സാമ്പത്തികം-പഠനങ്ങള്‍

നാണയം (കറന്‍സി) ഖുര്‍ആനിലും സുന്നത്തിലും

സാമ്പത്തിക- രാഷ്ട്രീയ രംഗത്ത് മതത്തിന് യാതൊന്നും സംഭാവനചെയ്യാനില്ലെന്ന് സെക്യുലറിസ്റ്റുകളായ മുസ്‌ലിംകള്‍ കരുതുന്നു. അത്തരം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നബി(സ)ജീവിതത്തിലുണ്ടായ താഴെ വിവരിക്കുന്ന സംഭവം അത്ഭുതമുളവാക്കുന്ന സംഗതിയായിരിക്കും.
അബൂസഈദില്‍ ഖുദ്‌രി(റ) ല്‍നിന്ന്: ‘ബിലാല്‍ (റ) നബിതിരുമേനിക്ക് കുറച്ച് ബര്‍നികാരക്കകള്‍ സമ്മാനിച്ചു. എവിടെനിന്നാണ് അത് കിട്ടിയതെന്ന് തിരുമേനി അദ്ദേഹത്തോടുചോദിച്ചു. അപ്പോള്‍ ബിലാല്‍ (റ) ഇപ്രകാരം പറഞ്ഞു: ‘എന്റെ കൈയ്യില്‍ മോശം കാരക്കകള്‍ ഉണ്ടായിരുന്നു. അവ രണ്ട് സ്വാഅ് കൊടുത്ത് ഒരു സ്വാഅ് ഈ കാരക്കകള്‍ ഞാന്‍ വാങ്ങി.’ ഇതുകേട്ട നബിതിരുമേനി(സ)പറഞ്ഞു: ‘ഇതുതന്നെ പലിശ.. ഇതുതന്നെ പലിശ. ഇനി അങ്ങനെ ചെയ്യരുത്. എന്തെങ്കിലും വാങ്ങാനാഗ്രഹിക്കുന്നുവെങ്കില്‍ കാരക്ക വില്‍ക്കുക. എന്നിട്ട് അതുകൊണ്ട് കിട്ടുന്നത് വാങ്ങുക'(ബുഖാരി, മുസ്‌ലിം).

മേല്‍ ഹദീസില്‍നിന്ന് അളവിലെ ഏറ്റക്കുറിച്ചിലിന് പകരമായി കാരക്കകള്‍ കൈമാറുന്നത് നബി(സ) വിരോധിച്ചു എന്ന് നമുക്ക് മനസ്സിലാവുന്നു. അത്തരത്തിലുള്ള കൈമാറ്റം പലിശയായാണ് കണക്കാക്കപ്പെടുക. എന്നാല്‍ ഒട്ടകങ്ങള്‍ ഈ രീതിയില്‍ കൈമാറിയതായി തെളിയിക്കുന്ന മറ്റൊരു ഹദീസുണ്ട്.
‘അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)ല്‍നിന്ന് നാഫിഅ്, അദ്ദേഹത്തില്‍നിന്ന് ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്ത ഒരു ഉദ്ധരണിയില്‍ ഇപ്രകാരം കാണാം. ഇബ്‌നു ഉമര്‍(റ) നാല് ഒട്ടകങ്ങള്‍ക്ക് പകരമായി സഞ്ചാരയോഗ്യമായ ഒരു പെണ്ണൊട്ടകത്തെ വാങ്ങി.

ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു: അളവു-തൂക്കവ്യത്യാസത്തില്‍ കാരക്കകള്‍ അന്യോന്യം കൈമാറാന്‍ അനുവാദമില്ലാതിരിക്കെ ഒട്ടകങ്ങളെ കൈമാറാന്‍ അനുവാദമുണ്ടായതിന്റെ ന്യായമെന്ത്? പലിശയുമായി ബന്ധപ്പെട്ട ്‌നബിതിരുമേനി നടത്തിയ മറ്റൊരു പ്രസ്താവനയാണ് അതിന്റെ അടിസ്ഥാനതത്ത്വം നമ്മെ പഠിപ്പിക്കുന്നത്. അബൂസഈദില്‍ ഖുദ്‌രി(റ)യില്‍നിന്ന്, നബിതിരുമേനി ഇപ്രകാരം പറഞ്ഞു: ‘സ്വര്‍ണത്തിനു പകരം സ്വര്‍ണം, വെള്ളിക്കുപകരം വെള്ളി, ഗോതമ്പിനുപകരം ഗോതമ്പ്, ബാര്‍ലിക്കുപകരം ബാര്‍ലി, കാരക്കയ്ക്കുപകരം കാരയ്ക്ക , ഉപ്പിനുപകരം ഉപ്പ്, അങ്ങനെ തത്തുല്യമായത് തമ്മില്‍ വിനിമയം ചെയ്യുക. രൊക്കം സാധനം ഇടപാട് സ്ഥലത്ത് വെച്ച് നല്‍കുക. അതില്‍ കൂടുതല്‍ ആരെങ്കിലും ആവശ്യപ്പെടുന്നുവെങ്കില്‍ അവന്‍ പലിശയാണ് ചോദിക്കുന്നത്. അത് കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ കുറ്റവാളിയാണ്.’ (സ്വഹീഹ് മുസ്‌ലിം).
മേല്‍ ഹദീസില്‍ നിന്ന് 3 കാര്യങ്ങള്‍ വ്യക്തമാകുന്നു:

ഒന്ന്: ഇസ്‌ലാമില്‍ ‘നാണയം'(കറന്‍സി) എന്നത് വിലപിടിച്ച ലോഹങ്ങളോ(സ്വര്‍ണം, വെള്ളി തുടങ്ങിയവ..) ഗോതമ്പ്, ബാര്‍ലി, കാരക്ക, ഉപ്പ് പോലുള്ള ദീര്‍ഘകാലം സൂക്ഷിക്കാവുന്ന ദൈനംദിനഭക്ഷ്യവസ്തുക്കളോ ആണ്. മദീനയിലെ കമ്പോളത്തില്‍ സ്വര്‍ണ-വെള്ളി നാണയങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ അന്ന് സുലഭമായിരുന്ന കാരക്ക പണത്തിന് പകരമായി ഉപയോഗിച്ചിരുന്നു. അപ്പോള്‍ മുകളിലുണ്ടായ ചോദ്യത്തിന് ഉത്തരമായി. ഒട്ടകത്തിന് പകരമായി കൂടുതലോ കുറവോ എണ്ണം ഒട്ടകം കൈമാറിയതിന് കാരണം മൃഗങ്ങള്‍ ഒരിക്കലും നാണയങ്ങളുടെ സ്ഥാനത്ത് വരുന്നില്ല എന്നതിനാലാണ്. എന്നാല്‍ കാരക്ക പണത്തിന് പകരമായി ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് തത്തുല്യമായ (കാരക്കയുടെ) കൈമാറ്റത്തിനായല്ലാതെ അത് ഉപയോഗിക്കരുത് എന്ന് വിലക്കാന്‍ കാരണം. അല്ലാത്ത പക്ഷം അത് പലിശക്ക് കാരണമായി വര്‍ത്തിക്കും.

മേല്‍പറഞ്ഞ തത്ത്വം അനുസരിച്ച് ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ വിനിമയനാണയമായി ഉപയോഗിക്കാവുന്ന പോലെ ഇന്ത്യയില്‍ ഗോതമ്പ്, അരി എന്നിവ സ്വര്‍ണ/ വെള്ളിനാണയത്തിന് പകരം ഉപയോഗിക്കാവുന്നതാണ്. ക്യൂബയിലാണെങ്കില്‍ പഞ്ചസാര വിനിമയനാണയത്തിന് പകരം ഉപയോഗിക്കാം.
ഇസ്‌ലാമികപണ്ഡിതരില്‍ ചിലര്‍ മണ്‍തരിപോലും വിനിമയനാണയമായി മനുഷ്യരാശിക്ക് ഉപയോഗിക്കാമെന്ന് വാദിക്കുന്നുണ്ട്. അതിനാല്‍ പേപ്പര്‍ അച്ചടിച്ച് അതിന് നിശ്ചിതവില നിര്‍ണയിക്കുന്നതില്‍(ഇന്നത്തെ കറന്‍സി നോട്ട്) മതപരമായ വിലക്കില്ലെന്ന് തറപ്പിച്ചുപറയുന്നു. എന്നാല്‍ പ്രവാചകനിര്‍ദ്ദേശത്തെ പിന്തുടരുന്ന പക്ഷം കടല്‍ത്തീരത്തെ മണല്‍ വിനിമയനാണയമായി കണക്കാക്കാനാകില്ലെന്ന് വിവേകമതികള്‍ സമ്മതിക്കും. കാരണം അവ വിലപിടിച്ച ലോഹമോ, ദീര്‍ഘകാലം സൂക്ഷിക്കാവുന്ന ഭക്ഷ്യവസ്തുവോ അല്ലെന്നതുതന്നെ.

രണ്ട്: സ്വര്‍ണം, വെള്ളി, ഗോതമ്പ്, ബാര്‍ലി, കാരക്ക, ഉപ്പ് (അരി, പഞ്ചസാര…) ഇവയെല്ലാം നാണയമായി ഉപയോഗിക്കാന്‍ കാരണം അവയ്ക്കുസ്വയമേവ മൂല്യമുള്ളതുകൊണ്ടായിരുന്നു.ആ മൂല്യം പുറത്തുനിന്ന് അടിച്ചേല്‍പിച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെ നാണയം എന്നത് സ്വയമേവ മൂല്യമുള്ള വസ്തുവായിരിക്കണം എന്നത് ഹദീസ് നമ്മെ പഠിപ്പിക്കുന്നു.

മൂന്ന്: നാണയം എന്നത് മനുഷ്യരുടെ വിനിമയത്തിനുള്ള അല്ലാഹുവിന്റെ സൃഷ്ടിയിലുള്ള അനുഗ്രഹമാണ്. അതിന്റെ മൂല്യം അല്ലാഹുവാണ് അതില്‍ നിക്ഷേപിച്ചിരിക്കുന്നത്. സമ്പത്തിന്റെ സ്രഷ്ടാവും ഉടമയും അല്ലാഹുവാണെന്ന് (അര്‍റസ്സാഖ്) സ്വയം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ചുരുക്കത്തില്‍ പ്രവാചകചര്യ പരിചയപ്പെടുത്തുന്ന നാണയങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും:

1. വിലപിടിച്ചതും അമൂല്യമായതുമായ ലോഹങ്ങളും മുകളില്‍ വിവരിച്ചതുപോലെ ഭക്ഷ്യസാധനങ്ങളും

2. സ്വയമേവ മൂല്യമുള്ളത്
3. സമ്പത്തിന്റെ സ്രഷ്ടാവായ അല്ലാഹു ഉണ്ടാക്കിയതും അവന്‍തന്നെ മൂല്യം നിശ്ചയിച്ചതും.

ഒരു വിഭാഗം പണ്ഡിതന്‍മാര്‍ സുന്നത്തിന് രണ്ടുഭാഗമുണ്ടെന്ന് വാദിക്കുന്നു. അതായത്, അല്ലാഹുവിന്റെ ദിവ്യബോധനത്തിന്റെ താല്‍പര്യത്തിനനുസൃതമായി പ്രവാചകന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍. മറ്റൊന്ന് ‘നിങ്ങളാണ് നിങ്ങളുടെ ദുന്‍യാ കാര്യങ്ങളറിയുക’ എന്ന പറഞ്ഞതിന്റെ അടിസ്ഥാനത്തിലുള്ളവ. നാണയം ഇപ്പറഞ്ഞ ഗണത്തില്‍ പെടുമെന്നാണ് അവരുടെ വാദം. അതിനാല്‍ ഇന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്ന ഭൗതികവാദികളുടെ തന്നിഷ്ടപ്രകാരം മൂല്യം ചാര്‍ത്തി നിര്‍മിച്ച കറന്‍സി/ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ അനുവദനീയമെന്ന് അവര്‍ പറയുന്നു. ആ കറന്‍സി എത്രവേണമെങ്കിലും ഭൗതികവാദികള്‍ക്ക് അച്ചടിച്ചിറക്കാം. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ആസ്തികള്‍ വാങ്ങിക്കൂട്ടാം. മൂല്യമുള്ള ഒന്നും പകരംവെക്കാതെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ അച്ചടിച്ചിറക്കുന്ന മതനിഷേധപരമായ ഈ പ്രവൃത്തി മുസ്‌ലിംകള്‍ യാതൊരു മടിയുംകൂടാതെ പിന്തുടരുന്നു. ഒരു സ്യൂട്ട്‌കേസ്‌നിറയെ ഇന്ത്യോനേഷ്യന്‍/പാകിസ്താനി കറന്‍സി കൊടുത്താല്‍പോലും അമേരിക്കയില്‍നിന്ന് ഒരു കപ് ചായ കുടിക്കാന്‍ കിട്ടില്ലെന്ന വസ്തുത നാം മറന്നുകൂടാ.

ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥ ഇസ്‌ലാമികലോകത്തിന് അനുയോജ്യമല്ലെന്നും അത് തീര്‍ത്തും ഹറാമാണെന്നും ഇസ്‌ലാമികപണ്ഡിതലോകം ഒറ്റക്കെട്ടായി പ്രഖ്യാപിക്കാന്‍ മടിക്കുന്നതെന്തിനാണ്? നാണയം എന്നത് അല്ലാഹു സൃഷ്ടിച്ച, നിശ്ചിതമൂല്യം അന്തസ്സാരം ചെയ്യപ്പെട്ട വിലപിടിച്ച ലോഹങ്ങള്‍ കൊണ്ടുള്ളതായിരിക്കണം എന്ന വസ്തുത വിസ്മരിക്കപ്പെട്ടുപോയോ?എന്നാല്‍, ഖുര്‍ആന്‍ ദീനാര്‍ എന്ന പദപ്രയോഗം നടത്തുന്നത് കാണുക:
‘വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍പോലും നിനക്ക് അവരത് മടക്കിത്തരില്ല. നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ. അതിന് കാരണം അവരിങ്ങനെ വാദിച്ചുകൊണ്ടിരുന്നതാണ്: ‘ഈ നിരക്ഷരരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറ്റമുണ്ടാവാനിടയില്ല.’ അവര്‍ അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.'(ആലുഇംറാന്‍ 75)

യൂസുഫ് അധ്യായത്തില്‍ ഇരുപതാം സൂക്തത്തില്‍ ദിര്‍ഹം എന്ന് പ്രയോഗിച്ചതായി കാണാം.

‘അവരെന്നെ കുറഞ്ഞ വിലയ്ക്ക് വിറ്റു. ഏതാനും ദിര്‍ഹമുകള്‍ക്ക്. അവനില്‍ ഒട്ടും താല്‍പര്യമില്ലാത്തവരായിരുന്നു അവര്‍.’

മേല്‍ രണ്ട് സൂക്തങ്ങളിലും നാണയം ‘സ്വര്‍ണം’ ‘വെള്ളി’ എന്നീ ലോഹങ്ങളാണ്. ദീനാര്‍ സ്വര്‍ണനാണയവും ദിര്‍ഹം വെള്ളിനാണയവുമാണ്. രണ്ടിനും ലോഹമെന്ന നിലക്ക് ആന്തരികമൂല്യമുണ്ട്. അല്ലാഹു നിശ്ചയിച്ച മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്ന അവന്റെ സൃഷ്ടികളില്‍പെട്ടതാണ് അവ. സമ്പത്തിന്റെ സ്രഷ്ടാവാണല്ലോ അവന്‍. ഖുര്‍ആനില്‍ ഒട്ടേറെ ഇടങ്ങളില്‍ സ്വര്‍ണവും വെള്ളിയും സമ്പത്തിന്റെ വിനിമയമാധ്യമങ്ങളായി പ്രയോഗിച്ചിട്ടുള്ളത് കാണാം.
‘സ്ത്രീകള്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗവിഭവങ്ങളാണ്'(ആലുഇംറാന്‍ 14).
‘സത്യനിഷേധികളായി ജീവിക്കുകയും സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരില്‍ ആരെങ്കിലും ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാലും അവരതില്‍നിന്നത് സ്വീകരിക്കുന്നതല്ല; അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. അവര്‍ക്ക് സഹായിയായി ആരുമുണ്ടാവില്ല'(ആലുഇംറാന്‍ 91)

‘വിശ്വസിച്ചവരേ, മതപണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തടയുന്നവരും സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച ‘സുവാര്‍ത്ത’ അറിയിക്കുക'(അത്തൗബ 94).

‘അവിടെ നേര്‍ത്തുമിനുത്ത പച്ചവില്ലൂസും കട്ടിയുള്ള പട്ടുടയാടയുമാണ് അവരെ അണിയിക്കുക. അവര്‍ക്ക് അവിടെ വെള്ളിവളകള്‍ അണിയിക്കുന്നതാണ്. അവരുടെ നാഥന്‍ അവരെ പരിശുദ്ധമായ പാനീയം കുടിപ്പിക്കുകയും ചെയ്യും'(അദ്ദഹ്ര്‍ 21)

‘അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവിടെയവര്‍ സ്വര്‍ണവളകളണിയിക്കപ്പെടും. നേര്‍ത്തതും കനത്തതുമായ പച്ചപ്പട്ടുകളാണ് അവിടെയവര്‍ ധരിക്കുക. കട്ടിലുകളില്‍ ചാരിയിരുന്നാണ് അവര്‍ വിശ്രമിക്കുക. എത്രമഹത്തരമായ പ്രതിഫലം! എത്ര നല്ല സങ്കേതം!'(അല്‍കഹ്ഫ് 31)

