“നിശ്ചയമായും നിങ്ങളുടെ നാഥന്‍ ആറുനാള്‍ക്കകം ആകാശ ഭൂമികളെ സൃഷ്ട്ടിച്ചവനത്രെ. പിന്നെയവന്‍ സിംഹാസനസ്ഥനായി” എന്ന് ഖുര്‍ആനില്‍ പറയുന്നു. ആറു ദിവസങ്ങളില്‍ സൃഷ്ടിക്കുക എന്നതിന്റെ അര്‍ഥമെന്തൊണ് ഇതിന്റെ വ്യാഖ്യാനം ഒരു തഫ്സീറില്‍ ഇങ്ങനെ കാണുന്നു അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി അഥവാ ആറു ഘട്ടങ്ങളിലായി സൃഷ്ടിച്ചു. അത് ആറു ദിനരാത്രങ്ങള്‍ ആണോ അതല്ല ആറു വര്‍ഷങ്ങളാണോ എന്ന് നമുക്കറിഞ്ഞുകൂടാ.” ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ഉത്തരം: നാം കണക്കാക്കിവരുന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിനരാത്രങ്ങളല്ല അല്ലാഹു ഉദ്ദേശിക്കുന്നത് എന്ന കാര്യം സംശയാതീതമാണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പിനുശേഷമാണ് ഈ അളവിലുള്ള ദിനരാത്രങ്ങള്‍ ഉണ്ടായതുതന്നെ. അപ്പോള്‍പിന്നെ ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് പ്രസ്തുത ദിനരാത്രങ്ങളില്‍ ആവുന്നതെങ്ങനെ?
‘ഫുസ്സ്വിലത്’ അധ്യായത്തില്‍ ‘ആറു ദിവസ’ങ്ങള്‍ കൊണ്ട് ആകാശഭൂമികള്‍ സൃഷ്ടിച്ചതിന്റെ വിശദാംശങ്ങളുണ്ട്. ആറു ദിവസങ്ങള്‍ എന്നു പറയുന്നത് ആറു യുഗങ്ങളെക്കുറിച്ചാവാം. ഓരോ യുഗത്തിന്റെയും കാലദൈര്‍ഘ്യം എത്രയെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിന്റെ ഒരു ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ അത് ഒരു യുഗമായി കണക്കാക്കിയതാവാം.
അല്ലെങ്കില്‍ ‘അയ്യാം’ എന്ന പദം ആകാശഗോളങ്ങളുമായി ബന്ധപ്പെട്ട നമുക്ക് അപരിചിതമായ ആറ് ചംക്രമണ കാലത്തെക്കുറിച്ചാവാം. അത് സൂര്യവര്‍ഷാടിസ്ഥാനത്തിലുള്ള നമ്മുടെ കാലയളവല്ല. അതുമല്ലെങ്കില്‍ ആകാശഭൂമികളുടെ സൃഷ്ടിപ്പിലെ ആറ് ഘട്ടങ്ങളാവാം. ‘അയ്യാം’ എന്ന പദത്തിന് ഈ പറഞ്ഞ അര്‍ഥങ്ങളെല്ലാം സാധുവാണ്. അതിന് ഭാഷാ ശാസ്ത്രപരമായ ഏതെങ്കിലും കുഴപ്പമോ മതപരമായ വല്ല തടസ്സമോ ഇല്ല. അറബികളുടെ ഭാഷാ പ്രയോഗമനുസരിച്ച് ‘യൌം’എന്ന പദം ചില പ്രത്യേക സംഭവങ്ങള്‍ മൂലം മറ്റുള്ളവയില്‍നിന്ന് വ്യതിരിക്തമായി നില്‍ക്കുന്ന കാലത്തെക്കുറിക്കുന്നു. നമ്മുടെ സാധാരണ ദിവസങ്ങള്‍ ഓരോന്നും സൂര്യന്റെ ഉദയവും അസ്തമയവുമായി ബന്ധപ്പെട്ട് വേര്‍തിരിഞ്ഞുനില്‍ക്കുന്നു. ചില യുദ്ധങ്ങളും സംഘട്ടനങ്ങളും ഉണ്ടായ കാലഘട്ടത്തെ അറബികള്‍ ‘അയ്യായുല്‍ അറബ്’ എന്ന പദം കൊണ്ട് വ്യവഹരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: “നിന്റെ നാഥന്റെയടുക്കല്‍ ഒരു ദിവസം നിങ്ങള്‍ കണക്കുകൂട്ടുന്ന ആയിരം വര്‍ഷങ്ങള്‍ക്കു തുല്യമാണ്” അന്ത്യദിനത്തിന്റെ ഭീകരത വിവരിക്കുവാന്‍ വേണ്ടി “അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ദിവസത്തില്‍” എന്ന് വിശേഷിപ്പിച്ചതും കാണാം.
അല്ലാഹു ആകാശഭൂമികളെ ആറു ഘട്ടത്തില്‍ സൃഷ്ടിച്ചതെന്തിനാണ്? അവന് ഒറ്റ നിമിഷം അവ സൃഷ്ടിക്കുവാന്‍ കഴിയുകയില്ലേ? “ഉണ്ടാവുക എന്നു പറയുകയേ വേണ്ടൂ, അപ്പോള്‍ അതുണ്ടാവുന്നു” എന്നതാണല്ലോ അവന്റെ അവസ്ഥ. അതിലടങ്ങിയ യുക്തി അല്ലാഹുവിനു മത്രമേ അറിയൂ. ഒരു പക്ഷേ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതില്‍ അല്ലാഹു സ്വീകരിച്ച സാവകാശം ജീവിത പ്രശ്നങ്ങളില്‍ അവന്റെ ദാസന്‍മാര്‍ക്ക് അവധാനതക്കും സാവകാശത്തിനും ഒരു മാതൃകയാണെന്ന് അവന്‍ ഉദ്ദേശിച്ചിരിക്കാം. “അവധാനത ദൈവികമാണ്; ധൃതി പൈശാചികമാണ്” എന്ന മഹദ്വചനത്തിന്റെ പൊരുളം അതായിരിക്കണം.
Add Comment