വിവാഹത്തിന് ശേഷം ദമ്പതികള്‍ ചിലപ്പോള്‍ വളരെ ഗുരുതരമായ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചേക്കാം. വിവാഹമോചനമല്ലാതെ മറ്റ് പരിഹാരങ്ങളൊന്നുമില്ലാത്ത സാഹചര്യം അവരുടെ മുന്നില്‍ കടന്ന് വരികയും ചെയ്തേക്കാം. പരാജിതമായ വിവാഹ ബന്ധം സൃഷ്ടിച്ച മാനസികവും വൈകാരികവുമായ പ്രശ്നങ്ങളില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ ഈയവസ്ഥയില്‍ ദമ്പതികള്‍ക്ക് വിവാഹമോചനം മാത്രമെ ഫലപ്രദമാവുകയുള്ളൂ. എന്നാല്‍ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വിവാഹമോചനം അവളുടെ ജീവിതത്തിന്റെ അവസാനമായി കരുതാവതല്ല. പൂര്‍വ ഭര്‍ത്താവിന്റെ കൂടെ ചെലവഴിച്ച ഊഷരനാളുകള്ക്ക് പകരം വെക്കാന്‍ കഴിയുന്ന, തനിക്ക് യോജിച്ച പുതിയ ഇണയെ അന്വേഷിക്കുകയാണ് വിവാഹമോചിതയായ സ്ത്രീ ചെയ്യേണ്ടത്.
എന്നാല്‍ തന്റെ പുതിയ ഭര്‍ത്താവിന്റെ മുന്നില്‍ പഴയ പങ്കാളിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കുന്ന പ്രവണത ഇത്തരം സ്ത്രീകളില്‍ പലര്‍ക്കുമുണ്ട്. തന്റെ രണ്ടാമത്തെ വൈവാഹിക ജീവിതവും തകര്‍ക്കാന്‍ കാരണമായേക്കാവുന്ന ഗുരുതരമായ വീഴ്ചയും അബദ്ധവുമാണ് ഇത്. വിവാഹമോചിതയായ സ്ത്രീ തന്റെ പുതിയ ഭര്‍ത്താവിന്റെ മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തുകയാണ് നാമിവിടെ ചെയ്യുന്നത്.
ജീവിതം നമ്മെ എത്ര തന്നെ മുന്നോട്ട് നയിച്ചിട്ടുണ്ടെങ്കിലും ഒരു പക്ഷേ ഭൂതകാലത്തിന്റെ നിഴലുകള്‍ നമ്മോടൊപ്പം കണ്ടേക്കാം. എന്നാല്‍ ആ നിഴലുകള്‍ ഒരിക്കലും പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിന് മുന്നില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. വിവാഹമോചനത്തിന് ശേഷം മറ്റൊരു പുരുഷന്റെ കൂടെ പുതിയ ജീവിതം തുടങ്ങുന്ന സ്ത്രീ, നാക്കുപിഴയുടെയോ മറ്റോ ഫലമായി യാദൃശ്ചികമായി നടത്തുന്ന പരാമര്‍ശങ്ങള്‍ പുതിയ ബന്ധത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പുരുഷന് തന്റെ പൂര്വഭാര്യയെക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ ഒരുവേള പുതിയ ഭാര്യ കാര്യഗൗരവത്തിലെടുത്തുകൊള്ളണമെന്നില്ല. എന്നാല്‍ പുരുഷന് അപ്രകാരമല്ല. തന്റെ പൂര്വഭര്ത്താവിനെ അനുകൂലിച്ചോ, പ്രശംസിച്ചോ ഭാര്യ സംസാരിക്കുന്നത് പുരുഷനെ രോഷാകുലനാക്കുകയോ, നിരാശനാക്കുകയോ ചെയ്തേക്കാം. ഭാര്യ തനിക്കും പഴയ ഭര്‍ത്താവിനും ഇടയില്‍ താരതമ്യം നടത്തുന്നുവെന്ന് ധരിക്കുന്നതിലേക്ക് അത് നിലവിലുള്ള ഭര്‍ത്താവിനെ കൊണ്ടെത്തിക്കുകയും ആ ധാരണ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സമീപനത്തിലും ദോഷകരമായി പ്രതിഫലിക്കുകയും ചെയ്യുന്നു. പുതിയ ഭര്‍ത്താവിന്റെ അഭിമാന ബോധത്തെയും, ആത്മരോഷത്തെയും ഇളക്കിവിടുന്നതിന് കാരണമാകുമ്പോഴാണ് പൂര്വഭര്ത്താവിനെക്കുറിച്ച ഭാര്യയുടെ സംസാരം ഏറ്റവും മോശമായി പുതിയ ഭര്‍ത്താവില്‍ സ്വാധീനിക്കുന്നത്. അതിനാല്‍ വിവാഹമോചനത്തിന് ശേഷം പുതിയ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ പഴയകാല ബന്ധത്തിന്റെ നിഴലില്‍ നിന്ന് പൂര്‍ണമായി മോചിതരാവാനാണ് ശ്രമിക്കേണ്ടത്. പുതിയ ഭര്‍ത്താവിന്റെ മുന്നില്‍ പഴയ കാലത്തെക്കുറിച്ച് ഒന്നും പറയാതിരിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ സമീപനം.
