വിശ്വാസം-പഠനങ്ങള്‍

പരലോകം ഹദീസുകളില്‍

പരലോകവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ സംക്ഷിപ്തമായോ സൂചനയായോ പരാമര്‍ശവിധേയമായിട്ടുള്ളവയുടെ വിശദാംശങ്ങള്‍ നമുക്ക് കിട്ടുന്നത് ഹദീസില്‍നിന്നാണ്. ഖുര്‍ആന്‍ മൗനം ഭജിച്ചിട്ടുള്ള വിഷയങ്ങളും ഹദീസാണ് കൈകാര്യംചെയ്യുന്നത്. അല്ലാഹു മുഹമ്മദ് നബിക്ക് നല്‍കിയിട്ടുള്ള മഹത്തായ ശിപാര്‍ശാനുവാദം ഉദാഹരണം. മഹ്ശറില്‍ വിചാരണകാത്ത് കഴിയുന്ന മനഷ്യരെ സ്വര്‍ഗത്തിലേക്കെങ്കില്‍ സ്വര്‍ഗത്തിലേക്ക്, നരകത്തിലേക്കെങ്കില്‍ നരകത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുമാറ് എത്രയും പെട്ടെന്ന് വിചാരണ ചെയ്ത് തീര്‍പ്പിലെത്തിക്കാന്‍ തിരുമേനി അല്ലാഹുവിന് മുമ്പാകെ നടത്തുന്ന ശുപാര്‍ശയാണ് ‘അശ്ശഫാഅത്തുല്‍ ഉള്മാ’ അഥവാ മഹത്തായ ശുപാര്‍ശ. ഖുര്‍ആന്‍ അതിനെ ‘മഖാമുല്‍ മഹ്മൂദ് ‘ എന്ന് സൂചിപ്പിച്ചിട്ടേയുള്ളൂ. ‘രാവില്‍ ഖുര്‍ആന്‍ പാരായണംചെയ്ത് ‘തഹജ്ജുദ്’ നമസ്‌കരിക്കുക. ഇത് നിനക്ക് കൂടുതല്‍ അനുഗ്രഹം നേടിത്തരുന്ന ഒന്നാണ്. അതുവഴി നിന്റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കാം'(അല്‍ഇസ്‌റാഅ് 79). മേല്‍സൂക്തത്തിന്റെ വിശദീകരണം ഹദീസില്‍ ഇങ്ങനെ വായിക്കാം:

അബൂഹുറയ്‌റഃ(റ)യില്‍നിന്ന് നിവേദനം: ‘പ്രവാചകന്റെ അടുക്കല്‍ അല്‍പം മാംസം കൊണ്ടുവരപ്പെട്ടു. അതില്‍നിന്ന് കുറക് (ഒരു ഭാഗം) അവിടുത്തേക്ക് നല്‍കപ്പെട്ടു – അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായിരുന്നു- അതില്‍നിന്ന് അല്‍പം കടിച്ചശേഷം അവിടുന്ന് പറഞ്ഞു: ‘പുനരുത്ഥാനനാളില്‍ ജനങ്ങളുടെ നേതാവ് ഞാനായിരിക്കും. അതെങ്ങനെയെന്ന് നിങ്ങള്‍ക്ക് അറിയാമോ? ആദ്യം മുതല്‍ അവസാനം വരെയുള്ള മുഴുവന്‍ ജനങ്ങളെയും അല്ലാഹു വിശാലമായ ഒരു മൈതാനത്ത് ഒരുമിച്ചുകൂട്ടും. ഒരാള്‍ വിളിച്ചാല്‍ എല്ലാവരും കേള്‍ക്കുകയും ഒരാള്‍ നിന്ന് നോക്കിയാല്‍ എല്ലാവരെയും കാണുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും ആ മൈതാനം.’ അപ്പോള്‍ ജനങ്ങള്‍ പറയും: ‘നിങ്ങള്‍ എത്തിപ്പെട്ട അവസ്ഥ കണ്ടില്ലേ? നിങ്ങളുടെ രക്ഷിതാവിനോട് ശിപാര്‍ശ ചെയ്യാന്‍ ആരെയും നോക്കുന്നില്ലേ? അപ്പോള്‍ ചിലര്‍ പരസ്പരം പറയും. ‘ആദമിന്റെ അടുക്കല്‍ പോകുക.’ അങ്ങനെ അവര്‍ ആദം (അ)ന്റെ അടുക്കല്‍ ചെന്നുപറയും: ‘താങ്കളാണ് മനുഷ്യപിതാവ്. താങ്കളെ അല്ലാഹു സ്വന്തംകൈകൊണ്ടാണ് സൃഷ്ടിച്ചത്. എന്നിട്ട് അവന്റെ ആത്മാവ് താങ്കളില്‍ ഊതി. മലക്കുകളോട് താങ്കള്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പിച്ചു. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി നാഥനോട് ശിപാര്‍ശ ചെയ്യുക. ഞങ്ങള്‍ അകപ്പെട്ട അവസ്ഥ താങ്കള്‍ കാണുന്നില്ലേ. ഞങ്ങള്‍ എത്തിപ്പെട്ട സ്ഥിതി താങ്കള്‍ ശ്രദ്ധിക്കുന്നില്ലേ?’ അപ്പോള്‍ ആദം(അ) പറയും: ‘ഇന്ന് എന്റെ നാഥന്‍ വല്ലാത്ത ദേഷ്യത്തിലാണ്. മുമ്പൊന്നും അവന്‍ ദേഷ്യപ്പെട്ടിട്ടില്ല. ഇതിനുശേഷം അവന്‍ ഇതുപോലെ ദേഷ്യപ്പെടുകയുമില്ല. ഒരു മരത്തെ എനിക്ക് വിലക്കിയിരുന്നു. പക്ഷേ, ഞാന്‍ അവനോട് അനുസരണക്കേട് കാണിച്ചു. ഓ, എന്റെ കാര്യം.. എന്റെ കാര്യം..എന്റെ കാര്യം. നിങ്ങള്‍ മറ്റാരുടെയെങ്കിലും അടുക്കലേക്ക് പോവുക’.

