Global

ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫലസ്തീനില്‍ പുതിയ നാഷനല്‍ കൗണ്‍സില്‍

ഗസ്സ: ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹമാസുമായി ചേര്‍ന്ന് സഖ്യകക്ഷിക്ക്, ഫതഹിനു ഭൂരിപക്ഷമുള്ള ഫലസ്തീന്‍ അതോറിറ്റി സമ്മതിച്ചു. മോസ്‌കോയില്‍ മൂന്നുദിവസമായി നടന്ന ചര്‍ച്ചയില്‍ പുതിയ ദേശീയ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.

വിദേശത്തുള്ള ഫലസ്തീനികളെ കൂടി ഉള്‍പ്പെടുത്തി പുതിയ ദേശീയ കൗണ്‍സില്‍ രൂപീകരിച്ചു തെരഞ്ഞെടുപ്പ് നടത്താനാണു നീക്കം. ദീര്‍ഘകാലമായി സമവായ ചര്‍ച്ചകളില്‍നിന്നു പുറത്തുള്ള ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പും പുതിയ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ബാങ്കിലും ഗസ്സയിലും നടക്കാനിരുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലസ്തീന്‍ സര്‍ക്കാര്‍ നീട്ടിവച്ചിരുന്നു. ഫതഹ് നിയന്ത്രിത വെസ്റ്റ് ബാങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇതിനു മുന്‍പ് 2006ലായിരുന്നു അവസാനമായി ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഫതഹ് കൂടി പങ്കാളികളായ തെരഞ്ഞെടുപ്പില്‍ ഹമാസാണ് വിജയം നേടിയത്. ഇതിനു പിറകെ 2007ല്‍ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഗസ്സ ഹമാസിന്റെ ഭരണത്തിലായി. ഇതേതുടര്‍ന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടി ഹമാസുമായി തര്‍ക്കത്തിലായിരുന്നു.
തെല്‍അവീവിലെ യു.എസ് എംബസി ജറൂസലമിലേക്കു മാറ്റാനുള്ള നീക്കത്തില്‍നിന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിക്കണമെന്ന് തിങ്കളാഴ്ച മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ ഫലസ്തീന്‍ പ്രതിനിധികള്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ മുന്‍പത്തേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണെന്ന് മുതിര്‍ന്ന ഫതഹ് നേതാവ് അസ്സാം അല്‍ അഹ്മദ് പുതിയ തീരുമാനത്തോട് പ്രതികരിച്ചു. എന്നാല്‍, കാര്യങ്ങളില്‍ വ്യക്തത വരാനിരിക്കുന്നുള്ളൂവെന്ന് ഒരു ഹമാസ് നേതാവ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ മഹ്മൂദ് അബ്ബാസിന്റെ തീരുമാനം നിര്‍ണായകമാണെന്നും ഹമാസിനോട് എതിര്‍പ്പുള്ള മേഖലയിലെ അറബ് നേതാക്കളുടെ നിലപാടുകൂടി പരിഗണിച്ചായിരിക്കും അബ്ബാസ് വിഷയത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Topics