വിശ്വാസത്തിനും സന്മാര്‍ഗത്തിനും ശേഷം മനുഷ്യന് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് ദാമ്പത്യം. പരസ്പര സ്‌നേഹത്തിന്റെയും കരുണയുടെയും ഇണക്കത്തിന്റെയും ആശയങ്ങളടങ്ങിയിരിക്കുന്ന മഹത്തായ സംവിധാനമാണ് അത്. അല്ലാഹു ഉദ്ദേശിച്ച വിധത്തില്‍ പ്രകൃതിക്കനുയോജ്യമായി മനുഷ്യജീവിതത്തെ വഴിനടത്തുന്നതില്‍ ദാമ്പത്യത്തിന് നിര്‍ണായക പങ്കാണുള്ളത്. അനശ്വര ജീവിതത്തിലേക്കുള്ള പാലവും, അടിസ്ഥാന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്ന മാര്‍ഗവുമാണ് ദാമ്പത്യം. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ ഭദ്രമായ കരാര്‍ എന്ന വിശേഷണം വൈവാഹിക ബന്ധത്തിന് നല്‍കിയിരിക്കുന്നത്. പരസ്പരം പാലിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ട കരാര്‍, ഇടപാട് തുടങ്ങിവയെക്കുറിക്കുന്ന ശക്തിയും ഉറപ്പും ഭദ്രതയും ഒരുപോലെ നിഴലിക്കുന്ന വളരെ മനോഹരമായ പദപ്രയോഗമാണ് ഖുര്‍ആന്‍ ഇവിടെ നടത്തിയിരിക്കുന്നത്.
മനുഷ്യ ഹൃദയങ്ങളെ അടക്കിഭരിക്കുന്ന വികാരങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് വിവരിക്കേണ്ടതില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവയെല്ലാം പൊട്ടിയൊലിക്കുന്ന അഗ്നിപര്‍വത സ്‌ഫോടനങ്ങളായും മറ്റും ജീവനുള്ള ഹൃദയങ്ങളെ സ്വാധീനിച്ച് കൊണ്ടേയിരിക്കുന്നു. വികാരമല്ലാതെ മനുഷ്യ ഹൃദയങ്ങളില്‍ മറ്റെന്താണുള്ളത്? അവയുടെ അഭാവത്തില്‍ ജീവിതം എങ്ങനെയാണ് തെളിമയാര്‍ന്നതാവുക? വികാരങ്ങളുടെ സവിശേഷത അവ കാണപ്പെടുകയില്ല, അനുഭവപ്പെടുകയേ ഉള്ളൂ എന്നതാണ്.
ജീവിതപങ്കാളിയും ഏകാന്തതയിലെ കൂട്ടും യാത്രയിലെ പാഥേയവുമാണ് ഭാര്യ. പുരുഷന് ശാന്തത തേടാനുള്ള ഇടമായാണ് അവള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു അവളില്‍ നിക്ഷേപിച്ച മഹത്തായ രഹസ്യങ്ങളാല്‍ വളരെ അപൂര്‍വവും ആകര്‍ഷകവും മനോഹരവുമായ സൃഷ്ടിയാണ് അവള്‍. മനസ്സ് കൊതിക്കുന്ന, ഇണങ്ങുന്ന, ആഗ്രഹിക്കുന്ന ഗുണങ്ങളും ശീലങ്ങളുമാണ് അവളുടെ സവിശേഷത. അവള്‍ രഹസ്യമാക്കി വെച്ചിരിക്കുന്ന സ്‌നേഹവും, അവളില്‍ നിന്ന് നിറഞ്ഞു തുളുമ്പുന്ന ലാളനയും, എണ്ണിയാലൊടുങ്ങാത്ത സംഭാവനകളും പുരുഷന് ചുറ്റുമുള്ള പ്രപഞ്ചത്തെ ചേതോഹരവും, നിര്‍മലവുമാക്കി മാറ്റുന്നു.
ഇണയും തുണയും ഒരു പോലെ തങ്ങളുടെ സ്‌നേഹം നിലനിര്‍ത്താനും, വളര്‍ത്താനും, എപ്പോഴും തീക്ഷ്ണമായി നിലനിര്‍ത്താനും സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് ദാമ്പത്യജീവിതത്തിന്റെ മുഖ്യസവിശേഷതകളിലൊന്ന്. പ്രണയം മരിച്ച, ഇണയും തുണയും വരണ്ടുണങ്ങിയ ജീവിതം നയിക്കുന്ന ഒട്ടേറെ വിവാഹബന്ധങ്ങള്‍ ഇന്ന് സമൂഹത്തിലുണ്ട്. അവര്‍ക്കിടയില്‍ സന്താനങ്ങളുണ്ടെന്നതാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. അല്ലാത്തപക്ഷം ആ ബന്ധങ്ങള്‍ എന്നെന്നേക്കുമായി നിലച്ചുപോയേനെ. എന്നാല്‍ വാക്കുകളിലും ഇടപാടുകളിലും നോട്ടത്തിലും സ്‌നേഹവും പ്രണയവും പ്രകടിപ്പിക്കുന്ന, വികാരനിര്‍ഭരമായ ദാമ്പത്യബന്ധം പുലര്‍ത്തുന്നവരും നമുക്കിടയില്‍ തന്നെയുണ്ടെന്നത് തീര്‍ത്തും ശുഭകരമാണ്.
ഇസ്‌ലാം സ്‌നേഹത്തെ ആട്ടിയകറ്റുകയോ, സ്‌നേഹിക്കുന്നവരെ ശപിക്കുകയോ ചെയ്ത ദര്‍ശനമല്ല. സ്‌നേഹത്തിന്റെയും ആഗ്രഹത്തിന്റെയും പ്രവാഹത്തിന് മുന്നില്‍ തടയണ കെട്ടുകയോ, അവയെ പൂര്‍ണമായി വിലക്കുകയോ ചെയ്യുന്ന സമീപനമല്ല ഇസ്‌ലാമിന്റേത്. പക്ഷേ അവ പ്രകടിപ്പിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടത് അനുവദനീയമായ മാര്‍ഗത്തിലൂടെയായിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ നിബന്ധന. അതിനായി നിഷിദ്ധവും, നാശോന്‍മുഖവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് സാമൂഹിക സന്തുലിതത്വം തകര്‍ക്കുമെന്ന് ഇസ്‌ലാം നിരീക്ഷിക്കുന്നു.
ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന പ്രണയം മറ്റെല്ലാ പ്രണയസങ്കല്‍പങ്ങളും തിരുത്തിയെഴുതാന്‍ പോന്നതാണ്. തീര്‍ത്തും പോസിറ്റീവായ, മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പ്രണയമാണ് അത്. പുറമെയുള്ള ആകാരമോ, രൂപമോ മാത്രമല്ല അതിന്റെ അടിസ്ഥാനം. മറിച്ച് സന്മനസ്സും, സല്‍സ്വഭാവവും, സദ് വിചാരവുമെല്ലാം പുലര്‍ത്തുന്ന ഇണയോടുള്ള പവിത്രമായ സ്‌നേഹബന്ധമാണ് അത്. ചിലപ്പോള്‍ നമുക്ക് വളരെ അഴകുള്ള സ്ത്രീയെ തന്നെ ഭാര്യയായി ലഭിച്ചേക്കാം. പക്ഷേ അവളുടെ മനസ്സില്‍ ഉന്നതമായ വികാരങ്ങളോ, പവിത്രമായ സങ്കല്‍പങ്ങളോ, മാന്യമായ വാക്കുകളോ ഉണ്ടായിരിക്കണമെന്നില്ല.
മതബോധമുള്ള മിക്കയാളുകളും സ്‌നേഹത്തെ മോശമായും ന്യൂനതയായും സമീപിക്കുന്നവരാണ്. സ്‌നേഹിക്കുകയെന്നത് നിന്ദ്യതയും പോരായ്മയുമാണെന്ന് അവര്‍ കരുതുന്നു. ഇത് തീര്‍ച്ചയായും വലിയ അബദ്ധമാണ്. അത്തരം സങ്കല്‍പമുള്ളവര്‍ ഭാര്യമാരോട് സ്‌നേഹപ്രകടനം നടത്തുകയോ, മധുരഭാഷണം നടത്തുകയോ ഇല്ല. പ്രവാചകന്‍(സ)യുടെ ജീവിതവും, അദ്ദേഹം ആഇശ(റ)യോട് സ്വീകരിച്ചിരുന്ന സമീപനവും വായിച്ചെടുക്കുന്ന ഒരാള്‍ക്കും ഇത്തരം സമീപനം സ്വീകരിക്കാന്‍ സാധിക്കുകയില്ല.
കന്യകകളെ വിവാഹം കഴിക്കാന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ചിരുന്നു പ്രവാചകന്‍(സ). അവരെ കൊഞ്ചിക്കാനും, കളിപ്പിക്കാനും, ആസ്വദിക്കാനും വേണ്ടിയായിരുന്നു അത്. ഇക്കാര്യത്തില്‍ വളരെ വ്യക്തവും, കൃത്യവുമായ നിര്‍ദേശങ്ങള്‍ തിരുമേനി(സ) നല്‍കിയിരിക്കുന്നു. ഇവിടെ ഉയര്‍ന്ന് വരുന്ന പ്രസക്തമായ ചോദ്യമുണ്ട്. സ്‌നേഹവും, വികാരവുമെല്ലാം എന്തുകൊണ്ട് വിശ്വാസികള്‍ക്ക് മാത്രം ഉണ്ടാകുന്നില്ല? ധിക്കാരവും അനുസരണക്കേടും പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് അവ പ്രകടിപ്പിക്കുന്നത്. നാം വിശ്വാസികളാണ് ഇത്തരം ഗുണങ്ങള്‍ ആര്‍ജ്ജിക്കുകയും അനുവദനീയമായ വിധത്തില്‍ അവ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത്. സ്‌നേഹം ദാമ്പത്യജീവിതത്തിന് മധുരിക്കുംവിധം സ്വാദ് പകര്‍ന്ന് നല്‍കുന്നു. ആത്മാര്‍ത്ഥതയും പരസ്പരധാരണയുമുള്ളവര്‍ക്ക് മാത്രമെ അത് അനുഭവിക്കുവാന്‍ സാധിക്കുകയുള്ളൂ.
Add Comment