ഇസ്‌ലാമിലെ രണ്ടാമത്തെ പ്രമാണമാണ് ഹദീസ് അഥവാ സുന്നത്ത്. ഒന്നാം പ്രമാണമായ ഖുര്‍ആന്റെ ആധികാരികവ്യാഖ്യാനവും വിശദീകരണവുമായാണ് അത് അറിയപ്പെടുന്നത്. ഇജ്മാഅ്, ഖിയാസ് തുടങ്ങിയ വേറെയും പ്രമാണങ്ങളുണ്ടെങ്കിലും ഖുര്‍ആന്‍, ഹദീസ് എന്നിവയെപ്പോലെ സ്വതന്ത്രമല്ല അവയൊന്നും.
വര്‍ത്തമാനം, വൃത്താന്തം, വാര്‍ത്ത എന്നെല്ലാമാണ് ഹദീസിന്റെ ഭാഷാര്‍ഥം. നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, വാക്കുകൊണ്ടും മൗനം കൊണ്ടും അംഗീകാരം നല്‍കിയ കാര്യങ്ങള്‍ എന്നിവയാണ് സാങ്കേതികമായി ഹദീസ്. പ്രവാചകനെക്കുറിച്ച വിശേഷണം, വര്‍ണന, പ്രവാചകചരിത്രം തുടങ്ങിയവയും ഹദീസിന്റെ വൃത്തത്തില്‍ പെടുന്നു. സൂക്ഷ്മമായി വിശകലനംചെയ്താല്‍ അര്‍ഥത്തിലും ആശയത്തിലും നേരിയ വ്യത്യാസം ഉണ്ടെന്നാല്‍പോലും സുന്നത്ത്, ഖബര്‍, അസര്‍ തുടങ്ങിയ വാക്കുകളും ഹദീസിന്റെ പര്യായപദങ്ങളായാണ് ഗണിക്കുന്നത്.
ഹദീസിനുപകരം ഉപയോഗിക്കുന്ന സുന്നത്ത് എന്ന വാക്കിന്റെ അര്‍ഥം ചര്യ എന്നാണ്. വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ചെറുതും വലുതമായ എല്ലാ കാര്യങ്ങളിലും തിരുനബി അനുവര്‍ത്തിച്ച ക്രമം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അതാണ് നബി(സ)പറഞ്ഞത്: ‘ഞാന്‍ നിങ്ങളില്‍ രണ്ടുകാര്യങ്ങള്‍ വിട്ടേച്ചുപോകുന്നു. അവ രണ്ടും മുറുകെപ്പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപിഴച്ചുപോകുകയില്ല. അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും.’
മനുഷ്യാരാശിക്ക് അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങളുടെ സമുച്ചയമാണ് ഖുര്‍ആന്‍. ആ ഖുര്‍ആന്റെ ആധികാരികവ്യാഖ്യാതാവും കര്‍മമാതൃകയുമാണ് മുഹമ്മദ് നബി. അതുകൊണ്ടുതന്നെ പ്രവാചകന്റെ പരിശുദ്ധജീവിതവുമായി ബന്ധപ്പെട്ട എല്ലാ അധ്യാപനങ്ങളും ഹദീസാണ്.
നബി(സ)യോട് അഗാധമായ സ്‌നേഹം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ അനുയായികള്‍ പള്ളിയിലും തെരുവോരങ്ങളിലും യാത്രയിലും സദാ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ആ മഹദ് ജീവിതത്തെ സൂക്ഷ്മമായും നേരിട്ടും പഠനനിരീക്ഷണത്തിന് വിധേയമാക്കിയ അവര്‍ അദ്ദേഹത്തിന്റെ കര്‍മങ്ങളും ,സംസാരങ്ങളും അതിയായ താത്പര്യത്തോടെ ശ്രദ്ധിക്കുകയും പഠിക്കുകയും ഹൃദിസ്ഥമാക്കുകയും ജനങ്ങളുടെ മുമ്പാകെ ഉദ്ധരിക്കുകയുംചെയ്തു. ‘ഹദീസ്’ എന്ന ഇസ്‌ലാമിലെ വിപുലമായ വൈജ്ഞാനികശാഖയുടെ പിറവി അങ്ങനെയായിരുന്നു. സഫലമായ മര്‍ത്യജീവിതത്തിന് അല്ലാഹു അനുഗ്രഹിച്ചരുളിയ സമ്പൂര്‍ണമാതൃകയാണ് മുഹമ്മദീയചര്യ. മുഹമ്മദ് നബി(സ)യുടെ ആദര്‍ശം ആ ജീവിതം തന്നെയായിരുന്നു. ആ ജീവിതത്തിന്റെ ഓരോ അനക്കവും അടക്കവും അദ്ദേഹം പ്രതിനിധാനം ചെയ്ത ആദര്‍ശത്തിന്റെ സ്പന്ദനങ്ങളായിരുന്നു. ആ സ്പന്ദനങ്ങളൊപ്പിയെടുത്ത പ്രവാചക ശിഷ്യന്‍മാര്‍ പിന്‍തലമുറക്ക് പ്രകാശം ചൊരിയാന്‍ സൂക്ഷിച്ചുവെച്ച അമൂല്യതാരങ്ങളാണ് ഹദീസുകള്‍. അവയുടെ വെളിച്ചത്തെ അവഗണിക്കുന്നവര്‍ പ്രവാചകനെ അറിയുന്നേയില്ല. തന്നിമിത്തം ഇസ്‌ലാമില്‍ ജീവിക്കുന്നവരുമല്ല അവര്‍.
