സാങ്കേതിക ശബ്ദങ്ങള്‍

വ്യാജ ഹദീസുകള്‍

ജനങ്ങള്‍ക്ക് ആത്മീയോത്കര്‍ഷത്തിനും നന്‍മചെയ്യാന്‍ പ്രചോദനത്തിനുമായി വിവേചനരഹിതമായി കള്ളഹദീസുകള്‍ ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയുംചെയ്യുന്ന രീതി ഇന്ന് സമുദായനേതൃത്വത്തിലടക്കം കണ്ടുവരുന്നു. അതിനാല്‍ ഇത് വളരെ കരുതിയിരിക്കേണ്ട ഒരു വിപത്താണ്.
ഉപേക്ഷിക്കുക, കെട്ടിച്ചമയ്ക്കുക എന്നീ അര്‍ഥങ്ങളുള്ള വദ്അ് എന്ന് പദത്തില്‍നിന്നാണ് മൗദൂഅ് എന്ന കര്‍മരൂപമാണ് വ്യാജഹദീസുകളെ വ്യവഹരിക്കാന്‍ ഹദീസ് നിദാനശാസ്ത്രജ്ഞന്‍മാര്‍ ഉപയോഗിക്കുന്നത്. സ്വഹീഹായ ഹദീസിലെ ഏതെങ്കിലും പദം സ്വതാല്‍പര്യാര്‍ഥം വിട്ടുകളയുക, സ്വേഛാനുസാരം ഒരു പദം അതില്‍ കൂട്ടിച്ചേര്‍ക്കുക, ഒരുകാര്യം പ്രവാചകന്‍ പറഞ്ഞതായി ആരോപിക്കുക, എന്നീ ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പദമാണ് ഭാഷാപരമായി മൗദൂഅ് എന്നത്. അതേസമയം, നബിതിരുമേനി (സ) ഒരു കാര്യം പറഞ്ഞുവെന്നോ പ്രവര്‍ത്തിച്ചുവെന്നോ അംഗീകരിച്ചുവെന്നോ വ്യാജമായി അവകാശപ്പെടുന്ന ഹദീസുകളാണ് സാങ്കേതികമായി അല്‍ഹദീസുല്‍ മൗദൂഅ്.

‘എന്നെ സംബന്ധിച്ച് കള്ളം പ്രചരിപ്പിക്കുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ. എന്നെ സംബന്ധിച്ച് പറയുന്ന കള്ളം മറ്റാരെയുംകുറിച്ച് പ്രചരിപ്പിക്കുന്ന കള്ളംപോലെയല്ല. മനഃപൂര്‍വം അങ്ങനെ ചെയ്യുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം തീര്‍ച്ചപ്പെടുത്തിക്കൊള്ളട്ടെ’എന്നിങ്ങനെയുള്ള ഹദീസുകള്‍ അറിയാത്തവരോ അതിന്റെ ഉദ്ദേശ്യം മനസ്സിലാകാത്തവരോ സ്വഹാബാക്കളില്‍ ഉണ്ടായിരുന്നില്ല.
ഹിജ്‌റ 40-ാം വര്‍ഷംവരെ കള്ളഹദീസുകള്‍ പ്രചരിപ്പിക്കുന്ന പ്രവണത ഉണ്ടായിരുന്നില്ലെന്നാണ് പണ്ഡിതനിഗമനം. എന്നാല്‍ ഉസ്മാന്‍ (റ)ന്റെ അവസാനകാലത്ത് വ്യാജഹദീസുകള്‍ രംഗപ്രവേശം ചെയ്തുതുടങ്ങിയിരുന്നുവെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്‌ലിംസമൂഹത്തില്‍ ഛിദ്രതയും ഭിന്നതയും സംഘര്‍ഷവും ഉടലെടുത്തതോടെയാണ് വ്യാജഹദീസുകള്‍ ഉദ്ധരിക്കപ്പെടാന്‍ തുടങ്ങിയതെന്ന കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്. അതിനാല്‍ ഹിജ്‌റ 40 ന് മുമ്പുതന്നെ അത്തരംപ്രവണതകള്‍ ആരംഭിച്ചിരുന്നുവെന്നതാണ് കൂടുതല്‍ സത്യത്തോട് അടുത്തുനില്‍ക്കുന്നത്.
മുസ്‌ലിംസമൂഹത്തില്‍ ഛിദ്രതയും അസ്വസ്ഥതകളും അന്ധമായ പക്ഷപാതങ്ങളും സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തില്‍ അബ്ദുല്ലാഹിബ്‌നു സബഅ് എന്ന യഹൂദി ആണ് വ്യാജഹദീസുകളുടെ ആദ്യപ്രചാരകനെങ്കിലും ഒരു കക്ഷിയെന്ന നിലക്ക് അതിന് മുന്‍കയ്യെടുത്തത് അന്ധമായ അലീപക്ഷപാതം പിടിച്ച ശീഈകളാണ്. വ്യക്തികളില്‍ ഇല്ലാത്ത മാഹാത്മ്യം ആരോപിക്കാനായി അവര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് നഹ്ജുല്‍ ബലാഗഃക്ക് വിശദീകരണമെഴുതവെ ഇബ്‌നു അബ്ദില്‍ ഹമീദ് കുറിച്ചത് കാണുക:’വ്യക്തിമാഹാത്മ്യം വിശദമാക്കുന്ന ഹദീസുകളില്‍ ആദ്യമായി കള്ളങ്ങള്‍ സന്നിവേശിപ്പിച്ചത് ശീഈകളാണ്. അവരെ എതിര്‍ക്കാന്‍ ഭോഷന്‍മാരായ ചില സുന്നികളും വ്യാജഹദീസുകളും നിര്‍മിച്ചു. ശീഈകളുടെ കേന്ദ്രമായിരുന്ന ഇറാഖിലാണ് ആദ്യമായി വ്യാജഹദീസുകള്‍ നിര്‍മിക്കപ്പട്ടത്.’

വ്യാജഹദീസ് നിര്‍മാണത്തിന്റെ പ്രേരകങ്ങള്‍

I. രാഷ്ട്രീയഭിന്നതകള്‍
പ്രവാചകന്നുശേഷം വന്ന മൂന്നും നാലും ഖലീഫമാരായിരുന്ന ഉസ്മാന്റെയും അലിയുടെയും ഭരണകാലത്താണ് രാഷ്ട്രീയഭിന്നതകള്‍ രൂക്ഷമായത്. അക്കാലത്ത് റാഫിദികള്‍ എന്ന പേരിലറിയപ്പെട്ടിരുന്ന സംഘം ചെറിയ തോതില്‍ നബിയുടെ പേരില്‍ കള്ളഹദീസ് പ്രചരിപ്പിക്കാറുണ്ടായിരുന്നു. അവരെക്കുറിച്ച് ഇമാം മാലിക് പറഞ്ഞു: നീ അവരോട് സംസാരിക്കാനോ അവര്‍ പറയുന്നത് നിവേദനം ചെയ്യാനോ പോകരുത്. കാരണം , അവര്‍ വല്ലാതെ കള്ളം പറയാറുണ്ട്. ഹമ്മാദ്ബ്‌നു സലമഃ പറയുന്നു: റാഫിദികളില്‍പെട്ട ഒരു ശൈഖ് എന്നോട് പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ചുകൂടി സംസാരിക്കവെ, ഒരു കാര്യം നല്ലാതാണെന്ന നിഗമനത്തിലെത്തിയാല്‍ അതിനെ ഞങ്ങള്‍ ഹദീസാക്കി മാറ്റുന്നു. അത്തരത്തില്‍ അവര്‍ പ്രചരിപ്പിച്ച ഹദീസുകളില്‍ ചിലത്:

1. ഹജ്ജതുല്‍ വദാഅ് കഴിഞ്ഞുമടങ്ങുന്ന വേളയില്‍ ഗദീറുഖം എന്ന സ്ഥലത്ത് എത്തിയ നബി(സ) അലിയുടെ കയ്യില്‍ പിടിച്ച് , സഹയാത്രികരായ അനുചരന്‍മാരുടെയെല്ലാം മുഖദാവില്‍ ഇങ്ങനെ മൊഴിഞ്ഞു: എന്റെ അനന്തരാവകാശിയും സഹോദരനും എനിക്ക് ശേഷമുള്ള ഖലീഫയുമാണ് ഈ മാന്യദേഹം. അതിനാല്‍ അലി പറയുന്നത് നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയുംവേണം.
2. ആദമിന്റെ ജ്ഞാനവും നൂഹിന്റെ ഭക്തിയും ഇബ്‌റാഹീമിന്റെ വിവേകവും മൂസായുടെ ഗാംഭീര്യവും ഈസായുടെ അനുഷ്ഠാനനിഷ്ഠയും സമ്മേളിച്ച ഒരാളെ കാണാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ അലിയെ നോക്കിയാല്‍ മതി.
3. ഞാന്‍ ജ്ഞാനത്തിന്റെ ത്രാസാകുന്നു. അലിയാണതിന്റെ രണ്ടുതട്ടുകള്‍. ഹസനും ഹുസൈനുമാണതിന്റെ പരടുകള്‍. ഫാത്വിമയാണതിന്റെ കൊളുത്ത്. നമ്മിലെ ഇമാമുകളാണ് അതിന്റെ തണ്ട്. നമ്മെ സ്‌നേഹിക്കുന്നവരുടെയും ദ്വേഷിക്കുന്നവരുടെയും കര്‍മങ്ങള്‍ ആ ത്രാസിലാണ് തുലനംചെയ്യപ്പെടുക.
4. അലിയോടുള്ള സ്‌നേഹം ഒരു നന്‍മയാണ്. അതുണ്ടായിരിക്കെ ഒരു തിന്‍മയും ദോഷകരമായിരിക്കില്ല. അലിയോടുള്ള വിദ്വേഷം ഒരു തിന്‍മയാണ്. അതുണ്ടായിരിക്കെ ഒരു നന്‍മയും ഗുണകരമായിരിക്കില്ല.
5. എന്റെ പ്രസംഗപീഠത്തില്‍ മുആവിയയെ നിങ്ങള്‍ കണ്ടാല്‍ ഉടനെത്തന്നെ അയാളെ വധിച്ചേക്കുക.
റാഫിദികളെ പ്രതിരോധിക്കാന്‍ വിഡ്ഢികളായ ചില സുന്നികള്‍ വ്യാജഹദീസുകളെ തന്നെ അവലംബിച്ചുവെന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിരുന്നു.

a. സ്വര്‍ഗത്തിലുള്ള ഓരോ വൃക്ഷത്തിന്റെയും മുഴുവന്‍ ഇലകളിലും ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്, അബൂബക് ര്‍, ഉമറുല്‍ ഫാറൂഖ്, ഉസ്മാന്‍ ദുന്നൂറയ്ന്‍
b. വിശ്വസ്തര്‍ 3 പേരാണ്: ഞാനും, ജിബ്‌രീലും, മുആവിയയും.
c. അല്ലയോ മുആവിയാ, നീ എന്നില്‍നിന്നും ഞാന്‍ നിന്നില്‍നിന്നും ഉരുവപ്പെട്ടതാണ്.

II. സിന്‍ദീഖുകള്‍
ഇസ്‌ലാമിനെ ദീനെന്ന നിലയ്ക്കും രാഷ്ട്രമെന്ന നിലക്കും അവജ്ഞയോടെ വീക്ഷിക്കുന്നവന്‍ എന്നാണ് സിന്‍ദീഖുകള്‍ എന്നതിന്റെ വിശാലവിവക്ഷ. ഇസ്‌ലാമിന്റെ അടിവേരറുക്കാന്‍ ഏത് ദുഷ്ടമാര്‍ഗവും അവലംബിക്കാന്‍ മടിയില്ലാത്തവരായിരുന്നു അവര്‍. ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവഹിക്കുന്നത് കണ്ട സിന്‍ദീഖുകള്‍ ഇസ്‌ലാമികാദര്‍ശം, സദാചാരം, വിധിവിലക്കുകള്‍, വൈദ്യം എന്നിത്യാദിവിഷയങ്ങളില്‍ ജനമനസ്സുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനായി വ്യാജഹദീസുകള്‍ ഉപയോഗപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള നൂറ് ഹദീസുകള്‍ തന്റെ സൃഷ്ടിയാണെന്ന് ഒരു സിന്‍ദീഖ് , അബ്ബാസിഖലീഫയായ മഹ്ദിയുടെ സമക്ഷത്തില്‍ ഏറ്റുപറഞ്ഞതായി ചരിത്രഗ്രന്ഥങ്ങളിലുണ്ട്. ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാലാക്കുകയും ചെയ്യുന്ന 4000 ഹദീസുകള്‍ താന്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അബ്ദുല്‍കരീം ബ്‌നു അബില്‍ ഔജാഅ് സമ്മതിച്ചത് വധശിക്ഷ നടപ്പാക്കാനായി ഹാജരാക്കിയ സന്ദര്‍ഭത്തിലാണ്. സിന്‍ദീഖുകളുടെ ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞവരായിരുന്നു അബ്ബാസീ ഖലീഫമാര്‍. സിന്‍ദീഖുകള്‍ നിര്‍മിച്ച ചില ഹദീസുകള്‍:
1. അറഫാദിനത്തില്‍ പ്രദോഷസമയത്ത് നമ്മുടെ നാഥന്‍ ചാരവര്‍ണ്ണത്തിലുള്ള ഒട്ടകപ്പുറത്തേറി ഭൂമിയിലിരങ്ങുകയും വാഹനയാത്രക്കാരെ ഹസ്തദാനം ചെയ്യുകയും കാല്‍നടയാത്രക്കാരെ ആശ്ലേഷിക്കുകയും ചെയ്യും.
2. അല്ലാഹു മാലാഖമാരെ സൃഷ്ടിച്ചത് തന്റെ മുഴങ്കൈയിലെയും മാറിലെയും രോമങ്ങളില്‍നിന്നാണ്.
3. ഒരുവിധ മറയുമില്ലാതെ എന്റെ നാഥനെ ഞാന്‍ ദര്‍ശിച്ചു മുത്തുപതിച്ച കിരീടമടക്കം എല്ലാം ഞാന്‍ കണ്ടു.
4. അല്ലാഹുവിന്റെ കണ്ണുകള്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ മാലാഖമാര്‍ അവനെ സന്ദര്‍ശിച്ചു.
5. വഴുതനങ്ങ സര്‍വരോഗങ്ങള്‍ക്കുമുള്ള സിദ്ധൗഷധമാണ്.

III. പക്ഷപാതിത്വം
ഭാഷ, ഗോത്രം , വര്‍ഗം, ദേശം ഇമാം എന്നിവയുടെ പക്ഷംപിടിച്ച വിവിധ വിഭാഗങ്ങളും വ്യാജഹദീസുകള്‍ എഴുന്നള്ളിച്ച് തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇസ്‌ലാമിന്റെ ബാലപാഠമറിയുന്നവര്‍ക്കുപോലും ഒറ്റനോട്ടത്തില്‍ത്തന്നെ വ്യാജമാണെന്ന് തിരിച്ചറിയാന്‍ കഴിയുംവിധം ബാലിശമായിരുന്നു അവയുടെ ഉള്ളടക്കം. അത്തരത്തിലുള്ള ചില വ്യാജഹദീസുകള്‍:
1. അല്ലാഹു കോപിഷ്ഠനായ വേളയില്‍ അറബി ഭാഷയിലും സംതൃപ്തനായ വേളയില്‍ ഫാര്‍സി ഭാഷയിലും വഹ്‌യുകള്‍ അവതരിപ്പിക്കുന്നു.
അറബിഭാഷയുടെ പക്ഷംചേര്‍ന്നവര്‍ ഈ ഹദീസിനെ മറ്റൊരു വ്യാജഹദീസുകൊണ്ട് നേരിട്ടു. ‘അല്ലാഹു കോപിഷ്ഠനായ വേളയില്‍ ഫാര്‍സി ഭാഷയിലും സംതൃപ്തനായ വേളയില്‍ അറബി ഭാഷയിലും വഹ്‌യുകള്‍ അവതരിപ്പിക്കുന്നു.’
2. ഇമാം അബൂഹനീഫയുടെ പക്ഷം പിടിച്ചവരുടെ ഹദീസ് എന്റെ സമുദായത്തില്‍ അബൂ ഹനീഫതിന്നുഅ്മാന്‍ എന്നൊരാള്‍ പിറക്കും. അദ്ദേഹം എന്റെ സമുദായത്തിന്റെ വിളക്കായിരിക്കും.
3. ഇമാം ശാഫിഈയുടെ വൈരികളുടെ ഒരു ഹദീസ്: എന്റെ സമുദായത്തില്‍ മുഹമ്മദ്ബ്‌നു ഇദ്‌രീസ് എന്നപേരില്‍ ഒരാളുണ്ടാകും. അയാള്‍ എന്റെ സമുദായത്തിന് ഇബ്‌ലീസിനേക്കാള്‍ അപകടകാരിയായിരിക്കും.
4. സ്വര്‍ഗത്തിലെ നാലു നഗരങ്ങള്‍ ഈ ലോകത്തുണ്ട്: മക്ക, മദീനഃ, ബയ്തുല്‍ മഖ്ദിസ്, ദമസ്‌കസ്

IV. കാഥികരും സാരോപദേശ കഥകളും
ജനങ്ങളെ ഉപദേശിക്കുന്ന ജോലി പലപ്പോഴും ദൈവഭയമില്ലാത്ത കാഥികരായിരുന്നു ഏറ്റെടുത്തിരുന്നത്. കല്‍പിതകഥകളില്‍ അഭിരമിക്കുന്ന കാഥികരുടെ കഥനങ്ങളില്‍ രസംകണ്ടെത്തിയിരുന്ന പൊതുജനങ്ങളും മുതലാളിമാരും അവര്‍ക്ക് മടിശ്ശീല നിറയെ പണംനല്‍കാന്‍ തുടങ്ങിയതോടെ കഥകള്‍ കെട്ടിയുണ്ടാക്കി അവ നബി(സ)യുടെ പേരില്‍ ചാര്‍ത്തുന്നതില്‍ കാഥികര്‍ അമാന്തംകാട്ടിയില്ല. സദുദ്ദേശ്യത്തോടെയാണ് തങ്ങളിത് ചെയ്യുന്നതെന്ന അവരുടെ സമാശ്വാസം വ്യാജഹദീസുകളുടെ പ്രചാരം വര്‍ധിപ്പിച്ചു. അതിനൊരുദാഹരണമിതാ:
‘ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞാല്‍ അല്ലാഹു അതിലെ ഓരോ പദത്തില്‍നിന്നും ഓരോ പക്ഷിയെ സൃഷ്ടിക്കും. അവയുടെ കൊക്ക് കാഞ്ചനത്തിലും തൂവല്‍ പവിഴത്തിലും തീര്‍ത്തതായിരിക്കും.’

V. കര്‍മശാസ്ത്രഭിന്നതകള്‍

വിവിധ കര്‍മശാസ്ത്ര-ദൈവശാസ്ത്ര ചിന്താധാരകളെ പിന്‍പറ്റിയാല്‍ വ്യാജഹദീസുകള്‍ നിര്‍മിച്ച് തങ്ങളുടെ സംഘത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കാറുണ്ടായിരുന്നു. അത്തരം പ്രേരണയാല്‍ നിര്‍മിക്കപ്പെട്ട ചില ഹദീസുകളിതാ:
1. ആരെങ്കിലും നമസ്‌കാരത്തില്‍ കയ്യുയര്‍ത്തിയാല്‍ അവന്റെ നമസ്‌കാരം നിഷ്ഫലമായി.
2. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് ആരെങ്കിലും വാദിച്ചാല്‍ അവന്‍ നിഷേധിയായതുതന്നെ.

VI. നന്‍മേഛുക്കളായ വിവരദോഷികള്‍

ജനങ്ങളെ നന്‍മയിലേക്ക് അടുപ്പിക്കാനും തിന്‍മയില്‍നിന്ന് അകറ്റിനിര്‍ത്താനും പര്യാപ്തമായ ഹദീസുകള്‍ നിര്‍മിക്കുന്നതിലൂടെ ഇസ് ലാമിനെ സേവിക്കുകയാണെന്ന ഭാവത്തില്‍ നന്‍മേഛുക്കളായ ചില വിവരദോഷികളും ഈ ഹീനകൃത്യത്തിന് കൂട്ടുനില്‍ക്കുകയുണ്ടായി. തങ്ങള്‍ പ്രവാചകനനുകൂലമായാണ് കളവുപറയുന്നതെന്നും അല്ലാതെ തിരുമേനിക്കെതിരെയല്ലെന്നും അവര്‍ പറഞ്ഞു. ഖുര്‍ആനിലെ ഓരോ അധ്യായത്തിന്റെയും ശ്രേഷ്ഠതകള്‍ വിവരിക്കുന്ന വ്യാജഹദീസ് നിര്‍മിച്ച നൂഹ് ബ്‌നു അബീമര്‍യം അതിന് ന്യായം പറഞ്ഞത്, ജനങ്ങള്‍ അബൂഹനീഫയുടെ ഫിഖ്ഹിലും ഇബ്‌നു ഇസ്ഹാഖിന്റെ യുദ്ധവിവരണത്തിലും മുഴുകി ഖുര്‍ആനെ അവഗണിച്ചപ്പോള്‍ അവരെ ഖുര്‍ആനിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് താനത് ചെയ്തതെന്നാണ്.

VII. രാജസാമീപ്യം കാംക്ഷിക്കുന്നവര്‍
രാജാക്കന്‍മാരുടെയും സുല്‍ത്താന്‍മാരുടെയും സാമീപ്യവും പ്രീതിയും പണക്കിഴികളും ഭൗതികലാഭങ്ങളും നേടാനായി ചിലര്‍ ഹദീസുകളില്‍ മായംചേര്‍ക്കാറുണ്ടായിരുന്നു. അവര്‍ പറയുന്നത് വ്യാജമാണെന്നറിഞ്ഞിട്ടും അതിനെ വേണ്ടവിധം കൈകാര്യംചെയ്യുന്നതിന് പകരം അവഗണിച്ച രാജാക്കന്‍മാരും ഫലത്തില്‍ വ്യാജഹദീസുകളെ പ്രചരിപ്പിക്കുകയായിരുന്നു. പ്രാവിനെപറത്തി ഉല്ലസിക്കുകയായിരുന്ന ഖലീഫ മഹ്ദിയുടെ സന്നിധിയിലെത്തിയ ഗിയാസുബ്‌നു ഇബ്‌റാഹീം പ്രശസ്തമായ ഒരു നബി വചനം ഉദ്ധരിച്ചു:’അമ്പിലും കുളമ്പിലുമല്ലാതെ മത്സരമില്ല.(അമ്പെയ്തും കുതിരയുടെയോ ഒട്ടകത്തിന്റെയോ ഓട്ടവുമാണ് യഥാര്‍ഥ മത്സരങ്ങള്‍ എന്ന് സാരം).’എന്നാല്‍ മഹ്ദിയെ പ്രീതിപ്പെടുത്താനായി ഗിയാസ് ചിറകിലും എന്ന് അതിനോട് സ്വന്തംവകയായി ചേര്‍ത്തുപറഞ്ഞു.

കടപ്പാട് : ഹദീസ് പതിപ്പ്
പ്രബോധനം വാരിക

Topics