Global

വംശീയവാദികളുടെ ഹര്‍ജി കോടതി തള്ളി; വിക്ടോറിയയില്‍ പള്ളി ഉയരും

മെല്‍ബണ്‍: വിക്ടോറിയ സംസ്ഥാനത്തെ പട്ടണമായ ബെന്‍ഡിഗോയില്‍ പള്ളിനിര്‍മിക്കുന്നതിനെതിരെ വംശീയവാദികള്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കാന്‍ ആസ്‌ത്രേലിയന്‍ ഹൈക്കോടതി വിസമ്മതിച്ചു. അതോടെ 2.60 മില്യണ്‍ ഡോളറിന്റെ ഇസ്‌ലാമിക് സെന്റര്‍ സമുച്ചയം പണിയാനുള്ള അവസാനകടമ്പയും സെന്റര്‍ സമിതി കടന്നിരിക്കുകയാണ്. അതേസമയം ഹര്‍ജിയുമായി മുന്നോട്ടുവന്ന വംശീയവാദികള്‍ തങ്ങള്‍ കോടതിതീരുമാനത്തില്‍ അസംതൃപ്തരാണെന്നും വെറുതെയിരിക്കില്ലെന്നും തങ്ങളുടെ ഫെയ്‌സ്ബുക് പേജില്‍ വ്യക്തമാക്കി.

ബെന്‍ഡിഗോയില്‍ പള്ളിനിര്‍മാണത്തിന് മേയര്‍ റോഡ് ഫിഫിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ 2014 ജൂണില്‍ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് രാജ്യത്തൊട്ടാകെ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. വംശീയവാദികള്‍ പള്ളിനിര്‍മാണത്തിനെതിരെ പ്രതിഷേധറാലികള്‍ നടത്തുകയും അത് സംഘര്‍ഷത്തിന്റെ വക്കിലെത്തുകയും ചെയ്തു. പള്ളിനിര്‍മാണത്തെ പിന്തുണക്കുന്നവരുടെ ഓഫീസ് ,വീട് പരിസരങ്ങളില്‍ കറുത്ത ബലൂണുകള്‍ അവര്‍ കെട്ടിത്തൂക്കുകയുമുണ്ടായി.
‘ആസ്‌ത്രേലിയന്‍ ഹൈക്കോടതിയുടെ വിധി നീതിയും തുല്യപരിഗണനയും ഉറപ്പുവരുത്തുന്ന ജുഡീഷ്യറിയുടെ നിലപാടിനുള്ള തെളിവാണ്. വിധിയെ ഞങ്ങള്‍ സ്വാഗതംചെയ്യുന്നു. ബെന്‍ഡിഗോ ഇസ്‌ലാമിക് സെന്റര്‍ ഈ പട്ടണത്തിന് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടായിരിക്കും. എല്ലാ സംസ്‌കാരങ്ങളെയും പരസ്പരം അടുത്തറിയാനും അതിനെ പഠിക്കാനും ഉള്ള അവസരമായിരിക്കും അത് ഒരുക്കിക്കൊടുക്കുക’ആസ്‌ത്രേലിയന്‍ മുസ്‌ലിം കമ്യൂണിറ്റി നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Topics