സത്യത്തില്‍ പ്രവാചകജീവിതത്തിന്റെ അനുഛേദമാണ് ഹദീസുകള്‍. പ്രവാചകസഹചരന്‍മാര്‍ അവരുടെ പിന്‍മുറക്കാര്‍ക്കുവേണ്ടി അമൂല്യനിധിയെന്നോണം അവയെ കാത്തുസൂക്ഷിച്ചു. ചരിത്രകാരന്‍മാര്‍ക്ക് അത് മനുഷ്യചരിത്രത്തിലെ വിസ്മയങ്ങള്‍നിറഞ്ഞ സുവര്‍ണശകലങ്ങളാണ്. ധര്‍മശാസ്ത്രവിദ്യാര്‍ഥിയുടെ ദൃഷ്ടിയില്‍ അവ ആധികാരികധര്‍മശാസ്ത്രപ്രമാണങ്ങളാണ്. ദാര്‍ശനികവീക്ഷണത്തില്‍ ജീവിതദര്‍ശനങ്ങളുടെ പ്രായോഗികരൂപങ്ങളെന്നോണം അവ കാണപ്പെടുന്നു. ഈ ഹദീസുകളെല്ലാം സമ്പൂര്‍ണമായി സമാഹരിച്ച് അതത് സ്ഥാനങ്ങളില്‍വെച്ചുവായിക്കുമ്പോള്‍ ഏറ്റവും സത്യസന്ധമായ പ്രവാചകചരിത്രം ലഭിക്കുന്നു.
പ്രവാചകശിഷ്യന്‍മാര്‍ നബിജീവിതത്തില്‍ നേരിട്ടുകണ്ടറിഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്തിയതാണ് ഹദീസ്. അവരിലാരുംതന്നെ സ്വന്തം നിരീക്ഷണങ്ങളോ ഉദ്ധരണികളോ വ്യാഖ്യാനമോ അവയില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. നബിയില്‍നിന്ന് ഗ്രന്ഥകാരനോളം ആര്‍, ആരില്‍നിന്ന്, ആരോടുപറഞ്ഞു,അവര്‍ ആരോടെല്ലാം ഉദ്ധരിച്ചു എന്നിങ്ങനെ വിശ്വസ്തരും ആധികാരികരുമായ വ്യക്തികളിലൂടെ കണ്ണിമുറിയാതെ ഉദ്ധരിക്കപ്പെട്ടതേ സാധുവായ ഹദീസായി അംഗീകരിക്കപ്പെടുകയുള്ളൂ. നിവേദകശൃംഖലയില്‍ എവിടെയെങ്കിലും കണ്ണിമുറിയുകയോ ആരുടെയെങ്കിലും വിശ്വാസ്യത സംശയിക്കപ്പെടുകയോ ചെയ്താല്‍ ഒരു ഹദീസ് ദുര്‍ബലമായി. ‘എ’ , ‘ബി’യോട്, ‘ബി’ ‘സി’യോട്, ‘സി’ ‘ഡി’യോട്, ‘ഡി’ ഗ്രന്ഥകാരനോട് എന്നിങ്ങനെയാണ് നിവേദകശൃംഖല. ‘ബി’യോടുള്ള ‘എ’യുടെ നിവേദനം പ്രാമാണികമാകണമെങ്കില്‍ ‘എ’ യും ‘ബി’യും വിശ്വസ്തരും സമകാലികരുമാണെന്നും തമ്മില്‍ കണ്ടുമുട്ടിയിട്ടുള്ളവരും ആണെന്നും ചരിത്രദൃഷ്ട്യാ തെളിയണം. ഈ രീതിയില്‍ ഹദീസുകളെ വിശകലവിധേയമാക്കുകയും സംശോധിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖയാണ് ഉലൂമുല്‍ ഹദീസ്. ഇവയില്‍ ഹദീസ് വചനങ്ങള്‍ നിരൂപണവ്യാഖ്യാനങ്ങളുമായി കലര്‍ന്നുപോകാതെ വേറെതന്നെ രേഖപ്പെടുത്തിയിരിക്കും.
നബിചര്യയുടെ പ്രസക്തിയും മൂല്യവും മുസ്‌ലിംകള്‍ സാര്‍വത്രികമായി അംഗീകരിച്ചിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവും ധാര്‍മികവും രാഷ്ട്രീയവും ആരാധനാപരവുമായ രംഗങ്ങളിലഖിലവും വിശ്വാസം പൂര്‍ത്തീകരിക്കേണ്ടതിന് സുന്നത്ത് പിന്‍പറ്റേണ്ടത് അനിവാര്യമത്രെ. പ്രവാചകനെ അനുസരിക്കുന്നത് ദൈവത്തിനുള്ള അനുസരണം തന്നെയാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തി. നബിയുടെ വാക്കുകളുടെ പ്രാമാണികത ഖുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു: ‘ദൈവദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക.
‘ (അല്‍ഹശ്ര്‍:7). തര്‍ക്കപരിഹാരങ്ങള്‍ക്ക് പ്രവാചകനെ സമീപിക്കാനും അദ്ദേഹത്തിന്റെ തീര്‍പ്പ് മാനിക്കാനും ഖുര്‍ആന്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. നബിയുടെ അനുചരര്‍ ഈ കല്‍പനകള്‍ അനുസരിച്ച് പ്രവാചകന്റെ ഓരോ നിര്‍ദേശവും ആവശ്യപ്പെട്ട രീതിയില്‍ സ്വയം സന്നദ്ധരായി നിറവേറ്റി.
നബിതിരുമേനിയുടെ ജീവിതകാലത്ത് സഹചരന്‍മാര്‍ ആ ജീവിതത്തെ നേരില്‍ ദര്‍ശിച്ചു. ഏതെങ്കിലും ഘട്ടത്തില്‍ അദ്ദേഹത്തില്‍നിന്ന് അകന്ന് കഴിയാനിടവന്നപ്പോഴൊക്കെ അദ്ദേഹത്തിന്റെ സന്നിധിയില്‍വന്ന് ചോദിച്ചുംപഠിച്ചും അവ മനസ്സിലാക്കാന്‍ അവര്‍ ഉത്സാഹം കാട്ടിയിരുന്നു. നബി യുഗപുരുഷനായതിനാല്‍ നന്നേ സൂക്ഷ്മമായതും വലുതുമായ വാക്കുകളും പ്രവൃത്തികളും അവരുടെ ശ്രദ്ധയില്‍നിന്ന് വിട്ടുപോയില്ല. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി തുടങ്ങിയ ശിഷ്യന്‍മാര്‍ സദാ നബിയുമായി സഹവസിക്കുകയും ഓരോ നിമിഷവും അദ്ദേഹം ചെയ്തിരുന്ന പ്രവൃത്തികളും അരുളപ്പാടുകളും ഹൃദിസ്ഥമാക്കുകയും തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. നബിയുടെ വിയോഗശേഷം അവര്‍ പരസ്പരം അന്വേഷണംനടത്തി സംശയനിവാരണം വരുത്തി. നബിചര്യ ഇത്തരത്തില്‍ നേരില്‍ ശ്രവിക്കപ്പെട്ടും ദൃക്‌സാക്ഷികളാല്‍ നിവേദനംചെയ്യപ്പെട്ടും രേഖപ്പെടുത്തപ്പെട്ടും തലമുറകളിലേക്ക് പകര്‍ന്നുനല്‍കി. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ആറുപ്രാമാണികഗ്രന്ഥങ്ങളിലായി അവ ക്രോഡീകൃതമായി. അവയെ സ്വിഹാഹുസ്സിത്ത എന്ന് വിളിക്കുന്നു. ബുഖാരി (ഹി. 194-256), മുസ്‌ലിം (ഹി. 204-261), ഇബ്‌നുമാജ (209-273), അബൂദാവൂദ് (202-275), തിര്‍മിദി (209-279), നസാഈ (214-303) എന്നിവരാണ് ഈ സമാഹാരങ്ങളുടെ പിന്നിലുള്ളവര്‍. ഇവരിലെ ബുഖാരിയും മുസ്‌ലിമും ഏറ്റവും പ്രാമാണികരായാണ് ഗണിക്കപ്പെടുന്നത്.
Add Comment