സദാചാര മര്യാദകള്‍

ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലേ ?

ചോ: എനിക്ക് വൈകാരിക വിക്ഷോഭങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. നിസ്സാരകാര്യങ്ങളില്‍പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. പെട്ടെന്ന് തന്നെ കരയുകയും നെഞ്ചത്തടിച്ച് നിലവിളിക്കുകയുംചെയ്യും. തെറ്റാണ് ചെയ്യുന്നതെന്ന് അറിയാം. എന്നാലും മനസ്സിനെ നിയന്ത്രിക്കാനാവുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ?

ഉത്തരം: അല്ലാഹു പറയുന്നു: ‘ ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു. വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല'(ആലുഇംറാന്‍ 133-134).
‘പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിച്ചാല്‍ നീ അല്ലാഹുവില്‍ ശരണംതേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്'(ഹാമീം അസ്സജദ 36)

ഇബ്‌നു മസ്ഊദ് (റ)ല്‍നിന്ന് : പ്രവാചകന്‍ തിരുമേനി(സ) പറഞ്ഞു: ‘മല്ലയുദ്ധത്തില്‍ തോല്‍പിക്കുന്നവനല്ല ; മറിച്ച്, കോപം വരുമ്പോള്‍ അത് അടക്കിനിറുത്താന്‍ കഴിയുന്നവനാണ് ശക്തന്‍'(മുസ്‌ലിം)
ലോകത്ത് യുദ്ധങ്ങള്‍, കൊലപാതകങ്ങള്‍, കുടുംബത്തകര്‍ച്ച എന്നുതുടങ്ങി എല്ലാ തിന്‍മയുടെയും മുഖ്യകാരണങ്ങളിലൊന്ന് കോപമാണെന്ന് ഇമാം ഗസ്സാലി തന്റെ മാസ്റ്റര്‍ പീസായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ വിവരിക്കുന്നുണ്ട്.
അതിനാല്‍ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ദേഷ്യം എന്നത് സ്വാഭാവികപ്രകൃതിയിലുള്ളതാണ്. അതിന് അതിന്റെതായ ലക്ഷ്യമുണ്ട്. ഒരുപ്രത്യേകസാഹചര്യത്തോട് പ്രതികരിക്കണമെന്ന് നമ്മെ ഉണര്‍ത്തുകയാണത് ചെയ്യുന്നത്. അതിനാല്‍ അത് ഗുണപരമായി ഉപയോഗിച്ചാല്‍ അതിന്റെ ഫലം മഹത്തരമായിരിക്കും. അതിനുപകരം നാം അക്രമിക്കാന്‍ തുനിഞ്ഞാല്‍ അത് നമുക്ക് ദോഷകരമായാണ് ഭവിക്കുകയെന്നറിയാമല്ലോ.

വിശ്വാസികള്‍ ആത്മനിയന്ത്രണം പരിശീലിക്കണമെന്ന് ഇസ്‌ലാം കല്‍പിക്കുന്നു. ചിന്താ-പ്രായോഗിക രീതികളിലൂടെ നമുക്ക് അത് പരിശീലിക്കാനാവും. ദേഷ്യം നിയന്ത്രിക്കാനായില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെയും മനസ്സിനെയും വളരെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവ് വെച്ചുപുലര്‍ത്തുന്നതാണ് ഒന്നാമത്തെ സംഗതി. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളാണ് അടുത്തത്.
1.നമ്മുടെ ജീവിതത്തില്‍ ദുരന്തമുണ്ടാക്കുന്ന ഈ പ്രകൃതത്തെ ദുരുപയോഗംചെയ്യുന്ന പിശാചില്‍നിന്ന് അല്ലാഹുവില്‍ അഭയംതേടുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. ദേഷ്യം നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്ന ചില അനുചരന്‍മാരോട് തിരുനബി(സ) ഇപ്രകാരം പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ചു:’അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം'(ശപിക്കപ്പെട്ട പിശാചിന്റെ ഉപദ്രവത്തില്‍നിന്നും ഞാന്‍ അല്ലാഹുവിനോട് അഭയംതേടുന്നു).
2. ദേഷ്യം തോന്നിയാല്‍ അത് തണുപ്പിക്കാനായി ഉടന്‍ പോയി വുദു ഉണ്ടാക്കുക. സാധ്യമെങ്കില്‍ കുളിക്കുക. രണ്ട് റക്അത്ത് നമസ്‌കരിച്ചശേഷം അല്‍പദൂരം നടക്കുക.
എന്നാല്‍ കോപം വരുന്നത് ദീര്‍ഘനാളായുള്ള പ്രശ്‌നമാണെങ്കില്‍ അത്തരക്കാര്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുമായി പ്രശ്‌നം ചര്‍ച്ചചെയ്യേണ്ടതുണ്ട്. അതിവൈകാരികതകളെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്ന കോഴ്‌സുകള്‍ ഇക്കാലത്ത് യഥേഷ്ടമുണ്ട്. മാനസികാരോഗ്യത്തിനും ആത്മനിയന്ത്രണത്തിനും ഉതകുന്ന എല്ലാ ശാസ്ത്രീയമാര്‍ഗങ്ങളും മുസ്‌ലിംകളെന്ന നിലക്ക് നമുക്ക് അവലംബിക്കാവുന്നതാണ്. ആത്മനിയന്ത്രണം കൈവരിക്കാനായില്ലെങ്കില്‍ ജീവിതവിജയം കരസ്ഥമാക്കാനാവില്ലെന്ന് തിരിച്ചറിയുക.
അവസാനമായി, നല്‍കാനുള്ള ഉപദേശമിതാണ്: ദിക്‌റുകള്‍ ചൊല്ലുക. അല്ലാഹുവിനെക്കുറിച്ച സ്മരണയാണ് ദിക്‌റ്. അത് മനസ്സിനെ ശാന്തമാക്കുന്നു. ഇരുലോകത്തും മനുഷ്യന് മോക്ഷം സമ്മാനിക്കുന്നു. പ്രസ്തുതവിഷയത്തില്‍ നാം പ്രവാചകന്‍ തിരുമേനിയുടെ സുന്നത്തുകള്‍ അനുധാവനംചെയ്യുകയാണ് ഏറ്റവും ഉത്തമമായ വഴി.

Topics