സാങ്കേതിക ശബ്ദങ്ങള്‍

വ്യാജഹദീസുകള്‍ എങ്ങനെ തിരിച്ചറിയാം ?

ഒരു വ്യാജഹദീസ് എങ്ങനെയാണ് അനുവാചകന് തിരിച്ചറിയാനാവുക ? നിവേദകപരമ്പരയിലെ ആളുകളെയും നിവേദനത്തിന്റെ ഉള്ളടക്കത്തെയും പരിശോധിച്ചാല്‍ അത് വ്യാജമാണെന്ന് തെളിയിക്കുന്ന ചില ലക്ഷണങ്ങള്‍ കണ്ടെത്താനാവും.
നിവേദനപരമ്പരയിലെ ലക്ഷണങ്ങള്‍

1. നിവേദകന്‍ ഏവരാലും അറിയപ്പെട്ട കള്ളനായിരിക്കും . മാത്രമല്ല, വിശ്വസ്തനായ മറ്റൊരു നിവേദകന്‍ അതിനെ നിവേദനം ചെയ്യാന്‍ മുന്നോട്ടുവന്നിട്ടുമുണ്ടാകില്ല.
2. നിവേദിത ഹദീസ് തന്റെ തന്നെ സൃഷ്ടിയാണെന്ന് നിവേദകന്‍ തുറന്ന് സമ്മതിക്കും.
3. തന്റെ സമകാലികനല്ലാത്ത വ്യക്തിയില്‍നിന്നോ, താന്‍ നേരിട്ടുകണ്ടിട്ടില്ലാത്ത വ്യക്തിയില്‍നിന്നോ ഒരു നിവേദകന്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രസ്തുത നിവേദനം വ്യാജമാണെന്നതിന് തെളിവാണ്. ഹദീസ് കേട്ടതായി നിവേദകന്‍ അവകാശപ്പെടുന്ന സ്ഥലത്ത് അയാള്‍ പോയിട്ടേയില്ലെന്ന് തെളിഞ്ഞാലും ആ ഹദീസ് വ്യാജംതന്നെ.

ഹിശാമു ബ്‌നു അമ്മാറില്‍നിന്നാണ് ഒരു ഹദീസ് താന്‍ ശ്രവിച്ചതെന്ന് മഅ്മൂനുബ്‌നു അഹ്മദില്‍ ഹുറവി അവകാശപ്പെട്ടപ്പോള്‍ ഇബ്‌നു ഹിബ്ബാന്‍ ചോദിച്ചു: നിങ്ങളെപ്പോഴാണ് ശാമില്‍ പോയത്? മഅ്മൂന്‍: ഹി. 250-ാം വര്‍ഷം. ഇബ്‌നു ഹിബ്ബാന്‍: നിങ്ങള്‍ ഹദീസ് ശ്രവിച്ചുവെന്ന് പറയുന്ന ഹിശാം ഹി. 245-ാം വര്‍ഷംതന്നെ മരണപ്പെട്ടിട്ടുണ്ടല്ലോ. അങ്ങനെ ആ ഹദീസ് നിരാകരിക്കപ്പെട്ടു. ഈ പ്രക്രിയ സുഗമമാകാന്‍ നിവേദകരുടെ ജനനം, വാസം, യാത്ര, മരണം, ഗുരുക്കള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ചരിത്രകൃതികളില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്.

4. നിവേദകന്‍ വികാരാധീനനാകുന്നതും വ്യക്തി താല്‍പര്യങ്ങള്‍ക്കടിപ്പെടുന്നതും വ്യാജഹദീസുകളുടെ പിറവിക്ക് കാരണമാകാം. അത്തരം വ്യാജഹദീസുകള്‍ റിപോര്‍ട്ടുചെയ്യുന്നത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിച്ചാണ് അവയുടെ പൊള്ളത്തരം തെളിയിക്കുന്നത്. ഞങ്ങള്‍ സഅ്ദുബ്‌നു ത്വരീഫിന്റെ സന്നിധിയിലായിരിക്കെ അദ്ദേഹത്തിന്റെ പുത്രന്‍ പള്ളിക്കൂടത്തില്‍നിന്ന് കരഞ്ഞുകൊണ്ട് വന്നുകയറി. കാരണമെന്തെന്നാരാഞ്ഞപ്പോള്‍ അധ്യാപകന്‍ തല്ലിയതാണെന്ന് അവന്‍ മറുപടി പറഞ്ഞു. ഉടനെ വികാരാധീനനായി സഅ്ദ് പറഞ്ഞു: ഞാന്‍ ഇന്നവരെ മാനംകെടുത്തും. ഇബ്‌നു അബ്ബാസില്‍നിന്ന് ഇക്‌രിമ ഇങ്ങനെ നിവേദനംചെയ്തത് ഞാന്‍ കേട്ടിട്ടുണ്ട്: ‘നിങ്ങളിലെ ഏറ്റവും നീചരാണ് നിങ്ങളുടെ കുട്ടികളുടെ അധ്യാപകര്‍. അനാഥകളോട് ദയാരഹിതമായും അഗതികളോട് പരുഷമായും പെരുമാറുന്നവരാണവര്‍’.

