‘പ്രവാചകരേ, അവരോട് ചോദിക്കുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഉല്‍പാദിപ്പിച്ച അലങ്കാരങ്ങളെ നിഷിദ്ധമാക്കുകയും ദൈവിക ദാനമായ ഉത്തമവിഭവങ്ങളെ വിലക്കുകയും ചെയ്തതാര്? പറയുക: ഈ വിഭവങ്ങളെല്ലാം ഭൗതിക ജീവിതത്തില്‍ വിശ്വാസികള്‍ക്കുള്ളതാകുന്നു. അന്ത്യനാളിലോ, അതവര്‍ക്കുമാത്രമുള്ളതാകുന്നു’ (അല്‍ അഅ്‌റാഫ്:31, 32). നബി(സ്വ) പറയുന്നു: ‘അല്ലാഹു സുന്ദരനാണ്, തീര്‍ച്ച. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു'(1) കേശാലങ്കാരം സ്ത്രീ-പുരുഷന്മാരെ സംബന്ധിച്ചേടത്തോളം സൗന്ദര്യത്തിന്റെ പ്രധാനഭാഗമാണ്. അതിന്റെ നാനാവശങ്ങളാണ് ഈ പഠനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമായും വിഷയത്തിന്റെ നാല് വശങ്ങളെയാണ് പഠന വിധേയമാക്കുന്നത്.
1. ഹെയര്‍ ഡൈ ചെയ്യുന്നതിന്റെ യാഥാര്‍ത്ഥ്യം.
2. ഹെയര്‍ ഡൈ ചയ്യുന്നതിന്റെ ഇസ്‌ലാമികവിധി.
3. ഹെയര്‍ ഡൈ ചെയ്യുന്നതില്‍ പാലിക്കേണ്ട വ്യവസ്ഥകള്‍
4. ഹെയര്‍ ഡൈ ചെയ്യാനുപയോഗിക്കുന്ന ആധുനിക ഉപാധികളുടെ യാഥാര്‍ഥ്യവും വിധികളും.
സമാപനം: പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍.
***************
ഒന്നാമത്തെ ചര്‍ച്ച
ചായം പൂശല്‍ (സ്വിബ്ഗഃ) എന്ന ആശയം മതപരമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ‘പറയുവിന്‍, നിങ്ങള്‍ അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അവന്റെ വര്‍ണത്തേക്കാള്‍ ഉല്‍കൃഷ്ടമായി ആരുടെ വര്‍ണമുണ്ട്? ഞങ്ങള്‍ അവന്നുമാത്രം അടിമത്തമര്‍പ്പിക്കുന്നവരുമാകുന്നു (അല്‍ ബഖറഃ 138). റാഗിബ് പറയുന്നു: ‘ക്രിസ്ത്യാനികള്‍ നവജാതശിശുക്കളെ ഏഴാം നാള്‍ മഞ്ഞനിറമുള്ള വെള്ളത്തില്‍ മാമോദീസമുക്കിയിരുന്നു. ഈ പശ്ചാതലത്തിലാണ് മേല്‍ സൂക്തം അവതരിച്ചത്.(2) ഇമാം സമഖ്ശരി എഴുതുന്നു: ‘ക്രിസ്ത്യാനികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഒരുതരം മഞ്ഞവെള്ളത്തില്‍ മുക്കിയിരുന്നു. ശുദ്ധീകരണാര്‍ത്ഥം നടത്തുന്ന ഈ ചടങ്ങോടെയാണ് ഒരാള്‍ ക്രിസ്ത്യാനിയാകുന്നതെന്നായിരുന്നു അവരുടെ വിശ്വാസം. ഈ സാഹചര്യത്തില്‍, താഴെ ചേര്‍ത്തവിധം പറയാന്‍ മുസ്‌ലിംകള്‍ നിര്‍ദേശിക്കപ്പെട്ടു. ‘നിങ്ങള്‍ പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹു ഞങ്ങളെ സത്യവിശ്വാസത്താല്‍ ചായം പൂശിയിരിക്കുന്നു. ഞങ്ങളുടെ ചായത്തിന് തുല്യമായൊന്നില്ല. അതുവഴി അവന്‍ ഞങ്ങളെ ശുദ്ധീകരിച്ചു, ആ ശുദ്ധീകരണത്തിന് തുല്യമൊന്നില്ല'(3) അറബിയിലെ സ്വിബ്ഗഃയ്ക്കു തുല്യമായ മറ്റൊരു പദമാണ് ഖിദാബ് .
നര
പ്രായമേറുമ്പോള്‍ നരയ്ക്കുന്നതിന് പ്രധാനമായും മൂന്നുവ്യത്യസ്ത കാരണങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
1) രോമകൂപങ്ങളിലൂടെ പുറത്തേക്കുപോകേണ്ട മാലിന്യങ്ങള്‍, ശരീരോഷ്മാവ് കുറയുന്നതിന്റെ ഫലമായി ചര്‍മത്തിനടിയില്‍ അടിഞ്ഞുകൂടി അഴുകി പുറത്തേക്കുവരാതെ ദുഷിക്കുന്നു. അതുകാരണം, പോഷകാംശങ്ങള്‍ക്കുരോമത്തിലേക്കെത്താന്‍ കഴിയാതെവരുന്നു. അത് നരയ്ക്ക് വഴിവെക്കുന്നു. ഇബ്‌നുഹിബത്തുല്ലാ (ഹി:495)യുടെ ഈ അഭിപ്രായം ഇബ്‌നുല്‍ ഖയ്യിമും സൂചിപ്പിക്കുന്നുണ്ട്.(4)
2) ഇബ്‌നുല്‍ ഖയ്യിം ഒരു പറ്റം ഭിഷഗ്വരന്മാരെ ഉദ്ധരിച്ച് മറ്റൊരു കാരണം ഉന്നയിക്കുന്നുണ്ട്. വൃദ്ധന്മാരുടെ ശരീരത്തിലെ ഊഷ്മാവിന്റെ കുറവിന്റെ ഫലമായി രോമത്തിന്നാവശ്യമായ പോഷകങ്ങള്‍ ശീതീകരിക്കപ്പെടുന്നു. ഇത് പോഷകങ്ങളുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്നു. രോമത്തിന്നാവശ്യമായ പോഷണം ലഭിക്കുന്നില്ല. അത് വെളുപ്പിനിടയാക്കുന്നു.(5)
3) ആധുനിക വൈദ്യമതം മറ്റൊന്നാണ്. രോമത്തിലെ വര്‍ണകോശങ്ങള്‍ വാര്‍ധക്യത്തോട് അനുകൂലമായി പ്രതികരിക്കുന്നു. രോമം ക്രമഗതമായി നരയ്ക്കുന്നു. തല്‍ഫലമായി കറുപ്പുനിറം ചാരനിറവും ചാരനിറം വെളുപ്പുമായി മാറുന്നു.(6)
ഒടുവിലെ വീക്ഷണമാണ് സംഗതമായിത്തോന്നുന്നത്. എല്ലാ സൃഷ്ടികള്‍ക്കും എന്നപോലെ വര്‍ണകോശങ്ങള്‍ക്കും അന്ത്യമുണ്ട്. ഒന്നാമത്തെ വീക്ഷണം ശരിയല്ല. എന്തുകൊണ്ടെന്നാല്‍, മാലിന്യം അടിഞ്ഞുകൂടിയാല്‍ രോഗമുണ്ടാവണം. എന്നാല്‍ മുടി നരച്ചു എന്നതുകൊണ്ടുമാത്രം ആരും രോഗിയാവുന്നില്ല. നരച്ചമുടിയും പ്രകൃത്യാ വളരുന്നുണ്ട്. ആയതിനാല്‍, പോഷകങ്ങളോട് പ്രതികരിക്കുന്നില്ല എന്ന രണ്ടാമത്തെ വീക്ഷണവും പ്രസക്തമല്ല.
‘ശമത്വ്’ (തുടക്കനര)
നരപ്രത്യക്ഷപ്പെടുന്നത് ഒന്നിച്ചല്ല. ക്രമാനുഗതം, അല്‍പാല്‍പമായാണ്. നരച്ചുതുടങ്ങുന്നതിന് അറബിയില്‍ ‘ശമത്വ്’ എന്നും വ്യാപകമായി നരയ്ക്കുന്നതിന് ഥഗാമഃ എന്നും പറയുന്നു. ‘നബിയുടെ തലയുടെയും താടിയുടെയും മുന്‍ഭാഗം അല്‍പമാത്രമായി നരച്ചിരുന്നു.(7)
നരച്ചുതുടങ്ങിയ മുടി സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മുന്നറിയിപ്പുകാരനും പ്രകാശവുമായാണ് കരുതപ്പെടുന്നത്. ഭൗതികതയില്‍ വഞ്ചിതനാകാതെ, ജഡികേച്ഛകളുടെ പിന്നാലെ പായാതെ ആത്മ നിയന്ത്രണം പാലിക്കാന്‍ അതവനെ ഉല്‍ബോധിപ്പിക്കുന്നു. ‘…പാഠമുള്‍കൊള്ളാന്‍ ആശിക്കുന്നവന് അതുള്‍കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നിങ്ങള്‍ക്കു നല്‍കിയിരുന്നില്ലയോ? മുന്നറിയിപ്പു നല്‍കുന്നവന്‍ നിങ്ങളില്‍ വന്നിട്ടുമുണ്ടായിരുന്നുവല്ലോ….’ (ഫാത്വിര്‍:37). മേല്‍സൂക്തത്തിലെ ‘മുന്നറിയിപ്പുകാരന്‍’ എന്നതിന്റെ വിവക്ഷ ‘നര’യാണെന്ന് ത്വബ്‌രി വ്യാഖ്യാനിച്ചിരിക്കുന്നു(8) ഇബ്‌നു ഉമര്‍, ഇക്‌രിമഃ, സുഫ്‌യാനുബ്‌നു ഉയൈയ്‌നഃ എന്നിവരും ഇതേ വ്യാഖ്യാനമാണ് നല്‍കിയിട്ടുള്ളത്.(9) നര പ്രകാശമാണെന്നതിന് പ്രമാണം നബിയുടെ താഴെകൊടുത്ത പ്രസ്താവനയാണ്. ‘ഇസ്‌ലാമില്‍ ജീവിച്ചു നരബാധിച്ചവന് അത് അന്ത്യനാളില്‍ പ്രകാശമായിരിക്കും'(10) ‘നിങ്ങള്‍ നരപറിച്ചുകളയരുത്. കാരണം, അത് അന്ത്യനാളില്‍ മുസ്‌ലിമിന് പ്രകാശമാണ്'(11) ഹനഫി, മാലികി, ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ ഭൂരിപക്ഷപണ്ഡിതന്മാരും നരപറിച്ചുകളയുന്നത് അനഭിലഷണീയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.(12) നരച്ചരോമം പറിച്ചൊഴിവാക്കുന്നത് ഹറാമാണെന്ന് ശാഫിഈ അഭിപ്രായപ്പെട്ടതായി ഇബ്‌നുര്‍രിഫ്അഃ ഉദ്ധരിക്കുന്നു. നവവി അത് പിന്തുണച്ചിരിക്കുന്നു.(13) നരച്ചരോമം പറിച്ചുകളയുന്നത് അനഭിലഷണീയമാണ് എന്ന വീക്ഷണമാണ് കൂടുതല്‍ പ്രബലം. എന്തുകൊണ്ടെന്നാല്‍, മുടി ഡൈ ചെയ്യുന്നത് അനുവദനീയമാണ്. നിരോധം നിഷിദ്ധത്തോളമെത്തിയിട്ടില്ല.
‘ഥഗാമഃ’ (മുഴുനര)
മഞ്ഞുനിറമാര്‍ന്ന വെള്ളപ്പൂവും കായയുമുള്ള ഒരു മരമാണ് ഥഗാമഃ. തലയിലെയും താടിയിലെയും മുടി മുഴുവനായി നരച്ചാല്‍ അതിന് ഥഗാമഃ എന്നുപറയുന്നു.(14)
എന്തിനുനിറം മാറ്റുന്നു?
അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് പ്രതിജന ഭിന്നവിചിത്രമായാണ്. ആകാരരൂപഭാവങ്ങളില്‍ ഓരോമനുഷ്യനും ഇതരരില്‍നിന്ന് വ്യത്യസ്തനാണ്. ധൈഷണികശേഷി, പ്രകൃതി, അഭിരുചികള്‍, ആഭിമുഖ്യങ്ങള്‍, ലക്ഷ്യങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാറ്റിലും ഈ അന്തരം നിലനില്‍ക്കുന്നു. ഈ അന്തരം രണ്ടുതരം നിലപാടുകള്‍ക്കു കാരണമാകുന്നു. ഒരുവിഭാഗം തങ്ങളുടെ അതാതു കാലത്തെ ദേഹാകൃതിയും പ്രകൃതിയും അതേപടി തൃപ്തിപ്പെടുന്നു. രണ്ടാമത്തെ വിഭാഗം, മാറ്റം ആഗ്രഹിക്കുന്നു. തന്റെ ആകൃതിയും പ്രകൃതിയും മുടിയുടെ നിറവും മാറണമെന്ന് അഭിലഷിക്കുന്നു. ഈ വിഭാഗത്തിലെ ചിലയാളുകള്‍ തങ്ങളുടെ കറുത്തമുടി ഇളം ചുവപ്പുനിറമാക്കാന്‍ ആഗ്രഹിക്കുന്നു. മറ്റുചിലര്‍ നേരെമറിച്ചും. മറ്റുചിലര്‍ മുടിനരച്ചാല്‍ സമൂഹത്തില്‍ ആദരവും ബഹുമാനവും സ്വീകാര്യതയും നേതൃത്വവും ലഭിക്കുമെന്ന് കരുതുന്നു.(15)
മുടി ഡൈ ചെയ്യുന്നതിന്റെ വിധി
സൗന്ദര്യാവശ്യാര്‍ത്ഥം മുടി ഡൈ ചെയ്യാമെന്നാണ് ഏകോപിത പണ്ഡിതാഭിപ്രായം. ഇതില്‍ സ്ത്രീ-പുരുഷഭേദമില്ല. എന്നാല്‍, ഡൈ ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ കൂടുതല്‍ ഉത്തമം എന്ന വിഷയത്തില്‍ അഭിപ്രായാന്തരമുണ്ട്.
ഒന്നാം വീക്ഷണം (അനുവദനീയം)
ശാഫിഈ, ഹമ്പലി മദ്ഹബുകളിലെയും കൂടുതല്‍ സുബദ്ധമായ വീക്ഷണമനുസരിച്ച് ഹനഫി മദ്ഹബിലെയും ഭൂരിപക്ഷപണ്ഡിതന്മാരും നരമാറ്റാതിരിക്കുന്നതിനേക്കാള്‍ മാറ്റുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഹനഫി പണ്ഡിതന്‍ ഹസ്വ്കഫി പറയുന്നു: ‘പുരുഷന്മാര്‍ക്ക് താടിയും തലമുടിയും ഡൈ ചെയ്യാവുന്നതാണ്. കൂടുതല്‍ സുബദ്ധമായ വീക്ഷണമനുസരിച്ച്, യുദ്ധേതര സാഹചര്യത്തിലുമാകാം’.(16) നവവി പറയുന്നു: ‘മഞ്ഞയോ ചുകപ്പോ നിറങ്ങള്‍ ഉപയോഗിച്ച് നരമാറ്റാവുന്നതാണ്. ഇത് ഏകോപിതപണ്ഡിതാഭിപ്രായമാണ്. സൈ്വമുരി, ബഗവി എന്നിവരുള്‍പ്പെടെ വേറെ ചിലരും ഇതേ അഭിപ്രായക്കാരാണ്. ഈ വിഷയകമായി വന്ന ഹദീസുകളാണതിന് ആധാരം’.(17) ഇബ്‌നു ഖുദാമല്‍ ഹമ്പലി എഴുതുന്നു: ‘നര നിറം മാറ്റുന്നത് അനുവദനീയമാണ്'(18) ഇതിന്നാധാരമായ തെളിവുകള്‍ താഴെ.
1. നബി (സ്വ) പ്രസ്താവിച്ചതായി അബൂഹുറൈറഃ ഉദ്ധരിക്കുന്നു: ‘യഹൂദികളും ക്രൈസ്തവരും നര നിറം മാറ്റുന്നില്ല. ആയതിനാല്‍, നിങ്ങള്‍ അവരുടേതില്‍ നിന്ന് ഭിന്നമായി ചായം പൂശുക’.(19) ഈ ഹദീസുപ്രകാരം, തലമുടിയും താടിയും ഡൈ ചെയ്യല്‍ കൂടുതല്‍ അഭികാമ്യമാണ്. വേദാവകാശികളോട് വൈരുധ്യം പുലര്‍ത്തുന്ന വിഷയത്തില്‍ നബി തീവ്രനിലപാട് സ്വീകരിച്ചിരുന്നു.(20)
2. നബി(സ്വ) പ്രസ്താവിച്ചതായി സുബൈര്‍(റ) പറയുന്നു: ‘നിങ്ങള്‍ നരമാറ്റുക. നിങ്ങള്‍ യഹൂദികളെ പോലെയാകരുത്'(21)
3. അബൂ ഉമാമഃ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘വെളുത്ത താടിയുള്ള ഏതാനും അന്‍സ്വാരി വൃദ്ധരുടെ സമീപത്തുകൂടെ നടക്കാനിടയായ നബി(സ്വ) അവരോടിങ്ങനെ പറഞ്ഞു: ‘അന്‍സ്വാരി സമൂഹമേ, നിങ്ങള്‍ ചുകപ്പോ മഞ്ഞയോ നിറം ഉപയോഗിക്കുക. വേദക്കാരോട് ഭിന്നത പുലര്‍ത്തുക’.(22)
4. നബി(സ്വ)യില്‍ നിന്ന് ആഇശഃ(റ) ഉദ്ധരിക്കുന്നു: ‘നിങ്ങള്‍ നരമാറ്റുക. നിങ്ങള്‍ യഹൂദികളോടും ക്രിസ്ത്യാനികളോടും സാദൃശ്യം പുലര്‍ത്തരുത്'(23)
5. നബി ശിഷ്യന്‍ ജാബിര്‍(റ) ഉദ്ധരിക്കുന്നു: ‘അബൂബക്‌റി(റ)ന്റെ പിതാവ് അബൂ ഖുഹാഫഃയെ മക്കാവിജയവേളയില്‍ നബിയുടെ മുമ്പാകെ ഹാജരാക്കി. അബൂഖുഹാഫഃയുടെ തലമുടിയും താടിയും ഥഗാമഃപോലെ വെളുത്തിരുന്നു. (ഥഗാമഃ = വെള്ളപ്പൂവും കായയുമുള്ള ഒരു ചെടി) അപ്പോള്‍ നബി(സ്വ) പറഞ്ഞു: എന്തെങ്കിലും ഉപയോഗിച്ച് ഈ നിറം മാറ്റുക; കറുപ്പ് ഒഴിവാക്കുക'(24) തലമുടിയിലെയും താടിയിലെയും നരമാറ്റുന്നത് അഭികാമ്യമായാണ് ശരീഅത്ത് കാണുന്നതെന്ന് മേല്‍ നബിവചനങ്ങള്‍ പഠിപ്പിക്കുന്നു.(25)
6. നബിയുടെ പ്രവൃത്തി. നബി(സ്വ) നിറം കൊടുത്തതായി ഹദീസുകളില്‍ നിന്ന് മനസ്സിലാവുന്നുണ്ട്.
എ) നബി പത്‌നി ഉമ്മുസലമഃ, നബിയുടെ നിറം മാറ്റിയ ഒരു മുടി ഞങ്ങള്‍ക്ക് കാണിച്ചുതന്നു’ എന്നും നബിയുടെ ചുവന്ന ഒരു മുടി കാണിച്ചുതന്നു’ എന്നും ഉസ്മാനുബ്‌നു അബ്ദില്ല ഉദ്ധരിച്ച ഹദീസിലുണ്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഉമ്മുസലമഃ നബിയുടെ ചായം പിടിപ്പിച്ച ഒരുമുടി ഞങ്ങള്‍ക്ക് കാണിച്ചുതന്നു’.(26)
ബി) അബൂറംഥഃ ഉദ്ധരിക്കുന്നു: ‘ഞാന്‍ പിതാവിനോടൊപ്പം നബി(സ്വ)യെ സമീപിച്ചു. അദ്ദേഹത്തിന്റെ നീണ്ടുതൂങ്ങിയ മുടിയില്‍ അങ്ങിങ്ങായി മൈലാഞ്ചിയുടെ നിറമുണ്ടായിരുന്നു….’. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെകാണാം:
‘അദ്ദേഹം താടിയില്‍ മൈലാഞ്ചി പുരട്ടിയിരുന്നു'(27)
സി) സൈദുബ്‌നു അസ്‌ലം ഉദ്ധരിക്കുന്നു: ‘അബ്ദുല്ലാഹിബ്‌നു ഉമര്‍ കുങ്കുമാംശം കൂടുതലുളള സുഗന്ധദ്രവ്യം ഉപയോഗിച്ച് താടിക്ക് മഞ്ഞനിറം കൊടുക്കുന്നത് കണ്ട ഞാന്‍, താങ്കള്‍ ഇതുചെയ്യുകയോ എന്ന് ചോദിച്ചു: ഇബ്‌നു ഉമര്‍: ‘നബി(സ്വ) ഇതുപയോഗിച്ച് താടിക്ക് മഞ്ഞച്ചായം തേക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടചായം ഇതായിരുന്നു. അതുപയോഗിച്ച് തലപ്പാവുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ അദ്ദേഹം ചായം പൂശിയിരുന്നു.(28) ‘നബി(സ്വ), ഊറക്കിട്ട തുകല്‍ കൊണ്ടുണ്ടാക്കിയ ചെരുപ്പ് ധരിച്ചിരുന്നു. ‘വര്‍സ്’ (മഞ്ഞച്ചായം കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന ഒരുചെടി)കൊണ്ടും കുങ്കുമംകൊണ്ടും താടിക്ക് മഞ്ഞനിറം കൊടുത്തിരുന്നു. ഇബ്‌നു ഉമറും ഇതേ വിധം ചെയ്തിരുന്നു.(29)
ഡി) അബൂഹുറൈറ(റ)യോടൊരാള്‍ ചോദിച്ചു: ‘നബി(സ്വ) ചായം പൂശിയിരുന്നോ? അദ്ദേഹം: ‘അതെ, രക്തംപോലെയുള്ള ചുകപ്പ്'(30)
ഇ) സ്വഹാബികളുടെയും താബിഉകളുടെയും മാതൃക. ഖൈസുബ്‌നു അബീഹാസിം ഉദ്ധരിക്കുന്നു: ‘മൈലാഞ്ചിയും (മുടികറുപ്പിക്കാനുള്ള) കത്മും ഉപയോഗിച്ച് നിറം പൂശിയിരുന്നതിനാല്‍, (പെട്ടെന്ന് തീ പിടിക്കുന്ന മുള്‍മരമായ) അര്‍ഫജ് കത്തിയുണ്ടാകുന്ന തീപ്പൊരിപോലെ, അബൂബക്‌റിന്റെ താടി ശോഭിച്ചിരുന്നു’ മറ്റൊരു റിപ്പോര്‍ട്ടിങ്ങനെ: ‘അദ്ദേഹത്തിന്റെ തല അര്‍ഫജിന്റെ കനല്‍പോലെ തിളങ്ങിയിരുന്നു'(31)
എഫ്) അനസുബ്‌നുമാലിക് പ്രസ്താവിക്കുന്നു: ‘അബൂബക്ര്‍ മൈലാഞ്ചിയും (കറുപ്പിക്കാനുപയോഗിക്കുന്ന) കത്മും ഉപയോഗിച്ച് ചായം പൂശിയിരുന്നു. ഉമര്‍ മൈലാഞ്ചി മാത്രം ഉപയോഗിച്ചു.(32)
ജി) ഹുസൈനുബ്‌നു അലി, (നീണ്ടഇലയോടുകൂടിയതും മുടിക്ക് കറുപ്പുനിറം നല്‍കാന്‍ ഉപയോഗിച്ചിരുന്നതുമായ) ‘വസ്മഃ’കൊണ്ട് ചായം പൂശിയിരുന്നു'(33)
രണ്ടാം വീക്ഷണം (അനുവദനീയമല്ല)
ചായം പൂശുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് ഇമാം മാലികിന്റെ വീക്ഷണം. അദ്ദേഹം നരമാറ്റിയിരുന്നില്ല. മുഹമ്മദുബ്‌നു യഹ്‌യ പറയുന്നു: ‘ലൈഥുബ്‌നു സഅ്ദ് മൈലാഞ്ചി ഉപയോഗിച്ച് ചായം പൂശിയിരുന്നു മാലിക് അങ്ങനെ ചെയ്തിരുന്നില്ല. അലി(റ) ചായം പൂശാതിരുന്നതിനാലാണ് താന്‍ അതൊഴിവാക്കിയതെന്ന് മാലിക് പറഞ്ഞതായി ഇസ്ഹാഖുബ്‌നു ഈസാ പറയുന്നു. മദീനയിലെ ചില ഭരണാധികാരികള്‍, എന്തുകൊണ്ട് നിറം മാറ്റുന്നില്ല എന്ന് ചോദിച്ചപ്പോള്‍ താഴെ കൊടുത്ത ഹദീസുകള്‍ അദ്ദേഹം തെളിവായുദ്ധരിച്ചു.
1. ‘നരമാറ്റുന്നതുള്‍പ്പെടെ പത്തുകാര്യങ്ങള്‍ നബി(സ്വ) വെറുത്തിരുന്നു’ എന്ന ഇബ്‌നു മസ്ഊദ് ഉദ്ധരിച്ച ഹദീസ്.(34)
2. അംറുബ്‌നു ശുഐബ് പിതാമഹനില്‍ നിന്നുദ്ധരിക്കുന്നു: ‘മുസ്‌ലിമായി നരബാധിക്കുന്നവന് അത് അന്ത്യനാളില്‍ പ്രകാശമായിരിക്കും; അത് പറിച്ചുനീക്കുകയോ ചായം തേക്കുകയോ ചെയ്തില്ലെങ്കില്‍’.(35)
3. നബി(സ്വ) നരമാറ്റിയിരുന്നില്ല. ‘നബി(സ്വ) ചായം പൂശിയിരുന്നോ എന്ന് ഞാന്‍ (മുഹമ്മദ് ബ്‌നു സീരീന്‍) അനസിനോട് ചോദിച്ചപ്പോള്‍, ‘അദ്ദേഹത്തിന് കുറച്ചേ നരച്ചിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ‘ചായം പൂശാന്‍ മാത്രം അദ്ദേഹത്തിന് നരച്ചിരുന്നില്ല….'(36)
ഇബ്‌നു ഹജര്‍ വിശദീകരിക്കുന്നു: ‘കുറച്ചു മാത്രമെ നരച്ചിരുന്നുള്ളൂ’ എന്ന ഹദീസിലെ ഭാഗം, അദ്ദേഹം നരമാറ്റിയിരുന്നില്ല എന്ന് വ്യക്തമാക്കുന്നു. കൂടുതല്‍ നരക്കുന്നതിന് മുമ്പ് നിറം മാറ്റുക പതിവുണ്ടായിരുന്നില്ല. കൂടുതല്‍ കുറവ് എന്നതിന്റെ മാനദണ്ഡം ഓരോ നാട്ടിലെയും സമ്പ്രദായമനുസരിച്ച് തീരുമാനിക്കേണ്ടതാണ്.(37) നബി (സ്വ)യുടെ മുടി വളരെ കുറച്ചെ നരച്ചിരുന്നുള്ളൂ എന്ന് അനസിന്റെ താഴെ കൊടുത്ത ഹദീസ് വ്യക്തമാക്കുന്നുണ്ട്. അനസ് പറയുന്നു: ‘നബിയുടെ തലയിലെ മുടികള്‍ എണ്ണാന്‍ കഴിയുമാറ് കുറച്ചെ നരച്ചിരുന്നുള്ളൂ’ നബി(സ്വ) ചായം പൂശിയിരുന്നില്ല. അബൂബക്ര്‍ മൈലാഞ്ചിയും കത്മും ഉപയോഗിച്ച് നിറം മാറ്റിയിരുന്നു. ഉമര്‍(റ) മൈലാഞ്ചിമാത്രം ഉപയോഗിച്ചു.(38) മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ‘നബി(സ്വ) ചായം പൂശിയിരുന്നില്ല. അദ്ദേഹത്തിന്റെ താടിക്കും കീഴ്ചുണ്ടിനും ഇടയിലെയും ചെന്നിയിലെയും രോമവും തലയിലെ അല്‍പമാത്രം മുടിയുമെ നരച്ചിരുന്നുള്ളൂ.(39) അനസില്‍ നിന്ന് ഇബ്‌നുമാജഃ ഉദ്ധരിക്കുന്നു: ‘നബിയുടെ താടിയുടെ മുന്‍ഭാഗത്ത് പതിനേഴോ ഇരുപതോ മുടി മാത്രമെ നരച്ചിരുന്നുള്ളൂ.(40) ഇബ്‌നു ഉമര്‍ പ്രസ്താവിക്കുന്നു: ‘നബി(സ്വ)യുടെ ഇരുപതോളം മുടിമാത്രമെ നരച്ചിരുന്നുള്ളു’.(41) താടിയും തലമുടിയും വെളുത്തിരുന്ന അബ്ദുര്‍റഹ്മാനി ബ്‌നുല്‍ അസ്‌വദില്‍ നിന്ന് ഇമാം മാലിക് ഉദ്ധരിക്കുന്നു: ‘അബ്ദുര്‍റഹ്മാന്‍ ഒരിക്കല്‍ മുടി ചുവപ്പിച്ചു. ഇതുകണ്ടയാളുകള്‍ ‘വളരെ നന്നായെന്ന് അഭിപ്രായപ്പെട്ടു’ അതിനോടദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ‘എന്റെ ഉമ്മ -നബി പത്‌നി ആഇശഃ- ഇന്നലെ രാത്രി അവരുടെ അടിമപ്പെണ്ണിനെ എനിക്കയച്ചുതന്നു. അപ്പോള്‍ എന്റെ മുടി ഡൈ ചെയ്യണമെന്ന് ഞാന്‍ തീരുമാനമെടുത്തു. പിതാവ് അബൂബക്ര്‍ മുടിചായം പൂശിയിരുന്നതായി ആഇശഃ എന്നോട് പറഞ്ഞിരുന്നു.(42) മാലിക് വിശദീകരിക്കുന്നു: ‘മുകളിലെ ഹദീസില്‍ നിന്ന് നബി മുടിചായം പൂശിയിരുന്നില്ല എന്നു വ്യക്തമാകുന്നു. നബി(സ്വ) അവ്വിധം ചെയ്തിരുന്നുവെങ്കില്‍ പിതാവ് ചെയ്തതല്ല, നബി ചെയ്തതാണല്ലൊ സ്വാഭാവികമായും അവര്‍ അബ്ദുര്‍റഹ്മാനെ അറിയിക്കുക’.(43) ഇബ്‌നു അബ്ദില്‍ ബര്‍റ് എഴുതുന്നു: ‘മാലികിന്റെ നിരീക്ഷണം ഏറെ സംഗതമാണ്. എന്തുകൊണ്ടെന്നാല്‍, നബി(സ്വ) ചായം പൂശിയിരുന്നുവെങ്കില്‍ അക്കാര്യം അവര്‍ അബ്ദുര്‍റഹ്മാനെ ധരിപ്പിക്കുമായിരുന്നു. ഒന്നാമത്തെ തെളിവ് നബിയാണല്ലൊ. അദ്ദേഹത്തിന്റെ പ്രവൃത്തിയാണല്ലൊ പ്രഥമമായി മാതൃകായോഗ്യം'(44) അല്‍ബാജീ എഴുതുന്നു: ‘ഈ ഹദീസ്, നബി(സ്വ)ചായം പൂശിയിരുന്നില്ല എന്നുവ്യക്തമാക്കുന്നു. അദ്ദേഹം അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, തന്റെ പിതാവിന്റെ പ്രവൃത്തിയേക്കാള്‍, ഭര്‍ത്താവായ തിരുമേനിയുടെ പ്രവൃത്തിയെക്കുറിച്ചാണ് അവര്‍ക്ക് നല്ല ധാരണയുണ്ടാവുക. തനിക്കറിയാന്‍ കഴിഞ്ഞതില്‍ പിന്തുടരാവുന്ന ഏറ്റവും നല്ല നടപടി എന്ന നിലയിലാണ് അവര്‍ പിതാവിനെ ഉദ്ധരിച്ചത്!(45)
4. മിക്ക സ്വഹാബികളും താബിഈങ്ങളും നരമാറ്റിയിരുന്നില്ല. എ) അബൂഇസ്ഹാഖ് അംറുബ്‌നു അബ്ദില്ലാഹില്‍ ഹമദാനിയില്‍ നിന്ന് നിവേദനം: ‘അലിയ്യുബ്‌നു അബീത്വാലിബിന്റെ തല-താടിമുടികള്‍ വെളുത്തിരുന്നതായി ഞാന്‍ കണ്ടു.(46)
ബി) അലിയ്യുബ്‌നു ദംറഃയില്‍ നിന്ന് നിവേദനം: ‘ഞാന്‍ മദീനഃയില്‍ ചെന്നപ്പോള്‍ തല-താടിമുടികള്‍ നരച്ച നബിയനുചരന്‍ ഉബയ്യുബ്‌നു കഅ്ബിനെ കാണുകയുണ്ടായി'(47)
സി) സല്‍മഃ ഇബ്‌നു വിര്‍ദാന്‍ പറയുന്നു: ‘പ്രവാചക സഖാക്കളായ അനസുബ്‌നു മാലികും മാലിക്ബ്‌നു ഔസും സലമഃ ഇബ്‌നുല്‍ അക്‌വഉം അബ്ദുര്‍റഹ്മാനി ബ്‌നി അശ്‌യമും നരമാറ്റിയിരുന്നില്ല.(48) ഉസ്മാനുബ്‌നു കിനാനഃയും മുഹമ്മദുബ്‌നു ഇബ്‌റാഹീമും അബ്ദുര്‍റഹ്മാനിബ്‌നുല്‍ ഖാസിമും അബ്ദുല്ലാഹിബ്‌നു നാഫിഉം അബ്ദില്ലാഹിബ്‌നു വഹ്ബും അശ്ഹബുബ്‌നു അബ്ദില്‍ അസീസും നരച്ചമുടിനിറം മാറ്റിയിരുന്നില്ല. ഇബ്‌നുവഹ്ബിന്റെയും ഇബ്‌നുല്‍ ഖാസിമിന്റെയും അശ്ഹബിന്റെയും മുടി കൂടുതല്‍ നരച്ചിരുന്നില്ല.(49)
ഡി) സുഫ്‌യാനുബ്‌നു ഉയൈയ്‌നഃ പറയുന്നു: ‘അംറുബ്‌നു ദീനാര്‍, അബുസ്സുബൈര്‍, ഇബ്‌നു അബീനുജൈഹ് എന്നിവര്‍ നരച്ചമുടി ചായം പൂശിയിരുന്നില്ല. അലിയ്യുബ്‌നു അബീത്വാലിബിന്റെയും സാഇബുബ്‌നു യസീദിന്റെയും ജാബിറുബ്‌നു സൈദിന്റെയും മുജാഹിദിന്റെയും സഈദുബ്‌നു ജുബൈറിന്റെയും താടിയും തലമുടിയും നരച്ചിരുന്നു. പക്ഷെ അവരാരും ചായം തേച്ചിരുന്നില്ല.(50)
അനുവദനീയമാണെന്ന വീക്ഷണം: ഒരു വിലയിരുത്തല്‍
1) യഹൂദ-ക്രൈസ്തവ വിഭാഗങ്ങളോട് വൈരുധ്യം സ്വീകരിക്കാനുള്ള നബിയുടെ ആഹ്വാനം സാമാന്യനിര്‍ദ്ദേശമല്ല. അഥവാ, എല്ലാമുസ്‌ലിംകളോടുമല്ല, കാഴ്ചയില്‍ വഷളായിത്തോന്നുന്ന തരം നരയുള്ളവര്‍ക്കാണ് അത് ബാധകമാവുക. അത്തരമാളുകള്‍ ചായം പൂശുന്നതാണുത്തമം. അല്‍ബാജി രേഖപ്പെടുത്തുന്നു: ‘ചിലയാളുകള്‍ക്ക് നര അഭംഗിയായിരിക്കാം. വൈകൃതം തോന്നിക്കും. അത്തരമാളുകള്‍ ചായം പൂശുന്നതാണുത്തമം'(51) അല്‍ഐനീ എഴുതുന്നു: ‘ അബൂഖുഹാഫഃയുടെ തരം നരയുള്ളവര്‍ അത് മാറ്റണമെന്നാണ് വിവക്ഷ'(52) അല്‍ഖാദീ എഴുതുന്നു: ‘നരയുടെ വൃത്തിയുടെ അന്തരമനുസരിച്ച് വിധിയിലും മാറ്റംവരും. ചിലരുടെ നര നിറംമാറ്റുന്നതിനേക്കാള്‍ സുന്ദരമാണെങ്കില്‍, ചായം പൂശാതിരിക്കുന്നതാണ് ഉത്തമം. എന്നാല്‍, വൃത്തികേടുതോന്നുന്നുവെങ്കില്‍ ചായം പൂശുകയാണ് നല്ലത്'(53)
