വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ സംബന്ധിച്ച് ഒരാശയം രൂപപ്പെടുത്തുകയോ വിധിതീര്‍പ്പ് നടത്തുകയോ, അനുമാനത്തിലെത്തുകയോ ചെയ്യുന്ന പ്രക്രിയയാണല്ലോ ചിന്താപ്രക്രിയ (Thinking Process). ഭിന്നമുഖബുദ്ധി എന്നതുപോലെ ഭിന്നമുഖചിന്തയുമുണ്ട്. ഗുരുനാഥന്‍ സ്വീകരിക്കുന്ന വിനിമയ തന്ത്രങ്ങള്‍ കുട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല, പരിപോഷിപ്പിക്കുകയാണ് വേണ്ടത്. ഒരു കൃത്യത്തിലേര്‍പ്പെടുമ്പോള്‍ അതു നിരീക്ഷണമോ, വായനയോ, എഴുത്തോ പ്രശ്‌നപരിഹാരമോ എന്തുമാകട്ടെ, പഠിതാവിന് തന്റെതായ അധ്വാനം പ്രയോഗിക്കാന്‍ അവസരം കിട്ടുമ്പോഴേ ചിന്താശേഷി വളരൂ. ഉദാഹരണത്തിന് ബ്ലാക് ബോര്‍ഡില്‍നിന്നോ പഠനസാമഗ്രിയില്‍നിന്നോ എന്തെങ്കിലും പകര്‍ത്തിയെഴുതുക എന്നത് മന്ദപഠിതാക്കള്‍ക്കുപോലും ബുദ്ധിമുട്ടുള്ള കാര്യമല്ല. അതേസമയം ഭാവനാശേഷിയും ചിന്താശേഷിയും പ്രയോജനപ്പെടുത്തി ഒരു കുറിപ്പ് തയ്യാറാക്കുക എന്നത് അധ്വാനം ആവശ്യപ്പെടുന്ന ഒരു കൃത്യമാണ്. ചിന്താശേഷിയുടെ പ്രയോഗം ഇവിടെ അനിവാര്യമായും വരുന്നു. അഞ്ചുമിനിട്ട് ഒരു സദസ്സില്‍ എന്തെങ്കിലും പ്രസംഗിക്കുക എന്നത് സഭാകമ്പം വിട്ടുമാറിയവര്‍ക്ക് പ്രയാസമല്ല. പക്ഷേ, ഒരു വിഷയത്തിലൂന്നി അഞ്ച് മിനിട്ട് നേരം പ്രൗഢമായൊരു പ്രസംഗം നടത്താന്‍ കഴിയണമെങ്കില്‍ ‘അധ്വാനി’ ക്കുക തന്നെ വേണം. ഇവിടെയും ആവശ്യമായി വരുന്ന ചിന്താശേഷിയുടെ സവിശേഷമായ പ്രയോഗമാണ്.
ടാക്‌സോണമി അവസാനമല്ല
അറിവുകളോ ആശയങ്ങളോ അടിച്ചേല്‍പിക്കുന്നതിലൂടെ സംഭവിക്കുന്നത് ബാഹ്യചിന്തകളുടെ അധിനിവേശമാണ്. പഠിതാവിന്റെ ചിന്താശേഷികളുടെ വികാസം ഇവിടെ തടസ്സപ്പെടുന്നു. സ്വയം ചിന്തിച്ച് ആശയങ്ങള്‍ രൂപപ്പെടുത്താനോ വിപുലപ്പെടുത്താനോ തെരഞ്ഞെടുക്കാനോ വിപുലപ്പെടുത്താനോ തെരഞ്ഞെടുക്കാനോ തിരസ്‌കരിക്കാനോ ഉള്ള പഠിതാവിന്റെ അവകാശം അധ്യാപകര്‍ തിരിച്ചറിയുകയും വകവെച്ചുകൊടുക്കുകയും വേണം.
വികസിപ്പിക്കപ്പെടേണ്ട ചിന്താശേഷികള്‍ എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം അധ്യാപകര്‍ ബോധനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് എന്ന കാഴ്ചപ്പാടിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഠിതാവിന്റെ ചിന്താശേഷികളെ അറിവ്, ഗ്രഹണം, പ്രയോഗം, അപഗ്രഥനം, ഉദ്ഗ്രഥനം, മൂല്യനിര്‍ണയം എന്നിങ്ങനെ ആറായി തരംതിരിക്കുന്ന ബെഞ്ചമിന്‍ ബ്ലൂമിന്റെ വര്‍ഗീകരണധര്‍മം(Taxonomy 1956) എന്ന ആശയം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഒരു ബോധനശാസ്ത്രപ്രമാണമായി ലോകം ഒരളവുവരെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഏഡിസ്, ക്യൂവല്‍ മാല്‍സ്(Edys, Quellmalz-1986) ബ്ലൂമിയന്‍ ടാക്‌സോണമിയെ തിരുത്തുകയും, അനുസ്മരണം, അപഗ്രഥനം, താരതമ്യം, അനുമാനം, മൂല്യനിര്‍ണയം എന്നിങ്ങനെ ചിന്താശേഷിയെ അഞ്ചായി വര്‍ഗീകരിക്കുകയും ചെയ്തത് ഈ മേഖലയില്‍ പുതിയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴിതുറക്കുകയുമുണ്ടായി. ബ്ലൂമിന്റെ ടാക്‌സോണമിയിലേക്ക് വന്നെത്തുമ്പോള്‍, ചിന്താശേഷികളുടെ വൈവിധ്യത്തോടൊപ്പം അവയുടെ സൂക്ഷ്മമാത്ര സവിശേഷതകളും (micro Features) നമുക്ക് ബോധ്യപ്പെടുന്നുണ്ട്. പക്ഷേ, ഒരു ടാക്‌സോണമിയും അവസാനവാക്കല്ല. ഗുണമേന്‍മകളുള്ളതോടൊപ്പം അവയുടെ പരിമിതികള്‍ കൂടി തിരിച്ചറിഞ്ഞുവേണം അധ്യാപകര്‍ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍.
പ്രക്രിയാസമീപനം, ഉല്‍പന്ന സമീപനം
നാം പറഞ്ഞുവന്നത് ബോധനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ പഠിതാക്കളുടെ വൈവിധ്യമാര്‍ന്ന ചിന്താശേഷികളുടെ വികാസം അധ്യാപികയുടെ മുന്നിലുണ്ടാവണമെന്നാണ്. പഠനം പ്രക്രിയാബന്ധിത(Process Oriented) മാവുകയും പഠിതാക്കളില്‍നിന്ന് വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുകയുംചെയ്യുമ്പോള്‍ മാത്രമേ പാഠ്യപദ്ധതി വിഭാവനംചെയ്യുന്ന ഉദ്ദേശ്യങ്ങള്‍ നേടാനാകൂ. പ്രക്രിയ നടക്കുന്നതും ഉല്‍പന്നങ്ങളുണ്ടാകുന്നതും ചിന്താശേഷിയുടെ പ്രയോഗവികാസങ്ങളിലൂടെയാണ്. മാനസികാവസ്ഥകളോടെ ഉപയോഗിച്ചും ഉപയോഗത്തെ മെച്ചമാക്കിയുമാണ് അത്തരം ഉപകരണങ്ങളുടെ ഉപയോഗരീതി സ്വായത്തമാക്കുന്നത്. യാതൊരു കാര്യവുമില്ലാതെ ആവര്‍ത്തിച്ചിരുവിട്ട് പഠിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം? മറ്റുവിധത്തില്‍ പറഞ്ഞാല്‍, ആവര്‍ത്തനത്തിലൂടെയല്ല മറിച്ച് പുനരനുഭവങ്ങളിലൂടെയാണ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാഭാവികജീവിതത്തില്‍ൃ നാം പഠിക്കുന്നത്. ഇന്ന് സാര്‍വത്രികമായ കമ്പ്യൂട്ടര്‍ പഠനത്തിലും തദനുസൃതമായ രീതിശാസ്ത്രം അവലംബിക്കേണ്ടതില്ലേ എന്ന് ചോദ്യം സംഗതമാവുന്നത് അതുകൊണ്ടാണ്.
മറ്റൊരു പൊരുത്തക്കേടുകൂടി ഇന്നത്ത കമ്പ്യൂട്ടര്‍ പഠനത്തില്‍ കാണുന്നുണ്ട്. ഒരു പ്രത്യേക ആവശ്യമൊന്നും സ്വാഭാവികമായി സംജാതമാകാതെയാണ് കമ്പ്യൂട്ടര്‍ ഉപകരണം ഉപയോഗിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത്. ചിത്രം വരയ്ക്കാന്‍ ഒരു സാഹചര്യവും ഉടലെടുക്കാതെതന്നെ ‘പെയിന്റ് ‘ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരു കത്ത് തയ്യാറാക്കേണ്ട ആവശ്യകതയോ സാഹചര്യമോ , ഒരു ലിസ്റ്റ് തയ്യാറാക്കേണ്ട ആവശ്യകതയോ ഉണ്ടാകുമ്പോഴല്ലേ പലതും കോപ്പി, കട്ട്, പേസ്റ്റ് ഒക്കെ നാം ചെയ്യാറുള്ളൂ? അങ്ങനെയൊരു ആവശ്യവും ഉണ്ടാകാതെ ചെയ്തുകൊണ്ടിരുന്നാല്‍ ഇവ ‘ഡ്രോപ്ഡൗണ്‍ മെനു ‘വിന്റെ ആവശ്യകത എങ്ങനെയാണ് കുട്ടി അറിയുക? ഈ ‘മെനു’ ഉപയോഗിക്കാന്‍ ഒരു ആവശ്യവും ഉണ്ടാകാതെ പിന്നീട് ആവശ്യമുണ്ടാകുമെന്ന് സങ്കല്‍പിച്ച് ചെയ്യുന്ന കുട്ടിയുടെ ചിന്ത എന്തായിരിക്കും? സ്വാഭാവികതയ്ക്ക് പകരം കൃത്രിമത്വം അല്ലേ ഉണ്ടാകുന്നത്. ഉദാഹരണത്തിന്, മര്യാദയ്ക്ക് ക്ലാസിലിരുന്ന് പഠിക്കുന്ന കുട്ടികളോട് ശണ്ഠകൂടാന്‍ ആവശ്യപ്പെടുകയും ശണ്ഠക്ക് ശേഷം ‘സോറി’ പറഞ്ഞ് പിരിയുകയും ചെയ്യുന്ന ഇംഗ്ലീഷ് ക്ലാസിലെ പഠിപ്പിക്കല്‍ രീതിപോലെ ‘സോറി’യുടെ ധര്‍മം മനസ്സിലാകാനും അത് സ്വാഭാവികമായി ഉപയോഗിക്കേണ്ട സന്ദര്‍ഭത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഒന്നുമില്ലാതെ പെട്ടെന്ന് ഉപയോഗിക്കാനും കുട്ടിക്ക് കഴിയാന്‍ ക്ലാസിലെ ഈ നാടകം കൊണ്ട് കഴിയുമോ? ഭാഷാ ക്ലാസുകളില്‍ കുട്ടികള്‍ക്ക് മടുപ്പുണ്ടാക്കിയ ഈ രീതിശാസ്ത്രം കമ്പ്യൂട്ടര്‍ ക്ലാസിലും എത്തിയിരിക്കുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കമ്പ്യൂട്ടര്‍ പഠനത്തില്‍ ജൈവികത കൊണ്ടുവരലാണ് ഇതിനുള്ള പ്രതിവിധി.
ആവര്‍ത്തനങ്ങള്‍ക്കുപകരം പുനരനുഭവങ്ങളും യാന്ത്രികതയ്ക്കുപകരം ജൈവികതയും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ പഠനം സ്വാഭാവികമായും അങ്ങേയറ്റം ഫലപ്രദമാക്കാനും കഴിയും. വളരെക്കുറച്ച് മണിക്കൂറുകള്‍ക്കകം കൂടുതല്‍ പഠനഫലം ഉണ്ടാക്കാന്‍ കഴിയും. ഇതിന് ഏറ്റവും നല്ല മാര്‍ഗം കമ്പ്യൂട്ടറിനെ ഒറ്റപ്പെട്ട ഉപകരണമായി കണക്കാക്കാതെയിരിക്കുക എന്നതാണ്. മറ്റു വിഷയങ്ങളുടെ വിവരശേഖരണത്തിലും തരംതിരിക്കലും വിന്യാസത്തിലും അപഗ്രഥനത്തിലും ഒക്കെ കമ്പ്യൂട്ടര്‍ കടന്നുവരണം. ഉദാഹരണമായി, ഒരു ഡിക്ഷണറി നോക്കേണ്ട സാഹചര്യം ഉണ്ടാക്കിയാല്‍ തന്ത്രപൂര്‍വം കമ്പ്യൂട്ടറിലെ എന്‍കാര്‍ട്ട ഡിക്ഷണറി തുറപ്പിക്കാം. റഫര്‍ ചെയ്യാം. ക്ലോസ് ചെയ്യാം. ഒട്ടേറെ പ്രക്രിയയിലൂടെ ബോധപൂര്‍വമല്ലാതെ തന്നെ കടന്നുപോയ്‌ക്കൊള്ളും. കമ്പ്യൂട്ടറില്‍ ലഭ്യമായ എല്ലാ വിവരങ്ങളും പരതിക്കഴിയുമ്പോള്‍ പുതിയ ആവശ്യങ്ങളുണ്ടാകുമ്പോള്‍ ‘ഇന്റര്‍നെറ്റ് ‘തുറക്കുന്നു. എത്രയോ പ്രക്രിയകളിലൂടെയാണ് ആ സന്ദര്‍ഭത്തില്‍ കുട്ടി കടന്നുപോകേണ്ടത്. അങ്ങനെയൊരു ആവശ്യമൊന്നുമില്ലാതെ ‘ഇന്റര്‍നെറ്റ്’ തുറക്കുന്നതും ക്ലോസ് ചെയ്യുന്നതും ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരുന്ന ഒരാളുടെ ചിന്ത എന്തായിരിക്കും? പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞ ഒരു കുട്ടി റിപോര്‍ട്ടിന്റെ കവര്‍പേജ് ഡിസൈന്‍ ചെയ്യാന്‍ കമ്പ്യൂട്ടറിന്റെ സഹായം തേടുമ്പോഴുണ്ടാകുന്ന സ്വാഭാവികതയും അങ്ങനെയൊരു സാഹചര്യം ഇല്ലാതെ ഭാവിയില്‍ ആവശ്യംവരുമെന്ന് വെറുതെയിരുന്ന് ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതിലെ കൃത്രിമത്വം ഇപ്പോള്‍ മനസ്സിലാക്കിക്കാണുമല്ലോ. അതുപോലെ തൊട്ടടുത്തായി അവതരിപ്പിക്കാനുള്ള ഒരു സെമിനാറിന്റെ തയ്യാറെടുപ്പായല്ലേ ‘പവര്‍ പോയന്റ് ‘ പ്രസന്റേഷന്‍ കടന്നുവരേണ്ടത്?
സ്‌കൂള്‍ പാഠ്യപദ്ധതിയിലെ ഏറ്റവും ആധുനികമായ കമ്പ്യൂട്ടറിന് അര്‍ഹമായ ഒരു രീതിശാസ്ത്രം എത്രയും വേഗം ഉണ്ടാകേണ്ടതാണ്. ആവര്‍ത്തനപഠനത്തിന്റെയും കൃത്രിമപഠനത്തിന്റെയും നാളുകളില്‍നിന്ന് അതിനെ ഇപ്പോള്‍ മോചിപ്പിക്കാന്‍ എളുപ്പമാണ്. കാരണം നാം പ്രാരംഭഘട്ടത്തിലാണുള്ളത് എന്നതുതന്നെ. അതിന് ഉപകാരപ്രദമെന്ന് തോന്നിയ ചില സുപ്രധാനകാര്യങ്ങള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്.
Add Comment