ഫലപ്രദമായും വിജയകരമായും സത്യപ്രബോധനം ജനങ്ങളിലേക്കെത്തിക്കാന്‍ പ്രബോധകന് ആശ്രയിക്കുന്നതും പ്രബോധകനെ സഹായിക്കുന്നതുമായ സങ്കേതങ്ങളാണ് ‘രീതിശാസ്ത്രങ്ങള്‍’. പ്രായോഗികമായി നോക്കിയാല്‍ നമുക്കിവയെ രണ്ടായി തിരിക്കാം:
ഒന്ന്: പ്രബോധനം സുതാര്യമായും സുഖകരമായും ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ അനുയോജ്യമായ സാഹചര്യവും അന്തരീക്ഷവും സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ടത്. പ്രബോധനത്തിന്റെ സഹായകമാര്ഗങ്ങള് എന്ന് ഇതിനെ നമുക്ക് വിളിക്കാം.
രണ്ട്: ജനങ്ങള്‍ക്ക് നേരിട്ട് പ്രബോധനമെത്തിക്കുന്നതുമായി ബന്ധപ്പെട്ടതാണ് അടുത്തത്. നേരിട്ടുള്ള മാര്‍ഗങ്ങള്‍ എന്ന് നമുക്കതിനെ വിളിക്കാം.
സത്യപ്രബോധനം ആരംഭിക്കാനാവശ്യമായ സാഹചര്യമൊരുക്കുക, പ്രബോധിതരിലേക്ക് സത്യസന്ദേശമെത്തുന്നതിന് തടസ്സമായി വര്‍ത്തിക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യുക എന്നിവയാണ് സഹായകമാര്ഗങ്ങളുടെ മുന്‍നിരയില്‍ വരുന്ന സംഗതികള്‍. കാര്യകാരണനിയമങ്ങളുടെ ചുവടുപിടിച്ചും നിത്യജീവിതത്തെക്കുറിച്ച ശരിയായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലും പരിശോധിച്ചാല്‍ താഴെപറയുന്നവയെ സത്യപ്രബോധനത്തിന്റെ സഹായകമാര്ഗങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നതാണ്.
ഒന്ന്: ഉത്തിഷ്ഠത ജാഗ്രത
അല്ലാഹുവിന്റെ പ്രാപഞ്ചികനിയമങ്ങളെയും നടപടിക്രമങ്ങളെയും നന്നായി മനസ്സിലാക്കുന്ന വിശ്വാസികള്‍ ഉത്തിഷ്ഠതയും ജാഗ്രതയുമുള്ളവരായിരിക്കും. വിഷയങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കാണാതിരിക്കല്‍, ജീവിതത്തില്‍ പുലര്‍ത്തുന്ന അശ്രദ്ധ, സമീപനങ്ങളിലെ കടുംപിടുത്തം എന്നിവയില്‍ നിന്നെല്ലാം ബുദ്ധിമാനായ വിശ്വാസി സദാ അകന്ന് നില്‍ക്കേണ്ടതുണ്ട്. ആരാണ് ബുദ്ധിമാന്, ആരാണ് ബുദ്ധിശൂന്യന്, ഇവര്‍ക്കിടയിലെ വ്യത്യാസമെന്താണ് എന്ന ചോദ്യം ഇവിടെ ഉയര്‍ന്നേക്കും. ഒരു കാര്യം സംഭവിക്കുന്നതിനും മുമ്പേ അതുണ്ടാക്കാനിടയുള്ള അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളെ മുന്‍കൂട്ടി കാണാനും പ്രതികൂല പ്രതികരണങ്ങളെ പ്രതിരോധിക്കാനും വേണ്ട മുന്‍കരുതലുകളെടുക്കാനും കഴിയുന്നയാളാണ് ബുദ്ധിമാന്. പ്രതികൂല പ്രതികരണങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാത്തയാളും അതുകൊണ്ടുതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാത്തയാളുമാണ് ബുദ്ധിശൂന്യന്. വിശ്വാസികള്‍ ജീവിതത്തിലുടനീളം ഉത്തിഷ്ഠതയും ജാഗ്രതയുമുള്ളവരായിരിക്കണം എന്ന കൃത്യവും കണിശവുമായ നിര്‍ദ്ദേശം വിശുദ്ധഖുര്‍ആനും അന്ത്യപ്രവാചകനും നല്‍കിയിട്ടുണ്ട്.
‘വിശ്വസിച്ചവരേ, കൂടുതല്‍ ജാഗരൂകരാവുക, ഒറ്റക്കെട്ടായോ കൂട്ടമായോ ശത്രുവിനെതിരെ ഇറങ്ങി പുറപ്പെടുക'(അന്നിസാഅ് 71).
ഈ സൂക്തവും ഇതേ അധ്യായത്തിലെ സമാനസ്വഭാവമുള്ള സൂക്തങ്ങളും വളരെ സ്പഷ്ടമായി പറയുന്ന കാര്യമുണ്ട്. ശത്രുക്കളുടെ കുതന്ത്രങ്ങളില്‍നിന്ന് രക്ഷപ്പെടാനുതകുന്ന സമസ്തമാര്ഗങ്ങളും പ്രബോധകര്‍ അനിവാര്യമായും സ്വീകരിച്ചിരിക്കണം. ഏതേത് സാഹചര്യങ്ങളിലും സമര്‍ഥമായി നേരിടാന്‍ പാകത്തില്‍ അവര്‍ ഉണര്‍ന്നിരിക്കണം. പ്രതിയോഗികള്‍ ആസൂത്രണം ചെയ്തിട്ടുള്ള ഗൂഢപദ്ധതികള്‍ അവര്‍ തൊട്ടറിയണം. ശത്രു ഒരുക്കുന്ന ചതിക്കുഴികളെ എങ്ങനെ മറികടക്കാനാവൂമെന്ന് യുക്തിയോടും ജാഗ്രതയോടും കൂടി തിരിച്ചറിയണം.
ഇപ്പറഞ്ഞതിനെല്ലാം പ്രവാചകതിരുമേനിയുടെ ജീവിതത്തില്‍ എത്രയോ മാതൃകകള്‍ നമുക്ക് കണ്ടെത്താനാകും. സത്യപ്രബോധനത്തിന്റെ സഞ്ചാരവീഥിയില്‍ വ്യത്യസ്തതലങ്ങളില്‍ നിന്ന് എതിര്‍പ്പും ശത്രുതയും ഏല്ക്കേണ്ടിവരുന്ന പ്രബോധകരെ സംബന്ധിച്ചിടത്തോളം ദൈവദൂതന് തന്നെയാണ് ഇക്കാര്യത്തില്‍ ഉത്തമമാതൃക. പ്രവാചകമാതൃകകളെ ഓരോ പ്രബോധകനും സദാ തന്റെ കണ്മുന്നില് കണ്ടുകൊണ്ടിരിക്കണം.
നബിതിരുമേനിയും അനുചരന്മാരും മദീനയിലേക്ക് നടത്തിയ ഹിജ്റയും അതിനായി സ്വീകരിച്ച ആസൂത്രണവും ഇത്തരുണത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. പ്രബോധനം നിര്‍വഹിക്കാന്‍ പോയിട്ട് ആരാധന നടത്താന്‍ പോലും ശത്രുക്കള്‍ അനുവദിക്കാത്തവിധം സാഹചര്യം കലുഷിതവും ദുസ്സഹവുമായപ്പോഴാണ് പ്രവാചകന് ഹിജ്റ ആസൂത്രണം ചെയ്യുന്നത്. ഹിജ്റ ആസൂത്രണം ചെയ്യുമ്പോള്‍ ദൈവദൂതന്ന് എത്രത്തോളം ഉത്തിഷ്ഠതയും ജാഗ്രതയുമുണ്ടായി എന്ന് നാം പഠിക്കേണ്ടതുണ്ട്. വീട് വളഞ്ഞ് നില്ക്കുന്ന അക്രമാസക്തരായ ശത്രുക്കളുടെ മുന്നിലൂടെ രാത്രിനേരത്ത് അദ്ദേഹം ഇറങ്ങിപ്പോകുന്നത് , സ്വന്തം വിരിപ്പില്‍ അലിയ്യുബ്നു അബീത്വാലിബിനെ കിടത്തുന്നത് , സൗര്ഗുഹയിലേക്കുള്ള യാത്രക്ക് വ്യത്യസ്തവും അസാധാരണവുമായ വഴി തെരഞ്ഞെടുക്കുന്നത് തുടര്‍ന്നുള്ള ഓരോ ചുവടുവെപ്പിലും അമ്പരപ്പിക്കുന്ന തന്ത്രങ്ങള്‍ കൈക്കൊള്ളുന്നത്… പ്രബോധന മാര്‍ഗത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ജാഗ്രതയാണ് ഇവയിലെല്ലാം ദൃശ്യമാകുന്നത്.
ഉത്തിഷ്ഠതയെയും ജാഗ്രതയെയും കുറിച്ച് പറയുമ്പോള്‍ അതൊക്കെ അല്ലാഹുവില്‍ നിന്നുള്ള സഹായത്തെ സംബന്ധിച്ച ഉറപ്പില്ലാത്തതുകൊണ്ടും അവനില്‍ സര്‍വവും സമര്‍പ്പിക്കാനുള്ള ആര്ജവക്കുറവുകൊണ്ടും വേണ്ടിവരുന്നതാണോ എന്ന് ചിന്തിക്കരുത്. മറിച്ചാണ് കാര്യം. ഉത്തിഷ്ഠരാകാനും ജാഗരൂകരാകാനും ആവശ്യപ്പെട്ടിട്ടുള്ളത് അല്ലാഹു തന്നെയാണ്. ഒരു സത്യപ്രബോധകന്റെ ഹൃദയം അല്ലാഹുവുമായിട്ടാണ് ബന്ധപ്പെട്ട് കിടക്കുന്നത്. അല്ലാഹുവിനെയാണ് അവന് സദാ ആശ്രയിക്കുന്നത്. കാര്യകാരണങ്ങളുടെ കടിഞ്ഞാണിരിക്കുന്നത് അല്ലാഹുവിന്റെ കയ്യിലാണ് എന്ന ഉറച്ചബോധ്യവും അവന്നുണ്ട്. സത്യപ്രബോധനത്തിന് കാരണമൊരുക്കിത്തരുന്ന അല്ലാഹു തന്നെ അത് വിജയിപ്പിച്ചുതരും. പ്രബോധകന്മാരുടെ നേതാവ് പ്രവാചകതിരുമേനി അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരുടെ നേതാവ് കൂടിയായിരുന്നു. ഹിജ്റയില്‍ മാത്രമല്ല, ദൈവദൂതന്റെ ജീവിതത്തിലുടനീളം ഈ പ്രതീക്ഷയര്‍പ്പിക്കല്‍ നമുക്ക് കണ്ടെത്താനാവും. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ അനുചരന്മാരെ അദ്ദേഹം സദാ ഉത്ബോധിപ്പിക്കുമായിരുന്നു. ഏത് കാലത്തും ഏത് സാഹചര്യത്തിലും പ്രബോധകര്‍ ജാഗരൂകരാകേണ്ടതുണ്ട്. മുസ്ലിങ്ങള്‍ വ്യാപകമായിക്കഴിഞ്ഞ ആഫിക്ക, ഏഷ്യ, യൂറോപ്പ് , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണെങ്കില്‍ പോലും ഈ ജാഗ്രത പ്രത്യേകമാവശ്യമുണ്ട്. ജാഗ്രത പുലര്‍ത്തുന്നതില്‍ ഉപേക്ഷ വരുത്തുകവഴി ഇസ്ലാമികപ്രബോധനത്തിന്റെ സാധ്യതകളും അവസരങ്ങളും മാത്രമല്ല, ഇസ്ലാമികപ്രബോധകരുടെ പ്രവര്ത്തനസ്വാതന്ത്ര്യവുമാണ് സത്യപ്രബോധകന്‍മാര്‍ നഷ്ടപ്പെടുത്തുന്നത്. ജാഗ്രതാരാഹിത്യം ആത്മനാശത്തിലേക്കുവരെ നയിച്ചെന്ന് വരാം. വിശുദ്ധഖുര്‍ആനും പ്രവാചകതിരുമേനിയും നിര്‍ദ്ദേശിക്കുകയും കല്പിക്കുകയും ചെയ്ത ഉത്തിഷ്ഠതയും ജാഗ്രതയും പ്രബോധകന്മാര് കയ്യൊഴിയുന്നത് ഇസ്ലാമിക ദൃഷ്ട്യാ ഭൂഷണമായ കാര്യമല്ല.
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment