ചോദ്യം: ലോകത്തെ ഏറ്റവും മനോഹരമായ ഹൃദയമുള്ള വ്യക്തിയാണ് എന്റെ ഭര്‍ത്താവ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശ്വസ്തതയും സ്‌നേഹവും കരുണയും വെച്ചുപുലര്‍ത്തുന്ന ജീവിതപങ്കാളിയാണ് എന്റേത്. അതേസമയം തന്നെ അദ്ദേഹത്തിന് ഒട്ടേറെ ന്യൂനതകളുണ്ട്. വളരെ ദുര്‍ബലമായ വ്യക്തിത്വമാണ് അതിലൊന്ന്. വേഗത്തില്‍ നിരാശപ്പെടുകയും, മറ്റുള്ളവരില്‍ നിന്ന് അകന്ന് വേവലാതികളും, വസ്‌വാസുകളും നിറഞ്ഞ ഹൃദയത്തോടെ് അദ്ദേഹം കഴിച്ചുകൂട്ടുന്നു. സ്വയം രോഗബാധിതനാണെന്ന ആശങ്കയും സംശയവും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. നെഞ്ച് ഭാഗത്ത് എന്തെങ്കിലും ചെറിയ വേദന വന്നാല്‍ തനിക്ക് ഗുരുതര രോഗമാണെന്ന് അദ്ദേഹം കരുതുന്നു. കൂടുതല്‍ വെള്ളം കുടിച്ചാല്‍ ഷുഗറാണെന്ന് ഭയപ്പെടുന്നു. ഒട്ടേറെ തവണ ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയെങ്കിലും ഒരു രോഗവുമില്ലെന്നായിരുന്നു പരിശോധന ഫലം. ഹോസ്പിറ്റലില്‍ നിന്ന് പുറത്തിറങ്ങുന്നതോടെ അദ്ദേഹത്തിന് ആശ്വാസം തോന്നുകയും കുറിച്ച് കൊടുത്ത മരുന്ന് കഴിക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസം തീരെയില്ലാത്ത, ഒരു സാഹസത്തിനും മുതിരാന്‍ തയ്യാറല്ലാത്ത, സംശയാലുവായ വ്യക്തിയാണ് അദ്ദേഹം. തൊഴില്‍പരമായും മറ്റും പരാജിതനായ വ്യക്തിയാണ് താനെന്ന ബോധമാണ് അദ്ദേഹത്തെ നയിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് സാമൂഹികമായ ഉയര്‍ന്ന തൊഴിലല്ല അദ്ദേഹത്തിനുള്ളത്. അതിനാല്‍ തന്നെ ഭൗതിക വരുമാനം കുറവുമാണ്. ആത്മവിശ്വാസമുള്ള, വിജയിയായ ഒരു വ്യക്തിയാക്കി അദ്ദേഹത്തെ മാറ്റണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഞങ്ങള്‍ക്ക് വളര്‍ന്ന് വരുന്ന കുഞ്ഞുങ്ങളുണ്ട്. പക്ഷേ എങ്ങനെയാണ് അദ്ദേഹത്തെ മാറ്റിയെടുക്കുക എന്ന് എനിക്കറിയില്ല. നിങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്.
ഉത്തരം: പ്രിയ സഹോദരീ, ഭര്‍ത്താവിന്റെ പ്രയാസം ഏറ്റെടുത്ത് ജീവിക്കുകയും അവ പരിഹരിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുകയെന്നത് എത്ര മനോഹരമാണ്. നിങ്ങളുടെ സന്ദേശത്തില്‍ നിന്ന് മനസ്സിലാക്കിയത് പ്രകാരം അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ താഴെ ചുരുക്കി എഴുതട്ടെ. ദുര്‍ബല വ്യക്തിത്വത്തിന് ഉടമയാണ് എന്നത് കൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്ന് മാറി, തീര്‍ത്തും അപകര്‍ഷതാബോധത്തിലും സംശയത്തിലും ജീവിക്കുന്നു അദ്ദേഹം. വിജയത്തില്‍ നിന്നും മുന്നേറ്റത്തില്‍ നിന്നും തടയുന്ന പ്രതിലോമപരമായ സങ്കല്‍പങ്ങളാല്‍ അദ്ദേഹം സ്വന്തം മനസ്സിനെ തളച്ചിട്ടിരിക്കുന്നു. തന്റെ ദുര്‍ബലമായ വ്യക്തിത്വം അദ്ദേഹത്തെ ശാരീരികവും മാനസികവുമായ ദൗര്‍ബല്യങ്ങളുണ്ടെന്ന ധാരണയിലേക്കെത്തിച്ചിരിക്കുന്നു.
ഭര്‍ത്താവിനോടുള്ള സമീപനത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഞാന്‍ താഴെ സൂചിപ്പിക്കുന്നത്. ഓരോ വ്യക്തിക്കും വ്യക്തിപരമായ സവിശേഷതകളും, ഗുണങ്ങളും ഉണ്ടായിരിക്കും. നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും പ്രകൃതത്തില്‍ മിക്ക കാര്യങ്ങളും മാറ്റിയെടുക്കാന്‍ നമുക്ക് സാധിച്ചേക്കാം. പക്ഷേ, ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ സമൂലമായ മാറ്റം നാം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത് നിരാശയുടെ ആഘാതം വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കും. അതുപോലെ തന്നെയാണ് താല്‍ക്കാലിക പരിഹാരങ്ങള്‍ തേടുന്നതും. അവ ആശ്വാസകരമായിരിക്കുമെങ്കിലും ക്രിയാത്മകമോ, ശാശ്വതമോ ആയിരിക്കില്ല. അടിവേരുറച്ച പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ അല്‍പസമയമെടുത്ത് നിര്‍വഹിക്കേണ്ടതാണ്. വര്‍ഷങ്ങളെടുത്ത് കൃഷി ചെയ്തത് ദിനങ്ങള്‍ കൊണ്ട് വെട്ടിമാറ്റാന്‍ സാധിച്ചേക്കില്ല. ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തുകയല്ല. മറിച്ച്, കാര്യങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാനും കൃത്യമായ പരിഹാരം നല്‍കാനും നിങ്ങള്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയാണ്.
പ്രശ്‌നങ്ങളെ വിവിധ ഭാഗങ്ങളായി വേര്‍തിരിച്ച് മനസ്സിലാക്കുമ്പോള്‍ അതിലൂടെ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. അതിനാല്‍ തന്നെ ഇണയുടെ അപകര്‍ഷതാബോധത്തെയാണ് ആദ്യം നിങ്ങള്‍ ചികിത്സിക്കേണ്ടത്. താന്‍ ആദരിക്കപ്പെടുന്ന വ്യക്തിയാണെന്നും, തന്റെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവര്‍ പരിഗണിക്കുന്നുവെന്നും അനുഭവപ്പെടുമ്പോഴാണ് അദ്ദേഹത്തിന് ആത്മവിശ്വാസം രൂപപ്പെടുക. തുടര്‍ന്ന് ചെറിയ ചെറിയ വിജയങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇണയെ സഹായിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അപ്രകാരം വലിയ വിജയങ്ങളിലേക്ക് അദ്ദേഹത്തെ ക്രമേണെ വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. ആത്മവിശ്വാസമെന്നത് ഏണിപ്പടികള്‍ പോലെയാണ്. ഒന്നിന് ശേഷം മറ്റൊന്നായി ചവിട്ടിക്കയറാന്‍ നാം തയ്യാറാവുകയും അതിന് വേണ്ടി മറ്റുള്ളവരെ ഒരുക്കുകയുമാണ് വേണ്ടത്.
ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ബന്ധം പുനരാലോചിക്കാനും നിങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. അദ്ദേഹത്തെക്കുറിച്ച പ്രതികൂലാഭിപ്രായങ്ങള്‍ മാറ്റിയെടുക്കാനും, മതിപ്പ് ഉയര്‍ത്താനും ആവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ ആസൂത്രണം ചെയ്യുക. വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ ചുറ്റുമുള്ള സാഹചര്യങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. കൂടാതെ വസ്ത്രം, രൂപം, മുടി ചീകി വെക്കുന്ന രീതി തുടങ്ങിയ ബാഹ്യഘടകങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്്. അവയെല്ലാം മറ്റുള്ളവര്‍ക്കിടയിലെ നമ്മുടെ സ്ഥാനം നിര്‍ണയിക്കാന്‍ കെല്‍പുള്ള ഘടകങ്ങളാണ്. നിലവിലുള്ള തൊഴിലില്‍ നിന്നുള്ള വരുമാനം വളരെ കുറവായത് കൊണ്ട് തന്നെ അദ്ദേഹത്തിന് നിരാശയോ നഷ്ടബോധമോ വേണ്ടതില്ലഎന്ന് ബോധ്യപ്പെടുത്തുകയാണ് അതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടത്. അതേസമയം കൂടുതല്‍ ഭൗതിക നേട്ടം ലഭിക്കുന്ന, ഉയര്‍ന്ന ജോലികള്‍ അന്വേഷിക്കുന്നതിന് അദ്ദേഹത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.
വലീദ് ബിന്‍ ഖാലിദ് രിഫാഈ
Add Comment