അനുഷ്ഠാനം-ലേഖനങ്ങള്‍

ഹജ്ജ്, അത് ചെയ്തുതന്നെയറിയണം!

അല്ലാഹു തന്റെ ഭവനത്തില്‍ വന്ന് ഹജ്ജുചെയ്യാനായി അടിമകളെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനായി പ്രത്യേക സമയവും സന്ദര്‍ഭവും നിശ്ചയിച്ചിരിക്കുന്നു. അവര്‍ക്ക് ആതിഥ്യമരുളാനുള്ള സൗകര്യങ്ങളേര്‍പെടുത്തിയിരിക്കുന്നു. തന്റെ ഭവനം സന്ദര്‍ശിക്കുകയെന്നത് ദീനിന്റെ അടിസ്ഥാനസംഗതികളില്‍പെട്ടതാക്കി മാറ്റിയിരിക്കുന്നു. പ്രവാചകന്മാരുടെ മാതൃക പിന്‍പറ്റി അവരുടെ ചരിത്രം സ്മരിച്ച്, സംഭവലോകത്തെ തൊട്ടറിഞ്ഞ്, ഭാവിയെ പടുത്തുയര്‍ത്താനായി വിശ്വാസികള്‍ അവിടെ വന്നുചേരുന്നു.

നന്മകള്‍ പൂത്തുലയുന്ന പത്തുദിനങ്ങളില്‍ വിശ്വാസികള്‍ ഹജ്ജുകര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്ന്, കരയും കടലും താണ്ടി പരിശുദ്ധ ഹറം ലക്ഷ്യമാക്കി അവര്‍ യാത്ര തിരിക്കുന്നു. കഅ്ബാലയത്തെ വലംവെക്കാന്‍, അവിടത്തെ നിര്‍ഭയത്വത്തിന്റെ കുളിരുപകരാന്‍, വിശാലമായ മൈതാനത്ത് വിശ്വാസിസമുദ്രത്തില്‍ ഭാഗവാക്കാവാന്‍, ദൈവിക വിളിക്കുത്തരം നല്‍കി തല്‍ബിയത്ത് ഉരുവിടാന്‍ അവരവിടെ സന്നിഹിതരാവുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തില്‍ ലോലമായിരിക്കുന്നു അവരുടെ അവയവങ്ങള്‍. അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിന് മുന്നില്‍ ഭക്തിയോടെ നമിച്ചിരിക്കുന്നു. നാവുകളാവട്ടെ ദിക്‌റുകളും പ്രാര്‍ത്ഥനകളും കൊണ്ട് സജീവമാണ്. സത്യസന്ധമായ പ്രഖ്യാപനം, മനോഹരമായ മുദ്രാവാക്യം ‘ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക, ലാ ശരീക ലക ലബ്ബൈക്’. അല്ലാഹുവിന് വിധേയപ്പെട്ട്, അവന്റെ കരുണയാഗ്രഹിച്ച്, ശിക്ഷ ഭയപ്പെട്ട് എത്തിച്ചേര്‍ന്ന വിശ്വാസികളുടെ പ്രാര്‍ത്ഥന.
അനുസരണത്തിന്റെയും സുകൃതങ്ങളുടെയും പൂക്കാലമാണ് ഹജ്ജ്. ഇസ്ലാമിന്റെ അടിസ്ഥാനവും, ചിഹ്നവും അടയാളവുമാണ് അത്. മുസ്ലിം അനുഭവിക്കേണ്ട, നുകരേണ്ട മനോഹരമായ അവസ്ഥയാണ് അത്. അവനതില്‍ പാഠവും, സന്ദേശവുമുണ്ട്. അതില്‍ നിന്നാണ് അവന്‍ തന്റെ ജീവിതരീതിയും, സ്വഭാവവിശേഷണവും എടുത്തണിയുന്നത്. ഈ സന്ദര്‍ഭത്തില്‍ കാരുണ്യവാന്റെ സംഘത്തിന് ഭൂമി മുഴുക്കെ സാക്ഷിയാവും. ഖുര്‍ആന്റെ പ്രഭയില്‍ ആകാശം പ്രകാശിതമാവും. വിശ്വാസത്തിന്റെ ചൈതന്യത്തില്‍ കഅ്ബാലയം പട്ട് പുതക്കും. ലോകത്തിന്റെ നടുവില്‍, ഭൂമിക്ക് മീതെ, നന്മയുടെയും ദൈവബോധത്തിന്റെയും വസന്തത്തില്‍ ലോകം സാക്ഷിയാവുന്ന മഹത്തായ കര്‍മം.

ഐക്യവും കൂടിയാലോചനയും സ്ഫുരിക്കുന്ന രാഷ്ട്രീയ ശക്തിയാണ് ഹജ്ജ്. ഇടപാടുകളിലെ സാമ്പത്തിക ശക്തി കൂടിയാണ് അത്. സാഹോദര്യത്തിലും ഐക്യത്തിലും സാമൂഹിക മുഖം അത് ഉയര്‍ത്തിപ്പിടിക്കുന്നു. പ്രാര്‍ത്ഥനകളും ദിക്‌റുകളും കൊണ്ട് ആത്മീയാനുഭവം സൃഷ്ടിക്കുന്നു ഹജ്ജ്. നമസ്‌കാരവും, ത്വവാഫും, സഅ്‌യുമടക്കമുള്ള ശാരീരിക ആരാധനകളും ദിക്‌റും പ്രാര്‍ത്ഥനയും തല്‍ബിയത്തുമടക്കമുള്ള ആത്മീയ ആരാധനകളും സമ്മേളിക്കുന്ന അപൂര്‍വം വേദി കൂടിയാണ് അത്.

ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റം മഹത്തരമായ സംഗമമാണ് ഹജ്ജ്. ഹജ്ജാജിമാര്‍ ഒരൊറ്റ നബിയേയും ഒരൊറ്റ വേദത്തെയുമാണ് പിന്‍പറ്റുന്നത്. ഒരു ഖിബ്‌ലയിലേക്കാണ് അവര്‍ മുഖം തിരിക്കുന്നത്. ഒരേയൊരു ദൈവത്തെയാണ് അവര്‍ വണങ്ങുന്നത് ‘നിങ്ങളുടെ ഈ സമൂഹം ഒരൊറ്റ സമൂഹമാണ്. ഞാന്‍ നിങ്ങളുടെ നാഥനും. അതിനാല്‍ നിങ്ങള്‍ എന്നെ വണങ്ങിയാലും’. (അന്‍ബിയാഅ് 92).
ഇസ്‌ലാം സമൂഹത്തെ ഐക്യപ്പെടുത്തുന്നു, പിന്നെ എന്തിനാണ് മുസ്‌ലിംകള്‍ ഭിന്നിക്കുന്നത്? ഇസ്‌ലാം സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നു. പിന്നെ എന്തിനാണ് അവര്‍ വഴിതെറ്റുന്നത് ?

നേടിയെടുക്കാന്‍, എടുത്തണിയാന്‍ കഴിയുന്ന സ്വഭാവശീലങ്ങളാണ് ഹജ്ജ്. ‘ഹജ്ജുകാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജുകര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീപുരുഷ സംസര്‍ഗമോ, ദുര്‍വൃത്തിയോ, വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവര്‍ത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. നിങ്ങള്‍ യാത്രക്ക് വേണ്ട  വിഭവങ്ങള്‍ ഒരുക്കുക. ഏറ്റവും ഉത്തമമായ വിഭവം ദൈവഭക്തിയാകുന്നു.'(അല്‍ബഖറ 197).
വിവരണാതീതമായ അനുഭവമാണ് അത്. അവയൊരിക്കലും എഴുതി വിശദീകരിക്കാന്‍ സാധിക്കുകയില്ല. അവ നിര്‍വഹിക്കുന്നര്‍ക്ക് അനുഭവത്തിലൂടെ മാത്രമെ അത് മനസ്സിലാവുകയുള്ളൂ. തല്‍ബിയത്ത് ഉരുവിട്ട്, കഅ്ബയെ കണ്ണുനിറയെ കണ്ട്, ഹജറുല്‍ അസ്‌വദിനെ ചുംബിച്ച്, മഖാമു ഇബ്‌റാഹീമില്‍ നമസ്‌കരിച്ച്, ഹാജറിന്റെ  സഅ്‌യിനെ പുതുക്കി, പ്രിയപ്പെട്ടതിനെ ബലിയറുത്ത് വിശ്വാസി അനുഭവിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ് അത്.

Topics