ഹജജ്-ഫത്‌വ

ഹജ്ജ് വേളയിലെ രോഗപ്രതിരോധ മുന്‍കരുതലുകള്‍ – 1

ചോ: ഹജ്ജ് സീസണില്‍ പുതിയ രോഗങ്ങള്‍ പരത്തുന്ന മാരകവൈറസുകളുടെ ഭീഷണിയെ ഭയപ്പെടേണ്ടതുണ്ടോ ?

ഉത്തരം: നമ്മുടെ പ്രതിരോധത്തിന്‍റെ കടുത്ത ശത്രുവാണ് ഭയവും പരിഭ്രമവും. അങ്കലാപ്പും ഭയവും ഒരിക്കലും നമ്മിലുണ്ടാകാന്‍ പാടില്ലെന്നത് വളരെ പ്രധാനമാണ്. മാനസികസമ്മര്‍ദ്ദവും വിഷമതകളും നമ്മുടെ പ്രതിരോധത്തെ തകിടംമറിക്കും. ‘അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ’ എന്ന അത്തൗബ അധ്യായത്തിലെ 51-ാം വചനത്തിന്‍റെ വെളിച്ചത്തില്‍ ഹജ്ജിലെ ഓരോ നിമിഷങ്ങളും ആത്മീയമായ ഔന്നത്യംതേടിക്കൊണ്ട് കഴിച്ചുകൂട്ടുവാന്‍ നമുക്കുകഴിയണം. മുന്‍കരുതലുകള്‍ വേണ്ടെന്നല്ല ഈ പറഞ്ഞതിനര്‍ഥം. പ്രതിരോധത്തിനും ചികിത്സക്കുമായി ലോകത്ത് കണ്ടുപിടിച്ചിട്ടുള്ള എല്ലാ സംവിധാനങ്ങളും അതോടൊപ്പം നാം ഉപയോഗപ്പെടുത്തണം.

ചോദ്യം: ഹജ്ജ് കര്‍മത്തിനായി പുറപ്പെടുംമുമ്പ് എടുക്കേണ്ട വാക്സിനുകള്‍ എന്തെല്ലാമെന്ന് വിവരിക്കാമോ?

ഉത്തരം: നിര്‍ബന്ധമായും എല്ലാ ഹജ്ജ് തീര്‍ഥാടകരും എടുത്തിരിക്കേണ്ട വാക്സിനാണ് ‘മെനിജ്ഞോകോക്കല്‍ വാക്സിന്‍.’അതല്ലാത്തപക്ഷം സൗദി ഗവണ്‍മെന്‍റ് ഹജ്ജ് വിസ അനുവദിക്കുകയില്ല.
അതോടൊപ്പം ചില വാക്സിനുകള്‍ ഫിസിഷ്യന്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 65 നുമുകളില്‍ പ്രായമുള്ള പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങള്‍ ഉള്ള ആളുകള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വാക്സിനാണ് ന്യൂമോകോക്കല്‍ വാക്സിന്‍. അതോടൊപ്പം കൃത്യമായി പോളിയോ വാക്സിന്‍ എടുക്കുന്ന ശീലം നല്ലതാണ്(ഡോക്ടറുമായി സംസാരിച്ച് ബൂസ്റ്റര്‍ ഡോസ് വേണ്ടതുണ്ടോ എന്ന് ഉറപ്പുവരുത്തണം). അമേരിക്കയിലെ ഡിസീസ് കണ്‍ട്രോള്‍ സെന്‍റര്‍ ഫ്ളൂ ഭീഷണിയെ ചെറുക്കാന്‍ ഇന്‍ഫ്ളുവെന്‍സാ വാക്സിന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് ഓരോ വ്യക്തികളുടെയും താല്‍പര്യമനുസരിച്ചാണ്. വാക്സിനുകളെല്ലാം യാത്രപുറപ്പെടുന്നതിന്‍റെ രണ്ടാഴ്ച മുമ്പുതന്നെ എടുത്തിരിക്കണം.

 

Topics