ഉള്ളടക്കത്തിലെ ലക്ഷണങ്ങള്‍
1. ദുര്‍ബല പദാവലികള്‍: തികച്ചും സാരസമ്പുഷ്ടമായ പദങ്ങള്‍ അതീവകലാചാതുരിയോടെ ആവിഷ്‌കരിച്ചിരുന്ന പ്രവാചകന്‍തിരുമേനിയുടെ തിരുവായില്‍നിന്ന് ആശയദാരിദ്ര്യമുറ്റിയ പ്രയോഗങ്ങള്‍ പുറത്തുവന്നതായി ഏതെങ്കിലും ഹദീസില്‍ ദൃശ്യമായാല്‍ അത് വ്യാജമാണെന്നതിന് മറ്റുതെളിവുകള്‍ വേണ്ടതില്ല. ഇമാം ബല്‍ഖീനി ഈ ന്യായത്തിന് ഉപോല്‍ബലകമായി പറയുന്നത് കാണുക: ഒരു വ്യക്തിക്ക് ദീര്‍ഘകാലം സേവനം ചെയ്ത പരിചാരകനെ സംബന്ധിച്ചിടത്തോളം അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചിരപരിചിതമാവുക സ്വാഭാവികമാണ്. അങ്ങനെയിരിക്കെ അയാള്‍ക്ക് ഒരു വസ്തു വെറുപ്പായിരുന്നെന്ന് ആരെങ്കിലും അസത്യമായി വാദിച്ചാല്‍ അത് കേള്‍ക്കുന്ന മാത്രയില്‍തന്നെ ആ വാദം പൊള്ളയാണെന്ന് പരിചാരകന് മനസ്സിലാകും. സമാനമാണ് ആശയദാരിദ്ര്യമുള്ള ഹദീസുകളുടെ കാര്യവും.
2. അയഥാര്‍ഥആശയങ്ങള്‍: ഒരു നിലക്കും വ്യാഖ്യാനത്തിനുവഴങ്ങാത്ത അയഥാര്‍ഥ ആശയങ്ങളുള്‍ക്കൊള്ളുന്ന ഹദീസുകളും വ്യാജഹദീസുകളുടെ ഗണത്തിലുള്‍പ്പെടുന്നു. നൂഹ് നബിയുടെ കപ്പല്‍ കഅ്ബയെ 7 പ്രാവശ്യം പ്രദക്ഷിണം ചെയ്‌തെന്നും മഖാമു ഇബ്‌റാഹീമിന്റെ അടുക്കല്‍ നമസ്‌കരിച്ചെന്നുമുള്ള ഹദീസ് പ്രകടമായ യുക്തിരാഹിത്യം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ വ്യാജവും.

ഖുര്‍ആനുമായി വൈരുധ്യം
ഖുര്‍ആന്നും സര്‍വാംഗീകൃത പ്രവാചകവചനങ്ങള്‍ക്കും വിരുദ്ധമായി വരുന്നതെല്ലാം വ്യാജങ്ങളില്‍പെട്ടതാണ്. ചില ഉദാഹരണങ്ങള്‍:
1. ‘ജാരസന്താനം ഏഴുതലമുറവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’ എന്ന വ്യാജവചനം, ഒരാളും മറ്റൊരാളുടെ പാപഭാരം പേറേണ്ടിവരില്ല എന്ന ഖുര്‍ആനികസൂക്തത്തിന് കടകവിരുദ്ധമാണ്.

2. ‘യാഥാര്‍ഥ്യനിഷ്ഠമായ ഒരു ഹദീസ് എന്നില്‍നിന്ന് നിങ്ങള്‍ക്ക് വന്നുകിട്ടിയാല്‍ നിങ്ങളതുസ്വീകരിക്കുക. ഞാനങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ‘ എന്ന ഹദീസ് എന്റെ മേല്‍ കള്ളമാരോപിക്കുന്നവന്‍ നരകത്തില്‍ തന്റെ സ്ഥാനം ഉറപ്പാക്കിക്കൊള്ളട്ടെയെന്ന മുതവാതിറായ ഹദീസിന് നേര്‍വിരുദ്ധമാണ്.

3. ‘ആരെങ്കിലും തന്റെ സന്താനത്തിന് മുഹമ്മദ് എന്ന് പേരുവിളിച്ചാല്‍ അവര്‍ രണ്ടുപേരും സ്വര്‍ഗത്തിലാണ് ‘,’മുഹമ്മദ് എന്നോ അഹ്മദ് എന്നോ പേരുള്ള ഒരാളെയും നരകത്തില്‍ പ്രവേശിപ്പിക്കുകയില്ലെന്ന് അല്ലാഹുതന്നെ ആണയിട്ട് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു’ എന്നൊക്കെയുള്ള ഹദീസുകള്‍ പാരത്രികവിജയം കര്‍മങ്ങളെ ആസ്പദിച്ചാണെന്നും വിളിപ്പേരുകള്‍ക്കോ നാമധേയങ്ങള്‍ക്കോ അതില്‍ യാതൊരു പങ്കുമില്ലെന്നും സ്ഥാപിക്കുന്ന ഖുര്‍ആനെയും സുന്നത്തിനെയും പരിഹസിക്കുകയാണ്.

4. പ്രസിദ്ധമായ ചരിത്രസാഹചര്യങ്ങളില്‍നിന്ന് ഭിന്നതപുലര്‍ത്തുകനബിതിരുമേനി(സ) ഖൈബറുകാര്‍ക്ക് ജിസ്‌യഃ ചുമത്തിയെന്നും സഅ്ദുബ്‌നു മുആദിന്റെ രക്തസാക്ഷ്യത്തോടെ അവരെ ഞെരുക്കിയിരുന്ന നിയമങ്ങള്‍ എടുത്തുകളഞ്ഞെന്നും അന്ന് മുആവിയ നബിയുടെ വഹ്‌യെഴുത്തുകാരനായിരുന്നുവെന്നും പറയുന്ന ഹദീസ് ഉദാഹരണം. ഖൈബര്‍ യുദ്ധം നടന്ന വര്‍ഷം ജിസ്‌യഃ നിയമവിധേയമായിരുന്നില്ല. ജിസ്‌യഃ സൂക്തം തബൂക് യുദ്ധം നടന്ന വര്‍ഷമാണ് അവതരിച്ചിട്ടുള്ളത്. സഅ്ദ്ബ്‌നു മുആദ് അതിന് മുമ്പ് നടന്ന ഖന്‍ദഖ് യുദ്ധത്തില്‍തന്നെ രക്തസാക്ഷ്യം വഹിച്ചിരുന്നു. മുആവിയയാകട്ടെ, മക്കാവിജയവേളയിലാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. ഇതെല്ലാം ചരിത്രത്തില്‍ സ്ഥിരപ്പെട്ട സംഗതിയാണ്.

5. നിവേദകന്റെ മദ്ഹബിനോടുള്ള പക്ഷം
ഒരു റാഫിദി, പ്രവാചകകുടുംബത്തിന്റെ മഹിമ വിളംബരം ചെയ്യുന്ന ഹദീസോ, മുര്‍ജിഅ് തന്റെ ചിന്താധാരയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഹദീസോ നിവേദനംചെയ്താല്‍ അതിന്റെ സാധുത ചോദ്യം ചെയ്യപ്പെടും. ഇതു പോലെത്തന്നെയാണ് ഇതരചിന്താധാരകളുടെ കാര്യവും.

6. ധാരാളം പേര്‍ നിവേദനംചെയ്യാന്‍ സാധ്യതയുള്ള ഹദീസ് ഒരാള്‍ മാത്രം നിവേദനംചെയ്യുക
ഒരു സംഭവം നടക്കുന്നത് ജനമധ്യത്തിലാവുകയും അതിന്റെ നിവേദകന്‍ ഒരാള്‍ മാത്രമാവുകയും ചെയ്യുക. തിരുമേനി പറഞ്ഞത് ധാരാളം അനുയായികളുടെ സാന്നിധ്യത്തിലാണെന്ന് ഹദീസില്‍ സൂചനയുണ്ടുതാനും. അത്തരം സംഭവം ഒരു നിവേദകന്‍ മാത്രം റിപോര്‍ട്ടുചെയ്തിട്ടുള്ളൂവെങ്കില്‍ അത് വ്യാജങ്ങളുടെ ഗണത്തില്‍പെടുത്താം.

7. അതീവലളിത കര്‍മത്തിന് വന്‍പ്രതിഫലം നിസ്സാരതെറ്റിന് വലിയ ശിക്ഷ

ഇത്തരം ഹദീസുകള്‍ വ്യാജമാണെന്നതിന് അവ സ്വയംതന്നെ സാക്ഷിയാണ്. ജനഹൃദയങ്ങള്‍ നിര്‍മലമാക്കുകയും അവരെ അത്ഭുതപരതന്ത്രരാക്കുകയുംചെയ്യുകയെന്ന ലക്ഷ്യത്തോടെ കാഥികരാണ് ഇത്തരം കെട്ടിച്ചമച്ച ഹദീസുകള്‍ക്ക് പ്രചാരം നല്‍കിയത്. വ്യാജഹദീസ് കേള്‍ക്കുന്നതുതന്നെ സത്യവിശ്വാസിയുടെ മനഃസ്സാക്ഷിക്ക് അസുഖകരമായ അനുഭവമാണെന്നും അതു കേള്‍ക്കുന്നതോടെ അയാളുടെ അന്തഃരംഗം അസ്വസ്ഥപൂര്‍ണമാവുമെന്നും ഇബ്‌നുല്‍ജൗസി വ്യക്തമാക്കിയിട്ടുണ്ട്.

About the author

padasalaadmin

Add Comment

Click here to post a comment

Topics