ഭിഷഗ്വരര്‍

അബുല്‍ ഖാസിം അസ്സഹ്‌റാവി (936-1013)

11- ാം നൂറ്റാണ്ടിലെ പ്രസിദ്ധ അറബ് മുസ്‌ലിം ഭിഷഗ്വരനും ശസ്ത്രക്രിയ വിദഗ്ധനുമായ അബുല്‍ ഖാസിം ഖലഫ് ഇബ്‌നു അല്‍അബ്ബാസ് അല്‍ സഹ്‌റാവി അന്ദലുസിലെ കൊര്‍ദോവയ്ക്ക് ആറുമൈല്‍ അകലെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ‘സഹ്‌റാ’ എന്ന സ്ഥലത്ത് ജനിച്ചു. ശസ്ത്രക്രിയയുടെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും വലിയ സംഭാവനയാണ് മുപ്പത് വാള്യങ്ങള്‍ വരുന്ന ‘കിതാബു ത്തസ്‌രീഫ്’. ശസ്ത്രക്രിയാരീതികളെയും അതിനുള്ള ഉപകരണങ്ങളെയും കുറിച്ച വിശദാംശങ്ങള്‍ അതിലുണ്ട്. മൂത്രസഞ്ചിയിലെ കല്ലുടച്ച് പുറത്തെടുക്കുന്നതും മുറിവുകള്‍ കെട്ടുന്നതും കൂടാതെ നേത്രശസ്ത്രക്രിയയെക്കുറിച്ചെല്ലാം അതില്‍ പറയുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പ്രസ്തുത ഗ്രന്ഥം ലാറ്റിന്‍ഭാഷയിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടത്.

എക്‌റ്റോപിക് പ്രഗ്നന്‍സി(ഗര്‍ഭാശയത്തിനുപുറത്തുള്ള ഭ്രൂണവളര്‍ച്ച)യെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത് അദ്ദേഹമാണ്. ഹീമോഫീലിയയുടെ പാരമ്പര്യസ്വഭാവം തിരിച്ചറിഞ്ഞ ആദ്യവിദഗ്ധനും അദ്ദേഹംതന്നെ. കിത്താബുത്തസ്‌രീഫില്‍ ദന്തചികിത്സയും നവജാതപിറവിയും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. വൈദ്യന്‍-രോഗി ബന്ധത്തെക്കുറിച്ചും അദ്ദേഹം എഴുതാന്‍ മറന്നില്ലെന്നത് ശ്രദ്ധേയമാണ്. കൃത്യമായ ചികിത്സ സാധ്യമാകണമെങ്കില്‍ രോഗികളെ നന്നായി നിരീക്ഷിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. തന്റെ 50 വര്‍ഷത്തോളം നീണ്ടുനിന്ന വൈദ്യവൃത്തിയില്‍ 200 ഓളം ശസ്ത്രക്രിയാഉപകരണങ്ങള്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു.

പഠനവും പ്രാക്ടീസും അധ്യാപനവുമൊക്കെയായി ജീവിതകാലഘട്ടത്തിലധികവും കൊര്‍ദോവയില്‍ ചെലവഴിച്ച അദ്ദേഹം 1013-ല്‍ മരണപ്പെട്ടു.

About the author

padasalaadmin

Add Comment

Click here to post a comment

Topics