ഹൃദയത്തിനകത്തുള്ള പ്രത്യേക കണ്ണുകള്‍ കൊണ്ട് കാഴ്ചക്കപ്പുറമുള്ളത് കാണുന്നവരാണ് തത്ത്വജ്ഞാനികള്‍. മറ്റാര്‍ക്കും കാണാന്‍ കഴിയാത്തത് ഹൃദയനയനങ്ങള്‍ കൊണ്ട് തത്ത്വജ്ഞാനികള്‍ കാണുന്നു എന്ന് സൂഫീ കവികള്‍ പാടിയിട്ടുണ്ട്. അനുഭവിച്ചുനേടുന്ന ആത്മീയജ്ഞാനമാണ് തത്ത്വജ്ഞാനികള്‍ക്കുള്ളത്. അസാധാരണ പ്രതിഭാശാലികളായ സാത്വികന്‍മാരാണ് തത്ത്വജ്ഞാനികളെന്ന് വിവേകമതികള്‍ വിശേഷിപ്പിക്കാറുണ്ട്. പ്രവാചകത്വത്തിനുപോലും വിശകലനം ചെയ്യാനാവാത്ത നിഗൂഢതകള്‍ തത്ത്വജ്ഞാനികളുടെ പ്രവര്‍ത്തനങ്ങളെ ചൂഴ്ന്നു കിടക്കുന്നുണ്ട്. തടവറയിലെ സെല്ലില്‍ കിടന്ന രണ്ടുപേര്‍ ഒരുദിവസം അഴികള്‍ക്കിടയിലൂടെ പുറത്തേക്കുനോക്കി. അങ്ങകലെ വിരൂപമായ കുറെ ചെളിക്കുഴികള്‍ കിടക്കുന്നതായി ഒരുത്തനുതോന്നി. എന്നാല്‍ അപരന്‍ കണ്ടത് അങ്ങകലെ നീലാകാശത്ത് മിന്നിത്തിളങ്ങുന്ന ഏതാനും നക്ഷത്രങ്ങളെയാണ്. ഇരുവരും കണ്ടത് ഒരേ സംഗതിതന്നെയാണ്. പക്ഷേ, അത് ഒരാള്‍ക്ക് ചെളിക്കുഴിയും മറ്റെയാള്‍ക്ക് നക്ഷത്രങ്ങളുമായി. അഭൗമമായ അനുഭൂതിക്കാഴ്ചകള്‍ കാണാനാവുന്ന ഹൃദയനയനങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് നക്ഷത്രങ്ങളെ കാണാന്‍ തടവുകാരിലൊരാള്‍ക്ക് കഴിഞ്ഞത്.
സൂക്ഷ്മതയുള്ള സമര്‍പണമനസ്സാണ് തത്ത്വജ്ഞാനികളുടെ കരുത്ത്. സുഖസുഭിക്ഷതകളുമായി അവര്‍ അഭിരമിക്കില്ല. വിജയസൗഭാഗ്യങ്ങളുടെ അളവുകോല്‍ ഒരിക്കലുമവര്‍ക്ക് ഭൗതികസമൃദ്ധിയായിരിക്കില്ല. കവിയും പണ്ഡിതനുമായിരുന്ന മുഹമ്മദ് ഇദ്‌രീസ് ശാഫി ഒരിക്കല്‍ ഇങ്ങനെ പാടി:
‘ദൈവത്തോടുള്ള ഭക്തി നീ കൈവിടാതിരിക്കുക
എന്തിനാണ് നീ ദാരിദ്ര്യത്തെ പേടിക്കുന്നത്?
ആകാശത്തുപറന്നുനടക്കുന്ന പക്ഷികള്‍ക്കും ആഴക്കടലില്‍ കഴിയുന്ന മത്സ്യങ്ങള്‍ക്കും
ദൈവമല്ലേ ആഹാരം നല്‍കുന്നത്.
ബുദ്ധിശക്തിയും കായികശേഷിയുമുണ്ടെങ്കിലേ ആഹാരം കിട്ടൂ എന്നാണോ നിന്റെ വിചാരം?
കഴുകന്‍ മാത്രമല്ല കുരുവിയും ഭക്ഷണം കഴിക്കുന്നുണ്ട്..’
നമ്മുടെ മുന്‍വിധികളെയും അപക്വമായ കാഴ്ചപ്പാടുകളെയുമാണ് കവി ഇവിടെ തിരുത്തുന്നത്. ജീവിതത്തെ ഭൗതികതക്കപ്പുറത്തേക്ക് തെളിച്ചുകൊണ്ടുപോകാന്‍ വ്യക്തിയെ സഹായിക്കുന്ന ആന്തരികചോദനയാണ് ഭക്തി. ഹൃദയത്തെ ദീപ്തമാക്കുന്ന ഈ സാംസ്‌കാരികസ്വഭാവമാണ് തത്ത്വജ്ഞാനികളെ അഭൗമമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അവരുടെ മനസ്സുകളെ അവാച്യമായ അനുഭൂതികളുടെ സ്വര്‍ഗീയ പച്ചപ്പിലേക്ക് ആനയിക്കുന്നത്.
