ചോ: എന്റെ മകന് മറ്റുള്ളവരെ കടിക്കുന്ന സ്വഭാവമുണ്ട്. എന്നെയും അവന്റെ ഇളയ കസിനെയും കടിക്കുന്നു. പക്ഷേ കസിന്‍കൂടെയുള്ളപ്പോള്‍ മാത്രമാണ് അവന്‍ കടിക്കുന്നത്. എന്റെ മകന് ഇപ്പോള്‍ നടക്കാന്‍ കഴിയും. അതേസമയം പത്താഴ്ചയോളം പ്രായക്കുറവുള്ള കസിന്‍ മുട്ടിലിഴഞ്ഞാണ് നടക്കുന്നത്. എന്റെ കുട്ടിയെ ചുറ്റിപ്പറ്റിയാണ് കസിനുണ്ടാകുക. അത് അവന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കടിക്കുന്ന സ്വഭാവം നിറുത്താന്‍ എന്താണ് മാര്‍ഗം?
————————–
ഉത്തരം: നടക്കുന്ന പ്രായത്തിലുള്ള കുട്ടികളെപ്പറ്റി പുതിയ ഗവേഷണറിപോര്‍ട്ടുകളാണ് ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇന്നലെ അവര്‍ക്ക് കഴിയാത്തത് ക്ലേശിച്ചിട്ടാണെങ്കില്‍പോലും ഇന്ന് അതിനായി പരിശ്രമിക്കുന്നു. നാളെ നിഷ്പ്രയാസം അത് ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു. തന്റെ കസിനേക്കാള്‍ നിങ്ങളുടെകുട്ടിക്ക് കൂടുതല്‍ ചലനശേഷി ഉണ്ട് എന്നത് വസ്തുതയാണ്. ഓരോ കുട്ടിയും വ്യത്യസ്തരീതിയിലാണ് വളരുന്നത്. നടത്തവും ഓട്ടവും ചാട്ടവും തുടങ്ങി എല്ലാ ശാരീരികപ്രവര്‍ത്തനങ്ങളും ഒരു കുട്ടി വളരെ വേഗം സ്വാംശീകരിക്കുമെങ്കില്‍ മറ്റുകുട്ടികള്‍ തങ്ങളുടെ ചുറ്റുപാടുകളോട് പ്രതികരിക്കാനാണ് പെട്ടെന്ന് ശ്രമിക്കുക. വേറൊരുകൂട്ടര്‍ തങ്ങള്‍കണ്ടുമുട്ടുന്ന ആളുകളുമായി ആശയവിനിമയം നടത്താനാണ് കഴിവ് നേടുക. എല്ലാവര്‍ക്കും ഒരേ സ്വഭാവത്തിലായിരിക്കില്ല കഴിവ് ഉണ്ടാകുക. അതുകൊണ്ടാണ് കാല്‍മുന്നോട്ടുവെച്ച് നടക്കാമെന്നത് നിങ്ങളുടെ കുട്ടി വളരെ പെട്ടെന്നുതന്നെ സ്വാംശീകരിച്ചത്.
തനിക്കെങ്ങിനെയെല്ലാം ചലനസ്വാതന്ത്ര്യം നേടാംഎന്ന് മനസ്സിലാക്കിവരുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം ആ ചലനസ്വാതന്ത്ര്യത്തെ തടയുന്ന ഏതുകാര്യവും അസ്വസ്ഥജനകമായിരിക്കും. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കുട്ടി ആ നടപ്പില്‍ കുറെക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എങ്ങനെ പോകാം. എങ്ങനെ കാലുകള്‍ ശ്രദ്ധയോടെ വെക്കാം. വ്യത്യസ്തഫര്‍ണീച്ചറുകളെ എങ്ങനെ സമീപിക്കാം, തറയുടെ പ്രതലങ്ങളെ (ചരിവുള്ളതും കുത്തനെയുള്ളതും) എങ്ങനെ മറികടക്കാം എന്നിവ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയും അബദ്ധങ്ങളിലൂടെയും പരിചയിക്കാന്‍ അവര്‍ തുടങ്ങുന്നു. അത്തരം കാര്യങ്ങള്‍ പഠിക്കുന്നതിന് അധികസമയം വേണ്ടിവരുന്നില്ല. അതിനാല്‍ അതില്‍നിന്ന് തടയപ്പെടുന്ന അവസ്ഥ സംജാതമായാല്‍ അത് അവനെ പെട്ടെന്നുതന്നെ അസംതൃപ്തനാകുന്നു.
പലകാരണങ്ങളാലും ചെറിയകുട്ടികള്‍ കടിക്കുന്ന സ്വഭാവം പ്രകടിപ്പിക്കാം. എന്തൊക്കെയാണ് അവര്‍കടിക്കുന്നത്, പല്ലുവളര്‍ച്ചയുടെ ഭാഗമായുള്ള അസ്വസ്ഥതയൊഴിവാക്കാനാണോ കടിക്കുന്നത് എന്നിങ്ങനെയുള്ള സംഗതികള്‍ പരിശോധിക്കേണ്ടതുണ്ട്.
നിരാശവരുമ്പോഴാണ് സാധാരണരീതിയില്‍ കുട്ടികള്‍ കടിക്കുന്നത്. അത്തരത്തില്‍ കടിക്കുന്ന കുട്ടികളെ നാം പ്രത്യേകം ശ്രദ്ധിക്കണം. കടിക്കുന്നതുമൂലം മുറിവുണ്ടാകുകയും വേദനിക്കുകയും ചെയ്യുമെന്ന് കുട്ടിയെ പറഞ്ഞുമനസ്സിലാക്കണം. അതിനാല്‍ അത് ശരിയല്ലെന്ന് കുട്ടി തിരിച്ചറിയണം. അസംതൃപ്തിയും അസ്വസ്ഥതയും പ്രകടിപ്പിക്കാനുള്ള രീതികള്‍ അവന് പഠിപ്പിച്ചുകൊടുക്കണം. ഇത്തരംകാര്യങ്ങളില്‍ അവനെ സമാധാനപൂര്‍വം സമീപിക്കണം. അതേസമയം അവന് നഷ്ടപരിഹാരം പോലെ ഒന്നുംചെയ്തുകൊടുക്കുകയുമരുത്. അത് തന്റെ ചെയ്തിക്കുള്ള പ്രതിഫലമായി അവന്‍ തെറ്റുധരിച്ചേക്കും.
കടി പലപ്പോഴും ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം. നമ്മുടെ പ്രതികരണമാണ് അവരുടെ സ്വഭാവത്തെ ശക്തിമത്താക്കുന്നത്. അതിനാല്‍ ആ സ്വഭാവരീതികൊണ്ട് അവനെ പരിഗണിക്കുന്നുവെന്ന് തോന്നരുത്. അങ്ങനെയെങ്കില്‍ ക്രമേണ കടിക്കുകയെന്ന സ്വഭാവം വിസ്മൃതിയില്‍ ലയിച്ചോളും.
തങ്ങളെ ഭയപ്പെടുത്തുന്ന ചുറ്റുപാടില്‍നിന്ന് ആത്മപ്രതിരോധമെന്ന നിലയിലോ അല്ലെങ്കില്‍ രക്ഷപ്പെടുകയെന്ന നിലക്കോ ആകാം ചിലപ്പോള്‍ കടിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്നത്.
കുട്ടിയുടെ കസിനുമായി സഹവസിക്കുന്ന സമയത്ത് നിങ്ങള്‍ മറ്റുപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് അവരെ ശ്രദ്ധിക്കാന്‍ നേരംകണ്ടെത്തണം. അവരെങ്ങനെയാണ് ഒരുമിച്ച് കളിക്കുന്നതെന്ന് നിരീക്ഷിക്കണം. കുട്ടി കടിക്കാന്‍ തുനിയുമ്പോള്‍ ആക്രോശവും ഒച്ചയും ഉണ്ടാക്കാതെ കടിക്കുന്നതിലുള്ള അതൃപ്തി പ്രകടിപ്പിക്കണം. പക്ഷേ, ഓര്‍ക്കുക ആ സമയത്ത് നിങ്ങള്‍ ശാന്തമനസ്‌കയായിരിക്കണം. കുട്ടി നിങ്ങളെ കടിക്കുകയാണെങ്കില്‍ (ഇത്തിരി അതിശയോക്തിയോടെ )വേദനിച്ച് കരയുന്നതുപോലെ ഭാവിക്കണം. അതിലൂടെ കടിച്ചാല്‍ എന്താണ് ഉണ്ടാവുകയെന്ന് അവര്‍ മനസ്സിലാക്കണം. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു മാര്‍ഗംസ്വീകരിക്കാം. അതായത് ആ കുട്ടിയുടെ ശ്രദ്ധ മറ്റൊരു പ്രവൃത്തിയിലേക്ക് തിരിച്ചുവിടുകയെന്നതാണത്. അതില്‍ കുട്ടിയുടെ കസിനെക്കൂടി പങ്കെടുപ്പിക്കാം. അങ്ങനെ അവര്‍ രസംകണ്ടെത്തി ഒരുമിച്ച് കളിക്കട്ടെ.
Add Comment