മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിവെക്കേണ്ടത് വളരെ അനിവാര്യമാണെന്ന് മുസ്ലിംപണ്ഡിതന്മാര്ക്ക് ബോധ്യമായി. ‘സീറകള്‍’എന്ന പേരില്‍ ധാരാളം നബിചരിത്രങ്ങളുണ്ടായി. ഇസ്ലാമിന്റെ സന്ദേശവും കര്മാനുഷ്ഠാനരീതികളും പിന്‍തലമുറക്ക് ശരിയായി ഗ്രഹിക്കാന്‍ പ്രവാചകനെ സംബന്ധിച്ച വിവരണങ്ങളുടെ സമാഹരണം അനിവാര്യമായിരുന്നു. മുസ്ലിംകളില് ചരിത്രപഠന കൗതുകം വളര്‍ത്താന്‍ സഹായിച്ച ഘടകമാണിത്. പ്രവാചകവചനങ്ങളുടെ ശേഖരണം സൂക്ഷ്മമായ ചരിത്രപഠനത്തിന് വഴിതുറന്നു. ഈ സംരംഭത്തിന്റെ പാര്‍ശ്വഫലമായിരുന്നു ഹദീസ് നിവേദകരായ വ്യക്തികളെക്കുറിച്ച വിശദമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍. ഓരോ ഹദീസ് നിവേദകന്റെയും ജീവിതചരിത്രം പഠിക്കാനും രേഖപ്പെടുത്താനും മുസ്ലിംപണ്ഡിതന്മാര് ഉത്സാഹിച്ചു.
ഭക്തരും സൂക്ഷ്മശാലികളുമായ മതപണ്ഡിതന്മാര് വസ്തുതകള്‍ സത്യസന്ധമായാണ് രേഖപ്പെടുത്തിയത്. പൊതുതാല്പര്യം മുന്‍നിര്‍ത്തി ചരിത്രപുരുഷന്മാരുടെ കുറ്റങ്ങളും കുറവുകളും തുറന്നുപറയേണ്ടത് ആവശ്യമാണെന്ന് പ്രവാചകാധ്യാപനത്തില്‍നിന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ചരിത്ര പ്രതിപാദനത്തില്‍ വസ്തുനിഷ്ഠത ഉറപ്പുവരുത്താന്‍ അവര്‍ ശ്രദ്ധിച്ചു. എന്നാല്‍ പില്ക്കാല കൊട്ടാര ചരിത്രകാരന്മാര് രാജാക്കന്മാരുടെ അപദാനങ്ങള്‍ മാത്രം രേഖപ്പെടുത്തിവെച്ചു. എന്നാല്‍ ബോധപൂര്‍വമുള്ള കൃത്രിമങ്ങള്‍ മുസ്ലിംചരിത്രരചനകളില് താരതമ്യേന കുറവാണ്.
വംശാവലി ഓര്‍ത്തുവെക്കുന്ന പതിവ് പണ്ടുകാലത്തെ അറബികള്‍ക്കുണ്ടായിരുന്നു. പിതാവ്, പിതാമഹന് തുടങ്ങി പൂര്‍വികരിലേക്ക് ചേര്‍ത്ത് അറിയപ്പെടാന്‍ അറബികള്‍ ഇഷ്ടപ്പെട്ടു. അതിനാല്‍ ഓരോ കുടുംബവും തങ്ങളുടെ പൂര്വികരെക്കുറിച്ച വിവരങ്ങള്‍ ഓര്‍മയില്‍ സൂക്ഷിച്ചുവന്നു. ഇസ്ലാമിലേക്ക് വന്ന അനറബി ഗോത്രങ്ങളിലേക്കും ഈ ശീലം വ്യാപിക്കുകയുണ്ടായി. താവഴികളുടെയും കുലങ്ങളുടെയും പേര്വിവരങ്ങള് അറിയുന്നത് അഭിമാനമായി അറബികള്‍ കരുതിയിരുന്നു. വംശചരിത്രം ലിഖിതരൂപത്തില്‍ രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നത് ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷമാണ്. സുബൈര്‍ ഇബ്നു ബക്കറിന്റെ ‘നസബുല് ഖുറൈശ്’ ബലാദുരിയുടെ ‘കിതാബുല്‍ അന്‍സാബ്’ എന്നീ കൃതികളുടെ പ്രതിപാദ്യം അറബിവംശചരിത്രമാണ്.
ചരിത്രത്തിലെ പ്രത്യേകസംഭവങ്ങളെ ആധാരമാക്കി സ്വയം സമ്പൂര്‍ണമായ വിവരണങ്ങള്‍ നല്‍കുക മുസ്ലിംചരിത്രകാരന്മാരുടെ രീതിയായിരുന്നു. ‘ഖബര്‍’ (ഒരു വാര്‍ത്ത)എന്ന പേരിലാണ് ഇത്തരം ചരിത്രാഖ്യാനങ്ങള്‍ അറിയപ്പെട്ടത്. അലി ഇബ്നു അല്‍ മദാഇനി(ഹി. 752-830)യുടെ ചരിത്രപുസ്തകങ്ങള്‍ ഇതിന് തെളിവായി എണ്ണാറുണ്ട്. ഇതരചരിത്രകാരന്മാരുടെ ഉദ്ധരണികളില്നിന്നുമാത്രമാണ് അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ച വിവരം നമുക്ക് ലഭിക്കുന്നത്. അമീര്‍ ഖുസ്രുവിന്റെ ‘ഖസാഇനുല്‍ ഫുത്തൂഹ്’ , ‘തുഗ്ലക് നാമ’ എന്നീ കൃതികളും ‘ഖബര്‍ ‘ രീതിയിലുള്ള ചരിത്രാഖ്യാനത്തിന്റെ നല്ല മാതൃകകളാണ്. ഹദീസ് നിവേദകരുടെ ജീവചരിത്ര പഠനങ്ങളില്‍നിന്നാണ് ഖബര്‍ ചരിത്ര വിവരണരീതി ഉരുത്തിരിഞ്ഞത്.
‘തദ്കിറ’ എന്ന പേരില്‍ അറിയപ്പെട്ട മറ്റൊരു ജീവചരിത്രശാഖയും മുസ്ലിംലോകത്ത് പ്രചാരംനേടിയിരുന്നു. കവികള്‍ , സ്വൂഫികള്‍, പണ്ഡിതന്മാര് മുതലായവരുടെ ലഘുജീവചരിത്രാനുസ്മരണങ്ങളാണ് ‘തദ്കിറ’ . കവികളുടെ ‘തദ്കിറ’ കളില്‍ വിമര്‍ശനങ്ങളും അടങ്ങിയിരുന്നതിനാല്‍ വളരെ ശ്രദ്ധിക്കപ്പെട്ടു. സ്വൂഫികളുടെ ‘തദ്കിറ’കള്‍ക്കായിരുന്നു കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. പ്രവാചകന്റെ ജീവിതത്തിലൂടെ ഇസ്ലാമിനെ പഠിക്കുക എന്ന ആശയം പണ്ഡിതന്മാരുടെയും സ്വൂഫികളുടെയും ജീവിതപഠനത്തിന് പ്രോത്സാഹനമായി വര്‍ത്തിച്ചു.
