ഭിഷഗ്വരര്‍

അബുല്‍വലീദ് മുഹമ്മദ് ബിന്‍ അഹമ്മദ് ഇബ്‌നു റുഷ്ദ്

പാശ്ചാത്യലോകത്ത് അവറോസ് എന്ന പേരില്‍അറിയപ്പെടുന്ന ഇബ്‌നു റുശ്ദ് മികച്ച അരിസ്റ്റോട്ടിലിയന്‍ വ്യാഖ്യാതാവാണ്. അദ്ദേഹത്തിന്റെ പൂര്‍ണനാമധേയം അബുല്‍വലീദ് മുഹമ്മദ് ബിന്‍ അഹമ്മദ് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ അഹ്മദ് ബിനുറുശ്ദ് എന്നാണ്. കൊര്‍ദോവയിലെ പ്രധാനന്യായാധിപനും ഭിഷഗ്വരനുമായിരുമായിരുന്ന അദ്ദേഹം തത്ത്വചിന്തയിലാണ് ഏറ്റവും വലിയ സംഭാവനകളര്‍പ്പിച്ചത്.

ഇന്നത്തെ സ്‌പെയിനിലെ കൊര്‍ദോവയില്‍ നിയമ-സാമൂഹികരംഗത്ത് സേവനങ്ങളര്‍പ്പിച്ചിരുന്ന പ്രശസ്തമായ ഒരു പണ്ഡിതകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്(523-595/ 1126-1198). അദ്ദേഹത്തിന്റെ പിതാമഹന്‍ കൊര്‍ദോവയിലെ മുഖ്യന്യായാധിപനായിരുന്നു. ചെറുപ്പകാലത്തുതന്നെ ഖുര്‍ആന്‍, ഫിഖ്ഹ് , ഹദീസ്, സാമൂഹികശാസ്ത്രം, സാഹിത്യം, വൈദ്യം, തത്ത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ അവഗാഹം നേടി. തുടര്‍ന്ന് അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. ‘ഹയ്യ് ബ്‌നു യഖ്ദാന്‍’ രചിച്ച ഇബ്‌നു തുഫൈലിന്റെ സഹായത്തോടെ വൈജ്ഞാനികമേഖലയില്‍ അദ്ദേഹം ഉന്നതങ്ങളിലേക്ക് കുതിച്ചു. ഇമാംഗസ്സാലി തത്ത്വചിന്തകര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെല്ലാം ഇബ്‌നു റുശ്ദ് മറുപടി നല്‍കി. അത്തരത്തില്‍ ഇമാം ഗസ്സാലിയുടെ ‘തഹാഫുതുല്‍ ഫലാസിഫഃ’യ്ക്ക് നല്‍കിയ മറുപടിയാണ് ‘തഹാഫുതുത്തഹാഫുത്’.
മാലികി മദ്ഹബീധാരയില്‍പെട്ട പണ്ഡിതനായിരുന്നു ഇബ്‌നു റുശ്ദ് എങ്കിലും അശ്അരികള്‍ക്ക് അദ്ദേഹം അനഭിമതമായിരുന്നു. അന്ദലുസിലെ അശ്ബിലിയയില്‍ ഖാദിയായി നിയമിക്കപ്പെട്ട അദ്ദേഹം 1182 ല്‍ കൊട്ടാരവൈദ്യനായും പിന്നീട് സുപ്രീം ജഡ്ജായും നിയമിക്കപ്പെട്ടു. വൈദ്യശാസ്ത്രത്തിലെ എന്‍സൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുല്ലിയാത്, കിതാബുല്‍ കശ്ഫ് അന്‍ മനാഹിജില്‍ അദില്ലഃ, ബിദായതുല്‍ മുജ്തഹിദി വ നിഹായതില്‍ മുഖ്തസിദ്, ജാമിഅ്, തല്‍ഖീസ്, തഫ്‌സീര്‍, അല്‍ബയാന്‍ വ ത്തഹ്‌സീല്‍ വ ശ്ശര്‍ഹ് വ ത്തൗജീഹ് വ ത്തഅ്‌ലീല്‍ ഫീ മസാഇലില്‍ മുസ്തഖ്‌റജ, ഫസ്‌ലുല്‍ മഖാല്‍, തല്‍ഖീസ് കിതാബുന്നഫ്‌സ്, രിസാലത്തുന്നഫ്‌സ്, ജവാമിഉല്‍ കൗനി വല്‍ ഫസാദി തുടങ്ങി തത്ത്വശാസ്ത്രം, വൈദ്യശാസ്ത്രം, കര്‍മശാസ്ത്രം,വ്യാകരണം, നിയമശാസ്ത്രം, ഗോളശാസ്ത്രം, മനഃശാസ്ത്രം എന്നീ വിവിധവൈജ്ഞാനികമേഖലയില്‍ എണ്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
വിശ്വാസത്തെയും യുക്തിയെയും സമന്വയിപ്പിച്ച ഇബ്‌നുറുശ്ദ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ശിഷ്യഗണങ്ങളുള്ള മുസ്‌ലിംചിന്തകനാണ്. അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രവ്യാഖ്യാനങ്ങള്‍ ജൂത-ക്രൈസ്തവ മതങ്ങളിലെ പണ്ഡിതന്‍മാരെയും ശക്തമായി സ്വാധീനിച്ചിരുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics