സാങ്കേതിക ശബ്ദങ്ങള്‍

ഇബാദത്ത്

ആരാധന, അടിമത്തം, അനുസരണം, വിധേയത്വം തുടങ്ങിയ അര്‍ഥങ്ങളുള്‍ക്കൊള്ളുന്ന അറബി പദമാകുന്നു ഇബാദത്ത്. മനുഷ്യന്‍ തന്റെ ഏക ആരാധ്യനും താന്‍ ആത്യന്തികമായി അടിമപ്പെടേണ്ടവനും നിരുപാധികം അനുസരിക്കേണ്ടവനും അല്ലാഹു മാത്രമാണെന്ന് വിശ്വസിച്ചുകൊണ്ട് അതിന്റെ താല്‍പര്യമനുസരിച്ചു കര്‍മം ചെയ്യുന്നതിനെയാണ് ഇസ്‌ലാമിക ദര്‍ശനം ‘ഇബാദത്ത്’ എന്നുവിളിക്കുന്നത്. മനുഷ്യജന്‍മത്തിന്റെ അര്‍ഥമായിട്ടാണ് ഖുര്‍ആന്‍ ഇബാദത്തിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. ”മനുഷ്യ വംശത്തെയും ജിന്നുവംശത്തെയും ഞാന്‍ സൃഷ്ടിച്ചിട്ടുള്ളത് അവര്‍ എനിക്ക് ഇബാദത്തു ചെയ്യുന്നതിനുമാത്രമാകുന്നു” (51: 56)
ഇബാദത്ത് അതിന്റെ എല്ലാ അര്‍ഥത്തിലും അല്ലാഹുവിനു മാത്രമേ പാടുള്ളൂവെന്നത് ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തമാകുന്നു. ഏകദൈവ വിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യവുമാണത്. ദൈവം ഒന്നേയുള്ളൂ വെങ്കില്‍ അവന്‍ മാത്രമാണ് മനുഷ്യന്റെ ആരാധനയ്ക്കും നിരുപാധികമായ അനുസരണത്തിനും വിധേയത്വത്തിനും അര്‍ഹന്‍. മനുഷ്യന്‍ അല്ലാഹുവല്ലാത്ത മറ്റെന്തിനെങ്കിലും ആരാധനയോ നിരുപാധികമായ അനുസരണമോ വിധേയത്വമോ അടിമത്തമോ വകവെച്ചു കൊടുക്കുന്നുവെങ്കില്‍ അവന്‍ അതിനെ അല്ലാഹുവിന്റെ പങ്കാളിയാക്കുന്നുവെന്നാണര്‍ഥം.മണ്‍മറഞ്ഞ പുണ്യാത്മാക്കള്‍ക്കോ, വിഗ്രഹങ്ങള്‍ക്കോ, പ്രതിഷ്ഠകള്‍ക്കോ, ഇതര പദാര്‍ഥങ്ങള്‍ക്കോ ജീവികള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ആരാധനയും പൂജയും അര്‍പ്പിക്കുന്നത് അവയെ ദൈവമായി അംഗീകരിക്കലാകുന്നു. ദൈവമല്ലാത്ത ഏതു സൃഷ്ടിക്കും നിരുപാധികം അടിമപ്പെടുന്നതും അവരുടെ ആജ്ഞകളെയും വിലക്കുകളെയും നിരുപാധികം അനുസരിക്കുന്നതും അവര്‍ക്കുള്ള ഇബാദത്താകുന്നു. വിശ്വാസി ഏതു കര്‍മം ചെയ്യുമ്പോഴും ആത്യന്തികവും നിരുപാധികവുമായ നിയാമക ശക്തിയും ശാസകനുമായി അല്ലാഹുവിനെയാണംഗീകരിക്കേണ്ടത്. ആ ഭാവത്തോടെ അതിന്റെ താല്‍പര്യമായി ചെയ്യുന്ന കര്‍മം അല്ലാഹുവിനുള്ള ഇബാദത്തായിത്തീരുന്നു.
മനുഷ്യന്‍ തന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും ജ്ഞാനികളെയും നേതൃജനങ്ങളെയും നിര്‍ബന്ധമായും അനുസരിക്കുകയും ആദരിക്കുകയും വേണമെന്ന് അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു. ആ അനുസരണവും ആദരവും പക്ഷേ, അല്ലാഹുവിനോടുള്ള അനുസരണത്തിനും വിധേയത്വത്തിനും വിധേയമായിരിക്കണം. നിരുപാധികമായിരിക്കരുത്. സൃഷ്ടികളെ അനുസരിക്കുന്നത് ദൈവത്തെ ധിക്കരിക്കലാകുന്നിടത്ത് സൃഷ്ടികള്‍ ഒരിക്കലും അനുസരിക്കപ്പെട്ടുകൂടാ. ‘അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് യാതൊരു സൃഷ്ടിക്കും അനുസരണമില്ല’ എന്നാണ് ഇതു സംബന്ധിച്ച സിദ്ധാന്തം.
ഖുര്‍ആന്‍ അല്ലാഹുവിനുള്ള ഇബാദത്തിനു വിപരീതമായി പറയുന്നത് ‘ഇജ്തിനാബുത്ത്വാഗൂത്’ (പൈശാചിക ശക്തികളെ വെടിയുക) എന്നാണ്. അതായത് പൈശാചിക ശക്തികളുടെ സ്വാധീനത്തില്‍നിന്നും അനുസരണത്തില്‍നിന്നും അകന്ന് അല്ലാഹുവിനു വഴിപ്പെട്ടും അവന്റെ പ്രീതി കാംക്ഷിച്ചും കര്‍മം ചെയ്യുക. ആ കര്‍മം നോമ്പും നമസ്‌കാരവുമാകാം, യുദ്ധവും സംവാദവുമാകാം, കൃഷിയും കച്ചവടവുമാകാം. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തിക്കൊണ്ട് അവന്റെ വിധിവിലക്കുകള്‍ക്ക് വിധേയമായിട്ടാണ് ചെയ്യുന്നതെങ്കില്‍ എല്ലാം അല്ലാഹുവിനുള്ള ഇബാദത്താകുന്നു. പൈശാചിക പ്രേരണകള്‍ക്കു വിധേയരായി ദേഹേഛകള്‍ക്കനുസരിച്ചു മാത്രമാണ് ചെയ്യുന്നതെങ്കില്‍ ത്വാഗൂത്തിനുള്ള ഇബാദത്തുമാകുന്നു. ജീവിതത്തിന്റെ സകലമാന ചലനങ്ങളിലും പരമാധികാരിയും ശാസകനും ഉടമസ്ഥനുമായി അല്ലാഹുവിനെ അംഗീകരിക്കുമ്പോള്‍ മനുഷ്യ ജീവിതം മുഴുവന്‍ ഇബാദത്തായിത്തീരുന്നു.

Topics