സാമ്രാജ്യം തകര്‍ക്കുന്നതും. അതോടെ , മുസ് ലിംകള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും അവര്‍ കടുത്ത അരക്ഷിതബോധത്തിന് അടിപ്പെടുകയും ചെയ്തു. അങ്ങനെയാണ്, മുകളില്‍ പറഞ്ഞത് പോലെ, മുസ് ലിംപണ്ഡിതന്‍മാരും സൂഫികളും ഇന്ത്യയില്‍ അഭയംകണ്ടെത്തിയതും ഇസ് ലാമികപ്രചാരണത്തിലേര്‍പ്പെടുന്നതും അപ്പോള്‍, ഇന്ത്യയില്‍ ഇസ് ലാം പ്രചരിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഇസ്‌ലാമിന്നുമേല്‍ ഒരു നിഴല്‍ വീണുകഴിഞ്ഞിരുന്നുവെന്ന് വ്യക്തം.
കെ.എ. ഖാദര്‍ ഫൈസി
Add Comment