ഏത് പ്രതിസന്ധി ഘട്ടത്തിലും എത്ര കോപമുണ്ടായാലും മനസ്സിനെ കീഴടക്കി ക്ഷമ കൈകൊള്ളാന്‍ കഴിവുള്ളവനാണല്ലാഹു. അത് പോലെ സൃഷ്ടികള്‍ അവനെ ധിക്കരിക്കുകയും തെറ്റുകളിലകപ്പെടുകയും ചെയ്യുമ്പോള്‍ അവരോട് ക്ഷമിക്കാനും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനും കഴിയുന്നവനാണല്ലാഹു. ഒരു കാര്യവും എടുത്തുചാടി അശ്രദ്ധമായി ചെയ്യുന്നവനല്ല അവന്‍. ഈ ഗുണം സൃഷ്ടികളും ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണ്. കാരണം അല്ലാഹു ക്ഷമാലുക്കള്‍ക്കൊപ്പമാണെന്ന് ഖുര്‍ആനില്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ക്ഷമയെ പ്രോല്‍സാഹിപ്പിക്കുന്ന ധാരാളം പ്രയോഗങ്ങള്‍ ഖുര്‍ആനിലുണ്ട്.
ദൈവത്തിന്റെ ഈ മഹദ്ഗുണങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന സത്യവിശ്വാസിക്ക് ആരോഗ്യപൂര്‍ണവും ഭദ്രവുമായ ഒരു മനസ്സ് വാര്‍ത്തെടുക്കുവാന്‍ സാധിക്കുന്നു. ദൈവികഗുണങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ അത് മുഖേന അന്ധമായ ഭക്തിയില്‍ ലയിക്കുകയോ ദൈവികശക്തിയുടെ പ്രഭാവത്തിനുമുമ്പില്‍ നിസ്സഹായനായിത്തീരുകയോ അല്ല, നേരെ മറിച്ച് ഇസ്‌ലാമിലെ ദൈവികഗുണങ്ങള്‍ മനുഷ്യജീവിതത്തെ ഉത്തുംഗവും ഉദാത്തവുമായ ഒരു വിതാനത്തിലേക്ക് നയിക്കാന്‍ കൂടി സഹായിക്കുകയാണ് ചെയ്യുന്നത്.
Add Comment