വര്‍ഷാവര്‍ഷം നടക്കുന്ന സംഭവങ്ങളെ ക്രമാനുസൃതം രേഖപ്പെടുത്തിയ ചരിത്രഗ്രന്ഥങ്ങളെയാണ് ‘താരീഖ്’എന്ന് വിളിക്കുന്നത്. ഹിജ്റ കലണ്ടര്‍ ആരംഭിച്ചതുമുതലേ മുസ്ലിംകള്ക്കിടയില് ‘താരീഖ്’ എന്ന പ്രയോഗം ഉടലെടുത്തിരുന്നു. ഹിജ്റ നാലാംനൂറ്റാണ്ടില്‍ ത്വബരി രചിച്ച ചരിത്രഗ്രന്ഥമാണ് താരീഖ് ശാഖയില്‍ ഏറ്റവും പ്രസിദ്ധം. അപഗ്രഥനസ്വഭാവമുള്ള ആദ്യത്തെ മുസ്ലിംചരിത്രഗ്രന്ഥമിതാണ്. വിവരശേഖരണത്തിലെ വൈപുല്യവും കൃത്യതയുമാണ് ത്വബരിയെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നത്. ഹി. മൂന്നാം നൂറ്റാണ്ടില്‍ ഉമര്‍ ഇബ്നു വതീമ അപഗ്രഥനസ്വഭാവമുള്ള ഒരു ചരിത്രഗ്രന്ഥം രചിച്ചിരുന്നുവെങ്കിലും അത് ഏറെ അറിയപ്പെട്ടില്ല. ത്വബരിക്കുശേഷം ഹി. 616 വരെ ആധികാരിക ചരിത്രരചന നടത്തിയ ധാരാളം ചരിത്രകാരന്മാരുടെ പേരുവിവരം അലി ഇബ്നു യൂസുഫുല്‍ ഖിഫ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
‘ത്വബഖാത്ത്’ ആണ് ചരിത്രരചനയിലെ മറ്റൊരു ശാഖ. പാളി എന്നാണ് ‘ത്വബഖാത്’ ന്റെ അര്‍ഥം. ഒരു തലമുറയെ സൂചിപ്പിക്കാനാണ് ചരിത്രകാരന്മാര് ഈ പദം ഉപയോഗിച്ചത്. ഹദീസ് നിവേദകരുടെ വ്യത്യസ്ത തലമുറകളെ കുറിക്കാനായിരുന്നു തുടക്കത്തില്‍ ‘ത്വബഖത്ത്’ എന്ന് ഉപയോഗിച്ചിരുന്നത്. പിന്നീടത് വളരെ ഉദാരമായി ഉപയോഗിക്കാന്‍ തുടങ്ങി. വിവിധ ജനവിഭാഗങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന സാഹിത്യശാഖയെ ഉദ്ദേശിച്ചാണ് ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. പലപ്പോഴും ഒരു വാഴ്ചയുടെ ചരിത്രം പ്രതിപാദിക്കുന്നതില്‍ പരിമിതമായിരുന്നു ഒരു ത്വബഖയുടെ ഉള്ളടക്കം. ചില ത്വബഖകള്ക്ക് തദ്കിറകളോടായിരുന്നു കൂടുതല്‍ സാദൃശ്യം. ഇബ്നു അബീ ഉസൈബയുടെ വൈദ്യന്മാരെ കുറിച്ചുള്ള പുസ്തകവും അബൂഇസ്ഹാഖ് അല്‍ ശീറാസിയുടെ ഫുഖഹാഇനെക്കുറിച്ചുള്ള പുസ്തകവും ഉദാഹരണം. ത്വബഖകളും തദ്കിറകളും അക്ഷരമാലാക്രമത്തില്‍ ക്രമീകരിച്ചിരുന്നതിനാല്‍ ജീവചരിത്രനിഘണ്ടുവിന്റെ സ്വഭാവം അവയ്ക്ക് കൈവന്നു.
ചരിത്രരചനയ്ക്ക് ഉപകാരപ്രദമായ പല സങ്കേതങ്ങളും മുസ്ലിംചരിത്രകാരന്മാര് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വസ്തുനിഷ്ഠ വിവരങ്ങളെ ആസ്പദമാക്കിയുള്ള സ്ഥിതി വിവരപ്പട്ടികകള് അവയിലൊന്നാണ്. ഒരു പ്രസ്താവനയ്ക്ക് ഉപോദ്ബലകമായി ഇത്തരം പട്ടികകള്‍ കൊടുക്കുന്ന രീതി മുസ്ലിംചരിത്രഗ്രന്ഥങ്ങളില് സാര്‍വത്രികമായി കാണാം. ഗ്രന്ഥരചനക്കുപയോഗിച്ച ആധാരഗ്രന്ഥങ്ങള്‍, ഔദ്യോഗികരേഖകള്‍, അഭിമുഖ സംഭാഷണങ്ങള്‍ എന്നിവയെക്കുറിച്ച വിശദവിവരങ്ങളും മുസ്ലിംചരിത്രകാരന്മാര് തങ്ങളുടെ ഗ്രന്ഥങ്ങളുടെ അനുബന്ധമായി രേഖപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പുറമെ, കോടതികളും ഭരണകൂടങ്ങളും രേഖകള്‍ സൂക്ഷിച്ചുവെച്ചിരുന്നു.
Add Comment