ഈ ലോകത്തെ സകലവസ്തുക്കളുടെയും യഥാര്‍ഥഉടമ അല്ലാഹുവാണ്. അതില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. തദ്ഫലമായി ആവശ്യത്തിലേറെ വിഭവങ്ങള്‍ നല്‍കപ്പെട്ട സമ്പന്നരും ആവശ്യമായതുപോലും കൈവശമില്ലാത്ത ദരിദ്രരും ഉണ്ടാകുന്നു. അല്ലാഹു പറയുന്നു: ‘ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ അധീനതയിലാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അളവറ്റ വിഭവങ്ങള്‍ നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവ് വരുത്തുന്നു. അവന്‍ സകല സംഗതികളും നന്നായറിയുന്നവനാണ്'(അശ്ശൂറാ 12).
അല്ലാഹു, താനുദ്ദേശിക്കുന്നവര്‍ക്കാണ് ധനം നല്‍കുക. ചിലയാളുകള്‍ക്കത് പിടിച്ച് വെക്കുന്നു. അതുകൊണ്ട് സമ്പത്തുള്ളവര്‍ ഇല്ലാത്തവരെ സഹായിക്കേണ്ടതുണ്ട്. അന്യോന്യം സഹായിച്ചും പരസ്പരം സഹകരിച്ചും ജീവിതം നയിക്കേണ്ടവരാണ് മനുഷ്യര്‍. തഖ്‌വയിലും പുണ്യത്തിലും പരസ്പരം സഹായിക്കണമെന്ന് അല്ലാഹു നമ്മെ ഉണര്‍ത്തുന്നു(അല്‍ മാഇദ 2)
സാമൂഹികജീവിതത്തില്‍ മനുഷ്യന് അസന്ദിഗ്ധഘട്ടത്തില്‍ ആശ്രയിക്കേണ്ടിവരുന്ന വ്യവഹാരങ്ങളിലൊന്നാണ് കടം അഥവാ വായ്പ. ‘ഒരു വസ്തുവിന്റെ ഉടമ അതിന്റെ പ്രയോജനം പ്രതിഫലേച്ഛയില്ലാതെ അപരന് വിട്ടുകൊടുക്കുക’ എന്നാണ് പണ്ഡിതന്‍മാര്‍ വായ്പ(കടം)യ്ക്ക് നല്‍കിയിട്ടുള്ള നിര്‍വചനം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടംനല്‍കല്‍ ബാധ്യതകളില്‍പെട്ടതാണ്. പരോപകാരവും കാരുണ്യവും നിറഞ്ഞതായതിനാല്‍ അത് പുണ്യപ്രവൃത്തിയായി അല്ലാഹു അതിനെ വിധിച്ചിരിക്കുന്നു. കടംചോദിക്കുന്നത് യാചനയല്ല. കാരണം, അത് തിരിച്ചുകൊടുക്കേണ്ടതാണല്ലോ. നബി(സ) പറഞ്ഞു: ‘ഭൗതികജീവിതത്തില്‍ ഒരു വിശ്വാസിയുടെ പ്രയാസം ആരെങ്കിലും തീര്‍ത്തുകൊടുത്താല്‍ ഈ ലോകത്തും പരലോകത്തും അവന്റെ പ്രയാസം അല്ലാഹുവും തീര്‍ത്തുകൊടുക്കും. അല്ലാഹുവിന്റെ അടിമ അവന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അവനെ അല്ലാഹുവും സഹായിച്ചുകൊണ്ടിരിക്കും'(മുസ്‌ലിം). രണ്ടുവട്ടം ഒരു മുസ്‌ലിമിന് കടംകൊടുത്താല്‍ ഒരു വട്ടം ദാനംചെയ്തതുപോലെയാണ്(ഇബ്‌നുമാജഃ).
അനസ്(റ) പ്രസ്താവിക്കുന്നു: മദീനയില്‍ ആക്രമണഭീഷണി ഉണ്ടായപ്പോള്‍ നബി(സ) അബൂത്വല്‍ഹയില്‍നിന്ന് ഒരു കുതിരയെ വായ്പ മേടിച്ചു. മന്‍ദൂബെന്ന ആ കുതിരയുടെ പുറത്തുകയറി നബി സവാരി ചെയ്തു.