അങ്ങനെ അവര്‍ നൂഹ്(അ)ന്റെ അടുത്തേക്ക് ചെന്ന് പറയും: ‘ഓ, നൂഹ് ! ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട പ്രഥമറസൂല്‍ താങ്കളാണ്. നന്ദിയുള്ള ദാസന്‍ എന്ന് താങ്കളെയാണ് അല്ലാഹു വിളിച്ചത്. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി നാഥനോട് ശിപാര്‍ശ ചെയ്താലും.ഞങ്ങള്‍ അകപ്പെട്ട അവസ്ഥ താങ്കള്‍ കാണുന്നില്ലേ? ‘ അപ്പോള്‍ നൂഹ് (അ) പറയും: ‘എന്റെ നാഥന്‍ അതിയായ കോപത്തിലാണ്. മുമ്പൊന്നും ഇതുപോലെ അവന്‍ കോപിച്ചിട്ടില്ല. എനിക്ക് (ഉത്തരംകിട്ടുമെന്ന്) ഉറപ്പുള്ള ഒരു പ്രാര്‍ഥന ഉണ്ടായിരുന്നു. അത് ഞാന്‍ എന്റെ സമുദായത്തിനെതിരെ പ്രാര്‍ഥിച്ചുപോയി. ഓ, എന്റെ കാര്യം! … എന്റെ കാര്യം. നിങ്ങള്‍ വേറെ ആരുടെയെങ്കിലും അടുത്തേക്ക് പോവുക. നിങ്ങള്‍ ഇബ്‌റാഹീമിന്റെ അടുത്തുപോവുക’. അങ്ങനെ അവര്‍ ഇബ്‌റാഹീം(അ)ന്റെ അടുത്ത് ചെന്ന് പറയും: ‘ഓ, ഇബ്‌റാഹീം! ഭൂലോകവാസികളില്‍ അല്ലാഹുവിന്റെ പ്രിയസുഹൃത്തും പ്രവാചകനുമാണല്ലോ താങ്കള്‍. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി നാഥനോട് ശിപാര്‍ശ ചെയ്യുക. ഞങ്ങള്‍ അകപ്പെട്ട അവസ്ഥ താങ്കള്‍ കാണുന്നില്ലേ?’ അപ്പോള്‍ ഇബ്‌റാഹീം (അ) അവരോട് പറയും: ‘എന്റെ നാഥന്‍ ഇന്ന് ശക്തിയായ കോപത്തിലാണ്. മുമ്പൊരിക്കലും ഇങ്ങനെ അവന്‍ കോപിച്ചിട്ടില്ല. ഇതിനെക്കാളും ശക്തിയായി അവന്‍ കോപിക്കുകയുമില്ല. ഞാന്‍ മൂന്ന് കളവുകള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം മൂന്നുകളവുകളും എടുത്തു പറഞ്ഞു.(ഇബ്‌റാഹീം (അ) മൂന്ന് കളവുപറഞ്ഞു എന്നത് വാക്കില്‍മാത്രമാണ് ) .സന്ദര്‍ഭം വെച്ച് പരിശോധിക്കുമ്പോള്‍ അവ കളവായിരുന്നില്ല. ആലങ്കാരികമായോ, ശ്രദ്ധക്ഷണിക്കാനുള്ള ശ്രമമായോ മാത്രമാണെന്ന് കാണാം. വിശദ വിവരത്തിന് അല്‍അമ്പിയാഅ് അധ്യായം 62,63 സൂക്തങ്ങളുടെ വിശദീകരണം തഫ്ഹീമുല്‍ ഖുര്‍ആന്‍ വാള്യം 3- 162,163 കാണുക.)

ഓ, എന്റെ കാര്യം ….എന്റെ കാര്യം… എന്റെ കാര്യം!.. നിങ്ങള്‍ വേറെയാരുടെയെങ്കിലും അടുത്തുപോയി നോക്കൂ. നിങ്ങള്‍ മൂസായുടെ അടുക്കല്‍ ചെല്ലൂ..’ അങ്ങനെ മൂസാ(അ)യുടെ അടുക്കല്‍ ചെന്ന് പറയും. ‘അല്ലയോ മൂസാ, താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണല്ലോ? അല്ലാഹു അവന്റെ പ്രവാചകത്വം കൊണ്ടും അല്ലാഹു നേരിട്ട് സംവദിച്ച ആള്‍ എന്ന പ്രത്യേകത കൊണ്ടും മറ്റുജനങ്ങളെക്കാള്‍ താങ്കളെ ശ്രേഷ്ഠനാക്കിയിരിക്കുന്നു. അതിനാല്‍ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ ശിപാര്‍ശചെയ്യുക. ഞങ്ങള്‍ അകപ്പെട്ടു നില്‍ക്കുന്ന അവസ്ഥ താങ്കള്‍ കാണുന്നില്ലേ?’ അപ്പോള്‍ അദ്ദേഹം പറയും: ‘എന്റെ നാഥന്‍ ഇന്ന് ശക്തിയായി കോപിച്ചിരിക്കുന്നു. മുമ്പൊന്നും അവന്‍ ഇതുപോലെ കോപിച്ചിട്ടില്ല. ഇനി ഇതിനെക്കാളും കോപിക്കുകയുമില്ല. ഒരു ആത്മാവിനെ ഞാന്‍ വധിച്ചുകളഞ്ഞിട്ടുണ്ട്.(അല്‍ഖസ്വസ് അധ്യായം 15-ാം സൂക്തത്തിന്റെ വിശദീകരണം ‘തഫ്ഹീമുല്‍ ഖുര്‍ആന്‍ 3-596 വിശദീകരണം കാണുക). അതിനെ വധിക്കാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ കാര്യം…എന്റെ കാര്യം..എന്റെ കാര്യം! നിങ്ങള്‍ വേറെ ആരുടെയെങ്കിലും അടുക്കല്‍ പോവുക. നിങ്ങള്‍ ഈസായുടെ അടുക്കല്‍ പോവുക.’ അങ്ങനെ അവര്‍ ഈസാ(അ)യുടെ അടുക്കല്‍ ചെന്ന് പറയും: ‘അല്ലയോ ഈസാ..! താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണല്ലോ? മര്‍യമിലേക്ക് നിക്ഷേപിച്ച അല്ലാഹുവിന്റെ വചനവും അവന്റെ ആത്മാവിന്റെ അംശവും. താങ്കള്‍ കുഞ്ഞായിരിക്കെ തൊട്ടിലില്‍വെച്ച് ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്താലും!. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കള്‍ കാണുന്നില്ലേ..? ‘അപ്പോള്‍ ഈസാ(അ) പറയും: ‘ എന്റെ നാഥന്‍ മുമ്പൊന്നും കോപിച്ചിട്ടില്ലാത്തവിധം ഇന്ന് കോപിച്ചിരിക്കുന്നു. ഇനി, അതുപോലെ അവന്‍ കോപിക്കുകയുമില്ല. എന്നാല്‍ അദ്ദേഹം തന്റെ തെറ്റുകളൊന്നും അനുസ്മരിക്കുകയുണ്ടായില്ല. അതിനാല്‍ എന്റെ കാര്യം…. എന്റെ കാര്യം.. എന്റെ കാര്യം!..നിങ്ങള്‍ വേറെയാരുടെയെങ്കിലും അടുത്തേക്ക് പോവുക… നിങ്ങള്‍ മുഹമ്മദിന്റെ അടുത്തേക്ക് പോവുക’ . അങ്ങനെ അവര്‍ മുഹമ്മദ്(സ)ന്റെ അടുക്കല്‍ ചെന്ന് പറയും: ‘ മുഹമ്മദേ.. താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണ്. അവസാനത്തെ പ്രവാചകനുമാണ്. മുമ്പ് പ്രവര്‍ത്തിച്ചതും പിന്നീട് പ്രവര്‍ത്തിച്ചതുമായ എല്ലാ തെറ്റുകളും അല്ലാഹു താങ്കള്‍ക്ക് പൊറുത്തുതന്നിരിക്കുന്നുവല്ലോ? ഞങ്ങള്‍ക്കുവേണ്ടി നാഥനോട് ശിപാര്‍ശ ചെയ്യുക. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കള്‍ കാണുന്നില്ലേ?

‘അപ്പോള്‍ ഞാന്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ താഴേക്ക് ചെല്ലും. എന്നിട്ട് പ്രതാപവാനും മഹാനുമായ അല്ലാഹുവിന്റെ മുമ്പില്‍ സുജൂദില്‍ വീഴും. എനിക്ക് മുമ്പെ ആര്‍ക്കും നല്‍കിയിട്ടില്ലാത്തതായ സ്തുതി വാക്യങ്ങളും ഏറ്റവും നല്ല പ്രശംസാവാക്യങ്ങളും അവന്‍ എന്റെ മുന്നില്‍ തുറന്നുതരും. (ആ വാക്യങ്ങള്‍ കൊണ്ട് ഞാന്‍ അവനെ സ്തുതിക്കുമ്പോള്‍) അല്ലാഹുവിന്റെ ആജ്ഞ വരും: ‘ഓ, മുഹമ്മദ് ! തലയുയര്‍ത്തുക. ചോദിച്ചുകൊള്ളുക. നല്‍കപ്പെടും. ശിപാര്‍ശചെയ്തുകൊള്ളുക. സ്വീകരിക്കപ്പെടും.’ അപ്പോള്‍ തലയുയര്‍ത്തി ഞാന്‍ പറയും: ‘നാഥാ, എന്റെ സമുദായം.. നാഥാ എന്റെ സമുദായം..’ അപ്പോള്‍ അല്ലാഹു അരുളും: ‘മുഹമ്മദേ, നിന്റെ സമുദായത്തില്‍ വിചാരണയില്ലാതെ എല്ലാവരെയും നീ സ്വര്‍ഗത്തിന്റെ വലതുവശത്തെ കവാടത്തിലൂടെ പ്രവേശിപ്പിച്ചുകൊള്ളുക. അതല്ലാത്ത കവാടങ്ങളിലെല്ലാം അവര്‍ മറ്റു ജനങ്ങളോടൊപ്പം പങ്കാളികളാണ്. പിന്നീട് നബി പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. സ്വര്‍ഗത്തിലെ വാതില്‍ പൊളികള്‍ തമ്മിലുള്ള അകലം മക്കയും ഹിംയറും(യമനിന്റെ തലസ്ഥാനമായ സ്വന്‍ആഅ്) തമ്മിലുള്ള ദൂരമാണ്. അല്ലെങ്കില്‍ മക്കയും ബുസ്വിറായും തമ്മിലുള്ള അകലമാണ്.”

ഇബ്‌നു അബ്ബാസ്(റ)ല്‍നിന്ന് നിവേദനം: ‘ഒരിക്കല്‍ ഞങ്ങളെ ഉപദേശിക്കാനായി നബി(സ) എണീറ്റുനിന്നു. അദ്ദേഹം പറഞ്ഞു: ‘ജനങ്ങളേ, നഗ്നപാദരും നഗ്നകായരും പരിഛേദനയേല്‍ക്കാത്തവരുമായാണ് അന്ത്യദിനത്തില്‍ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുക. പിന്നെ അദ്ദേഹം അല്‍ അമ്പിയാഅ് 104-ാം സൂക്തം- ‘നാം സൃഷ്ടി ആദ്യം ആരംഭിച്ചപോലെതന്നെ അതാവര്‍ത്തിക്കും’. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാം അത് നടപ്പാക്കുകതന്നെ ചെയ്യും.’ അന്ത്യനാളില്‍ നാം അത് നടപ്പാക്കുകതന്നെ ചെയ്യും.’ അന്ത്യനാളില്‍ ആദ്യം വസ്ത്രം ധരിക്കപ്പെടുന്നയാള്‍ ഇബ്‌റാഹീം നബി(അ)യായിരിക്കും. എന്റെ അനുയായികളില്‍ ചിലര്‍ നരകത്തിലേക്കെടുക്കപ്പെടും. അപ്പോള്‍ ഞാന്‍ പറയും: ‘എന്റെ അനുയായികള്‍! എന്റെ അനുയായികള്‍ !’ അപ്പോള്‍ അല്ലാഹു പറയും: ‘നീ വേര്‍പിരിഞ്ഞതുമുതല്‍ പിന്തിരിഞ്ഞു കഴിയുന്നവരാണവര്‍.’ സച്ചരിതനായ ദാസന്‍(ഈസാ) പറഞ്ഞതുപോലെ അപ്പോള്‍ ഞാന്‍ പറയും: ‘ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവര്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി എടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.’

ആഇശ(റ)യില്‍നിന്ന് നിവേദനം , നബി തിരുമേനി പറഞ്ഞു: ‘പരലോകത്ത് നിങ്ങള്‍ നഗ്നപാദരും വസ്ത്രം ധരിക്കാത്തവരും ചേലാകര്‍മം നടത്താത്തവരുമായാണ് ഒരുമിച്ചുകൂട്ടപ്പെടുക.’ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, സ്ത്രീകളും പുരുഷന്‍മാരും പരസ്പരം നോക്കുകയില്ലേ? ‘ നബി (സ) പറഞ്ഞു: ‘അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതിനെക്കാളും ഗൗരവതരമായിരിക്കും അപ്പോഴത്തെ അവസ്ഥ.’
ഉമ്മുസലമഃയില്‍ നിന്ന് നിവേദനം . നബി തിരുമേനി(സ) പറയുന്നത് ഞാന്‍ കേട്ടു.’നഗ്നപാദരും നഗ്നകായരുമായാണ് ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുക. അപ്പോള്‍ ഉമ്മുസലമഃ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, നഗ്നതയോ? അപ്പോള്‍ തിരുമേനി പറഞ്ഞു: ജനങ്ങള്‍ക്ക് വേറെ പണിയുണ്ട്.’ ഞാന്‍: ‘എന്തുപണി? ‘ അദ്ദേഹം: ‘ഇഹലോകത്ത് വെച്ച് ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഏടുകള്‍ നിവര്‍ത്തപ്പെട്ടിരിക്കും. അവയില്‍ അണുത്തൂക്കവും കടുകുമണിത്തൂക്കവുമോളമുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കണം.”

സഹ്‌ലുബ്‌നു സഅ്ദില്‍ നിന്ന് നിവേദനം: ‘നബിതിരുമേനി പറയുന്നത് ഞാന്‍ കേട്ടു: ‘പുനരുത്ഥാന ദിവസം ശുദ്ധമായ മാവുകൊണ്ടുണ്ടാക്കിയ പത്തിരിപോലെയുള്ള, ചുവപ്പിനോട് കലര്‍ന്ന വെളുപ്പുനിറമുള്ള ഒരു ഭൂമിയില്‍ ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും’. സഹ്ല്‍ അല്ലെങ്കില്‍ മറ്റൊരു റിപോര്‍ട്ടര്‍ പറയുന്നു: ‘ അന്ന് ആ മൈതാനത്ത് ആര്‍ക്കും പ്രത്യേകം അടയാളങ്ങളുണ്ടാവുകയില്ല(നേരത്തെ അവിടെ ചവിട്ടിയിട്ടില്ലാത്തതിനാല്‍ അവിടെ ആരുടെയും അടയാളം ഉണ്ടാവില്ലെന്നര്‍ഥം.’
അനസ്(റ)ല്‍നിന്ന് നിവേദനം. ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, മുഖം കുത്തി നരകത്തിലേക്ക് തള്ളപ്പെടുന്നവരാണ് ഏറ്റവും നീചാവസ്ഥയിലുള്ളവര്‍. അങ്ങേയറ്റം പിഴച്ചവരും അവര്‍ തന്നെ'(അല്‍ഫുര്‍ഖാന്‍: 34)എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. സത്യനിഷേധി മുഖം കുത്തിയ നിലയിലാണോ പരലോകത്ത് സമ്മേളിക്കപ്പെടുക? തിരുമേനി(സ): ‘ഇഹലോകത്ത് ഇരുകാലുകളിലായി അയാളെ നടത്തിച്ച അല്ലാഹുവിന് മുഖം കുത്തിയ നിലയില്‍ അയാളെ നടത്തിക്കാന്‍ കഴിയുകയില്ലേ?’

(തുടരും)

Topics