നക്ഷത്രങ്ങളാണ് കുട്ടികള്‍-8
കുട്ടികള്‍ക്ക് ചില പൊതു സവിശേഷതകളുള്ളത് നമുക്കറിയാം. ചലനാത്മകത, കളികളോട് പ്രിയം, ചടുലത, സര്‍ഗാത്മകത, ജിജ്ഞാസ, ഭാവന, ഭിന്നചിന്ത തുടങ്ങി വിഭിന്നതലത്തിലുള്ളവ.
ചിലപ്പോള്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. രോഗബാധിതരല്ലെങ്കില്‍ കുട്ടികള്‍ അടങ്ങിയിരിക്കാറില്ല. എന്തെങ്കിലും കളികളില്‍ അവര്‍ വ്യാപൃതരായിരിക്കും. കളിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലൊ കുട്ടികള്‍ കൂടുതല്‍ ഉന്മേഷവാന്മാരായി കാണപ്പെടുന്നത്. കണ്ണുകളില്‍ ആഹ്ലാദത്തിളക്കവും കവിളുകളില്‍ ഉല്‍സാഹത്ത്രസിപ്പും മുഖത്ത് ആവേശത്തുടിപ്പും കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ദര്‍ശിക്കാനാവും. പെടുന്നനെ കളി അവസാനിപ്പിക്കേണ്ടി വരുന്നതും കളിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതും കുട്ടികളെ ദു:ഖിതരാക്കും. കഴിക്കുന്ന നേരത്തും പഠിക്കുന്ന നേരത്തും കുട്ടികളെ ഒന്ന് ശ്രദ്ധിച്ചു നോക്കു. പ്രകടമായ വ്യത്യാസം കാണും. സ്‌കൂളിലെ പ്രവര്‍ത്തി ദിനങ്ങളില്‍ കുട്ടികള്‍ പൊതുവെ ഇടവേളക്കുള്ള ബെല്‍ മുഴങ്ങുന്നത് കേള്‍ക്കാനാണ് ഇഷ്ടപ്പെടാറ്. ക്ലാസ് മുറികളുടെ പുറത്ത് കടക്കാനും കൂട്ടുകാരോടൊപ്പം കളിക്കാനുള്ള പ്രിയം കൊണ്ടാണത്.
ജിജ്ഞാസ, ഭാവന, ഭിന്ന ചിന്ത തുടങ്ങിയ കുട്ടികളുടെ പൊതു സവിശേഷതകളെ പ്രത്യേകം തിരിച്ചറിയാനും പരിപോഷിപ്പിക്കാനും നമുക്ക് സാധിക്കണം. ഭാവിയില്‍, അവരുടെ ബൗദ്ധിക വളര്‍ച്ചയെ അത് ത്വരിതപ്പെടുത്തും. ഈ കുറിപ്പുകാരന്‍ ഒരിക്കല്‍ ഒരു സ്‌കൂള്‍ സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ ഒന്നാം ക്ലാസിലെ കുട്ടികളോപ്പം കുറച്ചു നേരം ചിലവഴിച്ചു. അധ്യാപിക കൊടുത്ത ഒരു ഗണിത പ്രവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍.
‘ എന്റെ കയ്യില്‍ ഒരു ഉത്തരമുണ്ട്. നിങ്ങള്‍ ചോദ്യമേതാണ് എന്ന് പറയണം ‘ഞാന്‍ പറഞ്ഞു. നോട്ട് ബുക്കുകള്‍ മടക്കി വെച്ച് കുട്ടികള്‍ ചാടിഎഴുന്നേറ്റു, ഞങ്ങള്‍ റെഡി ആണ് സാറെ എന്ന മട്ടില്‍.
‘ഉത്തരം അഞ്ച്. എന്നാല്‍ ചോദ്യമേത്.?’
ഉടനെ വന്നു, തുരുതുരാ മറുപടികള്‍.
‘ നാലും ഒന്നും എത്ര’
‘ ആറില്‍ നിന്ന് ഒന്ന് പോയാല്‍ എത്ര’
‘ നാലിന്റെയും അഞ്ചിന്റെയും
ഇടയിലുള്ള സംഖ്യ ഏത് ‘
‘ മൂന്നു രണ്ടും കൂട്ടിയാല്‍ എത്ര’
‘ ഒരു കയ്യില്‍ എത്ര വിരലുകളുണ്ട്’.
