സാങ്കേതിക ശബ്ദങ്ങള്‍

ഇഹ്‌സാന്‍

ഈമാന്‍, ഇസ്‌ലാം ഇവ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പ്രവാചക വചനം അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘ഇഹ്‌സാന്‍(നന്‍മ) എന്നാല്‍ ദൈവത്തെ നീ കണ്‍മുമ്പില്‍ കാണുന്നുണ്ടെന്ന പോലെ അവനെ സേവിക്കലാണ്. യഥാര്‍ഥത്തില്‍ നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.’ ഈമാന്‍ ഹൃദയത്തിലുള്ള വിശ്വാസവും ഇസ്‌ലാം ആ വിശ്വാസമനുസരിച്ചുള്ള കര്‍മങ്ങളുമാണെങ്കില്‍ ഇഹ്‌സാന്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ വിശ്വാസിക്കുണ്ടായിരിക്കേണ്ട മാനസിക ഭാവമാണ്. ദൈവം തന്റെ ഓരോ ചലനവും മനോവികാരങ്ങളും കണ്ടുകൊണ്ട് തൊട്ടു മുമ്പില്‍തന്നെയുണ്ട് എന്ന വിചാരത്തോടെ ജീവിക്കുക എന്നാണതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവത്തിനുള്ള ആത്മ സമര്‍പ്പണത്തിന്റെ ഏറ്റവും ഉദാത്തവും സുന്ദരവുമായ രീതിയാണിത്. വിശ്വാസത്തിന്റെ പൂര്‍ണതയും സൗന്ദര്യവും ദൃശ്യമാകുന്നത് ഇഹ്‌സാനിലൂടെയാണ്. ഇഹ്‌സാനെ ഇസ്‌ലാമിന്റെ ആധ്യാത്മിക സംസ്‌കാരം എന്നും വിളിക്കാം. ഉപരിസൂചിത നബിവചനത്തില്‍ ഇഹ്‌സാനായി വിശേഷിപ്പിക്കപ്പെട്ട ‘ദൈവത്തെ സേവിക്കുക’ എന്ന പ്രയോഗം വളരെ അര്‍ഥവത്താണ്. ആരാധനകളെ മാത്രമല്ല, ജീവിതത്തിലുടനീളമുള്ള മനുഷ്യസ്വഭാവത്തെയും അത് സ്പര്‍ശിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആധ്യാത്മിക വീക്ഷണത്തില്‍ ഏറ്റവും സംസ്‌കാര സമ്പന്നരെന്നു വിളിക്കുന്നത് തങ്ങളുടെ എല്ലാ പ്രവൃത്തികളിലും ദൈവേഛയെ ശ്രദ്ധാപൂര്‍വം അനുധാവനം ചെയ്യുന്നവരെയാണ്. അതുതന്നെയാണ് ഇഹ്‌സാന്‍. പില്‍ക്കാലത്ത് സവിശേഷമായ ഒരാധ്യാത്മിക ചിന്താസരണിയായി രൂപപ്പെട്ട സ്വൂഫിസത്തിന്റെ അടിസ്ഥാനവും ഈ ഇഹ്‌സാന്‍ തന്നെയാണ്.

Topics