പുതിയ ഭര്‍ത്താവുമായുള്ള അഭിപ്രായ ഭിന്നതകളില്‍ സ്വയം പ്രതിരോധിക്കുന്നതിനായി പഴയകാല ഓര്‍മകളെ കൂട്ടുപിടിക്കുന്ന ചില സ്ത്രീകളുണ്ട്. തന്റെ പൂര്‍വ ഭര്‍ത്താവിനെ പുകഴ്ത്തിയും പ്രശംസിച്ചും, പുതിയ ഭര്‍ത്താവിനെ പ്രകോപിപ്പിക്കുകയും ചൊടിപ്പിക്കുകയുമാണ് അവര്‍ ചെയ്യാറ്. ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുകയെന്നത് ഒരു ഭാര്യക്ക് ഒരു നിലക്കും ഭൂഷണമായ കാര്യമല്ല. പരസ്പരം തെറ്റിദ്ധരിക്കാനും, ബന്ധത്തില്‍ അകല്‍ച്ച സൃഷ്ടിക്കാനും മാത്രമെ ഈ സമീപനം ഉതകുകയുള്ളൂ. വിശിഷ്യാ പൗരുഷവും തന്റേടവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പരാമര്‍ശങ്ങള്‍ പുതിയ ഭര്‍ത്താവില്‍ ദോഷകരമായി മാത്രമെ സ്വാധീനിക്കുകയുള്ളൂ. തന്റെ പഴയഭര്ത്താവ് ധീരനും, സാമര്ത്ഥ്യമുള്ളവനുമായിരുന്നുവെന്ന് സ്ത്രീ പറയുന്നതോടെ തന്റെ പൗരുഷത്തിനും, ആദരവിനും നേരെയുള്ള വെല്ലുവിളിയായാണ് പുരുഷനത് മനസ്സിലാക്കുന്നത്. വൈവാഹിക ജീവിതത്തില്‍ ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ സൃഷ്ടിക്കുന്ന സമീപനമാണ് ഇത്. ഓരോ പുരുഷനും മറ്റൊരാളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരിക്കുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും അംഗീകരിക്കുകയുമാണ് നാം ചെയ്യേണ്ടത്.
ഇപ്രകാരം തന്നെയാണ് സൗന്ദര്യത്തിന്റെയും ഭൗതിക ഘടകങ്ങളുടെയും കാര്യങ്ങളിലുള്ള താരതമ്യവും. ഒരുപക്ഷേ, പുതിയ പങ്കാളി തന്നെയായിരിക്കും പൂര്വഭര്ത്താവിനേക്കാള് സൗന്ദര്യവും സമ്പത്തുമുള്ളത്. എന്നാല്‍ പോലും ‘പഴയ ഭര്‍ത്താവ് സുന്ദരനായിരുന്നു’വെന്ന പരാമര്‍ശം തന്റെ ഇണ തന്നില്‍ തൃപ്തയല്ലെന്നോ, തന്നേക്കാള്‍ ഉത്തമമായി കരുതുന്നത് പൂര്വഭര്ത്താവിനെയാണെന്നോ ധരിക്കുന്നതിന് ഇത്തരം വാക്കുകള്‍ കാരണമാകുന്നതാണ്.
എന്റെ മാതാപിതാക്കള്‍ക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു, അദ്ദേഹവുമായുള്ള വിവാഹമോചനം എന്റെ മനസ്സിനെ തകര്‍ത്തു കളഞ്ഞു, അദ്ദേഹത്തിന് ഒട്ടേറെ കഴിവുകളുണ്ടായിരുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ പുതിയ ഭര്‍ത്താവിനെ പ്രോല്സാഹിപ്പിക്കാനോ, കൂടുതല്‍ ഉത്സാഹിയാക്കുന്നതിനോ ഉദ്ദേശിച്ച് നടത്തുന്നയാണെങ്കില് പോലും ദാമ്പത്യത്തില്‍ അത് വളരെ മോശം പ്രതിഫലനങ്ങള്‍ക്ക് കാരണമാകുമെന്ന് സ്ത്രീ തിരിച്ചറിയേണ്ടിയിരിക്കുന്നു. പുതിയ ദാമ്പത്യത്തില്‍ പഴയപങ്കാളിയെക്കുറിച്ച പരാമര്‍ശം ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും നല്കുന്ന ഉത്തരങ്ങളില്‍ പരിമിതമാക്കുകയാണ് ഏറ്റവും ഉത്തമമായ സമീപനം.
നൂറ സയാന്
Add Comment