അങ്ങനെ പറയാവുന്നതിടത്തോളം കുട്ടികള്‍ ഉല്‍സാഹത്തോടെ പറഞ്ഞു. ഇങ്ങനെ എത്രയോ സ്‌കൂള്‍ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. കുട്ടികളുടെ വിസ്മയിപ്പിക്കുന്ന ശേഷീഭേദങ്ങള്‍ തൊട്ടറിയാന്‍ ഇടവരുത്തിയ എത്രയോ അനുഭവങ്ങള്‍. ചില കുട്ടികളില്‍ ഇത്തരംശേഷീ ഭേദങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ പ്രതീക്ഷിത അളവിലേക്ക് വളര്‍ന്നില്ല എന്ന് വരാം. പ്രായാനുസൃതമായ വളര്‍ച്ചാ വികാസം ചില കുട്ടികളില്‍ മന്ദഗതിയിലാകാറുണ്ട്. ഇവിടെ, അസ്വസ്ഥരാവുകയോ നിരാശപ്പെടുകയോ അല്ല, കുട്ടികളോടൊപ്പം നിന്ന് അവര്‍ക്ക് പിന്തുണയും സഹായവും നല്‍കുകയാണ് വേണ്ടത്.അവര്‍, തളരുകയല്ല വളരാന്‍ തുടങ്ങുകയാണ്, ഒരുങ്ങുകയാണ് എന്ന് നാം ഇത്തരം സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ വൈകരുത്.
ചൈനയിലെ ഉഷ്ണ പ്രദേശങ്ങളില്‍ വളരുന്ന ഒരു പ്രത്യേക തരം മുളയുണ്ട്. മൊസ ബാംബൂ എന്നതാണതിന്റെ പേര്. ടോര്‍ടൈസ് ഷെല്‍ ബാംബൂ എന്ന പേരും ഇതിനുണ്ട്. ശാസ്ത്രീയ നാമം Phyllostachys edulsi എന്നാണ്. ഈ മുള അഞ്ച് വര്‍ഷം വരെ മേല്‍പ്പോട്ട് വളരാതെ കുറ്റിച്ചെടിയായി തന്നെ നില്‍ക്കുമത്രെ. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പിന്നെ ഒരൊറ്റ വളര്‍ച്ചയാണ്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അത് ആകാശത്തേക്ക് എന്ന വണ്ണം വളര്‍ന്നുയരും. അഞ്ച് ആഴ്ച്ച കൊണ്ട് എണ്‍പത് അടി വരെ വളരും. തൊണ്ണൂറ്റി രണ്ടു അടി ഉയരത്തില്‍ വളരുന്നവയുമുണ്ട്.
അപ്പോള്‍ ഈ മുള, അഞ്ച് വര്‍ഷം വരെ എന്തെടുക്കുകയായിരുന്നു.? ഒരുത്തരമേയുള്ളു. അഞ്ച് വര്‍ഷത്തിനു ശേഷം ആകാശത്തേക്ക് വളരാന്‍ ഒരുങ്ങുകയായിരുന്നു.
ശക്തി സംഭരിക്കുകയായിരുന്നു. പതുക്കെപ്പതുക്കെ ചുവടു വെക്കുകയായിരുന്നു.
ഇങ്ങനെ ചില കുട്ടികളുമുണ്ട് നമുക്കിടയില്‍. വളരാന്‍, ഉണരാന്‍, ഉയരാന്‍, മുന്നിലെത്താന്‍ അല്‍പം വൈകുന്നവര്‍. യഥാര്‍ത്ഥത്തില്‍ അവര്‍ വൈകുകയല്ല, ഒരുങ്ങുകയാണ്. വളരാനുള്ള ഒരുക്കം. മൊസ ബാംബു പോലെ. പക്ഷേ, മുതിര്‍ന്നവര്‍ക്ക് ധിറുതിയാണ്.ക്ഷമിക്കുക. കുട്ടികള്‍ക്ക് വേണ്ടി. അവര്‍ തയ്യാറെടുക്കുന്നതേയുള്ളു.. ( തുടരും )
ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment