ജീവിതം സമൂഹത്തിന്റെ നന്‍മക്കും അഭിവൃദ്ധിക്കുമായി നേര്‍ച്ച നേര്‍ന്ന സദ്‌വൃത്തരും, ദൈവഭക്തരുമായ പുരുഷന്‍മാരുണ്ട് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൊണ്ടല്ല ഈ സന്ദേശം കുറിക്കുന്നത്. സമൂഹത്തിലെ നിര്‍ണിതമായ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ളവയാണ് എന്റെ വരികളെന്ന് എന്റെ വായനക്കാര്‍ മനസ്സിലാക്കുമെന്ന് ശ്രമിക്കുന്നു. മറകള്‍ക്ക് പിന്നിലിരുന്ന്, ഇരുട്ടില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ നിങ്ങളും എന്റെ കൂടെ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
വിവാഹമോചിതരായ സ്ത്രീകളെയാണ് ഞാനിവിടെ അഭിംസബോധന ചെയ്യുന്നത്. പ്രിയ സഹോദരിമാരേ, നിങ്ങള്‍ക്ക് ചുറ്റും പതിയിരിക്കുന്ന ഏതാനും ചിലര്‍ നമുക്കിടയിലുണ്ട്. എല്ലായിടത്തും, എല്ലാ വേദികളിലും, ചാറ്റ് റൂമുകളില്‍ വരെ അവരുടെ സാന്നിദ്ധ്യമുണ്ട്. വിവാഹം കഴിക്കാന്‍ വൈകിയവരെയോ വിധവകളെയോ അല്ല, വിവാഹമോചിതകളായവരെ മാത്രമാണ് അവര്‍ ഉന്നമിടുന്നത്. മതബോധമോ, ലജ്ജയോ, പവിത്രതയോ ഇല്ലാത്ത ശരീരമാണ് വിവാഹമോചിതകളെന്ന് അവര്‍ കരുതുന്നു. വിലകുറഞ്ഞവളും, എളുപ്പത്തില്‍ കടന്ന് കയറാന്‍ പറ്റിയ വീടുമായി അവരവളെ വിലയിരുത്തുന്നു.
മനുഷ്യത്വത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും അഴിച്ചുവെച്ച ചിലര്‍ വിധവകളെ ദുര്‍ബലരും, അബലകളുമായി കരുതി ഉപേക്ഷിക്കുകയും വിവാഹമോചിതകളെ നോട്ടമിടുകയും ചെയ്യുന്നു. അവളോട് കരുണ കാണിക്കാതെ, അവളുടെ ശരീരത്തില്‍ തങ്ങളുടെ കൊതി തീര്‍ക്കുകയും ശേഷം ചവിട്ടിത്തേച്ച് വലിച്ചെറിയുകയും ചെയ്യുന്നു. അല്ലെങ്കില്‍ മാധുര്യമുള്ള പാല്‍പാത്രത്തെ പോലെ ആര്‍ത്തി തീരുവോളം കുടിക്കുകയും ശേഷം ഉപേക്ഷിക്കുകയുമാണ് പതിവ്.
വിവാഹമോചിതകളെ തകര്‍ക്കുന്ന, അവളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്ന താല്‍ക്കാലിക വിവാഹം പോലുള്ള വിഷയങ്ങള്‍ കടന്ന് വരുന്നത് ഇതിന്റെ സ്വാഭാവിക ഫലമെന്നോണമാണ്. തങ്ങളുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും ആക്ഷേപാര്‍ഹമല്ലാത്ത വിധത്തില്‍ പൂര്‍ത്തീകരിക്കാനും, നിരപരാധികളായി നടിക്കാനുമുള്ള ത്വരയാണ് അത്തരം സമീപനങ്ങളില്‍ പ്രകടമാകുന്നത്. ഇത്തരം വിവാഹങ്ങള്‍ മതപരമായ ഉപാധികളും നിബന്ധനകളും പാലിച്ചല്ല നടപ്പാക്കപ്പെടുന്നത് എന്ന് മാത്രമല്ല, തങ്ങളുടെതായ രീതികള്‍ക്കനുസരിച്ച് അവയെ ദുര്‍വ്യാഖ്യാനിക്കുകയും വലിച്ചുനീട്ടുകയുമാണ് അക്കൂട്ടര്‍ ചെയ്യാറുള്ളത്. മുസ്ലിം സ്ത്രീകളുടെ അഭിമാനത്തിന് നേരെ നടത്തപ്പെടുന്ന ഇത്തരം കയ്യേറ്റങ്ങളില്‍ ഇസ്ലാം പൂര്‍ണ നിരപരാധിയാണെന്ന് നാം തിരിച്ചറിയുക.
ഈ വിഷയങ്ങളെല്ലാം വിവാഹമോചിതകള്‍ക്ക് മുന്നില്‍ മാത്രം അവതരിപ്പിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്? വിവാഹത്തിന് തയ്യാറാവുന്ന പുതിയ യുവതീയുവാക്കള്‍ക്ക് മുന്നില്‍ അവ സമര്‍പിക്കപ്പെടാത്തത് എന്ത് കൊണ്ട്? വിവാഹമോചിതകളാണോ ഇത്തരമൊരു ആശയം സമൂഹത്തില്‍ ഉന്നയിച്ചത്? അല്ലെങ്കില്‍ തീര്‍ത്തും അക്രമപരമായ ഇത്തരം കാഴ്ചപ്പാട് സമൂഹം വിവാഹമോചിതകളോട് സ്വീകരിക്കുന്നതിലെ യുക്തിയെന്താണ്?
വിധവകളോട് സമൂഹം പുലര്‍ത്തുന്ന അനീതികള്‍ ഒട്ടേറെ തവണ ചര്‍ച്ചക്ക് വിഷയീഭവിച്ചിട്ടുണ്ട്. സമൂഹത്തിലെ മര്യാദകെട്ട, നീചരായവരുടെ ദൃഷ്ടിയില്‍ വിവാഹമോചിത എക്കാലത്തും വിലകുറഞ്ഞവള്‍ തന്നെയാണ്. പതിവ്രതയല്ലാത്ത, വളക്കാന്‍ എളുപ്പമുള്ള പ്രകൃതമാണ് അവളുടേതെന്ന് അവര്‍ കരുതുന്നു. വിവാഹം കഴിച്ചവള്‍ക്ക് തുണയില്ലാതെ ജീവിക്കാനാവില്ല, വേഗത്തില്‍ വികാരമുളവാകുന്നവളാണ്…. എന്നിങ്ങനെ ഒട്ടേറെ ദുഷ്പ്രചരണങ്ങള്‍ അവളുടെ പേരില്‍ നടക്കുന്നു.
കുറ്റവാളികളെയും, തെറ്റ് ചെയ്തവരെപ്പോലെയുമാണ് അവര്‍ നമ്മെ നോക്കിക്കാണുന്നത്. ഭൂമിക്ക് മുകളിലുള്ള എല്ലാ മോശപ്പെട്ട വിശേഷണങ്ങളും അവര്‍ നമുക്ക് നല്‍കുന്നു.
പ്രിയ സഹോദരിമാരേ, നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പൗരുഷത്വത്തിന്റെ എല്ലാ മൂല്യങ്ങളില്‍ നിന്നും ഒഴിവായ ചില പുരുഷന്‍മാരുണ്ട്. നമ്മുടെ അഭിമാനവും, മഹത്വവും പിച്ചിയെറിയുവാന്‍ ഓരോ നിമിഷവും തക്കം പാര്‍ത്തിരിക്കുകയാണ് അവര്‍. നമ്മുടെ ചുറ്റുപാടിലേക്ക് തന്നെ കണ്ണോടിച്ചു നോക്കൂ. വിവാഹം കഴിക്കാത്ത യുവതികളേക്കാള്‍ പുരുഷന്‍മാര്‍ സംസാരിക്കാനും, പരിചയപ്പെടാനും ആഗ്രഹിക്കുന്നത് വിവാഹമോചിതകളോടാണ്. വിശിഷ്യാ, വെബ്‌സൈറ്റുകളുടെയും, ചാറ്റ്‌റൂമുകളുടെയും ലോകത്ത്.
വിവാഹമോചിത കന്യകയല്ലെന്ന് ആര്‍ക്കാണറിയാത്തത്? എന്നിട്ട് പോലും മറ്റുള്ളവരേക്കാള്‍ അവള്‍ക്ക് മുന്‍ഗണന നല്‍കാന്‍ മാത്രം അവിവേകിയാണ് പുരുഷനെന്ന് നിങ്ങള്‍ ധരിക്കുന്നുണ്ടോ? പൂര്‍ണതയെ ഉപേക്ഷിച്ച് ന്യൂനതയുടെ പിന്നിലോടാന്‍ മാത്രം വിഢ്ഢികളാണോ അവര്‍! അല്ല, തീര്‍ച്ചയായും ഉറപ്പാണ്. മറിച്ച് നമ്മുടെ ദൗര്‍ബല്യത്തെയും ദൈന്യതയെയും ചൂഷണം ചെയ്ത് ചവച്ചരച്ച് വലിച്ചെറിയുക മാത്രമാണ് അവരുടെ ആഗ്രഹം. നാം തിരിച്ചറിയുകയും കണ്ണുതുറന്ന് ജീവിക്കുകയുമാണ് വേണ്ടത്.
റാബിയ ബസ്മഃ
Add Comment