2) യഹൂദ-ക്രൈസ്തവ വിഭാഗങ്ങളോട് സദൃശരാകരുതെന്ന നിര്‍ദ്ദേശം സൂചിപ്പിക്കുന്ന ഹദീസുകള്‍ രണ്ടുരീതിയില്‍ നിരൂപണം ചെയ്യപ്പെട്ടിട്ടുണ്ട്. (1) ഹിശാമുബ്‌നു ഉര്‍വഃയില്‍ നിന്ന് ഇബ്‌നു കനാസഃയാണ് ഹദീസ്‌റിപ്പോര്‍ട്ട് ചെയ്തത്. ഇബ്‌നു കനാസഃ തെളിവിന് യോഗ്യനല്ല(54) എന്നാല്‍, ഇബ്‌നു കനാസഃ ഹദീസ് നിവേദനരംഗത്ത് വിശ്വസ്തനാണെന്നാണ് ഇബ്‌നുമഈന്‍, അല്‍മദീനീ, അല്‍ ഇജ്‌ലീ, ഇബ്‌നുഹിബ്ബാന്‍ എന്നിവരുടെ പക്ഷം.(55) (2) ഈ ഹദീസിലെ നിവേദകപരമ്പരമുറിഞ്ഞതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ അബൂഹുറൈറഃ ഉള്‍പ്പെടെയുള്ള പ്രവാചക സഖാക്കളുണ്ട്. ആയതിനാല്‍, ഈ വിഷയകമായി ഉദ്ധൃതമായ ഹദീസുകള്‍ ആശയപരമായി സുബദ്ധമാണ്.(56)
3) അബൂഖുഹാഫഃയോട് മുടി നിറംമാറ്റാന്‍ നബി നിര്‍ദ്ദേശിച്ചത് ശരിയാണ്. പക്ഷെ, അത് പൊതുനിര്‍ദ്ദേശമല്ല. കാഴ്ചയില്‍ അഭംഗിതോന്നുന്നെങ്കില്‍ മാത്രമെ അങ്ങനെ ചെയ്യേണ്ടതുള്ളൂ.
4) നബി(സ്വ) മുടി നിറം മാറ്റിയതായി ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍, അദ്ദേഹമാണ് നിറം മാറ്റിയതെന്ന് സൂചിപ്പിക്കുന്ന ഒന്നുമില്ല.
എ) നബിപത്‌നി ഉമ്മുസലമഃ നബിയുടെ ഒരു ചുവന്ന മുടി കാണിച്ചു കൊടുത്തതായ സംഭവം നേരത്തെ നാം വായിച്ചു. നിറപ്പകര്‍ച്ചയുണ്ടായത് ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടത്‌കൊണ്ടോ മഞ്ഞനിറമുള്ള സുഗന്ധദ്രവ്യം അതില്‍ പുരണ്ടത്‌കൊണ്ടോ ആവാം. ഇബ്‌നു ഹജര്‍ എഴുതുന്നു: ‘ശരീരത്തില്‍ നിന്ന് വേര്‍പെടുന്ന കറുത്ത രോമം, പഴക്കം ചെല്ലുമ്പോള്‍ ചുവപ്പുനിറമാര്‍ന്നിരിക്കും.(57)
ബി) നബി(സ്വ)യുടെ വളരെ കുറച്ചു മുടിയെ നരച്ചിരുന്നുള്ളൂ. എണ്ണപുരട്ടി ചീകിയൊതുക്കിവെച്ചാല്‍ നര ദൃശ്യമായിരുന്നില്ല. ചായം തേച്ചതുപോലെ തോന്നുകയും ചെയ്യും. നബിയുടെ മുടിയെക്കുറിച്ച വിശദീകരണം ഇതിനുതെളിവാണ്. ‘അദ്ദേഹം എണ്ണപുരട്ടിയാല്‍ നരദൃശ്യമായിരുന്നില്ല, എണ്ണപുരട്ടിയില്ലെങ്കില്‍ കാണുമായിരുന്നു'(58) ഔസുബ്‌നുമാലിക്(റ) പറയുന്നു: ‘നബിയുടെ ഒരു മുടി ഞാന്‍ കണ്ടു. അത് ചുകന്നിരുന്നു’ ഞാന്‍ അതേക്കുറിച്ചാരാഞ്ഞു: ‘അത് സുഗന്ധം പുരണ്ടതിനാല്‍ ചുവന്നതായി തോന്നുകയാണ്’ എന്നാരോ വിശദീകരിച്ചു.(59) അനസ്(റ) വീണ്ടും: ‘അല്ലാഹു നബിയെ നാല്‍പതാം വയസ്സില്‍ നബിയായി നിയോഗിച്ചു. അങ്ങനെ അദ്ദേഹം മക്കയില്‍ പത്തും മദീനഃയില്‍ പത്തും വര്‍ഷം കഴിച്ചുകൂട്ടി. അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു. അദ്ദേഹത്തിന്റെ താടിയിലും മുടിയിലുമായി വെളുത്ത ഇരുപത് രോമങ്ങളുണ്ടായിരുന്നില്ല.(60)
5) സ്വഹാബികളും താബിഈങ്ങളും മുടിയുടെ വെള്ളനിറം മാറ്റിയിരുന്നു എന്നത് ശരിയാണ്. അബൂഖുഹാഫഃയുടേത് പോലെ നരച്ചവര്‍ നിറം മാറ്റി. നര സൗന്ദര്യമായി കണ്ടവര്‍ മാറ്റിയില്ല. ത്വബ്‌രി എഴുതുന്നു: ‘ഈ വിഷയകമായ വ്യത്യസ്ത നിലപാടിനു കാരണം വ്യക്ത്യന്തരാവസ്ഥയാണ്'(61) ‘നര വൈകൃതം തോന്നിച്ചവര്‍ നിറംമാറ്റി, അങ്ങനെ തോന്നാത്തവര്‍ മാറ്റിയില്ല’.(62)
അനുവദനീയമല്ലെന്ന വീക്ഷണം: ഒരു വിലയിരുത്തല്‍
1) ‘മുടി നിറം മാറ്റുന്നതുള്‍പ്പെടെ പത്തുകാര്യങ്ങള്‍ നബി(സ്വ) നിരോധിച്ചു എന്ന ഹദീസ്, ‘യഹൂദ-ക്രൈസ്തവര്‍ മുടി നിറം മാറ്റുന്നില്ല. ആയതിനാല്‍, നിങ്ങള്‍ അവരോട് വൈരുധ്യം പുലര്‍ത്തുക’ എന്ന ഹദീസോടെ ദുര്‍ബലപ്പെട്ടു. (63,64) എന്നാല്‍ ഇവയില്‍ ഏതാണ് ഒന്നാമത്തെ വിധി, രണ്ടാമത്തെ വിധി എന്നത് അവ്യക്തമാണ്.
2) ‘പറിച്ചുനീക്കുകയോ ചായം പൂശുകയോ ചെയ്തില്ലെങ്കില്‍ നരച്ചമുടി അന്ത്യനാളില്‍ പ്രകാശമായിരിക്കും’ എന്ന, നബി പ്രസ്താവിച്ചതായ ഹദീസിന്റെ പരമ്പരയിലെ അബൂബക്ര്‍ മുഹമ്മ്ദുബ്‌നു യസീദിത്ത്വര്‍ത്വൂസി, വ്യാജഹദീസുകളുണ്ടാക്കുകയും കൂട്ടിപ്പറയുകയും പദങ്ങള്‍ കട്ടുകളയുകയും ചെയ്യുന്ന ആളായതിനാല്‍ അസ്വീകാര്യനാണെന്ന് ഇബ്‌നു അദിയ്യ് രേഖപ്പെടുത്തിയിട്ടുണ്ട്. അബൂബക്ര്‍ പരിത്യക്തനാണെന്ന് ഖത്വീബ് രേഖപ്പെടുത്തിയിട്ടുണ്ട്.(65) നിവേദക പരമ്പരയിലെ മുഹമ്മദ്ബ്‌നു ഇസ്ഹാഖിനെക്കുറിച്ചും കടുത്ത ആക്ഷേപമുണ്ട്.
3) നബി(സ്വ) നര മാറ്റിയിരുന്നില്ലെന്ന റിപ്പോര്‍ട്ട്, നിറം മാറ്റുന്നത് അനഭിലഷണീയമാണെന്നതിന് തെളിവല്ല. ചായം തേച്ച് നിറം മാറ്റാവുന്ന അത്രയും അദ്ദേഹത്തിന്റെ മുടി നരച്ചിരുന്നില്ല എന്നേ അര്‍ഥമുള്ളൂ.
4) പല സ്വഹാബികളും താബിഈങ്ങളും നിറം മാറ്റിയിരുന്നില്ല എന്ന റിപ്പോര്‍ട്ടും അത് അനഭിലഷണീയമാണ് എന്നതിന് തെളിവല്ല. മാറ്റാന്‍ മാത്രം നരച്ചിരുന്നില്ല എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ.
പ്രബലവീക്ഷണം
മുടി ചായം പൂശുന്നതുമായി ബന്ധപ്പെട്ട വ്യത്യസ്ത ഹദീസുകള്‍ നാം മുകളില്‍ കണ്ടു. അവയിലെ വൈരുധ്യമെന്നുതോന്നാവുന്ന വൈവിധ്യം, തെളിവുകള്‍ പരസ്പര വിരുദ്ധമാണെന്നല്ല, ആളുകള്‍ തമ്മില്‍ സ്ഥിത്യന്തരങ്ങളുണ്ടെന്നും തദനുസൃതം വിധി വ്യത്യസ്തമായിരിക്കുമെന്നുമാണ് സൂചിപ്പിക്കുന്നത്. മൊത്തം നരച്ചിട്ടുണ്ടെങ്കില്‍, അനാകര്‍ഷകത ഒഴിവാക്കാന്‍ നിറം മാറ്റുന്നതാണ് ഏറെ അഭികാമ്യം. എന്നാല്‍, അവിടെയവിടെയായി കുറച്ചുമാത്രം നരച്ചിട്ടേ ഉള്ളൂവെങ്കില്‍ നരമാറ്റുന്നത് ഒഴിവാക്കുകയാണുത്തമം. നരമാറ്റുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ടും മറിച്ചും വന്ന ഹദീസുകള്‍ ഒരേപോലെ സ്വീകാര്യയോഗ്യമാണ്. നബി(സ്വ)യില്‍ നിന്ന് പരസ്പര വിരുദ്ധമായ പ്രസ്താവനകളുണ്ടാകാന്‍ തരമില്ല. ത്വബരി, ഖാദീഇയാദ് മുതലായവര്‍ ഈ ഹദീസുകളെ സംയോജിതമായാണ് സമീപിച്ചിട്ടുള്ളത്. ത്വബരി പറയുന്നു: ‘രണ്ടുതരം ഹദീസുകളും സ്വീകാര്യയോഗ്യമാണ്. ഒന്നിലെ ആശയം രണ്ടാമത്തേത് ദുര്‍ബലപ്പെടുത്തുന്നില്ല. ചില ഹദീസുകള്‍ പൊതു തത്ത്വവും മറ്റുചിലത് ചില പ്രത്യേക വിധികളും പ്രസ്താവിക്കുന്നവയാണെന്നുമാത്രം…
തലയിലെയും താടിയിലെയും മുടി ഒന്നാകെ നരച്ച അബൂഖുഹാഫഃയെ പോലെയുള്ളവരോട് നബി(സ്വ) നിറംമാറ്റുവാന്‍ പറഞ്ഞു. പേരിനുമാത്രം നരച്ചവരോട് മാറ്റേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചു. നബിയില്‍ നിന്ന് പരസ്പരവിരുദ്ധമായ രണ്ടുനിര്‍ദ്ദേശങ്ങള്‍ ഉണ്ടാവുക സാധ്യമല്ല. അബൂഖഹാഫഃയുടേത് പോലെയോ അതിനടുത്ത രീതിയിലോ നരച്ച സ്വഹാബികള്‍ മുടിയുടെ നിറംമാറ്റി. നബിയുടെ മുടിയെപോലെ പേരിനുമാത്രം നരച്ചവര്‍ നിറം മാറ്റിയിരുന്നില്ല. ഇത്രയുമാണ് നാം ഹദീസുകളില്‍ നിന്ന് ഗ്രഹിക്കേണ്ടത്.
സംഗ്രഹം
സ്ത്രീ-പുരുഷന്മാര്‍ക്ക് മുടി ഡൈ ചെയ്യാമെന്നാണ് പഠനഫലം. തലമുടിയും പുരികങ്ങളും ചായം പൂശാം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം താടിയും മീശയും തഥൈവ. ഇതിന്നായി എല്ലാതരം ആധുനിക ചായക്കൂട്ടുകളും ഉപയോഗപ്പെടുത്താം. താഴെകൊടുത്ത ഉപാധികള്‍ പാലിച്ചിരിക്കണം.
1. അല്ലാഹു സൃഷ്ടിച്ച രൂപത്തിന് ഭേദം വരുത്തലോ സൃഷ്ടിസൗന്ദര്യത്തെ വിരൂപമാക്കലോ ആകരുത്.
2. ഡൈ ചെയ്യുന്നത് ആരെയെങ്കിലും ചതിക്കാന്‍ ഉദ്ദേശിച്ചാകരുത്.
3. ഡൈ ചെയ്യാന്‍ ഉപയോഗിക്കുന്നത് മലിനവസ്തുവാകരുത്.
4. ഡൈ ചെയ്യുന്നതുകൊണ്ട്, ചെയ്യുന്ന ആള്‍ക്കോ മറ്റുവല്ലവര്‍ക്കുമോ ദോഷമുണ്ടാകരുത്.
വിവ: സലീല
കുറിപ്പുകള്‍
1. സ്വഹീഹു മുസ്‌ലിം 1/93.
2. അല്‍ മുഫ്‌റദാത്ത്: പേ: 274.
3. കശ്ശാഫ്: 1/147.
4. ഇബ്‌നുഹിബത്തില്ലാഹ്/ ഖല്‍ഖുല്‍ ഇന്‍സാന്‍ പേ: 191, ഇബ്‌നുല്‍ ഖയ്യിം/അത്തിബ്‌യാനു ഫീ അഖ്‌സാമില്‍ ഖുര്‍ആന്‍: പേ: 201.
5. ഇബ്‌നുല്‍ ഖയ്യിം/അത്തിബ്‌യാന്‍: പേ: 201.
6. ഗസ്വീബ്, സല്‍വാ/മാദാ അനില്‍ ജമാല്‍ പേ: 66
7. മുസ്‌ലിം 4/1823.
8. ത്വബ്‌രി/ജാമിഉല്‍ ബയാന്‍ 22/93
9. ഇബ്‌നുല്‍ ജൗസി/സാദുല്‍മസീര്‍: 6/494.
