ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍

ഇഖ്‌വാനും അല്‍അസ്ഹറും

‘അസ്ഹറിന്റെ വൈജ്ഞാനിക ശക്തിയും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സംഘടനാ ശക്തിയും ഒന്നിച്ചിരുന്നുവെങ്കില്‍ ലോകത്ത് തുല്യരില്ലാത്ത സംഘമായി മുസ്‌ലിം ഉമ്മത്ത് മാറിയേനെ. എല്ലാവരെയും നിയന്ത്രിക്കുന്ന, മുന്നില്‍ നിന്ന് നയിക്കുന്ന, ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത, സമൂഹത്തെ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്ന സംഘമായി മുസ്‌ലിംകള്‍ രൂപാന്തരപ്പെടുമായിരുന്നു’.

ശഹീദ് ഹസനുല്‍ ബന്നാ തന്റെ ‘മുദക്കിറാതു ദ്ദഅ്‌വതി വദ്ദുആത്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ വാക്കുകളാണിവ. സാമ്രാജ്യത്വത്തില്‍ നിന്നും, സ്വേഛാധിപത്യത്തില്‍ നിന്നും, രാഷ്ട്രീയാതിക്രമങ്ങളില്‍ നിന്നും ഈജിപ്തിനെ രക്ഷപ്പെടുത്താനുള്ള വഴി ശുഭപ്രതീക്ഷയോടെ വളരെ സംഗ്രഹിച്ച് പറയുകയാണ് അദ്ദേഹം ചെയ്തത്.
ദൈവിക ദീനിനോട് കൂറുള്ള ഓരോരുത്തരുടെയും ഹൃദയത്തിന് പ്രത്യാശ നല്‍കുന്ന സ്വപ്‌നമാണ് ഇത്. ഈജിപ്തിന്റെയും ലോകമുസ്‌ലിം ഉമ്മത്തിന്റെയും ഭാവി അതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈയൊരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു ഇമാം ഹസനുല്‍ ബന്നാ ജീവിച്ചതും, മരണം വരിച്ചതും. ഇസ്‌ലാമിന്റെ മാതൃകയിലുള്ള സംസ്‌കരണ പ്രക്രിയകള്‍ക്ക് മുന്നിട്ടിറങ്ങിയ വ്യക്തികളുമായും, സംഘടനകളുമായും, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹം തന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ആവുന്നത്ര ശ്രമിച്ചു. അവയില്‍ സുപ്രധാനമായ സ്ഥാപനമായിരുന്നു ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാല. ഇമാം ബന്നാ തന്നെ അതിനെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ് ‘ഇസ്‌ലാമിക പ്രബോധനത്തിന്റെ കേന്ദ്രവും, ഇസ്‌ലാമിന്റെ അഭയസ്ഥാനവുവമാണ് അത്. അല്‍അസ്ഹറിന്റെ തന്നെ പ്രബോധനവും, ലക്ഷ്യവുമാണ് ഇഖ്‌വാനിനും ഉള്ളത് എന്നത് അല്‍ഭുതകരമായ കാര്യമല്ല. ഇഖിവാന്റെ അണികളിലും, മഹാന്‍മാരായ നേതാക്കന്‍മാരിലും, പ്രഭാഷകരിലുമെല്ലാം അല്‍അസ്ഹറിലെ പണ്ഡിതഡന്‍മാരുടെ സാന്നിദ്ധ്യം സര്‍വസാധാരണമായ കാര്യമാണ്’.
രാഷ്ട്രത്തിന്റെ സംസ്‌കരണത്തെക്കുറിച്ച തന്റെ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഭരണനേതൃത്വത്തോടും ശേഷം അല്‍അസ്ഹര്‍ പണ്ഡിത•ാരോടുമായിരുന്നു ഇമാം ബന്നാ പങ്കുവെച്ചിരുന്നത്. അല്‍അസ്ഹറുമായുള്ള സഹകരണത്തിനായി സാധ്യമായ എല്ലാ വഴികളും അദ്ദേഹം സ്വീകരിച്ചു. അല്‍അസ്ഹറിന്റെ സന്ദേശനിര്‍വഹണത്തിന് തന്നാലാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുത്തു. മുദക്കിറാതുദ്ദഅ്‌വതി വദ്ദുആത് എന്ന തന്റെ ലേഖനത്തില്‍ അദ്ദേഹം പറയുന്നു ‘ഇസ്ലാമിക പ്രബോധനത്തിന്റെ ഏറ്റവും മഹത്തായ പ്രകടനങ്ങളിലൊന്നായിരുന്നു അല്‍അസ്ഹറിലെ പണ്ഡിതന്‍മാര്‍ -ഉസ്താദ് അല്‍മറാഗിയും, മറ്റു പല പ്രമുഖരും- ഇസ്‌ലാമിക ദര്‍ശനവും, സംസ്‌കാരവും സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിനായി പരിശ്രമിച്ചത്. ശൈഖ് അബ്ദു റബ്ബുഹു മിഫ്താഹിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട പ്രഭാഷണ വിഭാഗവും അതിന്റെ തന്നെ ഭാഗമായിരുന്നു. ഞങ്ങള്‍ കുറേക്കാലമായി പരസ്പരം പങ്കുവെക്കാറുള്ള മഹത്തായ സ്വപ്‌നമായിരുന്നു അത്’.

അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന തന്റെ പ്രസ്ഥാനം അല്‍അസ്ഹറിന് തുല്യമാണെന്നോ പകരമാണെന്നോ, ഒരിക്കല്‍ പോലും ഇമാം ഹസനുല്‍ ബന്നാ കരുതുകയോ, വിചാരിക്കുകയോ ചെയ്തിട്ടില്ല. വളരെ വ്യക്തമായ ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ വിശ്വാസിയുടെ സമഗ്രമായ ജീവിത സംസ്‌കരണമായിരുന്നു അത്. പ്രസ്തുത ലക്ഷ്യത്തിന് ഉതകുന്ന വിധത്തില്‍ എല്ലാവരുമായും സഹകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. അദ്ദേഹവുമായി അടുത്തിടപഴകിയ, അദ്ദേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കിയ എല്ലാവര്‍ക്കും ഒരുപോലെ വ്യക്തമായ കാര്യമായിരുന്നു ഇത്. അല്‍അസ്ഹറിന്റെ തന്നെ ശൈഖായിരുന്ന ഇമാം മുഹമ്മദ് മുസ്വത്വഫാ മറാഗി അവരില്‍ പ്രമുഖനാണ്. മജല്ലത്തുല്‍ മനാറിന്റെ പുനഃപ്രസിദ്ധീരണം ഹസനുല്‍ബന്നാ ഏറ്റെടുത്തപ്പോള്‍ അതിന്റെ ഉല്‍ഘാടന പരിപാടിയില്‍ പങ്കെടുത്ത് ശൈഖ് അല്‍മറാഗി പറഞ്ഞത് ഇപ്രകാരമായിരുന്നു ‘അല്‍മനാറിന്റെ പ്രസാധനം ഉസ്താദ് ഹസനുല്‍ ബന്നാ ഏറ്റെടുത്തുവെന്നത് എനിക്ക് സന്തോഷം നല്‍കിയ കാര്യമാണ്. തന്റെ ദീനിനോട് കൂറുള്ള വ്യക്തിയാണ് അദ്ദേഹം. താന്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാം. മുസ്‌ലിം ഉമ്മത്തിന്റെ ശരീരത്തിലെ രോഗമെന്താണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. ജനങ്ങളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്ന അദ്ദേഹം മത-സാമൂഹിക സംസ്‌കരണത്തിനായി തുനിഞ്ഞിറങ്ങിയ വ്യക്തിയാണ്. സയ്യിദ് റഷീദ് റിദായുടെ മാര്‍ഗത്തില്‍ തന്നെ അദ്ദേഹം ചരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.

അല്‍അസ്ഹറിലെ വിദ്യാര്‍ത്ഥികളെയും, പണ്ഡിതരെയും ഉപയോഗിച്ച് പ്രബോധന സംഘങ്ങളെ രൂപപ്പെടുത്തി അയല്‍പ്രദേശങ്ങളിലേക്ക് നിര്‍ണിത സംഘങ്ങളെ നിയോഗിക്കാറുണ്ട് ഇഖ്‌വാന്‍. ഈ പ്രബോധന പ്രവര്‍ത്തനത്തെക്കുറിച്ച് ശൈഖ ഖറദാവി തന്റെ ജീവചരിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അല്‍അസ്ഹരികളും, ഇഖ്‌വാനികളും ചേര്‍ന്ന് നടത്തിയ മഹത്തായ പ്രബോധന പ്രവര്‍ത്തനമായിരുന്നു അവ.

അല്‍അസ്ഹറിന് ഇപ്പോഴും ഇഖ്‌വാനികളുടെ ഹൃദയത്തില്‍ മഹത്തായ സ്ഥാനമാണുള്ളത്. മുസ്‌ലിം ലോകത്തെ ഏറ്റവും മഹത്തായ പ്രകാശദീപമാണ് അതെന്ന് ഇഖ്‌വാനികള്‍ വിശ്വസിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരം പ്രസരിപ്പിക്കാനും, ആധികാരികമായ അഭിപ്രായം പറയുന്നതിനുമുള്ള സ്രോതസ്സാണ് അത്. അറബ്-ഇസ്‌ലാമിക നാഗരികതയുടെ ഭദ്രമായ കോട്ടയായി അത് എന്നെന്നും പരിഗണിക്കപ്പെടുന്നു. ഭരണകൂടത്തിന്റെയും, സുരക്ഷാ വിഭാഗത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചില അസ്ഹരി പ്രതിനിധികള്‍ ഇഖ്‌വാനോട് മോശമായി വര്‍ത്തിക്കുന്നുവെങ്കില്‍ പോലും, ഇഖ്‌വാനികള്‍ക്ക് അവരോട് യാതൊരു വിരോധവുമില്ല. ലോകത്തിന്റെ നാനാഭാഗത്തും ദൈവികസന്ദേശം നെഞ്ചേറ്റി ജീവിക്കുന്ന ആയിരക്കണക്കിന് പണ്ഡിതന്‍മാരെ തൊട്ടിലാട്ടിയ തണല്‍മരമാണ് അല്‍അസ്ഹറെന്ന് ഇഖ്‌വാനികള്‍ ഒരിക്കലും വിസ്മരിക്കുകയില്ല.

ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ബര്‍റ്‌

About the author

padasalaadmin

Add Comment

Click here to post a comment

Topics