അബൂ സഅ്ദില്‍ ഖുദ്‌രി (റ)യില്‍നിന്ന്: പുനരുത്ഥാനനാള്‍ ആഗതമാവുമ്പോള്‍ ഒരു വിളിയാളന്‍ ഇങ്ങനെ പ്രഖ്യാപിക്കും: ‘എല്ലാവരും തങ്ങളുടെ ആരാധ്യന്‍മാരെയും പിന്തുടര്‍ന്ന് വരട്ടെ……അങ്ങനെ നരകം വിലക്കപ്പെട്ട മനുഷ്യരും അവിടെയുണ്ടായിരിക്കും. തങ്ങളുടെ ഉടല്‍വരെയോ കാല്‍മുട്ടുവരെയോ അഗ്നിനാളങ്ങള്‍ കവര്‍ന്ന മനുഷ്യര്‍ കൊണ്ടുവരപ്പെടും. അവരെ കൂട്ടിക്കൊണ്ടുവന്നവര്‍ പറയും: ‘നരകത്തില്‍ തന്നെ കഴിഞ്ഞുകൊള്ളുക എന്ന് കല്‍പിക്കപ്പെടാത്ത ആളുകളില്‍ പെട്ടവരാണ് ഇവര്‍.’അപ്പോള്‍ അല്ലാഹു പറയും: ‘തിരികെച്ചെല്ലൂ.. നരകത്തിലുള്ള ആരുടെയെങ്കിലും ഹൃദയത്തില്‍ ദീനാറിന്റെയത്ര തൂക്കം നന്മ ഉള്ളവരെ കൂട്ടിക്കൊണ്ടുവരൂ’ അങ്ങനെ വലിയൊരു സംഘം ആളുകളെ അവര്‍ കൂട്ടിക്കൊണ്ടുവരും. അവര്‍ പറയും: ‘പടച്ചവനേ, നീ കല്‍പിച്ചതനുസരിച്ചുള്ള ഒരാള്‍പോലും ഇനി നരകത്തില്‍ അവശേഷിച്ചിട്ടില്ല.’അല്ലാഹു പറയും: ‘പോകൂ, തിരികെച്ചെന്ന് ഒരു ദീനാറിന്റെ പകുതിത്തൂക്കം നന്‍മ ഹൃദയത്തില്‍ കാണപ്പെടുന്ന ആളുകളെ കൂട്ടിക്കൊണ്ടുവരൂ.’ അങ്ങനെ അവര്‍ വലിയൊരു സംഘം ആളുകളെ നരകത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരും. എന്നിട്ട് പറയും പടച്ചവനേ, നീ കല്‍പിച്ചതുപ്രകാരമുള്ള നന്‍മയുള്ളവര്‍ ഇനി നരകത്തില്‍ ബാക്കിയില്ല.’ അപ്പോള്‍ അല്ലാഹു പറയും:’പോകൂ. ഒരു കണികത്തൂക്കം നന്‍മ ഹൃദയത്തിലുള്ളവരെയെല്ലാം നരകത്തില്‍നിന്ന് കൊണ്ടുവരൂ.’ അങ്ങനെ അവര്‍ വലിയൊരു സംഘത്തെ രക്ഷപ്പെടുത്തി തിരികെയെത്തും. എന്നിട്ട് അല്ലാഹുവിനോട് പറയും:’റബ്ബേ, നന്‍മ ഹൃദയത്തിലവശേഷിച്ച ഒരാള്‍പോലും ഇനി നരകത്തില്‍ ബാക്കിയില്ല…..'(സ്വഹീഹ് മുസ്‌ലിം).

മുകളില്‍ വിവരിച്ച ഖുര്‍ആനികസൂക്തങ്ങളുടെയും ഹദീസുകളുടെയും വെളിച്ചത്തില്‍ ദീനാറിന്റെയും ദിര്‍ഹമിന്റെയും സവിശേഷ ആന്തരമൂല്യത്തിന്റെ ഫലമായി ഇഹലോകത്തും പരലോകത്തും വിലമതിക്കപ്പെട്ടതായി കാണാം. എല്ലാറ്റിനെക്കാളുപരി, സ്വര്‍ണവും വെള്ളിയും നാണയമായി വ്യവഹാരങ്ങളില്‍ ഉപയോഗിക്കപ്പെടണമെന്ന് അല്ലാഹു നിശ്ചയിച്ചു. ഈ യാഥാര്‍ഥ്യത്തെ വെല്ലുവിളിക്കുകയോ അംഗീകരിക്കാന്‍ മടിക്കുകയോ ചെയ്യുന്നവര്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ന്യായം ബോധിപ്പിക്കേണ്ടിവരുമെന്നത് തീര്‍ച്ച.

സ്വയമേവ മൂല്യമുള്ള നാണയം ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍നിന്ന് തിരോഭവിച്ചിരിക്കുന്നു. ഇഹത്തിലും പരത്തിലും പരാമൃഷ്ടമായ അത്തരം നാണയവ്യവസ്ഥ ഉപേക്ഷിച്ചതിന് മുസ്‌ലിംസമൂഹവും ഉത്തരവാദികളാണ്. ഇന്ന് വഞ്ചനാത്മകമായ നാണയവ്യവസ്ഥ പിന്തുടര്‍ന്നതിന്റെ ഭയാനകമായ പരിണതഫലം മുസ്‌ലിംജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം അനുശാസിക്കുന്ന നാണയവ്യവസ്ഥയെ തിരികെക്കൊണ്ടുവരാന്‍ അവര്‍ ഇനിയും അമാന്തിച്ചുകൂടാ..

Topics