കുടുംബ ജീവിതം-Q&A

ദാമ്പത്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വധു

ചോ: 2016 ജനുവരിയില്‍ എന്റെ വിവാഹനിശ്ചയം നടക്കുകയും അതേവര്‍ഷം ജൂലൈയില്‍ നികാഹ് നടക്കുകയും ചെയ്തു. ആ കാലയളവില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുകയൊന്നും ഉണ്ടായില്ല. ഞങ്ങള്‍ രണ്ട് രാജ്യത്താണ് ഇപ്പോള്‍. ഒരു മദ്‌റസയില്‍ പഠിപ്പിക്കുകയാണ് അവള്‍. ഒരിക്കല്‍ ഫോണിലൂടെ അവളുടെ കുടുംബത്തിലെ ആരോ പ്രസവിച്ചകാര്യം പറഞ്ഞപ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ ഉണ്ടാവുന്നതെന്ന് അവളെന്നോട് ചോദിച്ചു. ദാമ്പത്യവും ലൈംഗികജീവിതവും സംബന്ധിച്ച കാര്യങ്ങളില്‍ അവള്‍ തികച്ചും അജ്ഞയാണെന്നാണ് എനിക്ക് മനസ്സിലായത്. ഫോണിലൂടെ അത്തരം കാര്യങ്ങള്‍ അവളോട് സംസാരിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

ഉത്തരം: നിങ്ങള്‍ നവദമ്പതികളാണെങ്കില്‍ പങ്കാളികള്‍ക്ക് പരസ്പരം ദാമ്പത്യത്തെസംബന്ധിച്ചും അതിലെ സ്‌നേഹപ്രകടനങ്ങളെക്കുറിച്ചും ഫോണിലൂടെയോ ചാറ്റിലൂടെ സംസാരിക്കാം. പക്ഷേ, അത്തരം സംസാരങ്ങള്‍ മറുവശത്ത് അസ്വസ്ഥതയോ അതൃപ്തിയോ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഇസ്‌ലാം ലൈംഗികതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. നിങ്ങളിലൊരാള്‍ തന്റെ ജീവിതപങ്കാളിയുമായി പങ്കുവെക്കുന്ന സ്വകാര്യനിമിഷങ്ങള്‍ക്കും അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലമുണ്ട് എന്ന് ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ്(സ) അനുയായികളോട് പറഞ്ഞപ്പോള്‍ അവര്‍ അമ്പരന്നുപോയി. അവര്‍ ചോദിച്ചു, ‘ഞങ്ങളിലൊരാള്‍ തന്റെ പങ്കാളിയുമായി ശാരീരികബന്ധം ആസ്വദിക്കുന്നതിന് പ്രതിഫലമോ?.’അപ്പോള്‍ നബി തിരുമേനി ‘നിയമാനുസൃതദാമ്പത്യത്തിന് പുറത്ത് അവിഹിതവേഴ്ച നടത്തിയാല്‍ നിങ്ങളെ അല്ലാഹു ശിക്ഷിക്കുമെങ്കില്‍ അത് നിയമാനുസൃതദാമ്പത്യത്തിലാകുമ്പോള്‍ പ്രതിഫലാര്‍ഹമാവുന്നു’ എന്ന് പറയുകയുണ്ടായി.
താങ്കളുടെ പങ്കാളിക്ക് ദാമ്പത്യത്തിലെ സുന്ദരസുരഭിലഘട്ടങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ അത്തരം വിഷയങ്ങളെ മനസ്സിലാക്കിക്കൊടുക്കാം. അതിനായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഇസ് ലാമികപ്രസിദ്ധീകരണാലയങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തില്‍ വൈവാഹികജീവിതം ഇസ്‌ലാമികവീക്ഷണത്തില്‍ എന്ന പേരിലുള്ള പുസ്തകം ഇക്കാര്യത്തില്‍ വളരെ പ്രയോജനപ്രദമാണ്.

Topics