നിവേദകര്‍

പ്രമുഖ ഹദീസ് നിവേദകര്‍ – 3

ആഇശ(റ)
പ്രവാചക പത്‌നി. അബൂബക്കറി(റ)ന്റെ പുത്രി. ഖദീജ(റ) യുടെ മരണത്തെ തുടര്‍ന്നാണ് പ്രവാചകന്‍ അവരെ വിവാഹം ചെയ്തത്. അപ്പോള്‍ ആഇശ(റ)ക്ക് ഏഴുവയസ്സായിരുന്നു. ഹി: രണ്ടാം വര്‍ഷം ഒമ്പതാം വയസ്സില്‍ ദാമ്പത്യ ജീവിതം തുടങ്ങി. ഒമ്പത് വര്‍ഷം പ്രവാചകനോടൊപ്പം ജീവിച്ചു. നബി(സ) മരിക്കുമ്പോള്‍ ആഇശക്ക്പതിനെട്ടുവയസ്സ്. അറബികളുടെ ചരിത്രവും കവിതയും അവര്‍ക്ക് നന്നായറിയാമായിരുന്നു. വനിതാ നിവേദകരില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത് ആഇശ(റ)യാണ്. 1210 ഹദീസുകള്‍ അവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. 174 എണ്ണം ബുഖാരിയും മുസ്‌ലിമും സ്വീകരിച്ചു. ഹി: 52 ലോ, 58 ലോ മദീനയില്‍ റമദാനില്‍ നിര്യാണം. ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി. ത്യാഗപൂര്‍ണമായ ജീവിതമായിരുന്നു അവരുടേത്. കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട പ്രവാചക പത്‌നിമാരിലൊരാളായിരുന്നു ആഇശ.

ഉബാദത്തുബ്‌നു സ്വാമിത്ത്(റ)
നബി(സ)യുമായുണ്ടായ രണ്ടാം അഖബാ ഉടമ്പടിയില്‍ പങ്കെടുത്തു. ഉമറി(റ)ന്റെ കാലത്ത് ഇദ്ദേഹം പലയിടങ്ങളിലും ഖാദിയായും മതാധ്യാപകനായും നിയമിതനായിട്ടുണ്ട്. ഹി: 34 ല്‍ ജറൂസലേമില്‍ നിര്യാണം.

ഉബയ്യുബ്‌നു കഅ്ബ്(റ)
നബി(സ)യുടെ ദിവ്യബോധനങ്ങള്‍ എഴുതി സൂക്ഷിക്കുന്നതിന് ഇദ്ദേഹം നിയുക്തനായിട്ടുണ്ട്. അന്‍സ്വാരികളുടെ നേതാവായി അറിയപ്പെട്ടു. ഖുര്‍ആന്‍ പാരായണത്തില്‍ നിപുണനായിരുന്നു. ഹി: 16 ല്‍ മദീനയില്‍ നിര്യാണം. പല സ്വഹാബികളും ഇദ്ദേഹത്തില്‍നിന്നും ഹദീസുകള്‍ കേട്ടിട്ടുണ്ട്.

ഉമറുബ്‌നുല്‍ ഖത്വാബ്(റ)
നബി(സ) നുബുവ്വത്തിന്റെ ആറാം വര്‍ഷം ഇസ്‌ലാം സ്വീകരിച്ചു. നബി(സ)യെ വധിക്കുക എന്ന ഉദ്ദേശത്തോടെ പുറപ്പെട്ട അവസരത്തില്‍ ഖുര്‍ആന്‍ പാരായണത്തില്‍ ആകൃഷ്ടനായി അദ്ദേഹം മുസ്‌ലിമായി. രണ്ടാം ഖലീഫ അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനപ്പേര് ആദ്യം വഹിച്ച മഹാന്‍. പത്തര വര്‍ഷം ഖിലാഫത്ത് നടത്തി. ഹി: 24 ല്‍ 60-ാം വയസ്സില്‍ മരണമടഞ്ഞു.

ഉമ്മുസലമ(റ)
ആദ്യഭര്‍ത്താവ് അബൂസലമയുടെ മരണാനന്തരം ഹിജ്‌റ 4 ല്‍ നബി(സ) വിവാഹം ചെയ്തു. ഹി: 59 ല്‍ 84- ാം വയസ്സില്‍ മരണം. ജന്നത്തുല്‍ ബഖീഇല്‍ മറവുചെയ്യപ്പെട്ടു. ഇബ്‌നു അബ്ബാസ്, ആഇശ, സൈനബ്(റ) തുടങ്ങിയവര്‍ ഈ മഹതിയില്‍നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.

ഉമ്മുഹബീബ(റ)
പ്രവാചക പത്‌നി. അബൂസുഫ്‌യാന്റെ മകളായിരുന്നു. ഹി: 41ല്‍ മദീനയില്‍ മരണം. നിരവധി ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.

ഔഫുബ്‌നു മാലിക്(റ)
ഖൈബര്‍ യുദ്ധത്തില്‍ മക്കാവിജയദിനത്തില്‍ അശ്ജഈ ഗോത്രത്തിന്റെ പതാകയേന്തി. പിന്നീട് സിറിയയില്‍ താമസമാക്കി. ഹി: 73ല്‍ നിര്യാണം. ധാരാളം സ്വഹാബിമാരും താബിഉകളും ഇദ്ദേഹത്തില്‍ നിന്ന് ഹദീസ് സ്വീകരിച്ചു.

കഅ്ബുബ്‌നു മാലികുല്‍ അന്‍സാരി(റ)
ബദ്‌റിന് ശേഷമുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹുദൈബിയ്യാ സന്ധിയില്‍ പങ്കെടുത്തവരിലൊരാള്‍. തബൂക്ക് യുദ്ധത്തില്‍നിന്ന് മാറിനിന്ന കാരണത്താല്‍ നബി(സ)യും സ്വഹാബാക്കളും ഇദ്ദേഹത്തോട് വെറുപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇദ്ദേഹം പിന്നീട് പശ്ചാത്തപിക്കുകയും അല്ലാഹു അത് സ്വീകരിക്കുകയും ചെയ്തു.

ഖാലിദ്ബ്‌നുല്‍ വലീദ്(റ)
യുദ്ധത്തില്‍ വളരെയധികം കഴിവു പ്രകടിപ്പിച്ച സ്വഹാബി. ‘അല്ലാഹുവിന്റെ വാള്‍’ എന്ന് നബി ഇദ്ദേഹത്തിന് പേര് നല്‍കി. ഹി: 21 ല്‍ മരണപ്പെട്ടു. ഇബ്‌നു അബ്ബാസ്, അല്‍ഖമ, സുബൈര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തില്‍നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.

ജരീറുബ്‌നു അബ്ദില്ല(റ)
അബൂഅഅ്മര്‍ എന്നും അറിയപ്പെട്ടു. നബി(സ)യുടെ നിര്യാണത്തിനു നാല്‍പത് ദിവസം മുമ്പ് ഇസ്ലാം സ്വീകരിച്ചു. ഹി: 51ല്‍ നിര്യാതനായി.

ഫാത്വിമ(റ)
പ്രവാചകന്റെ പ്രിയപുത്രി. അലിയുടെ പത്‌നി. ഇമാം ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍ എന്നിവരുടെ മാതാവ്. മുസ്ലിം വനിതകളുടെ നായികയായി ഇവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നബി(സ)യുടെ വിയോഗത്തില്‍ അതീവ ദുഖിതയായ ഫാത്വിമ തന്റെ 28- ാം വയസ്സില്‍ നിര്യാതയായി. അബ്ബാസ്(റ) ഇവരുടെ ജനാസ നമസ്‌കാരത്തിനു നേതൃത്വം നല്‍കി.

ബിലാലുബ്‌നുറബാഹ്(റ)
പ്രസിദ്ധസ്വഹാബി. ഉമയ്യത്തുബ്‌നുഖലഫിന്റെ അടിമയായിരുന്ന ബിലാലിനെ ഇസ്ലാം സ്വീകരിച്ചതിന് അതികഠിനമായി പീഡിപ്പിച്ചു. നെഞ്ചില്‍ ഭാരമേറിയ പാറക്കല്ല് വെച്ചു. ചുട്ടുപഴുത്ത മരുഭൂമിയിലൂടെ വലിച്ചിഴച്ചു. അപ്പോഴും അദ്ദേഹം ‘ഏകന്‍, ഏകന്‍’ എന്ന് വിളിച്ചു പറഞ്ഞു. ബിലാലിനെ അബൂബക്കര്‍(റ) മോചനദ്രവ്യം നല്‍കി സ്വതന്ത്രനാക്കി. ഇസ്ലാമിലെ ആദ്യത്തെ മുഅദ്ദി(ബാങ്ക് വിളിക്കുന്നവന്‍)നായിരുന്നു. സിറിയയില്‍ താമസമാക്കിയ ബിലാല്‍(റ) 63 ????ാം വയസ്സില്‍ നിര്യാതനായി.

About the author

padasalaadmin

Add Comment

Click here to post a comment

Topics