മദ്ഹബുകള്‍

മുജ്തഹിദുകള്‍ പിഴവുപറ്റാത്തവരോ?

മുജ്തഹിദുകള്‍ക്ക് പിഴക്കില്ലെന്നും ഇജ്തിഹാദുകളെല്ലാം ശരിയാണെന്നുമുള്ള അപകടകരമായ വാദം മദ്ഹബ് പണ്ഡിതര്‍ക്കിടയില്‍ നിലനിന്നിരുന്നു. ഈ വാദമാകട്ടെ പൂര്‍വികരുടെ മുഴുവന്‍ ഗവേഷണ നിഗമനങ്ങളെയും ഖണ്ഡിത പ്രമാണങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ കാരണമായി. വാസ്തവത്തില്‍ ഇജ്തിഹാദില്‍ പിഴച്ചാലും മുജ്തഹിദിന് ഗവേഷണത്തിന്റെ (ഇജ്തിഹാദ്) പ്രതിഫലം ലഭിക്കും എന്ന പ്രവാചക വചനത്തെ തെറ്റായി വായിച്ചതിന്റെ ഫലമായിരുന്നു ഈ അതിവാദം.
ഇമാം മാലിക് (റ) പറഞ്ഞതാണ് ശരി. സത്യം ഒന്നേ ഉണ്ടാവുകയുള്ളൂ. ഭിന്നമായ രണ്ട് അഭിപ്രായങ്ങള്‍ ഒരേ സമയം ശരിയായിത്തീരുക സാധ്യമല്ല. ഒരുദാഹരണം സ്വഹാബികളുടെ ചരിത്രത്തില്‍നിന്ന് ഉദ്ധരിക്കട്ടെ. സ്ത്രീ മുറിച്ചുകടന്നാല്‍ നമസ്‌കാരം അസാധുവാകുമെന്ന അബൂഹുറയ്‌റയുടെ അഭിപ്രായവും അസാധുവാകില്ല എന്ന ആഇശയുടെ നിലപാടും ഒരേ സമയം ശരിയാകുന്നതെങ്ങനെ? മയ്യിത്ത് കുളിപ്പിച്ചവന്‍ കുളിക്കണമെന്ന അബൂഹുറയ്‌റയുടെ വാദവും വേണ്ടതില്ലെന്ന ഇബ്‌നു മസ്ഊദിന്റെ വാദവും ഒരേ പോലെ ശരിയാവുക സാധ്യമല്ല.

ഇജ്തിഹാദിന് പ്രതിഫലമുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത് എല്ലാ ഇജ്തിഹാദുകളും ശരിയായിരിക്കും എന്ന് ധരിക്കാനുള്ള ന്യായമല്ല. ഇജ്തിഹാദില്‍ പിഴച്ചാല്‍ ശരി ബോധ്യപ്പെടുന്ന നിമിഷം അതില്‍നിന്ന് പിന്‍മാറലാണ് യഥാര്‍ഥ പണ്ഡിതന്റെ ലക്ഷണം. ഉമര്‍ (റ) അബൂമൂസല്‍ അശ്അരിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ വായിക്കാം. ഇന്നലെകളില്‍ വിധിച്ച ഒരു വിധിയെക്കുറിച്ച് പുനരാലോചിക്കുക വഴി അത് തെറ്റാണെന്ന് ബോധ്യംവന്നാല്‍ തിരുത്താന്‍ അമാന്തം കാണിക്കരുത്. കാരണം സത്യം പഴമയുള്ളതാണ്. സത്യത്തിലേക്ക് മടങ്ങുകയാണ് ബാത്വിലില്‍ കടിച്ചുതൂങ്ങുന്നതിനേക്കാള്‍ ഉത്തമം. പുതിയ തെളിവുകള്‍ കിട്ടുന്ന മുറക്ക് തന്റെ ഒട്ടേറെ അഭിപ്രായങ്ങള്‍ ഇമാം ശാഫിഈ തിരുത്തിയത് പ്രസിദ്ധമാണല്ലോ.

മുജ്തഹിദിന് പിഴക്കില്ല എന്ന് വരുന്നതോടെ പുനരാലോചനകളുടെ വഴികള്‍ അടക്കപ്പെടുകയാണ് ചെയ്യുക. ഒരു ഭാഗത്ത് ഇജ്തിഹാദിന്റെ യോഗ്യതയായി മനുഷ്യസാധ്യമല്ലാത്ത ഉപാധികള്‍ നിര്‍ണയിക്കുകയും മറുഭാഗത്ത് മുജ്തഹിദുകള്‍ക്ക് പിഴക്കില്ല എന്ന് സിദ്ധാന്തിക്കുകയും ചെയ്യുമ്പോള്‍ നവീനപ്രശ്‌നങ്ങളില്‍ ഇജ്തിഹാദിന് പകരം പൂര്‍വികരുടെ വാക്കുകളില്‍(ഖൗല്‍) സാധാരണജനം അഭയംതേടുക സ്വാഭാവികം.

കെ.എം. അശ്‌റഫ് നീര്‍ക്കുന്നം

Topics