ചരിത്രം

അയ്മന്‍ ബ്‌നു ഉബൈദ് (പ്രവാചക സവിധത്തിലെ കറുത്തവംശജര്‍-2)

നബിതിരുമേനിയുടെ ഏറ്റവും വിശ്വസ്താനുയായികളിലൊരാളായിരുന്നു അയ്മന്‍ ബ്‌നു ഉബൈദ് (റ). അദ്ദേഹത്തിന്റെ മാതാവ് അബ്‌സീനിയക്കാരിയായ ബറഖയെ നബിതിരുമേനി അടിമത്തത്തില്‍നിന്ന് വിമോചിപ്പിച്ചതാണ്. പിതാവ് ഉബൈദ് ബ്‌നു ഹാരിസ. ഖസ്‌റജ് വംശജനാണ്. ഉമ്മു അയ്മന്‍ ഉബൈദ്ബ്‌നു സൈദ് എന്നയാളെ വിവാഹംചെയ്ത് യസ്‌രിബിലേക്ക് പോയെങ്കിലും ഭര്‍ത്താവിന്റെ മരണത്തോടെ തിരികെ മക്കയിലെത്തി. അതിലുണ്ടായ സന്താനമാണ് ഉസാമത്തുബ്‌നു സൈദ്. പിന്നീടാണ് ഉബൈദ്ബ്‌നു ഹാരിസയെ വിവാഹംകഴിക്കുന്നത്. അയ്മന്റെ മാതാപിതാക്കളുടെ വിവാഹം ജാഹിലിയ്യാകാലത്താണ് നടന്നത്. അങ്ങനെ ആ ദമ്പതികള്‍ക്ക് അയ്മന്‍ എന്ന കുട്ടിപിറന്നു.

അയ്മന്‍ മക്കയില്‍വെച്ചാണ് ഇസ്‌ലാം സ്വീകരിച്ചത്. താമസിയാതെ മദീനയിലേക്ക് ഹിജ്‌റപോയി. ആട്ടിടയവൃത്തി സ്വീകരിച്ചിരുന്ന അദ്ദേഹം നബിതിരുമേനിയുടെ ആടുകളെയും മേയ്ച്ചിരുന്നു.

ഇസ്‌ലാമിന്റെ സംരക്ഷണാര്‍ഥം യുദ്ധങ്ങളിലും അയ്മന്‍ (റ) പങ്കെടുത്തിട്ടുണ്ട്. ഹുനൈന്‍ യുദ്ധത്തിനിടയില്‍ പ്രവാചകതിരുമേനിക്ക് സുരക്ഷാകവചംതീര്‍ത്തുകൊണ്ട് നിലകൊണ്ട എട്ട് പടയാളികളില്‍ ഒരാള്‍ അദ്ദേഹമാണ്. ആ യുദ്ധത്തില്‍ അദ്ദേഹം രക്തസാക്ഷിയാവുകയുണ്ടായി. മുസ്‌ലിംകള്‍ പ്രസ്തുതയുദ്ധത്തില്‍ വിജയം വരിക്കുകയും ചെയ്തു. നബി(സ)ക്ക് കവചമൊരുക്കിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന നബിപിതൃവ്യന്‍ അബ്ബാസ് (റ), അയ്മന്‍ (റ)ന്റെ ധീരോദാത്തകൃത്യത്തെ വിവരിച്ചുകൊണ്ട് കവിത രചിച്ചത് ശ്രദ്ധേയമാണ്.

Topics