അകക്കണ്ണുകള്‍ ഉള്ളതുപോലെ ആത്മീയജ്ഞാനികള്‍ക്കും അകക്കാതുകളുണ്ട്. മറ്റുള്ളവര്‍ക്ക് കേള്‍ക്കാനാകാത്തതും കേള്‍ക്കാനും അങ്ങനെ കേള്‍ക്കപ്പെടുന്നതിലൂടെ അലൗകികമായ അനുഭൂതിയുടെ ലോകത്തേക്ക് കടന്നെത്താനും തത്ത്വജ്ഞാനികള്‍ക്ക് കഴിയും. ഇത്തരം കാണലിനും കേള്‍ക്കലിനും അവരെ സഹായിക്കുന്നത് സൂക്ഷ്മതയും ജാഗ്രതയും ഏകാഗ്രതയുമാണ്. ഒരിക്കല്‍ അതിസമ്പന്നനായ ഒരാള്‍ തന്റെ ഏകമകനെ തത്ത്വജ്ഞാനിയാക്കാനാഗ്രഹിച്ച് ഒരു ഗുരുവിന്റെയടുക്കലെത്തിയ കഥയുണ്ട്.
‘നീ നേരെ കാട്ടിലേക്ക് പോവുക. അവിടെ അന്വേഷിച്ചും നിരീക്ഷിച്ചും ഏകാന്തനായി ജീവിക്കുക. ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചുവരിക.’
ഗുരു സമ്പന്നന്റെ മകനോട് കല്‍പിച്ചു. അവന്‍ അങ്ങനെ കാട്ടിലേക്ക് പോയി. അന്വേഷിച്ചും നിരീക്ഷിച്ചും ഒരു വര്‍ഷം കാട്ടില്‍ കഴിഞ്ഞ് ഗുരുവിന്റെയടുത്ത് മടങ്ങിയെത്തി. കാട്ടില്‍നിന്നും കേട്ടതും കണ്ടതും വിവരിക്കാന്‍ ഗുരു ആവശ്യപ്പെട്ടു. ‘കാറ്റിന്റെ തലോടലും കാട്ടുമൃഗങ്ങളുടെ ഓരിയിടലും ഇലകളുടെ മര്‍മരവും കുയിലിന്റെ നാദവും ചീവീടുകളുടെ ചിലമ്പലും കാട്ടുചോലയുടെ സംഗീതവും ‘ അവന്‍ വിവരിക്കാന്‍ തുടങ്ങി.
‘കേള്‍ക്കേണ്ടതു കേള്‍ക്കുകയോ കാണേണ്ടത് കാണുകയോ നീ ചെയ്തിട്ടില്ല. ഒരു വര്‍ഷം കൂടി നീ കാട്ടില്‍ ജീവിച്ച് തിരിച്ചുവരൂ.’ ഗുരു അവനെ തിരിച്ചയച്ചു.
കാതുകൂര്‍പ്പിച്ചും കണ്ണുതുറന്നും മനസ്സുണര്‍വോടെ ഒരു വര്‍ഷം കൂടി സമ്പന്നന്റെ മകന്‍ കാട്ടില്‍ കഴിഞ്ഞു. ഓരോ ദിവസം പിന്നിടുംതോറും അവന്റെ സൂക്ഷ്മതയും ജാഗ്രതയും ഏകാഗ്രതയും കൂടിക്കൂടി വന്നു. അവ്യക്തമായി അനുഭവപ്പെട്ട ചില ശബ്ദങ്ങള്‍ പതുക്കെപ്പതുക്കെ വ്യക്തമാകാന്‍ തുടഹ്ങി. അതുവരെയില്ലാതിരുന്ന ബോധ്യപ്പെടലിന്റെ ഒരു തലത്തിലേക്ക് അവനുയര്‍ന്നു. ഗുരുസന്നിധിയില്‍ വീണ്ടുമെത്തി ആദരവോടെ അവന്‍ പറയാന്‍ തുടങ്ങി:
‘ഗുരോ , ഇത്തവണ പൂവുകള്‍ വിടരുന്ന ശബ്ദം ഞാന്‍ കേട്ടു. ഇലകള്‍ കൊഴിയുന്നതിന്റെയും പകലിനെ രാവുപൊതിയുന്നതിന്റെയും ശബ്ദം കേട്ടു. സൂര്യന്റെ കൈകള്‍ ഭൂമിയെ തലോടുന്നതിന്റെയും പുല്‍നാമ്പുകള്‍ പ്രഭാതമഞ്ഞുകണങ്ങളെ നുണയുന്നതിന്റെയും ശബ്ദം ഞാന്‍ കേട്ടു. ‘
വിവരണം ഇത്രയുമായപ്പോള്‍ ആഹ്ലാദഭരിതനായി ഗുരു പറഞ്ഞു: ‘മകനേ, നീ തത്ത്വജ്ഞാനിയാകാന്‍ ആരംഭിച്ചിരിക്കുന്നു. എന്റെ ശിഷ്യത്വം സ്വീകരിച്ച് ഇനി ഇവിടെ കൂടുക.’
ദൃശ്യവിസ്മയങ്ങളുടെയും ശബ്ദകോലാഹലങ്ങളുടെയും ലോകത്താണ് നാം ജീവിക്കുന്നതെങ്കിലും നമുക്കും സൂക്ഷ്മതയും ജാഗ്രതയുമുണ്ടെങ്കില്‍ മറ്റാരും കാണാത്തത് കണ്ടും കേള്‍ക്കാത്തത് കേട്ടും തത്ത്വജ്ഞാനികളുടെ തലത്തിലേക്ക് ഉയര്‍ന്നുപോകാനാകും. യഥാര്‍ഥമനുഷ്യനാകാന്‍ ഇതിനെക്കാളും മറ്റൊരു വഴി വേറെ ഏതാണ്?
ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment