അറിവാണ് മനുഷ്യനെ ദൈവത്തിന് വഴിപ്പെടാന്‍ സഹായിക്കുന്നതെന്ന ബോധ്യം പകര്‍ന്നുനല്‍കിയ ദര്‍ശനമാണ് ഇസ്‌ലാം. അതിനാലാണ് മനുഷ്യര്‍ക്കുള്ള പ്രഥമസന്ദേശത്തില്‍ വായിക്കണമെന്നും അത് അറിവില്ലാത്ത മനുഷ്യനെ സൃഷ്ടിയെയും സ്രഷ്ടാവിനെയും തിരിച്ചറിയാനും അതുവഴി കടമകളെയും ഉത്തരവാദിത്വത്തെയും മനസ്സിലാക്കാനും സഹായിക്കുമെന്ന് അത് വെളിപ്പെടുത്തിയത്. അതോടൊപ്പം പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളുടെയും പേരുകള്‍ ആദ്യമനുഷ്യന് പഠിപ്പിച്ചുകൊടുത്തുവെന്നത് അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും അധ്യാപനത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്.
മനുഷ്യനെ മനുഷ്യനാക്കുന്നതും അഭിവൃദ്ധിയിലേക്ക് നയിക്കുന്നതും വിദ്യയാണ്. വിദ്യനേടാന്‍ പ്രേരിപ്പിച്ചുകൊണ്ട് അല്ലാഹു ഇങ്ങനെ പറയുന്നു:
‘അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലമുള്ള ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.'(സുമര്‍ 9)
പണ്ഡിതന്മാര്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പ്രത്യേകസ്ഥാനമുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:’നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ് ‘(അല്‍മുജാദില 11). അതുപോലെ തന്റെ ഏകത്വത്തിന് അറിവുള്ളവരുടെ സാക്ഷ്യത്തെ അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞു. ‘താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സ്വയം സാക്ഷിയാകുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്’ (ആലുഇംറാന്‍ 18). ഇവിടെ ജ്ഞാനികളുടെ സാക്ഷ്യത്തെ ദൈവത്തിന്റെയും മലക്കുകളുടെയും സാക്ഷ്യത്തെപ്പോലെ പരിഗണിച്ചു.
Add Comment