ഉപാധികള്‍
1.വായ്പ കൊടുക്കുന്ന കക്ഷി അത് കൊടുക്കാന്‍ അര്‍ഹതയുള്ള വ്യക്തിയായിരിക്കുക(പ്രായപൂര്‍ത്തി, ഉടമസ്ഥത, വിവേകം..)
2. വായ്പ നല്‍കുന്ന വസ്തു നിലനില്‍ക്കുന്നതോടൊപ്പം പ്രയോജനപ്പെടുന്നതുകൂടിയായിരിക്കുക.
3. പ്രയോജനം അനുവദനീയമായതായിരിക്കുക.(ഹറാമുകള്‍ക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുക)
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം അല്‍ബഖറ അധ്യായത്തിലെ 282- ാം സൂക്തമാണ്. അതാകട്ടെ, കടം നല്‍കുന്നതിനെ സംബന്ധിച്ചാണെന്നത് കൗതുകകരമാണ്.അതില്‍ കടം നല്‍കുന്നതിനെ സംബന്ധിച്ച ചില നിബന്ധനകള്‍ പറയുന്നുണ്ട്.
1. കടംകൊടുക്കുന്നത് എഴുതിവെക്കണം.
2. കൊടുക്കുന്നവനും വാങ്ങുന്നവനും അല്ലാത്ത മൂന്നാമതൊരാളാണ് അത് എഴുതിവെക്കേണ്ടത്.
3. എഴുതാനറിയുന്നവര്‍ എഴുതാന്‍ വിസമ്മതം കാട്ടരുത്.
4. കടബാധ്യതയുള്ളവന്‍ എഴുതേണ്ട വാക്കുകള്‍ പറഞ്ഞ് കൊടുക്കണം.
5. അല്ലാഹുവിനെ സൂക്ഷിക്കുക. ബാധ്യതയില്‍ കുറവ് വരുത്തരുത്.
6. കടബാധ്യതയുള്ളവര്‍ വിവേകമില്ലാത്തവരാണെങ്കില്‍ അവരുടെ രക്ഷാകര്‍ത്താക്കള്‍ എഴുതേണ്ട വാചകം പറഞ്ഞുകൊടുക്കണം.
7. സാക്ഷികള്‍ നിര്‍ബന്ധമാണ്.
8. രണ്ട് സാക്ഷികളിലൊരാള്‍ സ്ത്രീയാണെങ്കില്‍ അത് രണ്ടുസ്ത്രീകളായിരിക്കണം. (ഒരുവള്‍ക്ക് അബദ്ധമോ, മറവിയോ, പിഴവോ സംഭവിച്ചാല്‍ അതെസംബന്ധിച്ച് തിരുത്തുവാന്‍ വേണ്ടി)
9. സാക്ഷികള്‍ ഏതുസമയത്തും വരാന്‍ തയ്യാറായിരിക്കണം.
10. ചെറുതോ, വലുതോ എന്നതല്ല, കടം രേഖപ്പെടുത്തുന്നതില്‍ അമാന്തം കാട്ടാതിരിക്കുക എന്നതിനാണ് മുന്‍ഗണന.
11. നീതി ഉറപ്പാക്കലും സംശയം ഇല്ലാതാക്കലും അല്ലാഹു ആഗ്രഹിക്കുന്നു.
12. സാക്ഷികള്‍ ഇല്ലെന്നുവന്നാലും വിശ്വസ്തത പുലര്‍ത്തുക. കള്ളസാക്ഷ്യം പറയരുത്.
വായ്പവസ്തു വാടകക്ക് ?