10. അബൂദാവൂദ്/അസ്സുനന്‍: 4/85, തുര്‍മുദി/ അസ്സുനന്‍: 4/172 ഹസന്‍, സ്വഹീഹ്.
11. അബൂദാവൂദ്/അസ്സുനന്‍: 4/85, ഹൈഥമി/ മജ്മഅ്: 5/159 ഹസന്‍, സ്വഹീഹ്.
12. അല്‍ ഫതാവാ അല്‍ ഹിന്ദിയ്യഃ 5/359, ഇബ്‌നു ജസ്‌യ്/ അല്‍ഖവാനീന്‍: പേ:482, അശ്ശര്‍ബീനീ/മുഗ്‌നില്‍ മുഹ്താജ്: 1/191, ഹാശിയത്തുല്‍ ബുജൈരിമീ: 1/418, അല്‍ മര്‍ദാവി: അല്‍ ഇന്‍സ്വാഫ്: 1/123, അല്‍ ബഹൂതീ/കശ്ശാഫുല്‍ ഖിനാഅ് 1/177.
13. അന്നവവി/അല്‍ മജ്മൂഅ്:1/223, അര്‍റംലി/നിഹായഃ 2/25
14. ഇബ്‌നുഫാരിസ്/മുഅ്ജമു മഖായീസില്ലുഗഃ, 1/379, ഇബ്‌നുല്‍ അഥീര്‍: 1/214.
15. നവവി, അല്‍ മജ്മൂഅ്: 1/322.
16. അല്‍ഹസ്വ്കഫീ, അദ്ദുര്‍റുല്‍ മുഖ്താര്‍ മഅ ഹാശിയഃ ഇബ്‌നി ആബിദീന്‍: 6/422
17. നവവി, അല്‍ മജ്മൂഅ്: 1/323
18. ഇബ്‌നുഖുദാമഃ, അല്‍ മുഗ്‌നി: 1/91, അല്‍ ബഹൂതി, കശ്ശാഫുല്‍ ഖിനാഅ്: 1/77.
19. ബുഖാരി, 5/57, മുസ്‌ലിം 3/1663.
20. ശൗകാനി, നൈലുല്‍ ഔത്വാര്‍: 1/143.
21. നസാഈ അസ്സുനന്‍:8/138, നിവേദക പരമ്പരയിലെ എല്ലാവരും വിശ്വസ്തരാണെന്ന് ഇബ്‌നുഹജര്‍. ഫത്ഹ്:10/355.
22. അഹ്മദ്, മുസ്‌നദ് 5/264, ഹൈഥമി, മജ്മഉസ്സവാഇദ് 5/160, രിജാലു അഹ്മദ് രിജാലുസ്സ്വഹീഹ്.
23. നസാഈ, സുനന്‍ 8/138, തുര്‍മുദി, സുനന്‍ 4/234 (ഹസന്‍ സ്വഹീഹ്)
24. മുസ്‌ലിം 3/1663, അബൂദാവൂദ്: 4/85, ഇബ്‌നുമാജഃ 2/1197
25. നവവി, ശര്‍ഹുമുസ്‌ലിം: 14/79.
26. ബുഖാരി 7/57, ഇബ്‌നുല്‍ അസീര്‍ 4/740.
27. അബൂദാവൂദ് 4/86, ത്വബ്‌രി, തഹ്ദീബുല്‍ ആഥാര്‍ പേ: 487, തുര്‍മുദി 5/118.
28. നസാഈ: 8/100, ത്വബ്‌രി, തഹ്ദീബുല്‍ ആഥാര്‍: പേ: 491 (ഹദീസുന്‍ സ്വഹീഹ്).
29. അബൂദാവൂദ് 4/86, ജാമിഉല്‍ ഉസ്വൂല്‍ 4/736 (ഇസ്‌നാദുഹു ഹസന്‍)
30. ത്വബ്‌രി, തഹ്ദീബുല്‍ ആഥാര്‍ പേ: 488, (ഹദീഥുന്‍ സ്വഹീഹ്).
31. ത്വബ്‌രി, തഹ്ദീബുല്‍ ആഥാര്‍ പേ: 460, (മൗഖൂഫ് സ്വഹീഹുല്‍ ഇസ്‌നാദ്).
32. മുസ്‌ലിം: 4/1821.
33. അന്നിഹായഃ 5/185, ത്വബ്‌രി, തഹദീബുല്‍ ആഥാര്‍ പേ: 468 (ഇസ്‌നാദുഹുസ്വഹീഹ്)
34. നസാഈ: 5/141, അബൂദാവൂദ്: 4/90 (രിജാലുഹുഥിഖാത്)
35. ത്വബ്‌രി, തഹ്ദീബുല്‍ ആഥാര്‍ പേ: 458 (ഈ ഹദീഥ് സ്വഹീഹല്ല, ചര്‍ച്ച വഴിയെ)
36. ബുഖാരി: 7/57.
37. ഇബ്‌നു ഹജര്‍, ഫത്ഹുല്‍ബാരി 10/352, അല്‍ഐനീ, ഉംദത്തുല്‍ ഖാരീ 22/48.
38. മുസ്‌ലിം 4/1821.
39. മുസ്‌ലിം 4/1822
40. ഇബ്‌നുമാജഃ 2/1197 (അല്‍ ഇസ്‌നാദുസ്വഹീഹ്, രിജാലുഹുഥിഖാത്)
41. ഇബ്‌നുമാജഃ 2/1199 (ഇസ്‌നാദുന്‍സ്വഹീഹ്, രിജാലുഹുഥിഖാത്).
42. മാലിക്, അല്‍ മുവത്വമഅതന്‍വീരില്‍ ഹവാലിക് 2/233
43. അതേകൃതി: 2/233
44. ഇബ്‌നു അബ്ദില്‍ ബര്‍റ്, അല്‍ ഇസ്തിദ്കാര്‍:27/82
45.അല്‍ബാജീ, അല്‍മുന്‍തഖാ: 7/270
46. ത്വബരി, തഹ്ദീബുല്‍ ആഥാര്‍ പേ: 496
47. അതേകൃതി: പേ: 499
48. അതേകൃതി: പേ: 500
49. ഇബ്‌നു അബ്ദില്‍ ബര്‍റ്, അല്‍ ഇസ്തിദ്കാര്‍27/85-86
50. അതേകൃതി: 27/82
51. അല്‍ബാജീ, അല്‍ മുന്‍തഖാ: 7/270
52. അല്‍ ഐനീ, ഉംദത്തുല്‍ ഖാരി: 22/50
53. നവവീ, ശര്‍ഹു മുസ്‌ലിം 14/50
54. ത്വബരി, തഹ്ദീബുല്‍ ആഥാര്‍ പേ: 451
55. ഇബ്‌നു ഹജര്‍, തഹ്ദീബുത്തഹ്ദീബ്: 9/259
56. ത്വബരി, തഹ്ദീബുല്‍ ആഥാര്‍ പേ: 453.
57. ഇബ്‌നു ഹജര്‍, ഫത്ഹുല്‍ ബാരീ 10/354.
58. മുസ്‌ലിം: 4/1822
59. ബുഖാരി: 4/164
60. ബുഖാരി:4/165
61. ശൗകാനി, നൈലുല്‍ ഔത്വാര്‍ 1/141
62. ഇബ്‌നുല്‍ ഹജര്‍, ഫത്ഹുല്‍ബാരീ 10/355
63, 64. ഇബ്‌നുഹജര്‍, ഫത്ഹുല്‍ ബാരീ: 10/355, ബുഖാരി 7/59
65. ഇബ്‌നുഹജര്‍, ലിസാനുല്‍ മീസാന്‍: 5/429.
Add Comment