Global

ചൈനയില്‍ കുഞ്ഞുങ്ങള്‍ക്ക് ചില മുസ്‌ലിം പേരുകള്‍ നല്‍കുന്നതിന് വിലക്ക്

ബെയ്ജിങ്: ചൈനയില്‍ മുസ് ലിം പേരുകള്‍ക്ക് വിലക്ക്. സിന്‍ജ്യങ് പ്രവിശ്യയിലാണ് നിരോധനം നിലവില്‍വന്നത്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും മറ്റു വിദ്യാഭ്യാസ അവസരങ്ങളും ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള നിയമമെന്നാണ് വിശദീകരണം. പ്രവിശ്യയിലെ വലതുപക്ഷ സംഘടനയാണ് മുസ് ലിം പേരുകള്‍ നിരോധിച്ച വിവരം പുറത്തുവിട്ടത്. ഇസ്ലാം, ഖുര്‍ആന്‍, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന എന്നീ നാമങ്ങള്‍ നിരോധിക്കപ്പെട്ടവയിലുണ്ട്. ഇത്തരം നിരോധിക്കപ്പെട്ട പേരുകളുള്ള കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടും. പുറമെ സര്‍ക്കാറിെന്റ പൊതുസേവനങ്ങളും ഇവര്‍ക്ക് ലഭിക്കില്ല.

ചൈനയുടെ ‘ഭീകരവാദ’ത്തിനെതിരായ നടപടികളുടെ ഭാഗമായാണത്രെ നടപടിയെന്നും വിശദീകരണമുണ്ട്. ഉയ്ഗൂര്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് ഇതിനുമുമ്പും ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നു. മതപരമായ അനുഷ്ഠാനങ്ങളും താല്‍പര്യങ്ങളും ഈ പ്രവിശ്യയിലെ മുസ്ലിം വിഭാഗങ്ങളില്‍ വര്‍ധിക്കുന്നതായി ചൈനീസ് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്ന് ഹ്യൂമന്റൈറ്റ് വാച്ച് കുറ്റപ്പെടുത്തി. നിരോധന അറിയിപ്പ് ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താവ് ഔദ്യോഗികമായി പുറത്തുവിട്ടതായി ‘റേഡിയോ ഫ്രീ ഏഷ്യ’ അറിയിച്ചു.

എന്നാല്‍, നിരോധിച്ച പേരുകളുടെ പൂര്‍ണ പട്ടിക പുറത്തുവിട്ടിട്ടില്ല. നേരത്തേ ഏപ്രില്‍ ഒന്നു മുതല്‍ ‘അസാധാരണ’ താടിയും തലപ്പാവും പൊതുഇടങ്ങളില്‍ നിരോധിച്ചിരുന്നു. ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രാജ്യത്തെ ദേശീയ ടി.വി, റേഡിയോ പരിപാടികള്‍ നിര്‍ബന്ധിപ്പിച്ച് കാണിക്കുന്നത് ശിക്ഷയായും തീരുമാനിക്കപ്പെട്ടു. ആവിഷ്‌കാരമതവിശ്വാസ സ്വാതന്ത്ര്യത്തിനെതിരാണ് ഈ വിധിയെന്ന് ഹ്യൂമന്റൈറ്റ് വാച്ച് ആരോപിച്ചു.

Topics