വായ്പ വാങ്ങിയ വസ്തു രൂപമാറ്റമോ നാശമോ സംഭവിക്കാത്ത തരത്തിലുള്ളതാണെങ്കില്‍ അത് ഉടമസ്ഥനറിയാതെ മറ്റൊരാള്‍ക്ക് വാടകയ്‌ക്കോ വായ്പയായോ കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായം. എന്നാല്‍ ഉടമയുടെ അനുവാദമില്ലാതെ മറ്റൊരാള്‍ക്ക് അവ്വിധം കൊടുക്കരുതെന്നാണ് ഇമം ഹമ്പലിന്റെ വീക്ഷണം.
വായ്പ വസ്തു സ്വീകരിച്ച ശേഷം കൈവശത്തില്‍നിന്ന് നഷ്ടപ്പെട്ടാല്‍ അതിന് തത്തുല്യമായ നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്വം അധമര്‍ണനുണ്ട്. നബി തിരുമേനി ഇപ്രകാരം പറഞ്ഞു:’കൈ അതു സ്വീകരിച്ചത് തിരിച്ചുകൊടുക്കുന്നതുവരെ ഉത്തരവാദിയാകുന്നു.’
വായ്പ തിരിച്ചുകൊടുക്കല്‍
വായ്പ കൊടുത്ത സംഖ്യയോ വസ്തുവോ വായ്പ വാങ്ങിയവന്ന് പ്രയാസമൊന്നും ഉണ്ടാവില്ലെങ്കില്‍ ഏതു സമയത്തും അതിന്റെ ഉടമസ്ഥന് തിരിച്ചുവാങ്ങാവുന്നതാണ്. എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അധമര്‍ണന് (വായ്പ വാങ്ങിയവന്‍) അവധി നീട്ടിച്ചോദിക്കാവുന്നതാണ്.
വായ്പ വസ്തുക്കള്‍ തിരിച്ചുകൊടുക്കേണ്ടത് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക'(അന്നിസാഅ് 58).
നബിതിരുമേനി പ്രസ്താവിച്ചതായി അബൂഹുറൈറ പറയുന്നു:’നിങ്ങളെ വിശ്വസിച്ച് ഏല്‍പിച്ചവന്ന് അവന്റെ വസ്തു തിരിച്ചുകൊടുക്കുക. നിങ്ങളെ വഞ്ചിച്ചവനെ നിങ്ങള്‍ വഞ്ചിക്കാതിരിക്കുക.’
കടം വാങ്ങിയാല്‍ കഴിയും വേഗം തിരിച്ചുകൊടുക്കേണ്ടതാണ്. കടംവീട്ടുന്നതിന് മുമ്പ് അധമര്‍ണന്‍ മരിച്ചുപോയാല്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയില്ല; അദ്ദേഹത്തിന്റെ അനന്തരാവകാശികളോ ബന്ധുക്കളോ അത് കൊടുത്ത് വീട്ടിയില്ലെങ്കില്‍. വ്യഭിചാരംപോലുള്ള പാപം ചെയ്തവര്‍ക്ക് മയ്യിത്ത് നമസ്‌കരിച്ചിട്ടുള്ള നബി പക്ഷേ കടം വീട്ടാത്തവര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാന്‍ വിസമ്മതിച്ചിട്ടുള്ളത് നമുക്കറിയാം. ജാബിര്‍ (റ)ല്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഒരാള്‍ മരിച്ചു. അദ്ദേഹത്തെ ഞങ്ങള്‍ സംസ്‌കരിക്കുകയും കഫന്‍ ചെയ്ത് സുഗന്ധം പൂശി മയ്യിത്ത് നമസ്‌കരിക്കാനായി വെക്കുകയുംചെയ്തു. പിന്നീട് പ്രവാചക(സ)നെ അറിയിക്കുകയുംചെയ്തു. അങ്ങനെ നമസ്‌കരിക്കാനായി ജനാസയുടെ അടുക്കലേക്ക് ഏതാനും ചുവടുകള്‍ മുന്നോട്ടുവെച്ച തിരുമേനി തിരിച്ചുനിന്ന് ചോദിച്ചു. നിങ്ങളുടെ കൂട്ടുകാരന് ഒരു പക്ഷേ കടമുണ്ടാകാം.’അതുകേട്ട അവര്‍ പറഞ്ഞു:’അതെ, രണ്ട് ദീനാര്‍. അപ്പോള്‍ നബിതിരുമേനി അവിടെ നിന്ന് പിന്തിരിഞ്ഞു. അവരില്‍പെട്ട അബൂഖതാദയെന്ന ആള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു:’പ്രവാചകരേ, അത് ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി:’ആ രണ്ട് ദീനാല്‍ നിന്റെ സമ്പത്തില്‍നിന്ന് നീ വീട്ടണം. മയ്യിത്ത് കടബാധ്യതയില്‍നിന്ന് മുക്തമായിരിക്കുന്നു.’ ഖതാദ സമ്മതഭാവത്തില്‍ മറുപടി നല്‍കി. അങ്ങനെ പ്രവാചകന്‍(സ) അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കുകയുംചെയ്തു.”
കടത്തില്‍നിന്ന് രക്ഷ തേടുക
അത്യാവശ്യത്തിന് കടം വാങ്ങുകയും അത് തിരികെവീട്ടാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതോടൊപ്പം കടത്തില്‍നിന്ന് രക്ഷതേടാനായി അല്ലാഹുവോട് നാം പ്രാര്‍ഥിക്കുക.
ആഇശ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍തിരുമേനി തന്റെ നമസ്‌കാരത്തില്‍ ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ‘അല്ലാഹുവേ, ഖബ്ര്‍ ശിക്ഷയില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളില്‍നിന്നും ജീവിതത്തിലെയും മരണത്തിലെയും കുഴപ്പങ്ങളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷ ചോദിക്കുന്നു. അല്ലാഹുവേ, പാപങ്ങളില്‍നിന്നും കടത്തില്‍നിന്നും ഞാന്‍ നിന്നോട് കാവലിനെചോദിക്കുന്നു'(ബുഖാരി).
അതിനാല്‍ അത്യാവശ്യത്തിന് മാത്രം കടം വാങ്ങുകയും അത് സാക്ഷികള്‍ മുഖേന എഴുതിവെക്കുകയും കൃത്യസമയത്ത് കൊടുത്തുവീട്ടുകയും ചെയ്യുക. അതോടൊപ്പം കടബാധ്യതയുടെ പരീക്ഷണത്തില്‍നിന്ന് അല്ലാഹുവോട് സദാ രക്ഷ തേടുക.
എന്തിനുമേതിനും കടംവാങ്ങുകവഴി ബുദ്ധിമുട്ടിലും മാനസികപ്രയാസത്തിലും അകപ്പെടുന്നതിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കും വിശ്വാസികള്‍. കടബാധിതന്‍ അത് നല്‍കിയവന്റെ മുന്നില്‍ എപ്പോഴും വിധേയത്വഭാവത്തോടെയായിരിക്കും നിലകൊള്ളുക. ചില പ്രത്യേക സാഹചര്യങ്ങളില്‍ കൃത്യസമയത്ത് കടം തിരിച്ചടക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അപ്പോള്‍ വാഗ്ദത്തലംഘനം നടത്തിയവനായാണ് അവനെ വിലയിരുത്തുക. കടംകൊടുത്തതുസംബന്ധിച്ച തര്‍ക്കം മധ്യസ്ഥരുടെയും കോടതിയുടെയും മുന്നിലെത്തുക വഴി സ്വന്തത്തെക്കുറിച്ച ഭയപ്പാട് ഉടലെടുക്കാന്‍ അത് നിമിത്തമാകും. ‘നിങ്ങളുടെ ശരീരത്തിന് നിര്‍ഭയത്വം ലഭിച്ചശേഷം നിങ്ങളതിനെ ഭീതിപ്പെടുത്തരുത് ‘എന്ന് പ്രവാചകന്‍(സ) ഉണര്‍ത്തിയിട്ടുണ്ട്. അതിന്റെ വിശദീകരണം ചോദിച്ചപ്പോള്‍ അത് കടബാധ്യതയിലൂടെയാണ് ഉണ്ടാവുകയെന്നാണ് തിരുമേനി ഉത്തരംനല്‍കിയത്(അഹ്മദ്).
Add Comment