ഖുര്‍ആന്‍-Q&A

ഹൂറികള്‍; സ്വര്‍ഗീയാനുഗ്രഹങ്ങള്‍ പുരുഷന്‍മാര്‍ക്കു മാത്രമോ ?

ചോ: ഇത് എന്റെ കൂട്ടുകാരന്റെ സംശയമാണ്. ഇസ്‌ലാം കള്ളമാണെന്ന് അവന്‍ വിചാരിക്കുന്നു. ഖുര്‍ആന്‍ അല്ലാഹു ഇറക്കിയതാണെന്ന് അവനെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചെങ്കിലും  അവന്‍ പറയുന്നത് ഇതാണ്: ‘ഖുര്‍ആന്‍ പറയുന്നതനുസരിച്ച് ഇസ്‌ലാം പുരുഷന്‍മാരുടെ മതമാണ്. കാരണം, ഖുര്‍ആന്‍ സ്വര്‍ഗസുന്ദരികളായ ഹൂറികളെ വാഗ്ദാനംചെയ്ത് ആണുങ്ങളെ പ്രലോഭിപ്പിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളെ പ്രതിഫലമായി നല്‍കുമെന്ന് പറയുന്നില്ല.  അതിനാല്‍ ലൈംഗികതയെ പുരുഷന്‍മാരെ ആകര്‍ഷിക്കാനുള്ള ഉപകരണമായി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നു.’ ഈ വിഷയത്തില്‍ കൂട്ടുകാരന്റെ വാദം തെറ്റാണെന്ന് എങ്ങനെയാണ് തെളിയിക്കാനാകുക?

……………………………….

ഉത്തരം: സഹോദരന്റെ തെറ്റുധാരണ നീക്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമം അഭിനന്ദനാര്‍ഹംതന്നെ. അല്ലാഹു അനുഗ്രഹിക്കട്ടെ. അല്ലാഹു നമുക്ക് സന്‍മാര്‍ഗം നല്‍കുമാറാകട്ടെ. അല്ലാഹുവിന്റെ വചനങ്ങളാണ് ഖുര്‍ആന്‍ എന്നകാര്യം മനസ്സില്‍ ഊട്ടിയുറപ്പിക്കുക. ജനങ്ങളെ മാര്‍ഗദര്‍ശനംചെയ്യാന്‍ വളഞ്ഞവഴിയൊന്നും ദൈവത്തിന് ആവശ്യമില്ല. എന്തെങ്കിലും ഉപായംകാട്ടി ആളുകളെ വിഡ്ഢിയാക്കുന്നതിനെ മാര്‍ഗദര്‍ശനം എന്നുപറയില്ല. തന്നെ അനുഗമിക്കുന്നവരെ പരിഹസിക്കാനുള്ള പിശാചിന്റെ ആയുധമാണ് ഉപായം.

പിശാചും അവന്റെ അനുയായികളും ആളുകളെ അല്ലാഹുവില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഉപയോഗിക്കുന്ന ലൈംഗികതയെ ഖുര്‍ആനുമായി ചേര്‍ത്തുപറഞ്ഞത് വളരെ അത്ഭുതകരമായിരിക്കുന്നു. തന്റെ ജീവിതത്തെ അല്ലാഹുവിന് വഴിപ്പെട്ട് അവന്‍ കല്‍പിച്ചവിധം ഇഹലോകത്ത് ചരിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം വാഗ്ദാനംചെയ്തിട്ടുണ്ട്.

നാം എവിടെ തിരിഞ്ഞാലും നമ്മുടെ കണ്ണും ഹൃദയവും കവരുംവിധം ലൈംഗികതയുടെ പ്രകാശനമാണ് ഉള്ളത്. മാഗസിനുകള്‍, സിനിമകള്‍, ടെലിവിഷന്‍, ദിനപത്രങ്ങള്‍, ചാനലുകള്‍ എന്നുതുടങ്ങി എല്ലാമാധ്യമങ്ങളും അവരുടെ ഉല്‍പന്നങ്ങളുടെ പരസ്യങ്ങളിലേക്കും സേവനങ്ങളിലേക്കും ആളുകളെ ആകര്‍ഷിക്കുകയാണ്.ആളുകളെ ലൈംഗികതയെന്ന ഇരകൊളുത്തി ഇവ്വിധം വ്യവസായലോകം ആകര്‍ഷിക്കുന്നതിനെ താങ്കളുടെ കൂട്ടുകാരന്‍ കുറ്റപ്പെടുത്താറുണ്ടോ? പരസ്യത്തില്‍ കാണുംപോലെഒരു പ്രത്യേകഉത്പന്നം  ഉപയോഗിച്ചാല്‍ തന്നെ സുന്ദരിമാര്‍ വലയംചെയ്യുമെന്ന മൂഢവിശ്വാസത്തെ മനശാസ്ത്രപരമായി ചൂഷണംചെയ്യുകയാണ് പരസ്യനിര്‍മാതാക്കള്‍ ചെയ്യുന്നത്. 

അല്ലാഹു കല്‍പിച്ചകാര്യങ്ങള്‍ പൂര്‍ണമായും അനുധാവനംചെയ്യുന്ന കാര്യത്തില്‍ ആണിനുംപെണ്ണിനും തുല്യബാധ്യതയാണെങ്കിലും അവര്‍ക്കുള്ള പ്രതിഫലത്തിന്റെ കാര്യത്തില്‍ ഓരോവര്‍ഗത്തിന്റെയും പ്രകൃതിയെ അല്ലാഹുപരിഗണിച്ചിരിക്കുന്നു. സ്ത്രീയും പുരുഷനും ചിന്തയിലും സന്തോഷം അനുഭവിക്കുന്ന കാര്യത്തിലും വ്യത്യസ്തരാണല്ലോ.

അല്ലാഹു നമ്മോട് മാതാക്കളുടെയും ഭാര്യമാരുടെയും പെണ്‍മക്കളുടെയും അവകാശങ്ങളും അഭിമാനവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് അനിഷ്ടകരമായ ഒരു സംഗതി  പ്രതിഫലമായി നല്‍കുമെന്ന് പറഞ്ഞ് അവരുടെ അഭിമാനമെന്തിന് അല്ലാഹു വ്രണപ്പെടുത്തണം?! 

ഒരേ സമയം ഒന്നിലേറെ ഭര്‍ത്താക്കന്‍മാരെ സ്വീകരിക്കുക സ്ത്രീകളുടെ സഹജസ്വഭാവമല്ല. അത്തരത്തിലുള്ള സ്ത്രീകളെ കണ്ടുകിട്ടാനും പ്രയാസമാണ്. എന്നല്ല, മനുഷ്യരെന്ന നിലക്ക് അത്തരത്തില്‍ സ്ത്രീകള്‍ ആഗ്രഹമുള്ളവരാകുകയെന്നത് ലജ്ജാകരമാണ്. പുരുഷന്‍മാര്‍ തികച്ചും വ്യത്യസ്തമായ സ്വഭാവത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ അവര്‍ ഒന്നിലേറെ ഭാര്യമാരെ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. നാലുവരെയാകാം എന്ന് അനുവാദംനല്‍കിയ അല്ലാഹുപോലും പക്ഷേ ഒരു ഇണയുമായുള്ള ജീവിതമാണ് ഇഹലോകത്ത്  മുന്നോട്ടുവെക്കുന്നത്. സ്വര്‍ഗത്തില്‍ അവന്‍ നമുക്ക് നല്‍കുന്ന ഇണകളെക്കുറിച്ച സന്തോഷവാര്‍ത്ത യഥാര്‍ഥത്തില്‍ അവനെ അനുസരിച്ച് ജീവിച്ചതിനുള്ള പ്രതിഫലംമാത്രമാണ്.

സ്വര്‍ഗലോകത്ത് മനുഷ്യര്‍തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ദുഷ്ചിന്തകള്‍ ഉണ്ടാകുകയില്ല. അതുപോലെ തങ്ങളര്‍ഹിച്ചതിനേക്കാള്‍ വളരെ കുറച്ചുമാത്രമേ ലഭിച്ചുള്ളൂ എന്ന നിരാശയും അവരെ പിടികൂടുകയില്ല. സ്ത്രീകളും പുരുഷന്‍മാരും വ്യത്യസ്തകാര്യങ്ങളാണ് കൊതിക്കുക. അതിനാല്‍ അവര്‍ക്കിഷ്ടമില്ലാത്തത് അല്ലാഹു അവര്‍ക്ക് നല്‍കുകയില്ല. ഇത്രയും പറഞ്ഞത് താങ്കളുടെ കൂട്ടുകാരന് ബോധ്യമാകുമെന്ന് കരുതട്ടെ. കൂടുതല്‍ നന്നായറിയുന്നവന്‍ അല്ലാഹുവാണല്ലോ.

Topics